പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ് -19 നോടുള്ള പൊതുജനാരോഗ്യരംഗത്തിന്റെ പ്രതികരണം പ്രധാനമന്ത്രി രാജ്യത്തെ പ്രമുഖ ഡോക്ടർമാരുമായി അവലോകനം ചെയ്തു

Posted On: 19 APR 2021 6:51PM by PIB Thiruvananthpuram

കോവിഡ് -19 നെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തിന് എല്ലാ ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു 

സമൂഹത്തിൽ ഡോക്ടർമാരുടെ പരിവർത്തനപരമായ പങ്കും സാമൂഹിക സ്വാധീനവും പ്രധാനമന്ത്രി 
 ഊന്നിപ്പറഞ്ഞു 

പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കൈത്താങ്ങു് , പരിശീലനം , ഓൺലൈൻ കൂടിക്കാഴ്ചകൾ  എന്നിവയിലൂടെ   പരിമിതമായ സേവനം മാത്രം ലഭിക്കുന്നവരെ  സമീപിക്കാൻ കോവിഡ് കൈകാര്യം ചെയ്തു  പരിചയമുള്ള നഗരങ്ങളിൽ നിന്നുള്ള ഡോക്ടർമാരോട് പ്രധാനമന്ത്രിയുടെ  അഭ്യർത്ഥന 

കോവിഡ് -19 പ്രശ്നത്തെക്കുറിച്ചും വാക്സിനേഷൻ പുരോഗതിയെക്കുറിച്ചും വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള ഡോക്ടർമാരുമായി ആശയവിനിമയം നടത്തി . കൊറോണ മഹാമാരിയുടെ  സമയത്ത് രാജ്യത്തിന് നൽകിയ വിലമതിക്കാനാവാത്ത സേവനത്തിന് ഡോക്ടർമാരെയും മെഡിക്കൽ, പാരാ മെഡിക്കൽ സ്റ്റാഫുകളെയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.

കഴിഞ്ഞ വർഷം ഇതേ സമയം നമ്മുടെ ഡോക്ടർമാരുടെ കഠിനാധ്വാനവും രാജ്യത്തിന്റെ തന്ത്രവുമാണ് കൊറോണ വൈറസ് തരംഗത്തെ നിയന്ത്രിക്കാൻ നമുക്ക് കഴിഞ്ഞതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇപ്പോൾ രാജ്യം കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുന്നു, എല്ലാ ഡോക്ടർമാരും, നമ്മുടെ മുൻ‌നിര പ്രവർത്തകരും പകർച്ചവ്യാധിയെ പൂർണ്ണ ശക്തിയോടെ നേരിടുന്നു, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുന്നു.

അവശ്യ മരുന്നുകളുടെ വിതരണം, കുത്തിവയ്പ്പുകൾ, ഓക്സിജന്റെ ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന തീരുമാനങ്ങൾ കേന്ദ്ര ഗവണ്മെന്റ്  അടുത്തിടെ കൈക്കൊണ്ടിട്ടുണ്ടെന്ന്  പ്രധാനമന്ത്രി മോദി പറഞ്ഞു. ഇവയെക്കുറിച്ച് സംസ്ഥാന ഗവണ്മെന്റുകൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ ഏറ്റവും വലിയ ആയുധമാണ് വാക്സിനേഷനെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കൂടുതൽ കൂടുതൽ രോഗികൾക്ക് വാക്സിനേഷൻ നൽകാൻ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം ഡോക്ടർമാരോട് അഭ്യർത്ഥിച്ചു.
കോവിഡ് ചികിത്സയും പ്രതിരോധവും സംബന്ധിച്ച നിരവധി അഭ്യൂഹങ്ങൾക്കെതിരെ ജനങ്ങളെ ബോധവത്കരിക്കണമെന്ന് പ്രധാനമന്ത്രി ഡോക്ടർമാരോട് അഭ്യർത്ഥിച്ചു. ഈ ദുഷ്‌കരമായ സമയങ്ങളിൽ ആളുകൾ പരിഭ്രാന്തിക്ക് ഇരയാകാതിരിക്കുന്നത് വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി ശരിയായ ചികിത്സയ്‌ക്കൊപ്പം ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ കൗൺസിലിംഗിനും ഊന്നൽ  നൽകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടിയന്തിര സാഹചര്യങ്ങളില്ലെങ്കിൽ മറ്റ് രോഗങ്ങളുടെ ചികിത്സയ്ക്കായി ടെലി മെഡിസിൻ ഉപയോഗിക്കാൻ പ്രധാനമന്ത്രി  ഡോക്ടർമാരെ പ്രോത്സാഹിപ്പിച്ചു.

ടയർ ടു , ടയർ ത്രീ  നഗരങ്ങളിലും ഇത്തവണ മഹാമാരി  അതിവേഗം പടരുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇത്തരം സ്ഥലങ്ങളിൽ സാധനസമ്പത്തുകള്‍ നവീകരിക്കാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രി  ആവശ്യപ്പെട്ടു. ടയർ 2, ടയർ 3 നഗരങ്ങളിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകരുമായി ബന്ധപ്പെടാനും എല്ലാ പ്രോട്ടോക്കോളുകളും ശരിയായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അവർക്ക് ഓൺ‌ലൈൻ കൺസൾട്ടേഷനുകൾ നൽകാനും അദ്ദേഹം ഡോക്ടർമാരോട് അഭ്യർത്ഥിച്ചു.
കോവിഡ് മഹാമാരി  കൈകാര്യം ചെയ്യുന്നതിലെ തങ്ങളുടെ അനുഭവങ്ങൾ ഡോക്ടർമാർ പങ്കുവെച്ചു. പകർച്ചവ്യാധിയെ നേരിടുന്നതിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ അവർ അഭിനന്ദിച്ചു. ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ  എങ്ങനെ വളർത്തിയെടുക്കുന്നു എന്നതിനെക്കുറിച്ചും അവർ സംസാരിച്ചു. മാസ്ക് ധരിക്കുന്നവരുടെയും സാമൂഹിക അകലം പാലിക്കുന്നവരുടെയും പ്രാധാന്യം അവർ ആവർത്തിച്ചു. നോൺ-കോവിഡ്  ഇതര രോഗമുള്ളവർക്ക്  ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ  പരിപാലിക്കുന്നതിനെക്കുറിച്ചും അവർ ഊന്നിപ്പറഞ്ഞു. മരുന്നുകളുടെ അനുചിതമായ ഉപയോഗത്തിനെതിരെ തങ്ങൾ  എങ്ങനെയാണ് രോഗികളെ ബോധവാന്മാരാക്കുന്നത്  സംബന്ധിച്ചും  അവർ സംസാരിച്ചു.

 കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ ഹർഷ് വർധൻ, ആരോഗ്യ സഹമന്ത്രി ശ്രീ അശ്വിനി കുമാർ ചൗബെ, കേന്ദ്ര രാസവസ്തു,  വളം  വകുപ്പ്  മന്ത്രി ശ്രീ ഡി.വി. സദാനന്ദ ഗൗഡ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, നിതി ആയോഗ്  അംഗം ഡോ. വി.കെ പോൾ , കേന്ദ്ര ആരോഗ്യ സെക്രട്ടറി, കേന്ദ്ര ഫാർമസ്യൂട്ടിക്കൽ സെക്രട്ടറി,  കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ /വകുപ്പുകൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

******



(Release ID: 1712729) Visitor Counter : 246