ഉപരാഷ്ട്രപതിയുടെ കാര്യാലയം
നാടൻ കലാപാരമ്പര്യങ്ങളെ പുനരുജ്ജീവിപ്പിക്കുകയും അവയെ സാമൂഹിക മാറ്റത്തിനുള്ള ഉപകരണങ്ങളായി ഉപയോഗപ്പെടുത്തുകയും വേണം എന്ന് ഉപരാഷ്ട്രപതി
Posted On:
23 AUG 2021 3:17PM by PIB Thiruvananthpuram
ന്യൂഡൽഹി, ആഗസ്റ്റ് 23, 2021
ഇന്ത്യൻ നാടോടി കലാ പാരമ്പര്യങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യനായിഡു ആഹ്വാനം ചെയ്തു. ലിംഗവിവേചനം തടയുക, പെൺകുട്ടികളുടെ സംരക്ഷണം തുടങ്ങിയ സാമൂഹിക ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അവ ഉപയോഗപ്പെടുത്തണമെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.
വിവിധ പരമ്പരാഗത നാടോടി കലാ രൂപങ്ങളുടെ ജനപ്രീതി ക്രമേണ കുറയുന്നതിൽ തന്റെ ഉത്കണ്ഠ പ്രകടിപ്പിച്ച അദ്ദേഹം, നാടോടി കലാരൂപങ്ങൾ കാഴ്ച വെച്ചിരുന്ന സമൂഹങ്ങൾ ഇന്ന് അപ്രത്യക്ഷമാകുകയാണെന്ന് പറഞ്ഞു. നാടോടി കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന്, ഈ കുടുംബങ്ങളിലെ യുവാക്കൾക്ക് നൈപുണ്യവും പരിശീലനവും നൽകാൻ അദ്ദേഹം നിർദ്ദേശിച്ചു. യുവാക്കൾ നാടോടി കലാ മാധ്യമങ്ങളെ സാമൂഹിക മാറ്റത്തിന്റെ ഉപകരണങ്ങളായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നമ്മുടെ രാജ്യത്തെ നാടോടി പാരമ്പര്യങ്ങളുടെ സമ്പന്നമായ ഡാറ്റാബേസ് വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ശ്രീ നായിഡു ഊന്നിപ്പറഞ്ഞു. ദൃശ്യ-ശ്രാവ്യ മാധ്യമം ഉപയോഗിച്ച് ആധുനിക രീതിയിൽ വിപുലമായ ഡോക്യുമെന്റേഷൻ നടത്തുമ്പോൾ അവയുടെ സാരാംശം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വാർഷിക പരിപാടികളിൽ, പ്രത്യേകിച്ച് സ്കൂളുകളിലും കോളേജുകളിലും നടത്തുന്നവയിൽ പ്രാദേശിക, നാടൻ കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് ഇന്ത്യൻ നാടോടി പാരമ്പര്യങ്ങളുടെ ഒരു ആഘോഷ പരിപാടിയെ അഭിസംബോധന ചെയ്യവേ ഉപരാഷ്ട്രപതി നിർദ്ദേശിച്ചു. സിനിമ, ടിവി, റേഡിയോ തുടങ്ങിയ ബഹുജന മാധ്യമങ്ങൾക്കും നമ്മുടെ നാടോടിക്കഥകളുടെ വശങ്ങൾ അവയുടെ ഫോർമാറ്റിൽ ഉചിതമായി ഉൾപ്പെടുത്താനും പ്രേക്ഷകരിലേക്ക് എത്തിക്കാനും കഴിയുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.
നമ്മുടെ നാടൻ കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കാനും പ്രചരിപ്പിക്കാനും ഓൺലൈൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പ്രയോജനപ്പെടുത്താൻ ശ്രീ നായിഡു ഉപദേശിച്ചു. ദൂരദർശൻ, ആകാശവാണി തുടങ്ങിയ പൊതു പ്രക്ഷേപകരോട് അവരുടെ പരിപാടികളിൽ നാടൻ കലകൾക്ക് പ്രാധാന്യം നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു.
നാടൻ കലാകാരന്മാരും ആസ്വാദകരും വെർച്വൽ ആയി പരിപാടിയിൽ പങ്കെടുത്തു.
RRTN/SK
(Release ID: 1748303)
Visitor Counter : 237