രാഷ്ട്രപതിയുടെ കാര്യാലയം

നീതിന്യായ വ്യവസ്ഥയുടെ ലക്ഷ്യം തർക്കപരിഹാരം മാത്രമല്ല ; നീതി ഉയർത്തിപ്പിടിക്കുകയും ആണ്. നീതി വൈകിപ്പിക്കുന്നത് പോലുള്ള തടസ്സങ്ങൾ ഇല്ലാതാക്കുകയാണ് നീതി ഉയർത്തിപിടിക്കുന്ന തിനുള്ള ഒരു മാർഗം: രാഷ്ട്രപതി രാംനാഥ് കോവിന്ദ്

Posted On: 06 MAR 2021 2:49PM by PIB Thiruvananthpuram
 
 
ഓൾ ഇന്ത്യ സ്റ്റേറ്റ് ജുഡീഷ്യൽ അക്കാദമിസ് ഡയറക്ടറേറ്റ് റിട്രീറ്റ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.
 
 
നീതിന്യായ വ്യവസ്ഥയുടെ ലക്ഷ്യം തർക്കപരിഹാരം മാത്രമല്ല ; നീതി ഉയർത്തിപ്പിടിക്കുകയും ആണ്. നീതി വൈകിപ്പിക്കുന്നത് പോലുള്ള തടസ്സങ്ങൾ ഇല്ലാതാക്കുകയാണ് നീതി ഉയർത്തിപിടിക്കുന്ന തിനുള്ള ഒരു മാർഗമെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. മധ്യപ്രദേശിലെ ജബൽപൂരിൽ 2021 മാർച്ച് ആറിന് ഓൾ ഇന്ത്യ സ്റ്റേറ്റ് ജുഡീഷ്യൽ അക്കാദമിസ് ഡയറക്ടറേറ്റ് റിട്രീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
നീതിന്യായവ്യവസ്ഥയിൽ സാങ്കേതിക വിദ്യയുടെ ഉപയോഗം വർദ്ധിച്ചതിൽ രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. രാജ്യത്തെ 18,000 ത്തോളം കോടതികൾ കമ്പ്യൂട്ടർവൽക്കരിച്ചു. ലോക്ക് ഡൗൺ കാലയളവ് ഉൾപ്പെടെ 2021 ജനുവരി വരെ 76 ലക്ഷത്തോളം കേസുകളിൽ വർച്വൽ കോടതി വഴി വാദം കേട്ടു. നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡ്, യൂണിക് ഐഡന്റിഫിക്കേഷൻ കോഡ്, ക്യു ആർ കോഡ് തുടങ്ങിയ സംരംഭങ്ങൾ ആഗോളതലത്തിൽതന്നെ പ്രശംസിക്കപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.ഇ -കോടതി,വീഡിയോ കോൺഫറൻസിങ്, ഇ -നടപടികൾ, ഇ -ഫയലിംഗ്, ഇ -സേവ സെന്റർ എന്നിവ വഴി നീതിന്യായ ഭരണസംവിധാനത്തിന് നീതി നടപ്പാക്കൽ സുഗമമായി. പേപ്പറിന്റെ ഉപയോഗം കുറച്ച് പ്രകൃതിവിഭവ സംരക്ഷണത്തിന് സാങ്കേതിക വിദ്യയുടെ ഉപയോഗം സഹായിച്ചതായും രാഷ്ട്രപതി പറഞ്ഞു.
താഴെ തട്ടിലുള്ള നീതിന്യായ സംവിധാനമാണ് രാജ്യത്തിന്റെ നീതി വ്യവസ്ഥയുടെ കാതലായ ഭാഗം എന്ന് രാഷ്ട്രപതി പറഞ്ഞു. നിയമ വിദ്യാർഥികൾക്ക് പരിശീലനം നൽകി, മികച്ച ന്യായാധിപന്മാർ ആക്കുന്ന പ്രധാന പ്രവർത്തനമാണ് ജുഡീഷ്യൽ അക്കാദമികൾക്കുള്ളത്. ജഡ്ജിമാർ, മറ്റ് നീതിന്യായ, അർദ്ധ നീതിന്യായ ഓഫീസർമാർ എന്നിവർക്ക് കൂടുതൽ പരിശീലനം നൽകി കോടതികളിൽ പ്രത്യേകിച്ചും, ജില്ലാ കോടതികളിൽ തീർപ്പ് ആവാതെ കെട്ടിക്കിടക്കുന്ന കേസുകൾ എത്രയും വേഗത്തിൽ പരിഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വേഗത്തിലുള്ള നീതി നടപ്പാക്കലിന്, നിരന്തരമായ നീതിന്യായ പരിശീലനത്തിന് ഒപ്പം നമ്മുടെ നീതിന്യായ നടപടിക്രമങ്ങളിൽ സാങ്കേതിക വിദ്യയുടെ ഉപയോഗം കൊണ്ടുവരേണ്ടതുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, വിഷയം അതിന്റെ ശരിയായ വീക്ഷണത്തിൽ മനസ്സിലാക്കേണ്ടതുണ്ട് എന്നും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കൃത്യമായ തീരുമാനമെടുക്കേണ്ടത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമങ്ങൾ, തർക്കപരിഹാര സ്വഭാവത്തിൽ വന്ന മാറ്റം, എന്നിവയുടെ പശ്ചാത്തലത്തിൽ കേസുകൾ സമയബന്ധിതമായി പരിഹരിക്കാൻ , നിയമത്തിലും നടപടിക്രമങ്ങളിലും ജഡ്ജിമാർക്ക് ഏറ്റവും പുതിയ അറിവുകൾ ഉണ്ടാകേണ്ടതുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു
 
 
നാം ഇന്ത്യയിലെ ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിൽ നിന്ന് വലിയ വളരെ വലിയ പ്രതീക്ഷയാണുള്ളത് എന്ന് രാഷ്ട്രപതി പറഞ്ഞു. ജഡ്ജിമാരെ അറിവുള്ളവരും, വിവേകം ഉള്ളവരും, കാരുണ്യമുള്ളവരും, അന്തസ്സുള്ളവരും, പക്ഷപാതം ഇല്ലാത്തവരുമായാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. നീതിന്യായ സംവിധാനത്തിൽ, എണ്ണത്തേക്കാൾ ഗുണമേന്മയ്ക്കാണ് പ്രാധാന്യം നൽകുന്നത്. ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിന്, നിരന്തര പരിശീലനം തുടരുകയും വിജ്ഞാനം, സാങ്കേതികവിദ്യ, നീതിന്യായ നൈപുണ്യം എന്നിവയിൽ ഏറ്റവും പുതിയ അറിവുകൾ ഉണ്ടാവുകയും വേണം. അതിനാൽ പ്രാരംഭഘട്ടത്തിലും, സേവനങ്ങൾക്ക് ഇടയിലും ജഡ്ജിമാർക്ക് പ്രതീക്ഷയ്ക്കൊത്ത അറിവ് നൽകുന്നതിന് സ്റ്റേറ്റ് ജുഡീഷ്യൽ അക്കാദമി കളുടെ പങ്ക് വളരെ വലുതാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
 
സുപ്രീംകോടതിയുടെ തീരുമാനങ്ങൾ 9 ഇന്ത്യൻ ഭാഷകളിൽ തർജ്ജമ ചെയ്യുന്നതിൽ രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. ചില ഹൈക്കോടതികളും അവരുടെ വിധിന്യായങ്ങൾ പ്രാദേശിക ഭാഷയിൽ തർജ്ജമ നൽകാറുണ്ട്. ഈ പരിശ്രമത്തിൽ പങ്കാളികളായ എല്ലാവരേയും അഭിനന്ദിച്ച രാഷ്ട്രപതി, പൊതുജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ വിധി സംസ്ഥാന ഔദ്യോഗിക ഭാഷയിൽ സർട്ടിഫൈഡ് തർജ്ജമ രൂപത്തിൽ ലഭ്യമാക്കാൻ അദ്ദേഹം ഹൈക്കോടതി കളോട് ആവശ്യപ്പെട്ടു. ഓരോ വ്യക്തിയുടെയും അവസാന ആശ്രയം നിയമസംവിധാനം ആണെന്ന് സൂചിപ്പിച്ച രാഷ്ട്രപതി നീതിന്യായവ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസത്തെ ആണ് ഇത് കാണിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു. ഈ വിശ്വാസം കാത്തു സംരക്ഷിക്കുന്നതിന് ഭരണസംവിധാനത്തിന്റെ ഭാഗമായ നാമോരോരുത്തരും ചുവടെ ചേർത്തിരിക്കുന്ന കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ട്.
 
• ജനങ്ങൾക്ക് വളരെവേഗം, താങ്ങാവുന്ന ചെലവിൽ, നീതി ലഭ്യമാക്കുന്നതിന്അവരുടെ ഭാഷയിൽ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന് സാങ്കേതികവിദ്യ എങ്ങനെ ഉപയോഗപ്പെടുത്താം
 
• മധ്യസ്ഥത,തീർപ്പ് കൽപ്പിക്കൽ തുടങ്ങിയ ബദൽ നീതിന്യായ സംവിധാന സാധ്യതകൾ എങ്ങനെ വിപുലപ്പെടുത്താം
 
• ഹൈക്കോടതികളുടെയും ജില്ലാ കോടതികളുടെയും നടപടികളിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയുടെ ഉപയോഗം എങ്ങനെ പ്രോത്സാഹിപ്പിക്കാം
 
• കൂടാതെ സർക്കാർ വ്യവഹാരങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് എന്ത് നടപടികൾ എടുക്കാം
 
 
നീതിന്യായവ്യവസ്ഥയുടെ ലക്ഷ്യം തർക്കപരിഹാരം മാത്രമല്ല നീതി ഉയർത്തിപ്പിടിക്കുകയും ആണ്. നീതി വൈക്കൽ പോലുള്ള തടസ്സങ്ങൾ ഇല്ലാതാക്കുകയാണ് നീതി വർധിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗം എന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. നീതി വൈകുന്നത് കോടതി നടപടികൾ വൈകുന്നത് കൊണ്ട് മാത്രമല്ല. മിക്കവാറും അവസരങ്ങളിൽ വാദിയും പ്രതിയും അതൊരു തന്ത്രമായി സ്വീകരിക്കാറുണ്ട്. നിയമങ്ങളിലും നടപടിക്രമങ്ങളിലും ഉള്ള പഴുതുകളുടെ അടിസ്ഥാനത്തിൽ അവർ വിചാരണ നീട്ടിക്കൊണ്ടുപോകുന്നത് തുടരുന്നു. കോടതി നടപടികളിൽ ഉള്ള ഈ പഴുതുകൾ പരിഹരിക്കുന്നതിന്, നീതിന്യായ സംവിധാനം ജാഗ്രതയോടെ മുൻകൂട്ടിയുള്ള നടപടി സ്വീകരിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ദേശീയ,അന്തർദേശീയ തലത്തിൽ സംഭവിക്കുന്ന നൂതനാശയങ്ങൾ സ്വീകരിക്കുകയും മികച്ച മാതൃകകൾ പങ്കുവയ്ക്കുകയും ചെയ്യുന്നതിലൂടെ ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ ആകും. രണ്ടുദിവസത്തെ കോൺഫറൻസിൽ നീതിന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ആഴത്തിൽ ചർച്ച ചെയ്യുമെന്നും കർമപരിപാടികൾ ആവിഷ്കരിക്കുമെന്നും രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.


(Release ID: 1703459) Visitor Counter : 399