ഉപരാഷ്ട്രപതിയുടെ കാര്യാലയം

പുതിയ കോവിഡ്-19 വകഭേദങ്ങളുടെ ജീനോം സീക്വൻസിംഗ് വേഗത്തിൽ നിർണയിക്കാൻ ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു

Posted On: 02 JUL 2021 2:10PM by PIB Thiruvananthpuramന്യൂഡൽഹി, ജൂലൈ 02, 2021

അനുയോജ്യമായ വാക്സിനുകളും മരുന്നുകളും കണ്ടെത്തുന്നത് വേഗത്തിലാക്കാൻ പുതിയ കോവിഡ്-19 വൈറസ് വകഭേദങ്ങളുടെ ജീനോം സീക്വൻസിംഗ് എത്രയും പെട്ടെന്ന് നിർണയിക്കണം എന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ഉപരാഷ്ട്രപതി, ഹൈദരാബാദിലെ സിസിഎംബിയുടെ ലാക്കോൺസ് (വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണ ലബോറട്ടറി-LaCONES) സന്ദർശിച്ചു.

വൈറസുകളുടെ ജനിതക മാറ്റം വന്ന പുതിയ വകഭേദങ്ങളെ തിരിച്ചറിയുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ജീനോം സീക്വൻസിംഗ് കോവിഡ്-19 ന്റെ വ്യാപനത്തെ ചെറുക്കാൻ സഹായിക്കുന്നതായും ശാസ്ത്രജ്ഞരെയും ഗവേഷകരേയും അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ നായിഡു പറഞ്ഞു. മരുന്നുകളുടെ കാര്യത്തിൽ സമയബന്ധിതമായ ഇടപെടലുകൾക്ക് ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏതാനും മൃഗശാലകളിൽ പൂച്ച വർഗത്തിൽ പെട്ട വലിയ ജന്തുക്കൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വകഭേദങ്ങളുടെ ജീനോം സീക്വൻസിംഗിന്റെ ആവശ്യകത നിർണായകമാണെന്ന് ശ്രീ നായിഡു പറഞ്ഞു. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് അല്ലെങ്കിൽ തിരിച്ചും ഒരു വൈറസിന്റെ വർഗ വ്യാപനം ഉണ്ടായാൽ അത് പുതിയ വകഭേദത്തിന്റെ രൂപീകരണത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാമാരിക്കെതിരായ നിരന്തരമായ പോരാട്ടത്തിൽ പുതിയ വകഭേദങ്ങൾ പുതിയ വെല്ലുവിളികൾ സൃഷ്ടിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സാർസ്-കോവ്‌-2 വകഭേദങ്ങളെ നിർവീര്യമാക്കാൻ കഴിയുന്ന ഒരു സാർവത്രിക വാക്സിൻ വികസിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് പഠിക്കാൻ ഗവേഷണ സ്ഥാപനങ്ങൾ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു.

വാക്‌സിൻ വിമുഖത ഒഴിവാക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച ശ്രീ നായിഡു ഇന്ത്യയിൽ നിർമ്മിച്ച വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്നും എല്ലാവരും വാക്സിൻ എടുക്കണമെന്നും, വാക്സിൻ എടുക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്നും ആവർത്തിച്ചു. സാംസ്കാരിക, കായിക രംഗത്തെ പ്രമുഖർ, വാക്സിനേഷൻ യജ്ഞത്തിൽ സജീവ പങ്കാളികളാകാനും വാക്സിനേഷനായി ജനങ്ങളെ പ്രേരിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. “വാക്സിനേഷൻ യജ്ഞം ഒരു ദേശീയ മുന്നേറ്റമായി മാറണം”, അദ്ദേഹം പറഞ്ഞു.

 

സന്ദർശന വേളയിൽ ഉപരാഷ്ട്രപതി ‘ആൻ ഇൻട്രൊഡക്ഷൻ ടു ജനറ്റിക് റിസോഴ്സ് ബാങ്ക്സ് ഫോർ വൈൽഡ്ലൈഫ് കൺസർവേഷൻ' എന്ന പുസ്തകം പുറത്തിറക്കി. ഗവേഷകരുമായും അദ്ദേഹം സംവദിച്ചു.
 
 
RRTN/SKY


(Release ID: 1732275) Visitor Counter : 39