പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തെക്കുറിച്ചുള്ള രാഷ്ട്രീയ പാർട്ടി യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

Posted On: 30 JAN 2021 3:04PM by PIB Thiruvananthpuram
 
 
 
 
 
 
 
2021 ജനുവരി 30 ന് നടന്ന പാർലമെന്റ് ബജറ്റ് സമ്മേളനത്തെക്കുറിച്ചുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.
 
മഹാത്മാഗാന്ധിയുടെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിക്കുകയും അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നാം പരിശ്രമിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ യു‌എസ്‌എയിലെ മഹാത്മാഗാന്ധിയുടെ പ്രതിമ അപഹരിക്കപ്പെട്ടതിനെ അദ്ദേഹം അപലപിച്ചു, അത്തരം വിദ്വേഷ അന്തരീക്ഷം നമ്മുടെ ലോകത്തിന് സ്വീകാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
 
കാർഷിക നിയമങ്ങളുടെ വിഷയത്തെ തുറന്ന മനസ്സോടെയാണ് സർക്കാർ സമീപിക്കുന്നതെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. സർക്കാരിന്റെ നിലപാട് ജനുവരി 22 ന് ഉണ്ടായിരുന്നതു പോലെയാണെന്നും കൃഷി മന്ത്രി നൽകിയ നിർദ്ദേശം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനു ഒരു ഫോൺ കോൾ മാത്രമകലെയാണ് കാർഷിക മന്ത്രി എന്ന് അദ്ദേഹം ആവർത്തിച്ചു.
 
ജനുവരി 26 ന് നടന്ന നിർഭാഗ്യകരമായ സംഭവത്തെക്കുറിച്ച് നേതാക്കൾ നടത്തിയ പരാമർശങ്ങളിൽ, നിയമം നിയമത്തിൻ്റെ വഴി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
 
യോഗത്തിൽ നേതാക്കൾ ഉന്നയിച്ച വിഷയങ്ങളിൽ വിശദമായ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റിന്റെ സുഗമമായ പ്രവർത്തനത്തിന്റെ പ്രാധാന്യവും സഭയിൽ സമഗ്രമായ സംവാദങ്ങളും നടക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ആവർത്തിച്ചു. ഇടയ്ക്കിടെയുള്ള തടസ്സങ്ങൾ മൂലം ചെറിയ കക്ഷികൾക്ക് അവരുടെ നിലപാട് വേണ്ടത്ര പ്രകടിപ്പിക്കാൻ കഴിയാതെ  കഷ്ടപ്പെടുന്നു. പാർലമെന്റ് സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് വലിയ പാർട്ടികളാണെന്നും അതിലൂടെ  പാർലമെന്റിൽ ചെറിയ പാർട്ടികൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
 
പല മേഖലകളിലും ആഗോള നേട്ടത്തിന് ഇന്ത്യക്ക് വഹിക്കാവുന്ന പങ്ക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആഗോള അഭിവൃദ്ധിക്കുള്ള ഒരു ചാലകമാകാൻ കഴിയുന്ന നമ്മുടെ ജനങ്ങളുടെ  കഴിവുകളെപ്പറ്റിയും അദ്ദേഹം പരാമർശിച്ചു.


(Release ID: 1693570) Visitor Counter : 160