പ്രധാനമന്ത്രിയുടെ ഓഫീസ്‌

'കാലാവസ്ഥ 2021' വിഷയത്തില്‍ ലോകനേതാക്കളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

Posted On: 22 APR 2021 7:07PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട പ്രസിഡന്റ് ബൈഡന്‍,
സമുന്നതരായ സഹപ്രവര്‍ത്തകരേ,
ഈ ഗ്രഹത്തിലെ എന്റെ സഹ പൗരന്മാരേ,

നമസ്‌കാരം!

ഈ സംരംഭത്തിന് മുന്‍കൈ എടുത്തതിന് പ്രസിഡന്റ് ബൈഡന് ഞാന്‍ നന്ദി പറയുകയാണ്. മനുഷ്യരാശി ഇപ്പോള്‍ ആഗോള മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഉത്കണ്ഠാകുലമായ ഭീഷണി മാഞ്ഞുപോയിട്ടില്ല എന്നതിന്റെ സമയോചിതമായ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ പരിപാടി.

വാസ്തവത്തില്‍, കാലാവസ്ഥാ വ്യതിയാനമെന്നത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പ്രത്യക്ഷത്തിലുള്ള യാഥാര്‍ത്ഥ്യമാണ്. അവരുടെ ജീവിതവും ഉപജീവനമാര്‍ഗങ്ങളും ഇതിനോടകം അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുകയുമാണ്.

സുഹൃത്തുക്കളേ,

കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കുന്നതിന് മനുഷ്യരാശിക്ക് സുശക്തമായ പ്രവര്‍ത്തനങ്ങള്‍ വേണ്ടതുണ്ട്. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നമുക്ക് ദ്രുതഗതിയിലും വലിയ തോതിലും ആഗോളതലത്തിലും ആവശ്യമാണ്. ഇന്ത്യയില്‍, ഞങ്ങള്‍ ഞങ്ങളുടെ ഭാഗം നിറവേറ്റുന്നുണ്ട്. ഞങ്ങളുടെ സ്വപ്‌നമായ, 2030 ഓടെ 450 ജിഗാവാട്ട് പുനരുല്‍പ്പാദക ഊര്‍ജം എന്ന ലക്ഷ്യം ഞങ്ങളുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത്.

ഞങ്ങളുടെ വികസന വെല്ലുവിളികള്‍ക്കിടയിലും, ശുദ്ധമായ ഊര്‍ജം, ഊര്‍ജ കാര്യക്ഷമത, വനവല്‍ക്കരണം, ജൈവ വൈവിധ്യം എന്നിവയില്‍ ഞങ്ങള്‍ ധീരമായ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതിനാലാണ് എന്‍ഡിസികള്‍ 2-ഡിഗ്രി-സെല്‍ഷ്യസില്‍ പൊരുത്തപ്പെടുന്ന അപൂര്‍വം ചില രാജ്യങ്ങളില്‍ ഞങ്ങളും ഇടംപിടിച്ചത്.

ആഗോള സംരംഭങ്ങളായ അന്താരാഷ്ട്ര സൗരസഖ്യം, ലീഡിറ്റ്, ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങള്‍ക്കായുള്ള സഖ്യം എന്നിവയ്ക്കും ഞങ്ങള്‍ പ്രോത്സാഹനം നല്‍കിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

കാലാവസ്ഥാവിഷയത്തില്‍ ഉത്തരവാദിത്തമുള്ള വികസ്വര രാജ്യമെന്ന നിലയില്‍, ഇന്ത്യയില്‍ സുസ്ഥിര വികസനത്തിന്റെ മാതൃകകൾക്ക് രൂപം നല്‍കുന്നതിനായി കൂട്ടാളികളെ ഇന്ത്യ സ്വാഗതം ചെയ്യുകയാണ്. ഹരിതസാമ്പത്തികത്തിലും കലര്‍പ്പില്ലാത്ത സാങ്കേതികവിദ്യകളിലും താങ്ങാനാകുന്ന വിധത്തില്‍ ഇടപെടല്‍ ആവശ്യമുള്ള മറ്റ് വികസ്വര രാജ്യങ്ങളെയും സഹായിക്കാന്‍ ഇവയ്ക്ക് കഴിയും.

അതിനാലാണ് പ്രസിഡന്റ് ബൈഡനും ഞാനും 'ഇന്ത്യ-യുഎസ് കാലാവസ്ഥ-ശുദ്ധമായ ഊര്‍ജ അജന്‍ഡ 2030 പങ്കാളിത്ത'ത്തിനു തുടക്കം കുറിക്കുന്നത്. നിക്ഷേപ സമാഹരണത്തിനും കലര്‍പ്പില്ലാത്ത സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതിനും ഹരിത സഹകരണം പ്രാപ്തമാക്കുന്നതിനും ഞങ്ങള്‍ പരസ്പരം സഹായിക്കും.

സുഹൃത്തുക്കളേ,

ഇന്ന്, ആഗോള കാലാവസ്ഥാ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യുമ്പോള്‍, ഒരാശയം നിങ്ങളിലേക്കു പകരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ പ്രതിശീര്‍ഷ കാര്‍ബണ്‍ ഫുട്പ്രിന്റ് (കാര്‍ബണ്‍ പുറന്തള്ളലിന്റെ അളവ്) ആഗോള ശരാശരിയേക്കാള്‍ 60 ശതമാനം കുറവാണ്. നമ്മുടെ ജീവിതശൈലി ഇപ്പോഴും സുസ്ഥിര പരമ്പരാഗതശൈലികളില്‍ വേരൂന്നിയതാണ്‌ എന്നതാണ് അതിന് കാരണം,

അതുകൊണ്ടുതന്നെ, കാലാവസ്ഥാ പ്രവര്‍ത്തനത്തിലെ ജീവിതശൈലീവ്യതിയാനത്തിന്റെ പ്രാധാന്യം ഞാനിന്ന് ഊന്നിപ്പറയുകയാണ്. സുസ്ഥിര ജീവിതശൈലിയും 'അടിസ്ഥാനത്തിലേക്ക് മടങ്ങുക' എന്ന മാര്‍ഗ്ഗനിര്‍ദേശക തത്വവും കോവിഡിനുശേഷമുള്ള കാലഘട്ടത്തിലെ നമ്മുടെ സാമ്പത്തികനയത്തിന്റെ സുപ്രധാന സ്തംഭമായിരിക്കണം.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ മഹാനായ ആത്മീയാചാര്യന്‍ സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുകയാണ്. 'ഉണരൂ, എഴുന്നേല്‍ക്കൂ, ലക്ഷ്യത്തിലെത്തുന്നതുവരെ നില്‍ക്കാതെ മുന്നോട്ടു നീങ്ങൂ' എന്ന് അദ്ദേഹം നമ്മോട് ആവശ്യപ്പെട്ടു. നമുക്ക് ഈ ദശകത്തെ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നടപടിയുടെ ദശകമാക്കാം.

നന്ദി. വളരെയധികം നന്ദി.

*******



(Release ID: 1713478) Visitor Counter : 194