ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

PMGKAY യ്ക്ക് കീഴിൽ 2021 മെയ്, ജൂൺ മാസകാലത്തേക്ക് ആയി എല്ലാ 36 സംസ്ഥാന/ കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി ആയി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വിതരണം ചെയ്തത് 76.72 LMT സൗജന്യ ഭക്ഷ്യധാന്യങ്ങൾ

Posted On: 22 JUN 2021 5:17PM by PIB Thiruvananthpuram

 

ന്യൂഡൽഹി, ജൂൺ 22, 2021
 
2021 ജൂൺ 21 വരെ, ഭാരത സർക്കാരിന് കീഴിലുള്ള ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, രാജ്യത്തെ 36 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങൾക്ക് വിതരണം ചെയ്തത് 76.72 LMT സൗജന്യ ഭക്ഷ്യധാന്യം. കേരളമുൾപ്പെടെയുള്ള 22 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങൾ 2021 മെയ്, ജൂൺ മാസങ്ങളിലേക്കുള്ള തങ്ങളുടെ വിഹിതം പൂർണ്ണമായും കൈപ്പറ്റിയിട്ടുണ്ട്.
 
എല്ലാ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും ആവശ്യമായ ഭക്ഷ്യ ശേഖരം എഫ്സിഐ ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്ര പൂളിന് കീഴിൽ, നിലവിൽ 593 LMT ഗോതമ്പും, 294 LMT അരിയും (ആകെ 887 LMT ഭക്ഷ്യധാന്യം) ലഭ്യമാണ്.
 
എല്ലാ സംസ്ഥാന-കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങൾക്കുമുള്ള സുഗമമായ വിതരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഉടനീളം ഭക്ഷ്യധാന്യങ്ങളുടെ ചരക്ക് നീക്കം എഫ്സിഐ നടത്തിവരികയാണ്. 2021 മെയ് ഒന്നിന് ശേഷം, പ്രതിദിനം ശരാശരി 45 എന്ന വിധത്തിൽ ഭക്ഷ്യധാന്യങ്ങളുടെ 2,353 റേക്കുകൾ ആണ് എഫ്സിഐ വിതരണം ചെയ്തത്.
 
PMGKAY-യ്ക്ക് കീഴിൽ സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണം സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ സംസ്ഥാന- കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങൾക്കും ഭാരത സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ്മഹാമാരിക്കിടയിൽ സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിലൂടെ ഗുണഭോക്താക്കൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലുള്ള ഗുണഭോക്താക്കൾക്ക് പ്രതിമാസം ആളൊന്നിന് 5 കിലോഗ്രാം വീതം സൗജന്യ ഭക്ഷ്യധാന്യമാണ് പദ്ധതിയ്ക്ക് കീഴിൽ വിതരണം ചെയ്യുന്നത്.

(Release ID: 1729619) Visitor Counter : 150