സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
‘സ്വച്ഛത അഭിയാൻ’ മൊബൈൽ ആപ്ലിക്കേഷൻ കേന്ദ്രമന്ത്രി ശ്രീ തവർച്ചന്ത് ഗെലോട്ട് പുറത്തിറക്കി
Posted On:
24 DEC 2020 2:13PM by PIB Thiruvananthpuram
സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി ശ്രീ തവർച്ചന്ത് ഗെലോട്ട് ‘സ്വച്ഛത അഭിയാൻ’ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രിമാരായ ശ്രീ രാംദാസ് അഥാവലെ, ശ്രീ കൃഷൻ പാൽ ഗുർജ്ജർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിസർജ്യങ്ങൾ മനുഷ്യ സഹായത്തോടെ നീക്കം ചെയ്യേണ്ടി വരുന്ന ശൗചാലയങ്ങൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഇല്ലാത്തപക്ഷം ഗവൺമെന്റ് ഇതര സംഘടനകൾ, സാമൂഹിക സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹായത്തോടെ വിവരശേഖരണം നടത്താൻ ഭരണകൂടം പദ്ധതിയിട്ടിരുന്നു. ഇത് ലക്ഷ്യമിട്ടാണ് ‘സ്വച്ഛത അഭിയാൻ’ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഇത്തരം ശൗചാലയങ്ങളുടെ സാന്നിധ്യവും, സെപ്റ്റിക് ടാങ്കുകളും ഓവുചാലുകളും മനുഷ്യർ വൃത്തിയാക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കാൻ പുതിയ മൊബൈൽ ആപ്ലിക്കേഷൻ സഹായകരമാകുമെന്ന് ശ്രി ഗെലോട്ട് അഭിപ്രായപ്പെട്ടു.
ഈ ശൗചാലയങ്ങൾ മാറ്റി പുതിയ സംവിധാനങ്ങൾ സ്ഥാപിക്കാനും, സെപ്റ്റിക് ടാങ്കുകളും ഓവുചാലുകളും വൃത്തിയാക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരെ കൂടുതൽ മികച്ച ജീവിത സാഹചര്യങ്ങളിലേക്ക് പുനരധിവസിപ്പിക്കാനും, അവർക്ക് മികച്ച ജീവിത നിലവാരം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
രാജ്യത്തെ എല്ലാ ജനങ്ങളും പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ സന്നദ്ധരാകണമെന്നും ഇത്തരം ശൗചാലയങ്ങളോ, സെപ്റ്റിക് ടാങ്കുകളും ഓവുചാലുകളും മനുഷ്യർ വൃത്തിയാക്കുന്ന സാഹചര്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അത് സംബന്ധിച്ച വിവരങ്ങൾ ആപ്ലിക്കേഷനിൽ നൽകാൻ തയ്യാറാകണമെന്നും കേന്ദ്ര മന്ത്രി അഭ്യർത്ഥിച്ചു.
2011ലെ സെൻസസ് പ്രകാരം രാജ്യത്ത്, മനുഷ്യ സഹായത്താൽ വിസർജ്യങ്ങൾ നീക്കം ചെയ്യേണ്ടി വരുന്ന 26 ലക്ഷത്തോളം ശൗചാലയങ്ങൾ ഉണ്ട് എന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. ഇവയുടെ സാന്നിധ്യം ആണ് ഇത്തരം ജോലിക്കായി പൗരൻമാരെ പ്രേരിപ്പിക്കുന്നതെന്നും മന്ത്രി ഓർമിപ്പിച്ചു.
***
(Release ID: 1683365)
Visitor Counter : 202