പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം

സ്റ്റീൽ പ്ലാന്റുകൾ പതിവായി എല്ലാ ദിവസവും നാലായിരം MT ദ്രവ മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യുന്നു

Posted On: 18 MAY 2021 4:54PM by PIB Thiruvananthpuram


ന്യൂ ഡൽഹി, മെയ് 18, 2021

രാജ്യത്തുടനീളമുള്ള പൊതു, സ്വകാര്യ മേഖലകളിലെ സ്റ്റീൽ പ്ലാന്റുകൾ ദ്രവ മെഡിക്കൽ ഓക്സിജൻ (എൽ‌എം‌ഒ) വിതരണം ചെയ്യുന്നു. രാജ്യത്തിന്റെ പ്രതിദിന ദ്രവ മെഡിക്കൽ ഓക്സിജൻ ആവശ്യകതയായ 10,000 MT ലഭ്യമാക്കുന്നതിൽ പെട്രോളിയം മേഖലയ്‌ക്കൊപ്പം, സ്റ്റീൽ മേഖലയും പ്രധാന പങ്കുവഹിക്കുന്നു.

2021 ഏപ്രിൽ ഒന്നിന് സ്റ്റീൽ പ്ലാന്റുകൾ, ദ്രവ മെഡിക്കൽ ഓക്സിജൻ വിതരണം 538 MT ആയിരുന്നതിൽ നിന്നും പ്രതിദിനം 4000 MT എന്നതിലേക്ക് ഉയർത്തിയിട്ടുണ്ട്. മെയ് 16 ന് 4314 MT വിതരണം ചെയ്തപ്പോൾ, മേയ് 17 ന് 4435 MT ആയി വർധിച്ചു.

ദ്രാവക നൈട്രജൻ, ആർ‌ഗോൺ ഉൽ‌പാദന ശേഷി എന്നിവ എൽ‌എം‌ഒ അധിക അളവിൽ ഉൽ‌പാദിപ്പിക്കുന്നതിലേക്ക് വഴിതിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ ഉരുക്ക് പ്ലാന്റുകൾ ദൈനംദിന ഉൽ‌പാദന ശേഷി വർദ്ധിപ്പിച്ചു. എൽ‌എം‌ഒയുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് വാതക ഓക്സിജന്റെ ഉപയോഗവും കുറച്ചിട്ടുണ്ട്.

പെട്രോളിയം മേഖലയിൽ നിന്ന് പ്രതിദിനം ഏകദേശം 1150 MT എൽ‌എം‌ഒ വിതരണം ചെയ്യുന്നു.
പെട്രോളിയം, സ്റ്റീൽ മേഖലയിലെ കമ്പനികൾ യുദ്ധകാലാടിസ്ഥാനത്തിൽ രാജ്യത്തൊട്ടാകെയുള്ള താൽക്കാലിക കോവിഡ് കെയർ സെന്ററുകളിൽ 12,000 ഓക്സിജൻ കിടക്കകളുടെ സൗകര്യമൊരുക്കുന്നു. പെട്രോളിയം മേഖല അത്തരം ആശുപത്രി സൗകര്യങ്ങൾ, ബിപിസിഎൽ കൊച്ചി റിഫൈനറി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

കോവിഡ്-19 ന്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം നേരിടാൻ രാജ്യത്തെ സഹായിക്കുന്നതിന്, ഒരു ലക്ഷം ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങാനുള്ള ഉത്തരവാദിത്തം ഒ‌എൻ‌ജി‌സിക്ക് നൽകി. വിതരണ പ്രക്രിയ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്നും, അടുത്ത മാസം അവസാനത്തോടെ മുഴുവൻ ചരക്കുകളും എത്തിച്ചേരുമെന്നും പ്രതീക്ഷിക്കുന്നു.

ആഭ്യന്തര ശേഷി പ്രോത്സാഹിപ്പിക്കുന്നതിന്, ആഭ്യന്തര നിർമ്മാതാക്കളിൽ നിന്നും 40,000 യൂണിറ്റ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്.

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ  ധാരാളം സിലിണ്ടറുകൾ നിറയ്ക്കാൻ  സഹായിക്കുന്ന ഉയർന്ന ശേഷിയുള്ള ഓക്സിജൻ കംപ്രസ്സറുകൾ വാങ്ങുക, ദ്രവ  ഓക്സിജന്റെ ഇറക്കുമതി, ടാങ്കറുകളിലൂടെയും ഐ‌എസ്ഒ കണ്ടെയ്‌നറുകളിലൂടെയും ദ്രവ  ഓക്സിജൻ എത്തിക്കുന്നതിന് ആവശ്യമായ സൗകര്യം ഏർപ്പെടുത്തുക  എന്നിവയും ഇതുമായി ബന്ധപ്പെട്ട് കൈക്കൊണ്ട നടപടികളാണ് .പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ രാജ്യത്തൊട്ടാകെയുള്ള ആശുപത്രികളിൽ നൂറിലധികം പിഎസ്എ ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ട് .


(Release ID: 1719652) Visitor Counter : 240