ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം

ചെറുകിട വനവിഭവങ്ങൾക്കുള്ള കുറഞ്ഞതാങ്ങുവില പദ്ധതി ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി

Posted On: 15 SEP 2020 5:54PM by PIB Thiruvananthpuram



കുറഞ്ഞ താങ്ങുവില (MSP) നൽകി ചെറുകിട വനവിഭവങ്ങൾ (MFP) സംഭരിക്കുന്ന പദ്ധതി 16 സംസ്ഥാനങ്ങളിൽ നടപ്പാക്കിവരുന്നു. ഇതുവഴി 148.12 കോടി രൂപയുടെ വനവിഭവങ്ങൾ സമാഹരിച്ച് റെക്കോർഡ് നേട്ടം കൈവരിക്കാനായി. പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ എണ്ണം, സംഭരിച്ച ഉത്പന്നങ്ങളുടെ മൂല്യം,  ഉൽപ്പന്നങ്ങളുടെ എണ്ണം എന്നിവയിൽ പദ്ധതി ആരംഭിച്ചത് മുതൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ ഈ വർഷത്തെ ആകെ സംഭരണം (ഗവൺമെന്റ്, സ്വകാര്യമേഖലയിൽ) 3000 കോടി രൂപ കവിഞ്ഞു.

കോവിഡ്-19 നെ തുടർന്നുണ്ടായ അസാധാരണ സാഹചര്യം ഗോത്രജനതയ്ക്ക് ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. യുവാക്കളുടെ തൊഴിലില്ലായ്മയും കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിവരവും ഗോത്ര സമ്പദ് വ്യവസ്ഥയെ ആകെ തകിടം മറിച്ചു. ഈ പശ്ചാത്തലത്തിലാണ് ചെറുകിട വനവിഭവങ്ങൾക്കുള്ള കുറഞ്ഞ താങ്ങുവില പദ്ധതി സംസ്ഥാനങ്ങൾക്ക് അവസരം ആയി മാറിയത്.

ഏകദേശം 106.53 കോടി രൂപ മൂല്യമുള്ള 46,857 മെട്രിക് ടൺ ചെറുകിട വനവിഭവങ്ങൾ സമാഹരിച്ചതിലൂടെ ഛത്തീസ്ഗഡ് ആണ് സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമത്.

22 സംസ്ഥാനങ്ങളിലായി 3.6 ലക്ഷം ഗോത്രവിഭാഗ ഗുണഭോക്താക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വൻധൻ യോജനയുടെ വിജയകരമായ നടത്തിപ്പും ട്രൈഫെഡ് സംസ്ഥാനങ്ങളുമായി ചേർന്ന് നടത്തുന്ന ശ്രമങ്ങളുമാണ് എംഎഫ്പി പദ്ധതിയെ ശരിയായ ദിശയിൽ നയിച്ചത്. ഇതുകൂടാതെ ഗവൺമെന്റ് ഇടപെടലുകളും സംഭരണവും പദ്ധതിയെ സഹായിച്ചു. മന്ദഗതിയിലായിരുന്ന ഗോത്ര സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് ചെറുകിട വനവിഭവങ്ങൾക്കുള്ള താങ്ങുവില 90 ശതമാനം വരെ വർധിപ്പിച്ചുകൊണ്ട് പുതുക്കിയ താങ്ങുവില പട്ടിക 2020 മെയ് ഒന്നിന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് വനവിഭവങ്ങൾ സമാഹരിച്ച് വിൽക്കുന്ന ഗോത്രജനതയുടെ വരുമാനം വർദ്ധിപ്പിക്കാൻ ഇടയാക്കി. 2020 മെയ് 26ന് പുതിയ 23 ഇനങ്ങളെ കൂടി താങ്ങുവില ലഭിക്കുന്ന ചെറുകിട വനവിഭവ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട്  കേന്ദ്ര ഗോത്രവർഗ്ഗ മന്ത്രാലയം പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.

***


(Release ID: 1654645) Visitor Counter : 135
Read this release in: English , Hindi , Punjabi , Telugu