ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിലെ പുരോഗതി, പൊതുജനാരോഗ്യ പ്രതിരോധം എന്നിവ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആയി ചേർന്ന് കേന്ദ്ര സർക്കാർ അവലോകനം ചെയ്തു
Posted On:
10 JUN 2021 5:23PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 10, 2021
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പങ്കെടുത്ത ഒരു ഉന്നതതല യോഗം കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്നു. ദേശീയ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട മാർഗ്ഗനിർദേശങ്ങളിൽ വരുത്തിയ മാറ്റങ്ങളുടേയും, പുതിയ നിർദേശങ്ങളുടേയും പശ്ചാത്തലത്തിൽ, രാജ്യത്തെ വാക്സിനേഷൻ യജ്ഞത്തിന്റെ പുരോഗതി യോഗം വിലയിരുത്തി. കോവിൻ പ്ലാറ്റ്ഫോമിൽ വരുത്തിയ പുതിയ മാറ്റങ്ങൾ സംബന്ധിച്ചും സംസ്ഥാനങ്ങൾക്ക് വിവരങ്ങൾ കൈമാറി.
ആരോഗ്യ പ്രവർത്തകരുടേയും മുൻനിര പോരാളികളുടേയും ഇടയിൽ, പ്രതിരോധ കുത്തിവെപ്പിന്, പ്രത്യേകിച്ചും രണ്ടാം ഡോസിനു കാലതാമസം നേരിടുന്നത് കേന്ദ്ര ആരോഗ്യ സെക്രട്ടറി ചൂണ്ടിക്കാട്ടി. ഇത് ഗൗരവപരമായ വിഷയമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു:
* ആരോഗ്യ പ്രവർത്തകർക്കിടയിൽ ഒന്നാം ഡോസ് വിതരണത്തിലെ ദേശീയ ശരാശരി 82 ശതമാനമാണെങ്കിൽ, രണ്ടാം ഡോസ് സ്വീകരിച്ച ആരോഗ്യപ്രവർത്തകരുടെ ദേശീയ ശരാശരി 56 ശതമാനം മാത്രമാണ്. രാജ്യത്തെ 18 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഈ നിരക്ക് ദേശീയ ശരാശരിയെക്കാൾ താഴെയാണ്.
* മുൻനിര പോരാളികളിൽ ഒന്നാം ഡോസ് ലഭിച്ചവരുടെ ദേശീയ ശരാശരി 85 ശതമാനം ആണ്. എന്നാൽ രണ്ടാം ഡോസ് ലഭിച്ച മുൻനിര പോരാളികളുടെ ശരാശരി 47 ശതമാനം മാത്രമാണ്. 19 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ രണ്ടാം ഡോസ് വിതരണ തോത് ദേശീയ ശരാശരിയേക്കാൾ താഴെയാണ്.
മഹാമാരിക്കെതിരായ ആരോഗ്യ പാലന സംവിധാനങ്ങളുടെ ശക്തമായ സംരക്ഷണത്തിന് ഈ വിഭാഗക്കാരുടെ ഇടയിലെ സാർവത്രിക പ്രതിരോധ കുത്തിവെപ്പിന് അതീവ പ്രാധാന്യമുണ്ടെന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി ആവർത്തിച്ച് വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർക്കും മുൻനിര പോരാളികൾക്കും രണ്ടാം ഡോസ് വാക്സിൻ ലഭ്യമാക്കുന്നതിന് മികച്ച പദ്ധതികൾ തയ്യാറാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി പ്രത്യേക സമയക്രമമോ, സെഷനുകളോ തയ്യാറാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
വാക്സിനേഷൻ യജ്ഞത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൂടുതൽ വർദ്ധിപ്പിക്കേണ്ടതുണ്ട് എന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി. ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശം പ്രകാരം ലഭ്യമായ വാക്സിൻ ഡോസുകളിൽ 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാങ്ങാനാകും. ഈ ഡോസുകൾ സ്വകാര്യ വാക്സിൻ വിതരണ കേന്ദ്രങ്ങൾ വഴി പൊതു ജനങ്ങൾക്ക് ലഭ്യമാകുന്നതിലൂടെ ഭരണകൂടത്തിന് മികച്ച പിന്തുണ നൽകാൻ അവർക്ക് സാധിക്കും.
കോവിൻ പോർട്ടലിലെ പുതിയ മാറ്റങ്ങൾ സംബന്ധിച്ചും സംസ്ഥാനങ്ങൾക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്:
* പോർട്ടലിൽ നൽകിയിട്ടുള്ള പേര്, ജനിച്ച വർഷം ലിംഗം, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുടെ നമ്പർ എന്നിവയിൽ പൊതുജനങ്ങൾക്ക് മാറ്റങ്ങൾ വരുത്താൻ സാധിക്കും. എന്നാൽ മുകളിൽ പറഞ്ഞ നാല് വിഭാഗങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തിലായി ഒരിക്കൽ മാത്രമേ ഈ സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കൂ. പുതിയ വിവരങ്ങൾ നൽകുന്ന ഉടനെ പഴയ സർട്ടിഫിക്കറ്റ് ഒഴിവാക്കപ്പെടുന്നതാണ്. രണ്ടാം തവണ നൽകിയ വിവരങ്ങളിൽ പിന്നീട് മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നതല്ല.
* ഡിസ്ട്രിക്ട് ഇമ്മ്യൂണൈസേഷൻ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കോവിനിൽ രജിസ്റ്റർ ചെയ്യാത്ത വിവരങ്ങളുടെ (വാക്സിൻ തരം, പ്രതിരോധ കുത്തിവെപ്പ് തീയതി, വാക്സിനേഷൻ പരിപാടി എന്നിവയുടെ) മാറ്റം വരുത്താവുന്നതാണ്.
* നഗര പ്രദേശങ്ങളിലേയും ഗ്രാമീണ മേഖലകളിലേയും വാക്സിൻ വിതരണ കേന്ദ്രങ്ങളെ പ്രത്യേകം തരംതിരിച്ച് ടാഗ് ചെയ്യുന്നതിനുള്ള സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്.
വാക്സിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് വാക്സിനേറ്റര്മാര് നൽകുന്ന റിപ്പോർട്ടുകളിൽ ആവശ്യമെങ്കിൽ പുതിയ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനും, തിരുത്തലുകൾ നടത്തുന്നതിനും DIO മാർക്ക് അനുവാദം നൽകിയിട്ടുണ്ടെന്നും സംസ്ഥാനങ്ങളെ അറിയിച്ചു. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ സമർപ്പിക്കുമ്പോൾ വരാനിടയുള്ള തെറ്റുകൾ ഒഴിവാക്കുന്നതിനായി വാക്സിനേറ്ററുമാർ, DIO മാർ എന്നിവർക്ക് കൃത്യമായ പരിശീലനം നൽകണമെന്നും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിൻ പ്ലാറ്റ്ഫോം നിലവിൽ 12 ഭാഷകളിൽ ലഭ്യമാക്കിയിട്ടുണ്ട് എന്നും സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. UDID - യൂണിക് ഡിസബിലിറ്റി ഐഡി കാർഡ് - രജിസ്റ്റർ ചെയ്യാനും പ്ലാറ്റ്ഫോമിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. 15 മിനിറ്റ് വരുന്ന 50 ലോഗിൻ സെഷനുകളിലായി ആയിരത്തിലേറെ സെർച്ചുകൾ നടത്തുന്ന അക്കൗണ്ടുകൾ 24 മണിക്കൂർ നേരത്തേക്ക് ബ്ലോക്ക് ചെയ്യാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓൺ-സൈറ്റ് കപ്പാസിറ്റി പൂജ്യത്തിൽ കൂടുതലാണെങ്കിൽ, 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ആയി തൽസമയ വാക്സിൻ രജിസ്ട്രേഷൻ സംസ്ഥാനങ്ങൾക്ക് ഏർപ്പെടുത്താനും അനുവാദം നൽകിയിട്ടുണ്ട്. “ഓൺ-സൈറ്റ് ഡോസ് 2” കപ്പാസിറ്റി പൂജ്യത്തിൽ കൂടുതലാണെങ്കിൽ 18 നും 44 നുമിടയിൽ പ്രായമുള്ളവർക്ക് വേണ്ടിയും തൽസമയ സെഷനുകൾ ലഭ്യമാക്കാവുന്നതാണ്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഇതേപ്പറ്റിയുള്ള വിവരങ്ങൾ വ്യാപകമായി പരസ്യപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
RRTN/SKY
*****
(Release ID: 1726206)
Visitor Counter : 199