മന്ത്രിസഭ

ഭക്ഷ്യ എണ്ണകളുടെ ദേശീയ ദൗത്യം-എണ്ണപ്പന നടപ്പിലാക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

വടക്കുകിഴക്കന്‍ മേഖലയിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതി

11,040 കോടി രൂപയുടെ സാമ്പത്തികവിഹിതത്തില്‍ 8,844 കോടി രൂപയും കേന്ദ്ര ഗവണ്‍മെന്റിന്റേത്

എണ്ണ വിത്തുകളുടെയും എണ്ണപ്പനയുടെയും വിസ്തൃതിയും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ

വിത്തുതോട്ടങ്ങള്‍ക്കായി വടക്ക്-കിഴക്ക്, ആന്‍ഡമാന്‍ പ്രദേശങ്ങള്‍ക്ക് പ്രത്യേക സഹായം

ഫ്രഷ് ഫ്രൂട്ട് ബഞ്ചുകളില്‍ എണ്ണപ്പന കര്‍ഷകര്‍ക്ക് നിശ്ചിത വില ഉറപ്പ്

Posted On: 18 AUG 2021 4:10PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ, എണ്ണപ്പനയുടെ കാര്യത്തില്‍ പുതിയ ദൗത്യം ആരംഭിക്കുന്നതിന് അംഗീകാരം നല്‍കി. 'ഭക്ഷ്യ എണ്ണകളുടെ ദേശീയ ദൗത്യം-എണ്ണപ്പന (എന്‍എംഇഒ-ഒപി) എന്നു പേരിട്ട പദ്ധതി വടക്കുകിഴക്കന്‍ മേഖലയിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും പ്രത്യേക ശ്രദ്ധ നല്‍കും. ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി വളരെയേറെ ആശ്രയിക്കുന്നതിനാല്‍, ഭക്ഷ്യ എണ്ണകളുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തേണ്ടത് പ്രാധാന്യമര്‍ഹിക്കുന്നു. അതില്‍ എണ്ണപ്പനയുടെ വിസ്തൃതിയും ഉല്‍പ്പാദനക്ഷമതയും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

പദ്ധതിക്കായുള്ള 11,040 കോടി രൂപയുടെ സാമ്പത്തിക വിഹിതത്തില്‍ 8,844 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റിന്റെയും 2,196 കോടി രൂപ സംസ്ഥാനത്തിന്റെയും വിഹിതമാണ്. ഇതില്‍ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗും ഉള്‍പ്പെടുന്നു.

ഈ പദ്ധതി പ്രകാരം, 2025-26 വരെ എണ്ണപ്പനയ്ക്കായി 6.5 ലക്ഷം ഹെക്ടര്‍ അധിക വിസ്തീര്‍ണ്ണം ഒരുക്കും. അതുവഴി 10 ലക്ഷം ഹെക്ടര്‍ എന്ന ലക്ഷ്യം കൈവരിക്കാനാണു ലക്ഷ്യമിടുന്നത്. ക്രൂഡ് പാം ഓയില്‍ (സിപിഒ) ഉത്പാദനം 2025-26 ഓടെ 11.20 ലക്ഷം ടണ്ണും 2029-30 ഓടെ 28 ലക്ഷം ടണ്ണും ആയി ഉയരുമെന്നാണ് പ്രതീക്ഷ.

ഈ പദ്ധതി എണ്ണപ്പന കര്‍ഷകര്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും. മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഇറക്കുമതി ആശ്രിതത്വം കുറച്ച്  കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

1991-92 മുതല്‍, എണ്ണ വിത്തുകളുടെയും എണ്ണപ്പനയുടെയും ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. എണ്ണക്കുരു ഉത്പാദനം 2014-15 ല്‍ 275 ലക്ഷം ടണ്ണായിരുന്നത് 2020-21 ല്‍ 365.65 ലക്ഷം ടണ്ണായി ഉയര്‍ന്നു. പാം ഓയില്‍ ഉല്‍പാദന സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി, 2020 ല്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓയില്‍ പാം റിസര്‍ച്ച് (ഐഐഒപിആര്‍) എണ്ണപ്പന  കൃഷിയില്‍ മൂല്യനിര്‍ണയം നടത്തി. ഏകദേശം 28 ലക്ഷം ഹെക്ടറില്‍ നടത്തിയ മൂല്യനിര്‍ണയത്തില്‍ എണ്ണപ്പന കൃഷിയിലും ക്രൂഡ് പാം ഓയില്‍  ഉല്‍പാദനത്തിലും വലിയ സാധ്യതയുണ്ടെന്നു കണ്ടെത്തി. നിലവില്‍ 3.70 ലക്ഷം ഹെക്ടര്‍ മാത്രമാണ് എണ്ണപ്പന കൃഷിക്കായുള്ളത്. ഓയില്‍ പാം മറ്റ് എണ്ണ വിത്ത് വിളകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹെക്ടറിന് 10 മുതല്‍ 46 മടങ്ങ് വരെ എണ്ണ ഉത്പാദിപ്പിക്കുന്നു. ഒരു ഹെക്ടറില്‍ 4 ടണ്‍ എണ്ണയുടെ ഉല്‍പ്പാദനം നടക്കും. അതിനാല്‍, ഇതിന്റെ കൃഷിക്ക് വലിയ സാധ്യതയുണ്ട്.

ഇതെല്ലാം പരിഗണിച്ചാണ്, ഇപ്പോഴും സിപിഒ യുടെ 98 ശതമാനവും ഇറക്കുമതി ചെയ്യപ്പെടുന്നു എന്ന വസ്തുത കണക്കിലെടുത്ത്, രാജ്യത്ത് സിപിഒയുടെ വിസ്തൃതിയും ഉല്‍പാദനവും കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതി ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദിഷ്ട പദ്ധതി നിലവിലെ ദേശീയ ഭക്ഷ്യസുരക്ഷാ ദൗത്യം-ഓയില്‍ പാം പരിപാടിയില്‍ ഉള്‍പ്പെടുത്തും.

രണ്ട് പ്രധാന മേഖലകളാണ് പദ്ധതിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. എണ്ണപ്പന കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഫ്രഷ് ഫ്രൂട്ട് ബഞ്ചുകളില്‍ (എഫ്എഫ്ബി) നിന്നാണ്  എണ്ണ വേര്‍തിരിച്ചെടുക്കുന്നത്. നിലവില്‍ ഈ എഫ്എഫ്ബികളുടെ വില അന്താരാഷ്ട്ര സിപിഒ വിലയിലെ ഏറ്റക്കുറച്ചിലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. എഫ്എഫ്ബികള്‍ക്കായി ആദ്യമായാണ് ഇന്ത്യാ ഗവണ്‍മെന്റ് എണ്ണപ്പന കര്‍ഷകര്‍ക്ക് നിശ്ചിത വില ഉറപ്പ് നല്‍കുന്നത്. ഇത് വയബിലിറ്റി പ്രൈസ് (വിപി) എന്നറിയപ്പെടും. ഇത് അന്താരാഷ്ട്ര സിപിഒ വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുകയും അസ്ഥിരതയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ഈ വിപി കഴിഞ്ഞ 5 വര്‍ഷത്തെ സിപിഒയുടെ വാര്‍ഷിക ശരാശരി വിലയായിരിക്കും. നവംബര്‍ 1 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള ഓയില്‍ പാം വര്‍ഷത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ഈ വില നിശ്ചയിക്കും. ഈ ഉറപ്പ് ഇന്ത്യന്‍ എണ്ണപ്പന കര്‍ഷകരില്‍ ആത്മവിശ്വാസം വളര്‍ത്തുകയും കൂടുതല്‍ മേഖലകളില്‍ കൃഷി വര്‍ധിപ്പിക്കുകയും  അതുവഴി കൂടുതല്‍ പാം ഓയില്‍ ഉത്പാദിപ്പിക്കുകയും ചെയ്യും. ഒരു ഫോര്‍മുല വിലയും (എഫ്പി) നിശ്ചയിക്കും. അത് സിപിഒയുടെ 14.3% ആയിരിക്കും. ഈ വില ഓരോ മാസവും നിശ്ചയിക്കും. ഈ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്, ആവശ്യമെങ്കില്‍ ഡിബിടിയായി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും.

കര്‍ഷകര്‍ക്കുള്ള ഉറപ്പ് വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ രൂപത്തിലായിരിക്കും; കൂടാതെ സിപിഒ വിലയുടെ 14.3% നല്‍കാന്‍ വ്യവസായമേഖലയെ നിര്‍ബന്ധിക്കുകയും ചെയ്യും. പിന്നീടത് 15.3% ആയി ഉയരും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ആന്‍ഡമാനും ഉത്തേജനം നല്‍കുന്നതിന്, കര്‍ഷകര്‍ക്ക് തുല്യമായി പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഗവണ്‍മെന്റ് സിപിഒ വിലയുടെ 2% അധിക ചെലവ് വഹിക്കും.  ഇന്ത്യാ ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ച സംവിധാനം സ്വീകരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പദ്ധതിയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടില്‍ നിന്ന് പ്രയോജനം ലഭിക്കും. ഇതിനായി അവര്‍ കേന്ദ്ര ഗവണ്‍മെന്റുമായി ധാരണാപത്രത്തില്‍ ഒപ്പിടും.

പദ്ധതിയുടെ രണ്ടാമത്തെ പ്രധാന ശ്രദ്ധാകേന്ദ്രം ഇടപെടലുകളില്‍ സഹായം ഗണ്യമായി വര്‍ദ്ധിപ്പിക്കുക എന്നതാണ്. എണ്ണപ്പന നടുന്നതിനുള്ള സാമഗ്രികളില്‍ ഗണ്യമായ വര്‍ദ്ധന വരുത്തിയിട്ടുണ്ട്. ഇത് ഒരു ഹെക്ടറിന് 12,000 രൂപയില്‍ നിന്ന് 29000 രൂപയായി വര്‍ദ്ധിപ്പിച്ചു. പഴയ തോട്ടങ്ങളുടെ പുനരുജ്ജീവനത്തിനായി പഴയ തോട്ടങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഒരു ചെടിക്ക് 250 രൂപ പ്രത്യേക സഹായം നല്‍കും.

രാജ്യത്ത് പ്ലാന്റിങ് സാമ്രഗികളുടെ ക്ഷാമം പരിഹരിക്കുന്നതിന്, വിത്ത് തോട്ടങ്ങള്‍ക്ക് 15 ഹെക്ടറിന് 80 ലക്ഷം രൂപ വരെ സഹായം നല്‍കും. വടക്കുകിഴക്കന്‍, ആന്‍ഡമാന്‍ മേഖലകളില്‍ 15 ഹെക്ടറിന് 100 ലക്ഷം രൂപയാണ് നല്‍കുക. കൂടാതെ, വിത്ത് തോട്ടങ്ങള്‍ക്കുള്ള സഹായം യഥാക്രമം ഇന്ത്യയുടെ മറ്റു പ്രദേശങ്ങള്‍,  നോര്‍ത്ത്-ഈസ്റ്റ് & ആന്‍ഡമാന്‍ മേഖലകള്‍ക്ക് യഥാക്രമം 40 ലക്ഷം രൂപയും 50 ലക്ഷം രൂപയുമാണ്. ഹാഫ് മൂണ്‍ ടെറസ് കൃഷി, ജൈവവേലി, ഭൂമിവൃത്തിയാക്കല്‍ തുടങ്ങിയവയ്ക്ക് പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ആന്‍ഡമാന്‍ പ്രദേശങ്ങള്‍ക്കും കൂടുതല്‍ സഹായം നല്‍കും. വ്യവസായത്തിനായുള്ള മൂലധന സഹായത്തിന്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ആന്‍ഡമാനും, ഉയര്‍ന്ന ശേഷിക്കായി കൂടുതല്‍ പരിഗണന നല്‍കും.  ഇത് ഈ മേഖലകളിലേക്ക് വ്യവസായത്തെ ആകര്‍ഷിക്കാന്‍ സഹായിക്കും.

****



(Release ID: 1747005) Visitor Counter : 414