സാംസ്‌കാരിക മന്ത്രാലയം

ഭരണഘടനയുടെ നിർമ്മാണം"- ഇ-ഫോട്ടോ പ്രദർശനം, "ചിത്രാഞ്ജലി@75" - വെർച്വൽ ഫിലിം പോസ്റ്റർ പ്രദർശനം എന്നിവ ശ്രീ അനുരാഗ് ഠാക്കൂർ ഉദ്ഘാടനം ചെയ്തു

Posted On: 27 AUG 2021 5:31PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: ആഗസ്റ്റ് 27, 2021

 "ഭരണഘടനയുടെ നിർമ്മാണം" ("Making of the Constitution") - ഇ-ഫോട്ടോ പ്രദർശനം, "ചിത്രാഞ്ജലി@75" - വെർച്വൽ ഫിലിം പോസ്റ്റർ പ്രദർശനം എന്നിവ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ, കേന്ദ്ര വിനോദസഞ്ചാര സാംസ്കാരിക മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ, സാംസ്കാരിക സഹമന്ത്രിമാരായ ശ്രീ അർജുൻ റാം മേഘ്‌വാൾ, ശ്രീമതി മീനാക്ഷി ലേഖി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നടത്തുന്ന ഐകോണിക് വാരാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഭരണഘടന നിർമ്മാണത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഇ-ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ദേശ്യം എന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ അനുരാഗ് ഠാക്കൂർ പറഞ്ഞു. ഇത് യുവാക്കളെ അവരുടെ അവകാശങ്ങൾ ഓർമ്മപ്പെടുത്തുകയും രാജ്യത്തോടുള്ള അവരുടെ കടമകളെക്കുറിച്ച് ബോധവൽക്കരിക്കുകയും ചെയ്യും.

ചിത്രാഞ്ജലി@75 ഇന്ത്യൻ സിനിമയുടെ 75 വർഷത്തെ പ്രതിനിധീകരിക്കുന്നതാണ് എന്ന് മന്ത്രി പറഞ്ഞു. ഇത് നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെയും, സാമൂഹിക പരിഷ്കർത്താക്കളുടെയും, സൈനികരുടെ വീരതയുടെയും പവിത്രമായ ഓർമ്മകൾ ഉണർത്തുമെന്ന് തനിക്ക് ഉറപ്പുള്ളതായി മന്ത്രി പറഞ്ഞു. പോസ്റ്റർ പ്രദർശനത്തിൽ അത്തരം 75 ഐകോണിക് സിനിമകൾ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീ ഠാക്കൂറിനൊപ്പം ശ്രീ റെഡ്ഡി, ഡോ. എൽ. മുരുകൻ, ശ്രീ അർജുൻ റാം മേഘ്‌വാൾ, ശ്രീമതി മീനാക്ഷി ലേഖി എന്നിവർ ചേർന്ന് പ്രദർശനത്തിൽ നിന്നുള്ള ചിത്രങ്ങളുടെ ഒരു കൊളാഷ് പ്രകാശനം ചെയ്തു.

'ഭരണഘടനയുടെ നിർമ്മാണം' ചിത്രീകരിക്കുന്ന ഇ-ബുക്കിൽ 25-ഓളം അപൂർവ ചിത്രങ്ങൾ ഉൾപ്പെടുന്നുണ്ട്. ഓൾ ഇന്ത്യ റേഡിയോ ആർക്കൈവ്സ്, ഫിലിംസ് ഡിവിഷൻ എന്നിവയിൽ നിന്ന് ശേഖരിച്ച വീഡിയോകളിലേക്കും പ്രസംഗങ്ങളിലേക്കും ഇതിൽ നിന്ന് ലിങ്കുകളുമുണ്ട്.

സ്വാതന്ത്ര്യസമരത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഒരു വർഷം കൊണ്ട് പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന ഇ-പുസ്തക പരമ്പരയിലെ ആദ്യത്തേതാണ് ഇത്.

ഹിന്ദിയിലും, ഇംഗ്ലീഷിലും, മലയാളം ഉൾപ്പെടെ 11 മറ്റ് ഭാഷകളിലും ഇ-ബുക്ക് ലഭ്യമാകും. ഇ-ബുക്ക്‌, https://constitution-of-india.in/ ൽ ലഭ്യമാണ്. വെർച്വൽ പ്രദർശനത്തിൽ, വീഡിയോകളുടെയും പ്രസംഗങ്ങളുടെയും ഒരു ശേഖരവും ഇ-സർട്ടിഫിക്കറ്റ് ലഭിക്കുന്ന ചോദ്യോത്തര പരിപാടിയും ഇതിൽ ഉണ്ട്.

 

ഉപയോക്തൃ സൗഹൃദമായ ‘ചിത്രാഞ്ജലി @ 75’ പ്രദർശനത്തിൽ, ഷെയറിങ്, ഡൗൺലോഡ് എന്നീ സൗകര്യങ്ങൾ ലഭ്യമാണ്.  https://www.nfai.gov.in/virtual-poster-exhibition.php ൽ ഈ പ്രദർശനം ലഭ്യമാണ്.
 
RRTN/SKY


(Release ID: 1750996) Visitor Counter : 153


Read this release in: Telugu , English , Urdu , Hindi