പാര്‍ലമെന്ററികാര്യ മന്ത്രാലയം
മഹാമാരിയുമായി ബന്ധപ്പെട്ടു നടത്തിയ പൊതുജനാരോഗ്യ നടപടികളെക്കുറിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും നേതാക്കളോടു വിവരിച്ച് പ്രധാനമന്ത്രി
മഹാമാരി രാഷ്ട്രീയ വിഷയമാക്കരുത്; ഇതു മനുഷ്യരാശിയെ മുഴുവന്‍ ആശങ്കപ്പെടുത്തുന്ന കാര്യം: പ്രധാനമന്ത്രി
മുന്‍കൂര്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാതല വാക്‌സിനേഷന്‍ ഡ്രൈവുകള്‍ ശരിയായി ആസൂത്രണം ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി
വിവിധ രാജ്യങ്ങളിലെ സ്ഥിതി പരിശോധിക്കുമ്പോള്‍ ജാഗ്രത തുടരേണ്ടത് അനിവാര്യം: പ്രധാനമന്ത്രി
മഹാമാരിക്കാലത്തെ പ്രയത്‌നങ്ങള്‍ക്ക് പ്രധാനമന്ത്രിക്കു നന്ദി പറഞ്ഞ് വിവിധ കക്ഷിനേതാക്കള്‍
Posted On:
20 JUL 2021 9:25PM by PIB Thiruvananthpuram
പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും എല്ലാ കക്ഷികളുടെയും നേതാക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശയവിനിമയം നടത്തി. രാജ്യത്തെ കോവിഡ് -19 സ്ഥിതിയെക്കുറിച്ചും മഹാമാരിയുമായി ബന്ധപ്പെട്ടു നടത്തിയ പൊതുജനാരോഗ്യ നടപടികളെക്കുറിച്ചും പ്രധാനമന്ത്രി വിവരിച്ചു.
യോഗത്തില്‍ പങ്കെടുത്തതിനും പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനും എല്ലാ നേതാക്കളോടും പ്രധാനമന്ത്രി നന്ദി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ നയ രൂപവല്‍ക്കരണത്തില്‍ വളരെയധികം സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മഹാമാരിയെ രാഷ്ട്രീയ വിഷയമാക്കരുതെന്നും ഇത് മനുഷ്യരാശിയുടെ മുഴുവന്‍ പ്രശ്‌നമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ നൂറുവര്‍ഷത്തിനിടയില്‍ മനുഷ്യരാശി ഇത്തരമൊരു മഹാമാരി കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയിലിലുള്‍പ്പെടെ, രാജ്യത്തുടനീളം ഓരോ ജില്ലയിലും ഒരു ഓക്‌സിജന്‍ പ്ലാന്റെങ്കിലും ഉറപ്പാക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.
ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ വേഗതയെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യത്തെ 10 കോടി ഡോസുകള്‍ 85 ദിവസമെടുത്തപ്പോള്‍ അവസാനത്തെ 10 കോടി ഡോസുകള്‍ 24 ദിവസം കൊണ്ടു നല്‍കിയ കാര്യം പ്രധാനമന്ത്രി നേതാക്കളെ അറിയിച്ചു. രാജ്യമെമ്പാടും ഓരോ ദിവസവും അവസാനിക്കുമ്പോള്‍, ശേഖരത്തില്‍ ശരാശരി 1.5 കോടിയിലധികം വാക്‌സിനുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം നേതാക്കളെ അറിയിച്ചു.
ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാകാതിരിക്കാന്‍ വാക്‌സിന്‍ ലഭ്യതയുടെ കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന മുന്‍കൂര്‍ അറിയിപ്പ് അനുസരിച്ച് ജില്ലാ തലത്തില്‍ വാക്‌സിനേഷന്‍ ഡ്രൈവുകള്‍ ശരിയായി ആസൂത്രണം ചെയ്യേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വാക്‌സിനേഷന്‍ ആരംഭിച്ച് ആറു മാസത്തിനുശേഷവും ഭൂരിപക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും വാക്‌സിന്‍ ലഭിച്ചിട്ടില്ലെന്നത് ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ പരിശോധിക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനിതകമാറ്റം ഈ രോഗത്തെ പ്രവചനാതീതമാക്കുന്നു. അതിനാല്‍ നാമെല്ലാം ഒന്നിച്ചണിനിരന്ന് ഈ രോഗത്തിനെതിരെ പോരാടേണ്ടതുണ്ട്.
ഈ മഹാമാരിയില്‍ കോവിന്‍, ആരോഗ്യസേതു എന്നിവയുടെ രൂപത്തില്‍ സാങ്കേതികവിദ്യ ഉപയോഗിച്ചതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിനുണ്ടായ സവിശേഷ അനുഭവത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.
മഹാമാരിക്കാലത്ത് പ്രധാനമന്ത്രിയുടെ നിരന്തരമായ മേല്‍നോട്ടത്തിനും അശ്രാന്ത പരിശ്രമത്തിനും മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ അഭിനന്ദനങ്ങള്‍ അറിയിച്ചു. വിവിധ കക്ഷി നേതാക്കളും പ്രധാനമന്ത്രിയുടെ പ്രയത്‌നങ്ങള്‍ക്ക് നന്ദി പറഞ്ഞു. രോഗവുമായി ബന്ധപ്പെട്ട് അവരുടെ അനുഭവങ്ങളെക്കുറിച്ചും നേതാക്കള്‍ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുകയും അതത് സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്‍ ഡ്രൈവുകളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. കോവിഡ് അനുസൃത പെരുമാറ്റശീലം തുടര്‍ച്ചയായി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവര്‍ സംസാരിച്ചു. ഏറെ വിവരങ്ങളും ഉള്‍ക്കാഴ്ചകളും തങ്ങള്‍ക്കു പകര്‍ന്നു തന്ന അവതരണത്തെ നേതാക്കള്‍ ഐകകണ്‌ഠ്യേന അഭിനന്ദിച്ചു.
ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷണ്‍ വിശദമായ അവതരണം നടത്തി. മഹാരാഷ്ട്ര, കേരളം എന്നിവ ഉള്‍പ്പെടെയുള്ള എട്ടു സംസ്ഥാനങ്ങളില്‍ മാത്രമാണ് പതിനായിരത്തിലധികം പ്രതിദിനരോഗബാധിതരുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമാണ് 10 ശതമാനത്തില്‍ കൂടുതല്‍ രോഗസ്ഥിരീകരണ നിരക്കുള്ളത്.
മഹാമാരിക്കാലത്ത് പ്രധാനമന്ത്രി 20 സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രി 29 സംസ്ഥാനങ്ങളുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര കാബിനറ്റ് സെക്രട്ടറി 34 തവണ സംസ്ഥാന ചീഫ് സെക്രട്ടറിമാരെ ബന്ധപ്പെട്ടു. കോവിഡ് - 19 നിര്‍വഹണത്തില്‍ സഹായത്തിനായി 166 കേന്ദ്ര സംഘങ്ങളെ 33 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ വിന്യസിച്ചു.
മഹാമാരിക്കാലത്ത് ആവശ്യമായ മരുന്നുകളുടെ ലഭ്യത ഇന്ത്യ വര്‍ദ്ധിപ്പിച്ചിരുന്നു. റെംഡെസിവിര്‍ നിര്‍മ്മാണ മേഖലകളുടെ എണ്ണം മാര്‍ച്ചിലെ 22 ല്‍ നിന്ന് ജൂണില്‍ 62 ആക്കി ഉയര്‍ത്താന്‍ സി ഡി എസ് സി ഒ അനുമതി നല്‍കി. ഇത് പ്രതിമാസ ഉല്‍പ്പാദനശേഷി 38ല്‍ നിന്ന് 122 ലക്ഷം കുപ്പി മരുന്നായി വര്‍ധിപ്പിച്ചു. അതുപോലെ, ലിപ്പോസോമല്‍ ആംഫോട്ടെറിസിന്‍ ഇറക്കുമതിയും പ്രോത്സാഹിപ്പിച്ചു. ഇത് മൊത്തം വിഹിതം 45,050 ല്‍ നിന്ന് 14.81 ലക്ഷമായി വര്‍ധിപ്പിച്ചു. നിലവില്‍ രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും, കോവിഡ് രോഗബാധയില്‍ ഭാവിയില്‍ ഉണ്ടാകുന്ന കുതിച്ചുചാട്ടത്തിന് പരിഹാരമായി മരുന്നുകളുടെ ബഫര്‍ സ്റ്റോക്ക് നിലനിര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന, ഏറ്റവും കുറഞ്ഞത്, 8 മരുന്നുകളുടെ കാര്യത്തിലാണ് ഈ നടപടി: എനോക്‌സാപാരിന്‍, മീഥൈല്‍ പ്രെഡ്‌നിസോലോണ്‍, ഡെക്‌സാമീഥാസോണ്‍, റെംഡെസിവിര്‍, ടോസിലിസുമാബ് (കോവിഡ് 19 ചികിത്സയ്ക്ക്), ആംഫോട്ടെറെസിന്‍ ബി ഡിയോക്‌സികോലേറ്റ്, പോസകൊണസോള്‍ (കോവിഡ് അനുബന്ധ മ്യൂക്കോമൈക്കോസിസിന്), ഇന്‍ട്രാവെനസ് ഇമ്മ്യൂണോഗ്ലോബുലിന്‍ (ഐവിഐജി) (കുട്ടികളിലെ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രത്തിന് (എംഐഎസ്-സി)ഐഎസ്-സി). വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സംഭരണത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സഹായിക്കും.
ഇന്ത്യയുടെ കോവിഡ് 19 വാക്‌സിനേഷന്‍ നയത്തെക്കുറിച്ചും അംഗങ്ങളെ അറിയിച്ചു. നയം ലക്ഷ്യമിടുന്നത് ഇവയ്ക്കാണ്:
പ്രായപൂര്‍ത്തിയായ എല്ലാ ഇന്ത്യക്കാര്‍ക്കും, സുരക്ഷിതമായി, കഴിയുന്നത്ര വേഗത്തില്‍ സൗജന്യ വാക്‌സിന്‍ നല്‍കുക.
ആരോഗ്യ പ്രവര്‍ത്തകരെയും മുന്നണിപ്പോരാളികളെയും മുന്‍ഗണന നല്‍കി സുരക്ഷിതരാക്കുക.
രാജ്യത്ത് കോവിഡ് അനുബന്ധ മരണനിരക്കില്‍ 80 ശതമാനത്തിലേറെ സംഭാവന ചെയ്യുന്ന ദുര്‍ബല ജനവിഭാഗത്തെ, അതായത് 45 വയസിനു മുകളിലുള്ളവരെ, സംരക്ഷിക്കുക.
ശാസ്ത്രീയവും സാംക്രമിക രോഗം ശാസ്ത്രം സംബന്ധിച്ച തെളിവുകളും ആഗോളതലത്തിലെ മികച്ച പരിശീലനവും അടിസ്ഥാനമാക്കി, പരിപാടിയുടെ ഓരോ ഘട്ടത്തിലും രാജ്യത്ത് കോവിഡ്-19 വാക്‌സിനുകളുടെ ഉല്‍പ്പാദനവും ലഭ്യതയും, പുതിയ മുന്‍ഗണനാ വിഭാഗങ്ങളെ കണക്കിലെടുത്തുകൊണ്ടുള്ളതാണ്.
യുഎസ് (33.8 കോടി), ബ്രസീല്‍ (12.4 കോടി), ജര്‍മ്മനി (8.6 കോടി), യുകെ (8.3 കോടി) എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ (41.2 കോടി) നല്‍കിയിട്ടുള്ളത്. മെയ് 1 മുതല്‍ ജൂലൈ 19 വരെ 12.3 കോടി (42%) വാക്‌സിന്‍ ഡോസുകള്‍ നഗരപ്രദേശങ്ങളിലും 17.11 കോടി (58%) ഗ്രാമപ്രദേശങ്ങളിലും നല്‍കി. ഇതേ കാലയളവില്‍ 21.75 കോടി പുരുഷന്മാരും (53%), 18.94 കോടി സ്ത്രീകളും (47%) മറ്റു വിഭാഗങ്ങളിലുള്ള 72,834 പേരും വാക്‌സിന്‍ സ്വീകരിച്ചു.
പരിശോധന, നിരീക്ഷണം, ചികിത്സ, പ്രതിരോധ കുത്തിവയ്പ്, കോവിഡ് അനുസൃത പെരുമാറ്റശീലങ്ങള്‍ എന്നീ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കോവിഡ് 19നെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ മുന്നോട്ടുള്ള പാതയില്‍ വെളിച്ചം പകരുന്നു.
(Release ID: 1737398)