പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

കേന്ദ്ര ഗവണ്‍മെന്റ് ജോലികളില്‍ നിയമിക്കുന്നതിനുള്ള അപേക്ഷകരുടെ യോഗ്യത നിര്‍ണയിച്ചു ചുരുക്കപ്പട്ടിക തയ്യാറാക്കാന്‍ 2022ന്റെ തുടക്കത്തില്‍ രാജ്യത്തുടനീളം പൊതു യോഗ്യതാ പരിശോധന നടത്തുമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്.


ഐഎഎസ് ഉദ്യോഗസ്ഥരുടെ സിവില്‍ ലിസ്റ്റ് ഇ-ബുക്ക് -2021 പുറത്തിറക്കി.

Posted On: 06 JUL 2021 5:59PM by PIB Thiruvananthpuram

 രാജ്യത്തുടനീളം. കേന്ദ്ര ഗവണ്‍മെന്റ് ജോലികളിലേക്ക് നിയമിക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികളെ യോഗ്യതാ നിര്‍ണയം നടത്തുന്നതിനും ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിനുമുള്ള പൊതു യോഗ്യതാ പരിശോധന (സിഇടി)  2022 ന്റെ തുടക്കത്തില്‍ നടത്തും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം, പ്രധാനമന്ത്രിയുടെ ഓഫീസിലെ പേഴ്‌സണല്‍, പരിശീലന മന്ത്രാലയം, ബഹിരാകാശ, ആണവോര്‍ജ്ജ വകുപ്പുകള്‍ എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചതാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ ഇടപെടലിനെത്തുടര്‍ന്നു നടപ്പാക്കുന്ന ഈ സവിശേഷ സംരംഭത്തിന്റെ ആദ്യ പരീക്ഷണം ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് നടത്താന്‍ തീരുമാനിച്ചിരുന്നു, എന്നാല്‍ കൊവിഡ് മഹാമാരി മൂലം വൈകാന്‍ ഇടയുണ്ടെന്ന് മന്ത്രി പറഞ്ഞു.

 ഐഎഎസ് ഉദ്യോഗസ്ഥരുടെ സിവില്‍ ലിസ്റ്റ്  ഇ-ബുക്ക് 2021  പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ ജിതേന്ദ്ര സിംഗ്.  കേന്ദ്ര പേഴ്‌സണല്‍, പരിശീലന മന്ത്രാലയം നടത്തുന്ന പ്രവേശന പരീക്ഷ, തൊഴിലന്വേഷകരായ യുവജനങ്ങള്‍ക്ക്, പ്രത്യേകിച്ചും വിദൂര ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്കു നിയമനങ്ങള്‍ അനായാസമാക്കുന്നതില്‍ പ്രധാന വഴിത്തിരിവാണ്. അവര്‍ക്കിത് അനുഗ്രഹമായി മാറും. രാജ്യത്തെ യുവജനങ്ങളോടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ആഴമേറിയതും സംവേദനക്ഷമവുമായ താല്‍പ്പര്യത്തിന്റെയും രാജ്യത്തൊട്ടാകെയുള്ള യുവാക്കള്‍ക്ക് സാധ്യതകളും തുല്യ അവസരവും നല്‍കാനുള്ള അദ്ദേഹത്തിന്റെ താല്പര്യത്തിന്റെ പ്രതിഫലനം കൂടിയാണ് ഈ സുപ്രധാന പരിഷ്‌കരണം.

പൊതുപ്രവേശന പരീക്ഷ നടത്തുന്നതിനുള്ള ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി (എന്‍ആര്‍എ) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തോടെ രൂപീകരിച്ചതായും മന്ത്രി അറിയിച്ചു. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി), റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐബിപിഎസ്) എന്നിവയിലൂടെ നിലവില്‍ ഗവണ്‍മെന്റ് ജോലികള്‍ക്കായി നടത്തുന്ന യോഗ്യതാ നിര്‍ണയവും ചുരുക്കപ്പട്ടിക തയ്യാറാക്കലും ഇനി നിര്‍വഹിക്കുന്നത് എന്‍ആര്‍എ ആയിരിക്കും.

 ഗ്രൂപ്പ്-'ബി', 'സി' (സാങ്കേതികേതര) തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യത നിര്‍ണയിക്കുന്നതിനും ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിനുമുള്ള പൊതു പരിശോധന നടത്തുന്നതും എന്‍ആര്‍എ ആയിരിക്കും.  ഈ പരിഷ്‌കരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത രാജ്യത്തെ ഓരോ ജില്ലയിലും കുറഞ്ഞത് ഒരു പരീക്ഷാകേന്ദ്രമെങ്കിലും ഉണ്ടായിരിക്കുമെന്നതാണ്. അത് വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഈ പരീക്ഷകള്‍ ഇതോടെ കൂടുതല്‍ പ്രാപ്യമാകും.

 ഇതൊരു ചരിത്രപരമായ പരിഷ്‌കരണമാണ്. എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അവരുടെ പശ്ചാത്തലമോ സാമൂഹിക, സാമ്പത്തിക നിലയോ പരിഗണിക്കാതെ ഒരു മികച്ച നിയമന സാഹചര്യം നല്‍കുമെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. നിലവില്‍ ഒന്നിലധികം കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്ത് ഒന്നിലധികം പരീക്ഷകള്‍ക്ക് ഹാജരാകേണ്ടി വരുന്ന സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും ചെലവു താങ്ങാനാവാത്തവര്‍ക്കും ഇതു വലിയ നേട്ടമായിരിക്കും.

 നരേന്ദ്ര മോദി ഗവണ്‍മെന്റ് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ പേഴ്‌സണല്‍,പരിശീലന വകുപ്പിനു നല്‍കിയ പരിഗണന പൊതുജന നന്മയ്ക്കായി നിരവധി പുതുമകള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും കാരണമാതായി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.  2014 മെയ് മുതല്‍ ഉണ്ടായ സവിശേഷ തീരുമാനങ്ങളുടെ പരമ്പരയെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, ഗസറ്റഡ് ഉദ്യോഗസ്ഥര്‍ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിനു പകരം ഉദ്യോഗാര്‍ത്ഥി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്ന തീരുമാനം, ഐഎഎസ് ഓഫീസര്‍മാര്‍ അവരുടെ കേന്ദ്ര സര്‍വീസിന്റെ തുടക്കത്തില്‍ അസിസ്റ്റന്റ് സെക്രട്ടറിമാരായി ജോലി ചെയ്യണമെന്ന നിബന്ധന മൂന്നു മാസമായി ചുരുക്കിയത് തുടങ്ങിയവ  അതിപ്രധാനമാണെന്നു  കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.

 വിവിധ തസ്തികകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളുടെ ഉറവിടമാണിതെന്ന് ഐഎഎസ്  സിവില്‍ ലിസ്റ്റ് ഇ-ബുക്ക്  2021 നെക്കുറിച്ച് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന് സംഭാവന നല്‍കാനുള്ള വകുപ്പിന്റെ ശ്രമമാണ് ഇത്. വിഭവങ്ങളുടെ ശരിയായ വിനിയോഗത്തിലൂടെ ഗവണ്‍മെന്റ് ഖജനാവിന്റെ ഭാരം കുറയ്ക്കുന്നതിനും ഈ ശ്രമം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 സിവില്‍ ലിസ്റ്റിന്റെ 66-ാമത്തെ പതിപ്പും പിഡിഎഫ് ഇ-ബുക്കിന്റെ ആദ്യ പതിപ്പും ഒരൊറ്റ ക്ലിക്കിലൂടെ എളുപ്പത്തില്‍ നേടാന്‍ സഹായിക്കും. ഐഎഎസ് സിവില്‍ ലിസ്റ്റ് ഇ-ബുക്ക് 2021 ന്റെ പ്രസിദ്ധീകരണത്തിലൂടെ, വലിയ ഐഎഎസ് സിവില്‍ ലിസ്റ്റ് അച്ചടിക്കുന്നത് വകുപ്പ് ഒഴിവാക്കി. 1969 മുതല്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ നിയമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ബാച്ച്, കേഡര്‍, ഇപ്പോഴത്തെ നിയമനം, ശമ്പള സ്‌കെയില്‍, അവരുടെ മൊത്തം കേഡര്‍ തിരിച്ചുള്ള ശേഷി, സംവരണാനുകൂല്യങ്ങള്‍, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിരമിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ എണ്ണം തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഐഎഎസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളുമുണ്ട്. പേഴ്‌സണല്‍, പരിശീലന മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ (  https://dopt.gov.in ) പട്ടികയുടെ പിഡിഎഫ് ലഭ്യമാണ്.


***(Release ID: 1733199) Visitor Counter : 294