പ്രധാനമന്ത്രിയുടെ ഓഫീസ്‌

തമിഴ്‌നാട്ടില്‍ പ്രധാന പദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു


അര്‍ജുന്‍ മെയിന്‍ ബാറ്റില്‍ ടാങ്ക് (എം.കെ.-1എ) സൈന്യത്തിനു കൈമാറി

പുല്‍വാമ ആക്രമണത്തിലെ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

പ്രതിരോധ മേഖലയില്‍ ഇന്ത്യയെ ആത്മനിര്‍ഭരമാക്കുന്നതിന് ഊന്നല്‍

ഈ പദ്ധതികള്‍ നൂതനാശയത്തിന്റെ തദ്ദേശീയമായി വികസിപ്പിച്ചതിന്റെയും അടയാളങ്ങളാണ്. ഈ പദ്ധതികള്‍ തമിഴ്‌നാട്ടിന്റെ വളര്‍ച്ച വര്‍ധിപ്പിക്കും: പ്രധാനമന്ത്രി

ഇന്ത്യയുടെ തീരദേശം വികസിപ്പിക്കുന്നതിനു ബജറ്റ് പ്രത്യേക ഊന്നല്‍ നല്‍കുന്നു: പ്രധാനമന്ത്രി

ദേവേന്ദ്രകുല വെള്ളാളര്‍ ഇനി മുതല്‍ അവരുടെ പരമ്പരാഗതമായ പേരില്‍ അറിയപ്പെടും; ഏറെ കാലത്തെ ആവശ്യം നടപ്പാക്കപ്പെട്ടു

ശ്രീലങ്കയിലെ നമ്മുടെ തമിഴ് സഹോദരികളുടെയും സഹോദരന്‍മാരുടെയും ക്ഷേമത്തിനും പ്രതീക്ഷകള്‍ക്കും ഗവണ്‍മെന്റ് എല്ലാ കാലത്തും ശ്രദ്ധ കൊടുത്തിട്ടുണ്ട്: പ്രധാനമന്ത്രി

തമിഴ്‌നാടിന്റെ സംസ്‌കാരം സംരക്ഷിക്കാനും കൊണ്ടാടുന്നതിനുമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് അംഗീകാരം; തമിഴ്‌നാട് സംസ്‌കാരം ആഗോള പ്രസിദ്ധം: പ്രധാനമന്ത്രി

Posted On: 14 FEB 2021 3:09PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു ചെന്നൈയില്‍ പല പ്രധാന പദ്ധതികളും ഉദ്ഘാടനം ചെയ്യുകയും പല പ്രധാന പദ്ധതികള്‍ക്കും തറക്കല്ലിടുകയും സൈന്യത്തിന് അര്‍ജുന്‍ മെയ്ന്‍ ബാറ്റില്‍ ടാങ്ക് (എം.കെ.-1എ) കൈമാറുകയും ചെയ്തു.


ചടങ്ങില്‍ സംസാരിക്കവേ, പ്രധാനമന്ത്രി പറഞ്ഞു: 'ഈ പദ്ധതികള്‍ നൂതനാശയത്തിന്റെയും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതിന്റെയും അടയാളങ്ങളാണ്. ഈ പദ്ധതികള്‍ തമിഴ്‌നാടിന്റെ വളര്‍ച്ച വര്‍ധിപ്പിക്കും.'  


അറുനൂറ്റി മുപ്പത്തിയാറ് കിലോമീറ്റര്‍ നീളമുള്ള ഗ്രാന്‍ഡ് അനികട്ട് കനാല്‍ സംവിധാനം നവീകരിക്കുന്ന പ്രവൃത്തിക്ക് ഇന്നു തറക്കല്ലിടുന്നതോടെ തഞ്ചാവൂരിനും പുതുക്കോട്ടയ്ക്കും പ്രത്യേകമായി പ്രയോജനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ നേട്ടം വളരെ വലുതായിരിക്കും. 2.27 ലക്ഷം ഏക്കറില്‍ ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടും. റെക്കോര്‍ഡ് ഭക്ഷ്യധാന്യ ഉല്‍പാദനത്തിനും ജലസ്രോതസ്സുകളുടെ മെച്ചപ്പെട്ട ഉപയോഗത്തിനും തമിഴ്നാട്ടിലെ കര്‍ഷകരെ ശ്രീ. മോദി പ്രശംസിച്ചു. ''ഗ്രാന്‍ഡ് അനികട്ട് നമ്മുടെ മഹത്തായ ഭൂതകാലത്തിന്റെ ജീവിക്കുന്ന സാക്ഷ്യമാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ 'ആത്മിര്‍ഭര്‍ ഭാരത്' ലക്ഷ്യങ്ങള്‍ക്ക് പ്രചോദനമാണ്.'' തമിഴ് കവി അവ്വയാറിനെ ഉദ്ധരിച്ചുകൊണ്ട് ജലത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കേവലം ദേശീയ പ്രശ്നമല്ല, ആഗോള വിഷയമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരോ തുള്ളി വെള്ളത്തിലും കൂടുതല്‍ വിളവ് എന്ന മന്ത്രം ഓര്‍മ്മിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.


ഇന്ന് ഉദ്ഘാടനം ചെയ്ത ചെന്നൈ മെട്രോ റെയില്‍ ഒന്നാം ഘട്ടത്തിന്റെ ഒമ്പത് കിലോമീറ്റര്‍ ദൂരത്തെക്കുറിച്ച് സംസാരിക്കവേ, പകര്‍ച്ചവ്യാധി വകവയ്ക്കാതെ പദ്ധതി കൃത്യസമയത്ത് പൂര്‍ത്തിയാക്കിയതായി പ്രധാനമന്ത്രി അറിയിച്ചു. പ്രാദേശികമായി റോളിംഗ് സ്റ്റോക്ക് വാങ്ങുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ കരാറുകാര്‍ നടത്തുകയും ചെയ്തതിനാല്‍ ആത്മനിര്‍ഭര്‍ ഭാരതത്തിനു പദ്ധതി പ്രോല്‍സാഹനം പകരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ നൂറ്റി പത്തൊന്‍പത് കിലോമീറ്ററിനായി ഈ വര്‍ഷത്തെ ബജറ്റില്‍ അറുപത്തി മൂവായിരം കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്ന് ശ്രീ. മോദി അറിയിച്ചു. ഏതൊരു നഗരത്തിനും ഒറ്റയടിക്ക് അനുവദിച്ച ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണിത്. നഗര ഗതാഗതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇവിടത്തെ പൗരന്മാര്‍ക്ക് ജീവിതം കൂടുതല്‍ സുഗമമാക്കി മാറ്റുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.


മെച്ചപ്പെട്ട കണക്റ്റിവിറ്റി, സൗകര്യം വര്‍ധിപ്പിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. അതു വാണിജ്യത്തിനും സഹായകമാകുന്നു. ചെന്നൈ ബീച്ച്, സുവര്‍ണ ചത്വരത്തിലെ എന്നോറി മുതല്‍ അട്ടിപട്ടു വരെയുള്ള മേഖല എന്നിവ വളരെയധികം ഗതാഗത തിരക്കുള്ള റൂട്ടുകളാണ്.


ചെന്നൈ തുറമുഖവും കാമരാജര്‍ തുറമുഖവും തമ്മില്‍ വേഗത്തില്‍ ചരക്കുനീക്കം ഉറപ്പാക്കേണ്ടതുണ്ടെന്നു പറഞ്ഞ അദ്ദേഹം, ചെന്നൈ മുതല്‍ അട്ടിപട്ടു വരെയുള്ള നാലാമത്തെ ലൈന്‍ ഇതിനു സഹായമാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. വില്ലുപുരം തഞ്ചാവൂര്‍ തിരുവൂര്‍ പദ്ധതിയുടെ വൈദ്യുതീകരണം ഡെല്‍റ്റ ജില്ലകളെ സംബന്ധിച്ചിടത്തോളം മികച്ചൊരു നേട്ടമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ പുല്‍വാമ ആക്രമണ രക്തസാക്ഷികള്‍ക്കു പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. അദ്ദേഹം പറഞ്ഞു: 'ആ ആക്രമണത്തില്‍ നമുക്കു നഷ്ടപ്പെട്ട എല്ലാ രക്തസാക്ഷികള്‍ക്കും നാം ആദരാഞ്ജലി അര്‍പ്പിക്കുന്നു. നമ്മുടെ സുരക്ഷാ സേനയെക്കുറിച്ച് നാ അഭിമാനിക്കുന്നു. അവരുടെ ധൈര്യം തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരും.'


പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം നേടാന്‍ വലിയതോതിലുള്ള ശ്രമം ഇന്ത്യ നടത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിനു മഹാകവി സുബ്രഹ്‌മണ്യ ഭാരതി ലോകത്തിലെ ഏറ്റവും പഴയ ഭാഷയായ തമിഴില്‍ എഴുതിയതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായി അദ്ദേഹം പറഞ്ഞു. 'നമുക്ക് ആയുധങ്ങള്‍ നിര്‍മ്മിക്കാം; നമുക്ക് പേപ്പര്‍ ഉണ്ടാക്കാം. നമുക്ക് ഫാക്ടറികള്‍ നിര്‍മ്മിക്കാം; നമുക്ക് സ്‌കൂളുകള്‍ നിര്‍മിക്കാം. സഞ്ചരിക്കാനും പറക്കാനും കഴിയുന്ന വാഹനങ്ങള്‍ നമുക്കു നിര്‍മിക്കാം. നമുക്കു ലോകത്തെ പിടിച്ചുകുലുക്കുന്ന കപ്പലുകള്‍ നിര്‍മ്മിക്കാം',എന്നതാണു വരികള്‍. രണ്ടു പ്രതിരോധ ഇടനാഴികളില്‍ ഒന്ന് തമിഴ്നാട്ടിലാണെന്ന് ശ്രീ. മോദി പറഞ്ഞു. ഇടനാഴിക്ക് ഇതിനകം എണ്‍പതിനായിരത്തി ഒരു നൂറു കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു.


ഇതിനകം തന്നെ ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാണ കേന്ദ്രമാണ് തമിഴ്നാട് എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ടാങ്ക് നിര്‍മാണ കേന്ദ്രമായി തമിഴ്നാട് വികസിക്കുന്നത് ഇപ്പോള്‍ കണ്ടു. എംബിടി അര്‍ജുന്‍ മാര്‍ക്ക് 1 എയെ കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു: ''തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച 'മെയിന്‍ ബാറ്റില്‍ ടാങ്ക് അര്‍ജുന്‍ മാര്‍ക്ക് 1 എ' കൈമാറിയതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇതില്‍ തദ്ദേശീയ വെടിമരുന്നുകളും ഉപയോഗിക്കുന്നു. രാഷ്ട്രത്തെ സുരക്ഷിതമായി നിലനിര്‍ത്താന്‍ തമിഴ്നാട്ടില്‍ നിര്‍മ്മിച്ച ഒരു ടാങ്ക് നമ്മുടെ വടക്കന്‍ അതിര്‍ത്തിയില്‍ ഉപയോഗിക്കും. ഇത് ഇന്ത്യയുടെ ഏകീകൃത മനോഭാവം, ഭാരതത്തിന്റെ ഏകതാ ദര്‍ശനം കാണിക്കുന്നു.'


പ്രതിരോധ മേഖലയില്‍ ഇന്ത്യയെ ആത്മനിര്‍ഭരമാക്കുന്ന പ്രവര്‍ത്തനത്തിന്റെ വേഗം തുടരുമെന്നു പ്രധാനമന്ത്രി പറഞ്ഞു.


നമ്മുടെ സായുധ സേന ഇന്ത്യയുടെ ധൈര്യത്തിന്റെ ധാര്‍മ്മികതയെ സൂചിപ്പിക്കുന്നു. നമ്മുടെ മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ അവര്‍ പൂര്‍ണ്ണമായും പ്രാപ്തരാണെന്ന് അവര്‍ വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട്. ഇന്ത്യ സമാധാനത്തില്‍ വിശ്വസിക്കുന്നു എന്നും അവര്‍ വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇന്ത്യ നമ്മുടെ പരമാധികാരത്തെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.


ലോകോത്തര ഗവേഷണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള, ഐഐടി മദ്രാസിലെ 2 ലക്ഷം ചതുരശ്ര മീറ്റര്‍ അടിസ്ഥാന സൗകര്യമുള്ള ഡിസ്‌കവറി കാമ്പസ് കണ്ടെത്തലുകള്‍ നടക്കുന്ന പ്രധാന കേന്ദ്രമായി മാറുകയും ഇന്ത്യയിലെമ്പാടുമുള്ള മികച്ച പ്രതിഭകളെ ആകര്‍ഷിക്കുകയും ചെയ്യുമെന്നു പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.


സര്‍ക്കാരിന്റെ പരിഷ്‌കരണത്തോടുള്ള പ്രതിബദ്ധത ഈ വര്‍ഷത്തെ ബജറ്റില്‍ വീണ്ടും പ്രകടമായതായി ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ തീരപ്രദേശങ്ങളുടെ വികസനത്തിന് ബജറ്റ് പ്രത്യേക പ്രാധാന്യം നല്‍കുന്നു. മത്സ്യത്തൊഴിലാളി സമൂഹങ്ങള്‍ക്കായുള്ള അധിക വായ്പാ സംവിധാനങ്ങള്‍, ചെന്നൈ ഉള്‍പ്പെടെ അഞ്ചു കേന്ദ്രങ്ങളില്‍ ആധുനിക ഫിഷിംഗ് ഹാര്‍ബറുകളില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും കടല്‍ച്ചീര കൃഷിക്കുമായി സവിശേഷ വായാപാ സംവിധാനം എന്നിവ ഉള്‍പ്പെടുത്തി. ഇതു തീരദേശ സമൂഹങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും. കടല്‍ച്ചീര കൃഷിക്കായി തമിഴ്നാട്ടില്‍ ഒരു വിവിധോദ്ദേശ്യ കടല്‍ കള പാര്‍ക്ക് വരുമെന്നും അദ്ദേഹം അറിയിച്ചു.


ദേവേന്ദ്രകുലവെള്ളാളര്‍ എന്നറിയപ്പെടണമെന്ന ദേവേന്ദ്രകുലവെള്ളാളര്‍ സമുദായത്തിന്റെ ദീര്‍ഘകാല ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഭരണഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആറ് മുതല്‍ ഏഴു വരെ പേരുകളല്ല ഇനി അവരുടെ പൈതൃക നാമം. അവരുടെ പേര് ദേവേന്ദ്രകുലവെള്ളാളര്‍ എന്നാക്കി മാറ്റുന്നതിനായി ഭരണഘടനാ ഷെഡ്യൂള്‍ ഭേദഗതി ചെയ്യുന്നതിനുള്ള ഗസറ്റിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. അടുത്ത സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് ഇത് പാര്‍ലമെന്റിന്റെ മുമ്പാകെ വയ്ക്കും. ഈ ആവശ്യത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയതിന് തമിഴ്നാട് സര്‍ക്കാരിനോട് അദ്ദേഹം നന്ദി പറഞ്ഞു. ഈ തീരുമാനം പേര് മാറ്റുന്നതിനും അപ്പുറണെന്ന് ശ്രീ മോദി പറഞ്ഞു. അത് നീതി, അന്തസ്സ്, അവസരം എന്നിവകൂടി ഉള്‍പ്പെട്ടതാണ്. 'തമിഴ്നാടിന്റെ സംസ്‌കാരം സംരക്ഷിക്കുന്നതിനും കൊണ്ടാടുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്നത് ഞങ്ങള്‍ക്ക് അംഗീകാരമാണ്. തമിഴ്നാടിന്റെ സംസ്‌കാരം ആഗോളതലത്തില്‍ ജനപ്രിയമാണ് ', ശ്രീ മോദി പറഞ്ഞു.


ശ്രീലങ്കയിലെ നമ്മുടെ തമിഴ് സഹോദരീ സഹോദരന്മാരുടെ ക്ഷേമവും അഭിലാഷങ്ങളും സര്‍ക്കാര്‍ എല്ലായ്‌പ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ജാഫ്ന സന്ദര്‍ശിച്ച ഏക ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ മോദിയാണ്. ഈ സര്‍ക്കാര്‍ തമിഴര്‍ക്ക് നല്‍കുന്ന വിഭവങ്ങള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. പദ്ധതികളില്‍ ഇവ ഉള്‍പ്പെടുന്നു: വടക്കുകിഴക്കന്‍ ശ്രീലങ്കയില്‍ പലായനം ചെയ്ത തമിഴര്‍ക്ക് അമ്പതിനായിരം വീടുകള്‍. തോട്ടം മേഖലകളില്‍ നാലായിരം വീടുകള്‍. ആരോഗ്യരംഗത്ത്, തമിഴ് സമൂഹം വ്യാപകമായി ഉപയോഗപ്പെടുത്തുന്ന ഒരു സൗജന്യ ആംബുലന്‍സ് സേവനത്തിന് നാം ധനസഹായം നല്‍കി. ഡിക്കോയയില്‍ ഒരു ആശുപത്രി നിര്‍മ്മിച്ചു. കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് ജാഫ്നയിലേക്കും മന്നാറിലേക്കും റെയില്‍വേ ശൃംഖല പുനര്‍നിര്‍മ്മിക്കുകയാണ്. ചെന്നൈയില്‍ നിന്ന് ജാഫ്നയിലേക്ക് വിമാനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജാഫ്ന കള്‍ച്ചറല്‍ സെന്റര്‍ ഇന്ത്യ നിര്‍മ്മിച്ചു, അത് ഉടന്‍ തുറക്കും. തമിഴരുടെ അവകാശങ്ങള്‍ സംബന്ധിച്ച പ്രശ്‌നം നാം സ്ഥിരമായി ശ്രീലങ്കന്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യാറുണ്ട്. അവര്‍ സമത്വം, നീതി സമാധാനം, അന്തസ്സ് എന്നിവയോടെ ജീവിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നാം എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധരാണ് '- പ്രധാനമന്ത്രി പറഞ്ഞു.


മത്സ്യത്തൊഴിലാളികളുടെ ശരിയായ താല്‍പ്പര്യങ്ങള്‍ സര്‍ക്കാര്‍ എല്ലായ്‌പ്പോഴും സംരക്ഷിക്കുമെന്നു ശ്രീ. മോദി ഉറപ്പുനല്‍കി. ശ്രീലങ്കയില്‍ മത്സ്യത്തൊഴിലാളികളെ പിടികൂടുമ്പോഴെല്ലാം പരമാവധി നേരത്തേ മോചനം ഉറപ്പാക്കിയിട്ടുണ്ടെന്നു കൂട്ടിച്ചേര്‍ത്തു. ഈ സര്‍ക്കാരിന്റെ കാലത്ത് പതിനാറായിരത്തിലധികം മത്സ്യത്തൊഴിലാളികളെ വിട്ടയച്ചിട്ടുണ്ട്. ശ്രീലങ്കന്‍ കസ്റ്റഡിയില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളില്ല. അതുപോലെ മുന്നൂറ്റി പതിമൂന്ന് ബോട്ടുകളും വിട്ടയച്ചതായി പ്രധാനമന്ത്രി അറിയിച്ചു.


ചെന്നൈ മെട്രോ റെയില്‍ ഒന്നാം ഘട്ട വിപുലീകരണം, ചെന്നൈ ബീച്ചിനും ആറ്റിപട്ടുവിനും ഇടയിലുള്ള നാലാമത്തെ റെയില്‍ പാത, വില്ലുപുരം - കടലൂര്‍ - മയിലാഡുതുറൈ - തഞ്ചാവൂര്‍, മയിലാഡുതുറൈ-തിരുവാരൂര്‍ എന്നിവിടങ്ങളിലെ സിംഗിള്‍ ലൈന്‍ റെയില്‍വേ വൈദ്യുതീകരണം എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഐഐടി മദ്രാസിലെ ഗ്രാന്‍ഡ് അനികട്ട് കനാല്‍ സിസ്റ്റം, ഡിസ്‌കവറി കാമ്പസ് എന്നിവയുടെ വിപുലീകരണത്തിനും നവീകരണത്തിനും അദ്ദേഹം തറക്കല്ലിട്ടു.


തമിഴ്നാട് ഗവര്‍ണര്‍, മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, നിയമസഭാ സ്പീക്കര്‍, വ്യവസായ മന്ത്രി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

***



(Release ID: 1698062) Visitor Counter : 194