ആയുഷ്‌

ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രകൃതിചികിത്സയിൽ വെബിനാർ പരമ്പര സംഘടിപ്പിക്കുന്നു

Posted On: 29 SEP 2020 11:54AM by PIB Thiruvananthpuram


'ആരോഗ്യ സ്വാശ്രയത്വത്തിലൂടെയുള്ള  സ്വയംപര്യാപ്തത' എന്ന  ഗാന്ധിയൻ തത്ത്വശാസ്ത്രത്തെ കുറിച്ച്  കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി വെബിനാർ പരമ്പര സംഘടിപ്പിക്കുന്നു. മഹാത്മാ ഗാന്ധിയുടെ 150 മത് ജന്മവാർഷികാഘോഷ ദിനമായ 2020 ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന വെബിനാർ  പരമ്പര ദേശീയ പ്രകൃതിചികിത്സ ദിനമായ 2020 നവംബർ 18 വരെ തുടരും.

 ഏവർക്കും എളുപ്പത്തിൽ ലഭ്യമായ ലളിതമായ പ്രകൃതി ചികിത്സാ രീതികളിലൂടെ ജനങ്ങൾ സ്വയം ആരോഗ്യമുള്ളവരായിരിക്കുന്നതിനുള്ള സന്ദേശമാണ് പരമ്പരയിലൂടെ നൽകാൻ ഉദ്ദേശിക്കുന്നത്. അവതരണ പ്രദർശനത്തിലൂടെ പ്രകൃതിചികിത്സാ മാർഗ്ഗങ്ങളെ പറ്റിയുള്ള ബോധവൽക്കരണം നടത്താനും  ഉദ്ദേശിക്കുന്നു. വിദഗ്ധരുമായി ചർച്ചകളും തൽസമയ സംവാദങ്ങളും നടത്താനുള്ള അവസരവും ഉണ്ടാകും.

 ആരോഗ്യം,  ക്ഷേമം എന്നിവയെപ്പറ്റി ഗാന്ധിജിയുടെ ചിന്തകൾക്ക് പ്രചാരണവും പരമ്പരയിലൂടെ ലക്ഷ്യമിടുന്നുണ്ട്. സ്വന്തം ആരോഗ്യം ഓരോ വ്യക്തിയുടേയും ഉത്തരവാദിത്തമാണെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. കോവിഡ് 19 സാഹചര്യത്തിൽ ഈ വിഷയത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്.

രാജ്യത്തെ വിവിധ ഗാന്ധിയൻ സ്ഥാപനങ്ങളുമായി ചേർന്നാണ് വെബിനാർ പരമ്പര സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ ഗാന്ധിയൻ ചിന്തകരും വെബിനാറിൽ പങ്കെടുക്കും എന്ന് പ്രതീക്ഷിക്കുന്നു.

***



(Release ID: 1660076) Visitor Counter : 207