റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

2025ഓടെ റോഡ് അപകടങ്ങൾ പകുതിയായി കുറയ്ക്കണമെന്ന് കേന്ദ്ര മന്ത്രി ശ്രീ നിതിൻ ഗഡ്കരി

Posted On: 20 JAN 2021 2:53PM by PIB Thiruvananthpuram

2025 ഓടെ രാജ്യത്തെ റോഡപകടങ്ങൾ പകുതിയായി കുറയ്ക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രി ശ്രീ നിതിൻ ഗഡ്കരി. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട്ദേശീയ ഉപരിതല ഗതാഗത മന്ത്രാലയം, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ പ്രവർത്തിക്കുന്ന എൻജിനീയർമാർക്ക് റോഡ് സുരക്ഷാ സംബന്ധിച്ച് 3 ദിവസത്തെ നിർബന്ധ പരിശീലനം ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ദേശീയ റോഡ് സുരക്ഷാ സമിതിയുടെ പത്തൊമ്പതാം സമ്മേളനത്തെ ഇന്നലെ അഭിസംബോധന ചെയ്യവേ രാജ്യത്ത് പ്രതിദിനം 30 കിലോമീറ്റർ റോഡ് നിർമ്മാണം നടക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷാ നടപടികൾ സംബന്ധിച്ച് പൊതുജന അവബോധം സൃഷ്ടിക്കാനായി സമൂഹ മാധ്യമങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച് പാർലമെന്റ് അംഗങ്ങളുടെ ഒരു സമിതി നിലവിലുള്ളത് ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി തങ്ങളുടെ മണ്ഡലങ്ങളിലെ റോഡപകടങ്ങൾ കുറയ്ക്കാൻ എംഎൽഎ-മാർ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു.

NRSC അംഗങ്ങൾ സമർപ്പിച്ച നിർദ്ദേശങ്ങൾ ഗൗരവപരമായി പരിഗണിക്കുമെന്നും പ്രായോഗികമായവ നടപ്പാക്കുമെന്നും യോഗത്തിൽ സംബന്ധിച്ച മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ജനറൽ (റിട്ടയേഡ്) ഡോക്ടർ വി. കെ. സിംഗ് സമിതി അംഗങ്ങൾക്ക് ഉറപ്പുനൽകി.

റോഡ് ഗതാഗത മേഖലയിലെ സുരക്ഷ സംബന്ധിച്ച എല്ലാ വിഷയങ്ങളിലും നിർദ്ദേശങ്ങൾ നൽകാനും,  റോഡ് സുരക്ഷാ പരിപാടികൾക്ക് രൂപം നൽകാനും, ഗവേഷണ വികസന പ്രവർത്തനങ്ങൾ ആവശ്യമായ മേഖലകൾ നിർദേശിക്കാനും, സംസ്ഥാന/കേന്ദ്രഭരണ ഏജൻസികൾ നടപ്പാക്കുന്ന റോഡ് സുരക്ഷ നടപടികളെ വിലയിരുത്താനും ദേശീയ റോഡ് സുരക്ഷാ സമിതിക്ക് അധികാരം ഉണ്ട്.

 

***



(Release ID: 1690732) Visitor Counter : 78