പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബീഹാറില്‍ നഗര അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട 7 പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നാളെ തുടക്കം കുറിക്കും

Posted On: 14 SEP 2020 2:07PM by PIB Thiruvananthpuram

 

ബീഹാറില്‍ നഗര അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട 7 പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപന കര്‍മ്മവും നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കും. ഇതില്‍ നാലെണ്ണം ജലവിതരണവുമായി ബന്ധപ്പെട്ടതും രണ്ടെണ്ണം മലിനജല നിര്‍മാര്‍ജന പദ്ധതികളും, മറ്റൊന്ന് നദീമുഖ വികസനവുമായി ബന്ധപ്പെട്ടതുമാണ്. ആകെ 541 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ബിഹാര്‍, നഗര, ഭവന വികസന  വകുപ്പിന് കീഴിലെ 'ബിഡ്‌കോ' യാണ് പദ്ധതിയുടെ നടത്തിപ്പ് നിര്‍വഹിക്കുന്നത്. ബിഹാര്‍ മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും.
 

കൂടുതല്‍ വിവരങ്ങള്‍:
 

നമാമി ഗംഗ പദ്ധതിയിന്‍ കീഴില്‍ പട്‌ന മുനിസിപ്പല്‍ കോര്‍പ്പറേഷനു കീഴിലെ ബേര്‍, കരിമാലി ചക്ക് എന്നിവിടങ്ങളില്‍ നിര്‍മിച്ച മലിനജല നിര്‍മാര്‍ജന പദ്ധതികള്‍  പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. സിമാന്‍ മുനിസിപ്പല്‍ കൗണ്‍സിലിലും ചപ്ര മുനിസിപ്പല്‍ കോര്‍പ്പറേഷനിലും അമൃത് പദ്ധതി പ്രകാരം നിര്‍മിച്ച ജലവിതരണ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മുന്‍ഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം, ലഭിക്കാന്‍ ഈ പദ്ധതി സഹായിക്കും. ജമാല്‍പൂര്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍, അമൃത് പദ്ധതി വഴി നടപ്പാക്കുന്ന ജമാല്‍പൂര്‍ ജലവിതരണ പദ്ധതിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
 

നമാമി ഗംഗ പദ്ധതിയിന്‍ കീഴില്‍, നിര്‍മിക്കുന്ന മുസഫര്‍പൂര്‍ നദീമുഖ വികസന  പദ്ധതിയുടെ ശിലാസ്ഥാപന കര്‍മവും പ്രധാനമന്ത്രി നടത്തും. ഈ പദ്ധതിയിന്‍ കീഴില്‍ പൂര്‍വി അഖഡ, സീധി, ചന്ദ്രവാര എന്നീ മൂന്ന് കടവുകളും നിര്‍മിക്കും. ശുചിമുറികള്‍, ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക്, വിശ്രമ കേന്ദ്രം, നടപ്പാത, വാച്ച് ടവര്‍ എന്നീ സൗകര്യങ്ങള്‍ നദീമുഖത്ത് ലഭ്യമാക്കും. കടവുകളില്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങള്‍, മുന്നറിയിപ്പ് / സൂചനാ സംവിധാനങ്ങള്‍, വെളിച്ച സംവിധാനം എന്നിവ ഏര്‍പ്പെടുത്തും. നദീമുഖ വികസന പദ്ധതികള്‍ ഈ മേഖലയില്‍ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും ഭാവിയിലെ വിനോദസഞ്ചാര ആകര്‍ഷണ കേന്ദ്രമായി മുസഫര്‍പൂരിനെ മാറ്റുകയും ചെയ്യും.

***

 



(Release ID: 1654042) Visitor Counter : 132