ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
2021-22 പഞ്ചസാര സീസണില്‍ പഞ്ചസാര മില്ലുകള്‍ നല്‍കേണ്ട കരിമ്പിന്റെ ന്യായവും ലാഭകരവുമായ വില (എഫ്ആര്‍പി) നിര്‍ണയത്തിന് ഗവണ്‍മെന്റിന്റെ അംഗീകാരം
കരിമ്പ് കര്‍ഷകര്‍ക്ക് ക്വിന്റലിന് 290 രൂപ എന്ന നിലയില്‍ ഏറ്റവും ഉയര്‍ന്ന എഫ്ആര്‍പി
5 കോടി കരിമ്പ് കര്‍ഷകര്‍ക്കും അവരുടെ ആശ്രിതര്‍ക്കും, പഞ്ചസാര മില്ലുകളില്‍ ജോലി ചെയ്യുന്ന 5 ലക്ഷം തൊഴിലാളികള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രയോജനപ്പെടും
തീരുമാനം ഉപഭോക്താക്കളുടെയും കരിമ്പുകര്‍ഷകരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നത്
Posted On:
25 AUG 2021 2:08PM by PIB Thiruvananthpuram
കരിമ്പ് കര്‍ഷകരുടെ താല്‍പ്പര്യം കണക്കിലെടുത്ത്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതിയോഗം 2021-22 (ഒക്ടോബര്‍ - സെപ്റ്റംബര്‍) പഞ്ചസാര സീസണില്‍ കരിമ്പിന്റെ ന്യായവും ലാഭകരവുമായ വിലയ്ക്ക് (എഫ്ആര്‍പി) അംഗീകാരം നല്‍കി. ക്വിന്റിലിന് 290 രൂപയാണ് എഫ്ആര്‍പി. പത്തുശതമാനം അടിസ്ഥാന റിക്കവറി നിരക്കിന് ഓരോ 0.1 ശതമാനത്തിനും ക്വിന്റലിന് 2.90 രൂപ പ്രീമിയം നല്‍കും. കൂടാതെ 10 ശതമാനത്തിനുമുകളില്‍ റിക്കവറിയില്‍ ഓരോ 0.1 ശതമാനത്തിന്റെ കുറവിനും ക്വിന്റലിന് 2.90 രൂപ നിരക്കില്‍ എഫ്ആര്‍പിയില്‍ കുറവുണ്ടാകും. റിക്കവറി 9.5 ശതമാനത്തില്‍ താഴെയുള്ള പഞ്ചസാര മില്ലുകളുടെ കാര്യത്തില്‍ കിഴിവ് വേണ്ടെന്ന തീരുമാനത്തില്‍ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ സജീവ ഇടപെടല്‍ ദൃശ്യമാണ്. അത്തരത്തിലുള്ള കര്‍ഷകര്‍ക്ക് നിലവിലെ പഞ്ചസാര സീസണ്‍ 2020-21ല്‍ ക്വിന്റലിന് 270.75 രൂപ നിരക്കില്‍ ലഭിച്ചിരുന്നത് 2021-22 പഞ്ചസാര സീസണില്‍ ക്വിന്റലിന് 275.50 രൂപ ലഭിക്കും.
2021-22 പഞ്ചസാര സീസണില്‍ കരിമ്പിന്റെ ഉല്‍പ്പാദനച്ചെലവ് ക്വിന്റലിന് 155 രൂപയാണ്. 10 ശതമാനം റിക്കവറി നിരക്കില്‍ ക്വിന്റലിന് 290 രൂപയുടെ ഈ എഫ്ആര്‍പി ഉല്‍പാദനച്ചെലവിനേക്കാള്‍ 87.1% കൂടുതലാണ്. അതിലൂടെ കര്‍ഷകര്‍ക്ക് അവരുടെ വിലയേക്കാള്‍ 50% അധിക വരുമാനം ലഭിക്കും.
നിലവിലെ പഞ്ചസാര സീസണ്‍ 2020-21ല്‍ 91,000 കോടി രൂപ വിലമതിക്കുന്ന ഏകദേശം 2976 ലക്ഷം ടണ്‍ കരിമ്പ് പഞ്ചസാര മില്ലുകള്‍ വാങ്ങിയിരുന്നു. ഇത് എക്കാലത്തേയും ഉയര്‍ന്ന നിലയിലാണ്. ഏറ്റവും ഉയര്‍ന്ന താങ്ങുവിലയില്‍ നെല്ലിനുപിന്നില്‍ ഇത് രണ്ടാം സ്ഥാനത്തുനില്‍ക്കുന്നു. ഇനിയുള്ള 2021-22 പഞ്ചസാര സീസണില്‍ കരിമ്പിന്റെ ഉല്‍പാദനത്തില്‍ പ്രതീക്ഷിച്ച വര്‍ദ്ധനയുണ്ടാകുകയാണെങ്കില്‍, പഞ്ചസാര മില്ലുകള്‍ ഏകദേശം 3,088 ലക്ഷം ടണ്‍ കരിമ്പ് വാങ്ങാന്‍ സാധ്യതയുണ്ട്. കരിമ്പ് കര്‍ഷകര്‍ക്കു മൊത്തം നല്‍കുന്ന തുക ഏകദേശം 1,00,000 കോടി രൂപയാണ്. കര്‍ഷക സൗഹൃദ നടപടികളിലൂടെ കരിമ്പ് കര്‍ഷകര്‍ക്ക് അവരുടെ കുടിശ്ശിക യഥാസമയം ലഭിക്കുന്നുണ്ടെന്ന് ഗവണ്‍മെന്റ് ഉറപ്പാക്കും.
2021-22 പഞ്ചസാര സീസണില്‍ പഞ്ചസാര മില്ലുകള്‍ കര്‍ഷകരില്‍ നിന്ന് കരിമ്പ് വാങ്ങുന്നതിന് എഫ്ആര്‍പി ബാധകമാണ് (2021 ഒക്ടോബര്‍ 1 മുതല്‍ ബാധകം). കര്‍ഷകത്തൊഴിലാളികളും ഗതാഗതവും ഉള്‍പ്പെടെ വിവിധ അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കൂടാതെ, അഞ്ചുകോടി കരിമ്പ് കര്‍ഷകരുടെയും അവരുടെ ആശ്രിതരുടെയും പഞ്ചസാര മില്ലുകളില്‍ നേരിട്ട് ജോലി ചെയ്യുന്ന 5 ലക്ഷത്തോളം തൊഴിലാളികളുടെയും ഉപജീവനത്തെ ബാധിക്കുന്ന ഒരു പ്രധാന കാര്‍ഷിക അധിഷ്ഠിത മേഖലയാണ് പഞ്ചസാര മേഖല.
പശ്ചാത്തലം:
കാര്‍ഷിക ചെലവുകള്‍ക്കും വിലകള്‍ക്കുമുള്ള കമ്മീഷന്റെ (സിഎസിപി) ശുപാര്‍ശകളുടെയും സംസ്ഥാന ഗവണ്‍മെന്റുകളുമായും മറ്റു പങ്കാളികളുമായും നടത്തിയ കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണ് എഫ്ആര്‍പി തീരുമാനിച്ചത്.
2017-18, 2018-19 & 2019-20 എന്നീ കഴിഞ്ഞ 3 പഞ്ചസാര സീസണുകളില്‍ ഏകദേശം 6.2 ലക്ഷം മെട്രിക് ടണ്‍ (എല്‍എംടി), 38 എല്‍എംടി, 59.60 എല്‍എംടി പഞ്ചസാര കയറ്റുമതി ചെയ്തു. നിലവിലെ പഞ്ചസാര സീസണില്‍ 2020-21 (ഒക്ടോബര്‍-സെപ്റ്റംബര്‍), 60 എല്‍എംടി എന്ന കയറ്റുമതി ലക്ഷ്യത്തില്‍, ഏകദേശം 70 എല്‍എംടിയുടെ കരാറുകള്‍ ഒപ്പുവച്ചു, കൂടാതെ 23.8.2021 വരെ 55 എല്‍എംടിയില്‍ കൂടുതല്‍ രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തു. പഞ്ചസാരയുടെ കയറ്റുമതി പഞ്ചസാര മില്ലുകളുടെ പണലഭ്യത മെച്ചപ്പെടുത്തുകയും കര്‍ഷകര്‍ക്കുള്ള കുടിശ്ശിക തീര്‍ക്കുകയും ചെയ്യുന്നു.
അധിക കരിമ്പ്, പെട്രോളില്‍ മിശ്രിതമാക്കുന്നതിനുള്ള എഥനോളാക്കുന്നതിലേക്ക് മാറ്റുന്നതിനായി പഞ്ചസാര മില്ലുകള്‍ക്ക് ഗവണ്‍മെന്റ് പ്രോത്സാഹനമേകുന്നു. ഇത് ഹരിത ഇന്ധനമായി കാണുന്നുവെന്നു മാത്രമല്ല, ക്രൂഡ് ഓയില്‍ ഇറക്കുമതിക്കായുള്ള വിദേശനാണ്യം ലാഭിക്കുകയും ചെയ്യുന്നു. 2018-19 & 2019-20 ലെ കഴിഞ്ഞ 2 പഞ്ചസാര സീസണുകളില്‍ ഏകദേശം 3.37 എല്‍എംടി, 9.26 എല്‍എംടി പഞ്ചസാര എഥനോള്‍ നിര്‍മാണത്തിനായി മാറ്റി. നിലവിലെ പഞ്ചസാര സീസണ്‍ 2020-21 ല്‍, 20 എല്‍എംടിയില്‍ കൂടുതല്‍ ഇതിനായി ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ഇനിയുള്ള പഞ്ചസാര സീസണ്‍ 2021-22 ല്‍, ഏകദേശം 35 എല്‍എംടി പഞ്ചസാര ഇതിനായി ഉപയോഗിക്കുമെന്ന് കണക്കാക്കപ്പെടുന്നു. 2024-25 ആകുമ്പോഴേക്കും ഏകദേശം 60 എല്‍എംടി പഞ്ചസാര എഥനോളിനായി ഉപയോഗിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇത് കരിമ്പ് പാഴായിപ്പോകുമെന്ന പ്രതിസന്ധിക്കും പണം നല്‍കുന്നതിനുള്ള കാലതാമസത്തിനും പരിഹാരം കാണും. കര്‍ഷകര്‍ക്ക് യഥാസമയം പണം ലഭിക്കും.
കഴിഞ്ഞ 3 പഞ്ചസാര സീസണുകളില്‍, എണ്ണ വിതരണ കമ്പനികള്‍ക്ക് (ഒഎംസി) എഥനോള്‍ വിറ്റതിലൂടെ പഞ്ചസാര മില്ലുകള്‍/ഡിസ്റ്റിലറികള്‍ വഴി ഏകദേശം 22,000 കോടി രൂപ വരുമാനം ലഭിച്ചു. നിലവിലെ പഞ്ചസാര സീസണ്‍ 2020-21 ല്‍, എഥനോള്‍ വില്‍ക്കുന്നതില്‍ നിന്ന് പഞ്ചസാര മില്ലുകള്‍ 8.5% നിരക്കില്‍ 15,000 കോടി രൂപ വരുമാനം ഉണ്ടാക്കുന്നു. 2025 ഓടെ 20% മിശ്രണം നടത്തുമെന്നതിനാല്‍ അടുത്ത 3 വര്‍ഷങ്ങളില്‍ ഇത് ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ.
2019-20 ലെ മുന്‍ പഞ്ചസാര സീസണില്‍, അടയ്‌ക്കേണ്ടിയിരുന്ന ഏകദേശം 75,845 കോടി രൂപയുടെ കുടിശ്ശികയില്‍ 75,703 കോടി രൂപ അടച്ചു. 142 കോടി രൂപ കുടിശിക മാത്രമാണുള്ളത്. ഇപ്പോഴത്തെ പഞ്ചസാര സീസണ്‍ 2020-21 ല്‍ പോലും അടയ്‌ക്കേണ്ട 90,959 കോടി രൂപയില്‍ 86,238 കോടി ഇതിനകം കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. കരിമ്പു കയറ്റുമതിയിലെ വര്‍ദ്ധനയും എഥനോളിനായി ഉപയോഗിക്കുന്നതും കര്‍ഷകര്‍ക്ക് യഥാസമയം വില ലഭ്യമാക്കുന്നത് ഉറപ്പാക്കുന്നു.
(Release ID: 1748883)
Visitor Counter : 224