ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കടലാസ് അനുബന്ധമായതില്‍നിന്ന് കടലാസ് രഹിതത്തിലേക്ക് - ദേശീയ ആരോഗ്യ അതോറിറ്റിയുടെ (എന്‍എച്ച്എ) ഐടി പ്ലാറ്റ്ഫോമില്‍ മുന്‍നിര ആരോഗ്യ പദ്ധതികളുടെ ഡിജിറ്റല്‍ രൂപാന്തരണത്തിനു തുടക്കം കുറിച്ച് ഡോ. ഹര്‍ഷ് വര്‍ധന്‍


കേന്ദ്ര ഗവണ്‍മെന്റിന്റെ ആരോഗ്യ പദ്ധതി (സിജിഎച്ച്എസ്), രാഷ്ട്രീയ ആരോഗ്യ നിധി(ആര്‍എഎന്‍)യുടെയും ആരോഗ്യമന്ത്രിയുടെ വിവേചനാധികാരത്തിലുള്ള ധനസഹായത്തിന്റെയും (എച്ച്എംഡിജി) സുരക്ഷാ-ശാക്തീകരണ പദ്ധതികള്‍, എന്നിവ  ഇപ്പോള്‍ പണരഹിതവും കടലാസ് രഹിതവും പൗരകേന്ദ്രീകൃതവും

''അഭിലഷണീയ ഡിജിറ്റല്‍ ഇന്ത്യയ്ക്കായുള്ള രാജ്യവ്യാപക പ്രസ്ഥാനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേതൃത്വം നല്‍കി'': ഡോ. ഹര്‍ഷ് വര്‍ധന്‍

Posted On: 01 JUN 2021 8:04PM by PIB Thiruvananthpuram

ദേശീയ ആരോഗ്യ അതോറിറ്റി(എന്‍എച്ച്എ)യുടെ ഐടി പ്ലാറ്റ്‌ഫോമില്‍, ആധുനികവല്‍ക്കരിച്ച കേന്ദ്ര ഗവണ്‍മെന്റിന്റെ ആരോഗ്യ പദ്ധതി (സിജിഎച്ച്എസ്), രാഷ്ട്രീയ ആരോഗ്യ നിധി(ആര്‍എഎന്‍)യുടെയും ആരോഗ്യ മന്ത്രിയുടെ വിവേചനാധികാരത്തിലുള്ള ധനസഹായത്തിന്റെയും (എച്ച്എംഡിജി) സുരക്ഷാ-ശാക്തീകരണ പദ്ധതികള്‍ എന്നിവയ്ക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ തുടക്കം കുറിച്ചു. ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ശ്രീ അശ്വിനി കുമാര്‍ ചൗബെയും ചടങ്ങില്‍ പങ്കെടുത്തു. 


ആരോഗ്യ സേവനങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണത്തിനായുള്ള ശക്തമായ നടപടിയാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു: ''ഇത് എന്റെ സ്വപ്ന സംരംഭങ്ങളിലൊന്നാണ്. ദേശീയ ആരോഗ്യ അതോറിറ്റിയുടെ ഐടി വേദിയില്‍ ഈ പദ്ധതികള്‍ ആരംഭിക്കുന്നത് കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. മുഴുവന്‍ പ്രക്രിയയും കടലാസ് രഹിതമാക്കുന്നതിലൂടെ, അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഈ പദ്ധതിയിലൂടെ ആരോഗ്യ സേവനങ്ങളുടെ തടസ്സമില്ലാത്ത വിതരണം സാധ്യമാക്കും.''

തന്റെ 28 വര്‍ഷത്തെ പൊതുസേവനത്തില്‍, ചികിത്സ ആവശ്യമുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട ആളുകളെ എല്ലായ്‌പ്പോഴും കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍ഷുറന്‍സിലൂടെയും മറ്റും ചികിത്സയ്ക്കാവശ്യമുള്ള തുക ലഭ്യമാകുന്നതിനുള്ള കാലതാമസത്താല്‍ പലപ്പോഴും ചികിത്സ മാറ്റിവയ്ക്കുകയും അത് അര്‍ബുദം പോലുള്ളവയില്‍ മരണത്തിനു വരെ കാരണമാകുകയും ചെയ്തിട്ടുണ്ട്.

ഉദ്ദേശ്യശുദ്ധിയോടെയുള്ള ഗവണ്‍മെന്റ് പദ്ധതികള്‍ ഉണ്ടായിരുന്നിട്ടും അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ നേടാനാകാത്ത നിരവധി പേരെ വ്യക്തിപരമായി അറിയാമെന്ന് ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. ഇത്തരം പദ്ധതികളില്‍ സമയബന്ധിതമായ ഇടപെടലിന്റെ അഭാവം, പ്രതികരിക്കുന്നതിനുള്ള കാലതാമസം, മറ്റു തടസ്സങ്ങള്‍ എന്നിവയാല്‍ പാവപ്പെട്ടവര്‍ക്കും ആവശ്യക്കാര്‍ക്കും ആരോഗ്യ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ കൃത്യസമയത്ത് ലഭ്യമാക്കാന്‍ കഴിഞ്ഞില്ല. ഉദ്യോഗസ്ഥതലത്തിലുള്ള ഇത്തരം തടസ്സങ്ങളെക്കുറിച്ച് ശ്രീ ദീന്‍ദയാല്‍ ഉപാധ്യായയുടെ തത്വങ്ങളിലുണ്ടെന്ന് ഡോ. ഹര്‍ഷ് വര്‍ധന്‍ അഭിപ്രായപ്പെട്ടു.


ഡിജിറ്റല്‍ ഇന്ത്യയ്ക്ക് കീഴില്‍ വിഭാവനം ചെയ്തിട്ടുള്ള, പൗരന്മാരുടെ ക്ഷേമകാര്യങ്ങള്‍ക്കായി സാങ്കേതികവിദ്യയുടെ ഉപയോഗം എന്നതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണമാര്‍ന്ന നേതൃത്വത്തെ അദ്ദേഹം പ്രശംസിച്ചു: ''ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിലെ സാങ്കേതിക ഇടപെടലുകള്‍ പോലെ, പൊതു ധനകാര്യ നിര്‍വഹണ സംവിധാനം (പിഎഫ്എംഎസ്), നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെയുള്ള സബ്‌സിഡികള്‍ (ഡിബിടി), രോഗികള്‍ക്ക് കടലാസ് രഹിത ചികിത്സ ലഭ്യമാക്കുന്നതിനുള്ള ആയുഷ്മാന്‍ ഭാരത് പദ്ധതി, സിജിഎച്ച്എസ്, ആര്‍എഎന്‍, എച്ച്എംഡിജി എന്നിവ എന്‍എച്ച്എ പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിക്കുന്നതിനുള്ള ഇന്നത്തെ സംരംഭവും, ആരോഗ്യ സേവനങ്ങള്‍ സുതാര്യമായും വേഗത്തിലും ആവശ്യമുള്ള പൗരന്മാര്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.'' എന്‍എച്ച്എയുടെ മുന്‍ സിഇഒ ശ്രീ ഇന്ദു ഭൂഷന്റെ സംഭാവനകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും നിര്‍ദേശങ്ങളും ഇന്നത്തെ വികസനത്തിന് അടിത്തറയിട്ടുവെന്നും ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. 

ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, മുന്‍ എംപിമാര്‍, അവരുടെ ആശ്രിതരായ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കായുള്ള സമഗ്ര ആരോഗ്യ പദ്ധതിയായ സിജിഎച്ച്എസ് കഴിഞ്ഞ 7 വര്‍ഷത്തിനിടെ 72 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. 38 ലക്ഷം ഗുണഭോക്താക്കളാണ് പദ്ധതിയുടെ പരിധിയില്‍ വരുന്നത്. 1954 ല്‍ ന്യൂഡല്‍ഹിയില്‍ സിജിഎച്ച്എസ് ആരംഭിച്ചെങ്കിലും 2014 വരെ 25 നഗരങ്ങള്‍ മാത്രമേ അതില്‍ ഉള്‍പ്പെട്ടിരുന്നുള്ളൂ. വിരമിച്ച സിജിഎച്ച്എസ് പെന്‍ഷന്‍കാര്‍ക്ക് പട്ടികയിലുള്‍പ്പെട്ട കേന്ദ്രങ്ങളില്‍ പണരഹിത ചികിത്സ നല്‍കുന്നത്, പുതിയ പ്ലാറ്റ്‌ഫോമിലൂടെ തടസ്സമില്ലാത്തതാക്കും. നിലവിലുള്ള യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ അടിസ്ഥാന സൗകര്യ  സാങ്കേതിക- സേവന ലിമിറ്റഡ് (യുടിഐ-ഐടിഎസ്എല്‍) ബില്‍ തീര്‍പ്പാക്കല്‍ പ്ലാറ്റ്‌ഫോം 2021 ജൂണ്‍ 10 അര്‍ദ്ധരാത്രി വരെ സമാന്തരമായി പ്രവര്‍ത്തിക്കും. ഇത് സിജിഎച്ച്എസ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വരില്ലെന്ന് ഉറപ്പാക്കുന്നു.

എന്‍ഐസി വികസിപ്പിച്ച ഇ-റഫറല്‍ മൊഡ്യൂള്‍, പട്ടികയിലുള്‍പ്പെട്ടിട്ടുള്ള ആശുപത്രികളിലേക്ക് ഓണ്‍ലൈന്‍ ശുപാര്‍ശ നല്‍കാന്‍ സിജിഎച്ച്എസ് ഡിസ്‌പെന്‍സറികളെയും ആരോഗ്യക്ഷേമകേന്ദ്രങ്ങളെയും പ്രാപ്തമാക്കിയിട്ടുണ്ടെന്ന് ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ അഭിപ്രായപ്പെട്ടു. ആശുപത്രിയുടെ അപേക്ഷ നടപടിക്രമങ്ങള്‍, ക്ലെയിമുകള്‍ സമര്‍പ്പിക്കല്‍, സിജിഎച്ച്എസ് ടീമിന്റെ അനുമതി, തുക അനുവദിക്കല്‍ എന്നിവ ഇനിമുതല്‍ പുതിയ പ്ലാറ്റ്‌ഫോമില്‍ ഓണ്‍ലൈനായി ചെയ്യാനാകും.

ആര്‍എഎന്നിനു കീഴില്‍ പാവപ്പെട്ട രോഗികള്‍ക്ക് 15 ലക്ഷം രൂപവരെ സാമ്പത്തിക സഹായം നല്‍കാന്‍ കഴിയുമെന്ന് ഡോ. ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. ജീവനു ഹാനികരമാകും വിധത്തിലുള്ള അസുഖങ്ങള്‍/അര്‍ബുദം/ അപൂര്‍വ രോഗങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ഈ സഹായം ലഭിക്കും. ആര്‍എഎന്നിനു കീഴില്‍ സേവനങ്ങള്‍ നേടുന്നതിനുള്ള യോഗ്യതാ മാനദണ്ഡം സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ തിരിച്ചുള്ള ബിപിഎല്‍ പരിധി അടിസ്ഥാനമാക്കിയുള്ളതായിരുന്നു. എന്നാല്‍, അധികൃതരില്‍നിന്ന് നിര്‍ദിഷ്ട സംസ്ഥാന ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് കാലതാമസമെടുക്കുന്ന പ്രക്രിയയായി തുടരുന്നു. അതുപോലെ, എച്ച്എംഡിജിയുടെ കീഴില്‍ ഗവണ്‍മെന്റ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ചെലവിന്റെ ഒരു ഭാഗം വഹിക്കുന്നതിനായി വാര്‍ഷിക വരുമാനം 1,25,000 രൂപയില്‍ കവിയാത്ത രോഗികള്‍ക്ക് പരമാവധി 1,25,000 രൂപവരെ നല്‍കുന്നു. ഗുണഭോക്താക്കള്‍ക്ക് അവരുടെ റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കി, ഗുണഭോക്തൃ പരിശോധന പ്രക്രിയയ്ക്ക് വിധേയമാക്കുക വഴി, പട്ടികയിലുള്‍പ്പെട്ട ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ട് പദ്ധതികള്‍ക്കും കീഴില്‍ ധനസഹായത്തിനായി അപേക്ഷിക്കാം. അവരുടെ അപേക്ഷ ബന്ധപ്പെട്ട ആശുപത്രിയില്‍ തന്നെ നടപടിക്രമങ്ങള്‍ക്കു വിധേയമാക്കുകയും ചികിത്സ ആരംഭിക്കുകയും ചെയ്യാം. ചികിത്സാ വിശദാംശങ്ങള്‍ ബന്ധപ്പെട്ട ആശുപത്രി സമര്‍പ്പിക്കുമ്പോള്‍, ക്ലെയിമുകള്‍ നടപടിക്രമങ്ങള്‍ക്കു വിധേയമാക്കുകയും തുക അനുവദിക്കുകയും ചെയ്യും.

സുപ്രധാന പദ്ധതികളുടെ ഡിജിറ്റല്‍ രൂപാന്തരണത്തെ വലിയ മാറ്റമെന്നാണ് ശ്രീ അശ്വിനി കുമാര്‍ ചൗബെ വിശേഷിപ്പിച്ചത്, ''ഇപ്പോള്‍ മുതല്‍ നിലവിലുള്ള ആര്‍എഎന്‍/എച്ച്എംഡിജി, സിജിഎച്ച്എസ് എന്നിവയുടെ ഗുണഭോക്താക്കള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടേണ്ടതില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി, ആര്‍എഎന്‍ ഫയലുകള്‍ കാണുമ്പോഴെല്ലാം എനിക്ക് വേദനയുണ്ടായിരുന്നു. യോഗ്യതയുള്ള ഗുണഭോക്താവിന് ഒരു നിശ്ചിത സമയത്തിനുള്ളില്‍ സഹായം നല്‍കാനായിരുന്നില്ല. ഇത് പാവപ്പെട്ട ജനങ്ങള്‍ക്ക് പദ്ധതി പ്രകാരമുള്ള ചികിത്സ വൈകുന്നതിന്/തടസ്സപ്പെടുന്നതിന് കാരണമായിരുന്നു.'' എബി പിഎം-ജെഎവൈ ഗുണഭോക്താക്കള്‍ക്ക്, ആ പദ്ധതിയുടെ കീഴില്‍ ലഭ്യമല്ലാത്ത, അഞ്ച് ലക്ഷത്തിലധികം ചെലവുവരുന്ന ചികിത്സയ്ക്കായി ആര്‍എഎന്‍ പദ്ധതി പ്രകാരം ആനുകൂല്യം നേടാന്‍ കഴിയുമെന്ന സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. സമാനമായ മറ്റ് പദ്ധതികള്‍ എന്‍എച്ച്എയുടെ ഐടി പ്ലാറ്റ്ഫോമില്‍ ആവിഷ്‌കരിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. വിഭവങ്ങളുടെ മികച്ച വിനിയോഗം, ഗുണഭോക്താക്കളുടെ ഇരട്ടിപ്പ് ഒഴിവാക്കല്‍, കൃത്യമായ സേവന വിതരണം എന്നിവയ്ക്കും അനാവശ്യച്ചെലവുകള്‍ ഒഴിവാക്കുന്നതിനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഞങ്ങളുടെ ഐടി സംവിധാനത്തിലൂടെ ഗുണഭോക്താവിന്റെ തിരിച്ചറിയല്‍, മുന്‍കൂട്ടിയുള്ള അനുമതി, അവരുടെ ക്ലെയിം തീര്‍പ്പാക്കല്‍ എന്നിവയുടെ പരിശോധന ഇപ്പോള്‍ ഫയലുകളുടെ കൈമാറ്റങ്ങളില്ലാതെ നടപ്പിലാക്കാന്‍ കഴിയുമെന്ന് ദേശീയ ആരോഗ്യ അതോറിറ്റി സിഇഒ ഡോ. ആര്‍. എസ്. ശര്‍മ്മ പറഞ്ഞു.

കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷണ്‍ ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്തു. സേവനങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണത്തിന് മാതൃകയാക്കാവുന്ന ഈ നേട്ടത്തിന് അദ്ദേഹം എന്‍എച്ച്എയെ അഭിനന്ദിച്ചു.

ദേശീയ ആരോഗ്യ അതോറിറ്റി (എന്‍എച്ച്എ) സിഇഒ ഡോ. ആര്‍. എസ്. ശര്‍മ്മ, ആരോഗ്യ അഡീഷണല്‍ സെക്രട്ടറിയും സാമ്പത്തിക ഉപദേഷ്ടാവുമായ ഡോ. ധര്‍മേന്ദ്ര സിങ് ഗാങ്‌വര്‍, ആരോഗ്യ അഡീഷണല്‍ സെക്രട്ടറി ശ്രീ അലോക് സക്‌സേന, ആരോഗ്യസേവന ഡയറക്ടര്‍ ജനറല്‍ ഡോ. സുനില്‍ കുമാര്‍, എന്‍എച്ച്എ ഡെപ്യൂട്ടി സിഇഒ ഡോ. വിപുല്‍ അഗര്‍വാള്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. 


***



(Release ID: 1723580) Visitor Counter : 354