ഉപരാഷ്ട്രപതിയുടെ കാര്യാലയം

രാജ്യത്ത് ഡിജിറ്റല്‍ സാക്ഷരത പ്രോത്സാഹിപ്പിക്കാന്‍ ബഹുജന പ്രസ്ഥാനത്തിന് ഉപരാഷ്ട്രപതിയുടെ ആഹ്വാനം

Posted On: 27 NOV 2020 1:59PM by PIB Thiruvananthpuram

ഡിജിറ്റല്‍ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനായി ബഹുജന പ്രസ്ഥാനത്തിന്  ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡുവിന്റെ ആഹ്വാനം. എല്ലാ സാങ്കേതിക, വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ശ്രമത്തില്‍ പ്രധാന പങ്കുവഹിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

 

കോവിഡ് -19 മഹാമാരി മൂലമുണ്ടായ അഭൂതപൂര്‍വമായ പ്രതിസന്ധികളിലേക്ക് ശ്രദ്ധ ക്ഷണിച്ച ശ്രീ നായിഡു, സ്‌കൂളുകള്‍ അടച്ചതുമൂലം ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍ നിന്ന് പുറത്തായതായും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ ലോക സമൂഹം ഈ വെല്ലുവിളിയെ നേരിടാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു.
 

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ നിരവധി നേട്ടങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. വിദൂര പ്രദേശങ്ങളില്‍ ഗുണനിലവാരവും ചെലവു കുറഞ്ഞതുമായ വിദ്യാഭ്യാസത്തിലേക്ക് ഇതുവഴി പ്രവേശനം സാധ്യമാകും. ഇത് ഒരു വ്യക്തിഗത പഠന അനുഭവം സാധ്യമാക്കുകയും പതിവ് കോഴ്‌സുകളില്‍ പങ്കെടുക്കാന്‍ കഴിയാതാത്ത വിധം ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍, വീട്ടമ്മമാര്‍ തുടങ്ങിയവര്‍ക്കു പ്രത്യേകിച്ചും സഹായകരമാവുകയും ചെയ്യുന്നു.

 

ഈ ഗുണങ്ങള്‍ കാരണം, കൊവിഡ് അനന്തര കാലഘട്ടത്തിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഒരു മുന്‍ഗണനയായി തുടരുമെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.  കോവിഡ് -19 മഹാമാരി വിദ്യാഭ്യാസ രംഗത്ത് എന്നെന്നേക്കുമായി മാറ്റം വരുത്തിയെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
 

പ്രതികൂല സമയങ്ങളില്‍ സാമൂഹിക-സാമ്പത്തിക പ്രക്രിയ എങ്ങനെ തുടരാമെന്ന് മനസിലാക്കാന്‍ കോവിഡ് -19 നമ്മളെ നിര്‍ബന്ധിതരാക്കി. ഈ അനുഭവം എത്രപേര്‍ ഡിജിറ്റല്‍ രീതിയില്‍ ജീവിക്കാന്‍ സജ്ജരാണ് എന്നതുപോലുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അടിസ്ഥാനസൗകര്യ ലഭ്യത, കമ്പ്യൂട്ടറുകളിലേക്കും സ്മാര്‍ട്ട് ഫോണുകളിലേക്കും ആവശ്യമായ ഉപകരണങ്ങളിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനം, ഇന്റര്‍നെറ്റിന്റെ ലഭ്യതയും വേഗതയും തുടങ്ങിയ പ്രശ്‌നങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്, ഇതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

എന്നിരുന്നാലും, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് എന്ത് നല്‍കാന്‍ കഴിയും, അതിന് കഴിയാത്തത് എന്ത് എന്നിവ വിലയിരുത്തി ഒരു യഥാര്‍ത്ഥ സമീപനം സ്വീകരിക്കണമെന്ന് ഉപരാഷ്ട്രപതി മുന്നറിയിപ്പ് നല്‍കി.  ''ഓണ്‍ലൈന്‍ ക്ലാസുകള്‍, ചാറ്റ് ഗ്രൂപ്പുകള്‍, വീഡിയോ മീറ്റിംഗുകള്‍, ഡോക്യുമെന്റ് പങ്കിടല്‍ എന്നിവയിലൂടെ മികച്ച അധ്യാപക-വിദ്യാര്‍ത്ഥി ആശയവിനിമയം സാധ്യമാകുന്നു, പക്ഷേ ഇതിന് ഒരു ക്ലാസ് മുറിയുടെ വ്യക്തിപരമായ സ്പര്‍ശവും ഊഷ്മളതയ്ക്കു പകരമാകാന്‍ കഴിയില്ല. അദ്ദേഹം പറഞ്ഞു.

 

അസിം പ്രേംജി സര്‍വകലാശാലയുടെ സമീപകാല പഠനത്തെ പരാമര്‍ശിച്ച്, ഭൂരിഭാഗം അധ്യാപകരും രക്ഷിതാക്കളും ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി അപര്യാപ്തവും ഫലപ്രദമല്ലാത്തതുമാണെന്ന് കരുതുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കോവിഡ് -19 ന്റെ സാഹചര്യം ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസം തിടുക്കത്തില്‍ സ്വീകരിക്കുന്നതാണ് ഇതിന് കാരണം. ഇത് ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്നിടത്തു നിന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ വളരെ ദൂരത്തിലാക്കുന്നു.
 

പുരാതന ഗുരുകുല സമ്പ്രദായം ഗുരുവും ശിഷ്യയും തമ്മില്‍ നേരിട്ടുള്ള ബന്ധം കെട്ടിപ്പടുക്കാന്‍ പരിശ്രമിച്ചു. കഴിവുള്ള ഒരു ഗുരുവിനോടുള്ള ഈ 'അടുപ്പം' അല്ലെങ്കില്‍ 'ഹൃദയബന്ധം' കുട്ടികള്‍ക്കു മൂല്യാധിഷ്ഠിതവും സമഗ്രവുമായ വിദ്യാഭ്യാസം നല്‍കുന്നതിന് വളരെ പ്രധാനമാണ്. അതിനാല്‍, ഒരു വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിനായി ഓണ്‍ലൈനിലും ഓഫ്ലൈനിലും ക്ലാസുകള്‍ നടത്തുന്ന സംയോജിത വിദ്യാഭ്യാസ മാതൃക വികസിപ്പിക്കാന്‍ ശ്രീ നായിഡു ആഹ്വാനം ചെയ്തു.
 

ഗ്രാമ-നഗര പ്രദേശങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഡിജിറ്റല്‍ വിഭജനം നികത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പുവരുത്തിക്കൊണ്ട് ഓണ്‍ലൈന്‍ വിദ്യാഭ്യാസ അടിസ്ഥാനസൗകര്യത്തെ പിന്തുണയ്ക്കുന്നതിന് ബോധപൂര്‍വമായ നയ തീരുമാനങ്ങള്‍ വേണം.

വ്യാവസായിക വിപ്ലവം 4.0 നായി രാഷ്ട്രത്തെ സജ്ജമാക്കുന്നതിനും സാങ്കേതിക അവകാശങ്ങളുള്ള പൗരന്മാരെ ശാക്തീകരിക്കുന്നതിനുമുള്ള 'ഡിജിറ്റല്‍ ഇന്ത്യ' സംരംഭത്തെ അദ്ദേഹം പ്രശംസിച്ചു. ''സാധ്യമായ എല്ലാ വഴികളിലൂടെയും ജീവിതനിലവാരം ഉയര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യം'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

നമ്മുടെ രാജ്യത്ത് ഇ-മെഡിസിന്‍ പുതിയ മേഖല കണ്ടെത്തി. സര്‍ക്കാര്‍ സേവനങ്ങളുടെയും അവകാശങ്ങളുടെയും ഇ-ഡെലിവറി വലിയ നേട്ടങ്ങളോടെ ഫലപ്രദമാണെന്ന് തെളിയിക്കുന്നു.''ചുരുക്കത്തില്‍, ഇത്  ഡിജിറ്റല്‍ ജീവിത യുഗമാണ്. വെര്‍ച്വല്‍ യാഥാര്‍ത്ഥ്യമാണ് പുതിയ യാഥാര്‍ത്ഥ്യം.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഇന്റര്‍നെറ്റിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം ജിഡിപി വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നുവെന്ന ലോകബാങ്കിന്റെ കണക്ക് പരാമര്‍ശിച്ച്, സാങ്കേതികവിദ്യയുടെ വ്യാപ്തിയും സാധ്യതയും നവീകരണത്തിലൂടെ  മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിക്കുന്നുവെന്ന് പറഞ്ഞു.
 

ഡിജിറ്റല്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന നിരവധി ഡിജിറ്റല്‍ സംരംഭങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പുതിയ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) - 2020 പഠന ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യയെ വലിയ രീതിയില്‍ സംയോജിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനായുള്ള ഈ മുന്നേറ്റം ഇന്ത്യയെ വിദ്യാഭ്യാസത്തിന്റെയും നവീകരണത്തിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നാളത്തെ നേതാക്കളെ വളര്‍ത്തിയെടുക്കുന്നതിന് ആദിശങ്കര ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനെ അദ്ദേഹം പ്രശംസിച്ചു. മികച്ച ഓണ്‍ലൈന്‍ പഠന അനുഭവം നല്‍കിക്കൊണ്ട് ആദിശങ്കര ഡിജിറ്റല്‍ അക്കാദമി (എ എസ് ഡി എ) ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി നിലനില്‍ക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു.

 

ആദി ശങ്കര ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി ശ്രീ കെ ആനന്ദ്, ശൃംഗേരി മഠം സിഇഒയും അഡ്മിനിസ്‌ട്രേറ്ററുമായ ശ്രീ സി ആര്‍ ഗൗരിശങ്കര്‍, ഇ-ദ്രോണ ലേണിംഗ് ഡയറക്ടര്‍ ശ്രീമതി ചിത്ര തുടങ്ങിയവര്‍ പങ്കെടുത്തു.

 

***



(Release ID: 1676668) Visitor Counter : 1247