ജൽ ശക്തി മന്ത്രാലയം

രണ്ടാമത് ദേശീയ ജല പുരസ്കാരങ്ങൾ

Posted On: 10 NOV 2020 2:00PM by PIB Thiruvananthpuram

കേന്ദ്ര ജൽശക്തി മന്ത്രാലയത്തിനു കീഴിലെ ജലവിഭവ വകുപ്പ്,  നദീ വികസന, ഗംഗാ പുനരുജ്ജീവന വകുപ്പ്,  എന്നിവ സംഘടിപ്പിക്കുന്ന 2019-ലെ ദേശീയ ജല പുരസ്കാര വിതരണ ചടങ്ങ്  നാളെയും മറ്റന്നാളും (ഈ മാസം 11, 12 തീയതികളിൽ) ഓൺലൈൻവഴി നടക്കും. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾ/ സംഘടനകൾ എന്നിവർക്ക്  പ്രചോദനം നൽകുന്നതിനാണ്  പുരസ്കാരങ്ങൾ നൽകുന്നത്.  ജലസമൃദ്ധമായ ഭാരതമെന്ന ഗവൺമെന്റ് വീക്ഷണം യാഥാർത്ഥ്യമാക്കുന്നതിന്, 2019 സെപ്റ്റംബറിൽ MyGov പോർട്ടൽ വഴി ആരംഭിച്ച ഈ പുരസ്കാര പദ്ധതി സഹായകരമാകും.

 1112 അപേക്ഷകളാണ്, 2019 ലെ പുരസ്കാര പരിഗണനയ്ക്കായി ലഭിച്ചത്. ജലവിഭവ വകുപ്പ് മുൻ സെക്രട്ടറി ശ്രീ ശശി ശേഖർ അധ്യക്ഷനായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മികച്ച സംസ്ഥാനം, ജില്ല, ഗ്രാമപഞ്ചായത്ത്, തദ്ദേശസ്ഥാപനം, നൂതനാശയം, ബോധവൽക്കരണത്തിനായുള്ള ടിവി പരിപാടി, ദിനപത്രം, സ്കൂൾ തുടങ്ങി 16 വിഭാഗങ്ങളിലായി 98 ജേതാക്കളെ പുരസ്കാരങ്ങൾക്കായി തെരഞ്ഞെടുത്തു.

നാളെ (നവംബർ 11) നടക്കുന്ന അവാർഡ് ദാന പരിപാടി ഉപരാഷ്ട്രപതി ശ്രീ എം.  വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ രണ്ടാം ദിനമായ 12 ന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ശ്രീ  പ്രകാശ് ജാവദേക്കർ മുഖ്യാതിഥിയായിരിക്കും.


 കേന്ദ്ര ജൽശക്തി മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്ത്, സഹമന്ത്രി ശ്രീ  രത്തൻലാൽ  കത്താരിയ, പത്മ അവാർഡ് ജേതാവും പ്രശസ്ത പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ  അനിൽ ജോഷി എന്നിവർ ഇരു ദിവസങ്ങളിലും പങ്കെടുക്കും.


 ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഉച്ചയ്ക്കുശേഷം 11 മുതൽ ഒരു മണി വരെയാണ് ഇരു ദിവസങ്ങിലും പരിപാടി. അവാർഡ് ജേതാക്കൾ, പ്രതിനിധികൾ, തുടങ്ങിയവർക്ക് വെർച്വൽ പ്ലാറ്റ്ഫോം വഴി പരിപാടിയിൽ പങ്കെടുക്കാം.  https://www.facebook.com/mowrrdgr/live എന്ന ഫേസ്ബുക്ക് പേജിൽ പരിപാടിയുടെ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കും.

 

***



(Release ID: 1671708) Visitor Counter : 187