വാണിജ്യ വ്യവസായ മന്ത്രാലയം

സപ്ലൈ ചെയിൻ റെസിലിയൻസ് ഇനിഷേറ്റിവ് (SCRI) ന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ-ഇന്ത്യൻ-ജാപ്പനീസ് വ്യാപാര മന്ത്രിമാർ പുറപ്പെടുവിക്കുന്ന സംയുക്ത പ്രസ്താവന  

Posted On: 27 APR 2021 4:50PM by PIB Thiruvananthpuramന്യൂഡൽഹി, ഏപ്രിൽ 27, 2021

സാധനസാമഗ്രികളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള സപ്ലൈ ചെയിൻ റെസിലിയൻസ് ഇനിഷേറ്റിവ് (SCRI) നു ഇന്ത്യൻ - ജാപ്പനീസ് - ഓസ്ട്രേലിയൻ വ്യാപാര മന്ത്രിമാർ സംയുക്തമായി തുടക്കമിട്ടു.

ഓസ്ട്രേലിയൻ വ്യാപാര, വിനോദസഞ്ചാര, നിക്ഷേപക മന്ത്രി ശ്രീ ഡാൻ ടെഹാൻ, ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ, ജാപ്പനീസ് സാമ്പത്തിക, വ്യാപാര, വ്യവസായ മന്ത്രി ശ്രീ കാജിയമാ ഹിരോഷി എന്നിവരാണ് 2021 ഏപ്രിൽ 27 ന് ചേർന്ന വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്.

 
കഴിഞ്ഞ സെപ്റ്റംബർ മുതൽ ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്കിടയിൽ നടക്കുന്ന ഉന്നതതല കൂടികാഴ്ചകളുടെ വെളിച്ചത്തിൽ, സാധനസാമഗ്രികളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് ആവശ്യമായ പദ്ധതികൾ, പരിഹാര നടപടികൾ എന്നിവ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത മന്ത്രിമാർ ചർച്ച ചെയ്തു


പ്രതികൂല സാഹചര്യങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ അതിവേഗം മറികടക്കാൻ സാധിക്കുന്ന ഒരു വിതരണശൃംഖലയ്ക്ക് രൂപം നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് മന്ത്രിമാർ യോഗത്തിൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കാൻ സാധ്യതയുള്ള നയപരിപാടികൾ താഴെപ്പറയുന്നവയാണ്:

(i) ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഏറ്റവും മികച്ചതും, വർദ്ധിച്ചതും ആയ ഉപയോഗത്തിന് പിന്തുണ  

(ii) വൈവിധ്യമേറിയ മേഖലകളിൽ വ്യാപാര-നിക്ഷേപങ്ങൾ സാധ്യമാക്കാനുള്ള ശ്രമങ്ങൾക്ക് സഹായം  

ഇതുമായി ബന്ധപ്പെട്ട സപ്ലൈ ചെയിൻ റെസിലിയൻസ് ഇനിഷേറ്റിവ് (SCRI) നു മന്ത്രിമാർ സംയുക്തമായി തുടക്കം കുറിച്ചു. SCRI യുടെ പ്രാരംഭ പദ്ധതികളായി താഴെപ്പറയുന്നവ നടപ്പാക്കാനും, ക്രമേണ പദ്ദതിയുടെ കീഴിൽ കൂടുതൽ മേഖലകൾ കൊണ്ടുവരുന്നതിനും മന്ത്രിമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്:

(i) വെല്ലുവിളികളെ അതിവേഗം മറികടക്കാൻ സാധിക്കുന്ന വിതരണശൃംഖല പ്രവർത്തനത്തിലെ മികച്ച മാതൃകകൾ പങ്കുവെക്കുക

(ii) വിതരണ ശൃംഖലകളുടെ വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് നിക്ഷേപ -പ്രോത്സാഹന/വ്യാപാരി-ഉപഭോക്തൃ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കുക

മുന്നേറ്റത്തിന്റെ പ്രവർത്തനം വിലയിരുത്തുന്നത് ലക്ഷ്യമിട്ട് എല്ലാവർഷവും കുറഞ്ഞത് ഒരു തവണയെങ്കിലും ഒരുമിച്ചു കൂടാൻ തീരുമാനിച്ച മന്ത്രിമാർ, മികച്ച പ്രവർത്തനം ഉറപ്പാക്കുന്നതിനായി ആവശ്യമായ സന്ദർഭങ്ങളിൽ കൂടിക്കാഴ്ചകൾ നടത്താനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

 

മേഖലയിൽ സുസ്ഥിരവും, സന്തുലിതവും, സമഗ്രവും, ശക്തവുമായ വളർച്ച കൈവരിക്കാൻ SCRI ലക്ഷ്യമിടുന്നു. പരസ്പരമുള്ള ധാരണകൾക്ക് അനുസൃതമായി SCRI യുടെ ഭാവി വിപുലീകരണത്തിനു   പരിഗണന നൽകുമെന്നും മന്ത്രിമാർ ഉറപ്പ് നൽകി.


(Release ID: 1714486) Visitor Counter : 158