പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

Posted On: 14 SEP 2020 9:53AM by PIB Thiruvananthpuramനമസ്‌ക്കാരം സുഹൃത്തുക്കളെ,


ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞാന്‍ നിങ്ങളെയെല്ലാവരെയും കാണുന്നത്. എല്ലാവര്‍ക്കും സുഖമാണെന്നു കരുതുന്നു! എല്ലാവരുടെയും കുടുംബങ്ങളും സുഖമായിരിക്കുന്നുവെന്ന് കരുതുന്നു! ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ!

പ്രത്യേക സാഹചര്യത്തിലാണ് ഇന്ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചിരിക്കുന്നത്. ഒരു വശത്ത് കൊറോണ മഹാമാരിയും, മറുവശത്ത് നമ്മുടെ കടമകള്‍ നിറവേറ്റേണ്ടതുണ്ടെന്ന ഉത്തരവാദിത്തവും. എല്ലാ എം.പിമാരും അവരുടെ ചുമതലയുടെ പാത തെരഞ്ഞെടുത്തിരിക്കുന്നു. ഈ നടപടിയ്ക്ക് ഞാന്‍ എല്ലാ എം.പി.മാരേയും അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.

ബജറ്റ് സമ്മേളനം, കാലാവധിക്കു മുമ്പ് തന്നെ ചുരുക്കേണ്ടി വന്നു. ഇത്തവണ, പാര്‍ലമെന്റ് ദിവസത്തില്‍ രണ്ട് പ്രാവശ്യം, ഒരിക്കല്‍ രാജ്യസഭയും ഒരു പ്രാവശ്യം ലോക്സഭയും പ്രവര്‍ത്തിക്കും. ഷിഫ്റ്റ് സമയത്തിലും വ്യത്യാസമുണ്ട്. ശനി, ഞായര്‍ ദിനങ്ങളിലെ വാരാന്ത്യ അവധിയും റദ്ദാക്കിയിരിക്കുന്നു. എല്ലാ അംഗങ്ങളും ഇത് സ്വീകരിക്കുകയും അവരുടെ ചുമതലയുടെ പാതയില്‍ തുടരാന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു.

ഈ സെഷനില്‍, നിരവധി പ്രധാന തീരുമാനങ്ങള്‍ എടുക്കും. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും; സഭയില്‍ എത്ര കൂടുതല്‍ നാം ചര്‍ച്ച ചെയ്യുന്നുവോ, എത്ര കൂടുതല്‍ വൈവിധ്യപരമായി ഒരു വിഷയം ചര്‍ച്ച ചെയ്യുന്നുവോ, അത് ഒരു പ്രശ്നത്തെ പരിഹരിച്ചു കൊണ്ട് രാജ്യത്തിന് തന്നെ ഗുണകരമായി മാറുന്നതായി നമ്മുടെ അനുഭവത്തില്‍ നിന്നും നമുക്ക് മനസിലാക്കാനായിട്ടുണ്ട്.

ഇത്തവണയും മഹത്തായ പാരമ്പര്യത്തെ പിന്തുടര്‍ന്നുകൊണ്ട്, എല്ലാ എം.പി.മാരും ഒരുമിച്ച്, അതിന് മൂല്യം നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കൊറോണ സൃഷ്ടിച്ചിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍, നാം നിയമങ്ങള്‍ അനുസരിച്ചുകൊണ്ട് കൂടുതല്‍ മുന്‍കരുതലോടെ മുന്നോട്ട് പോകേണ്ടതുണ്ട്. കോവിഡിന് ഒരു മരുന്ന് ഇല്ലാത്തതിനാല്‍ തന്നെ, നമ്മുടെ സമീപനത്തില്‍ ഒരു ചെറിയ അശ്രദ്ധപോലും നമുക്ക് താങ്ങാനാവില്ല. എത്രയും വേഗം, ലോകത്തിന്റെ എതെങ്കിലും കോണില്‍ നിന്ന് കോവിഡിനെതിരായ വാക്സിന്‍ വരുമെന്ന് നാം പ്രതീക്ഷിക്കുന്നു, നമ്മുടെ ശാസ്ത്രജ്ഞര്‍ ഈ ദിശയില്‍ വിജയിക്കുമെന്നും നാം പ്രത്യാശിക്കുന്നു, ഈ പ്രതിസന്ധിയില്‍ നിന്ന് എല്ലാവരെയും രക്ഷപ്പെടുത്താനാകുമെന്നും പ്രതീക്ഷിക്കുന്നു.

പാര്‍ലമെന്റിന്, പ്രത്യേകിച്ചും ഈ സമ്മേളനത്തിന് ഒരു പ്രധാന ഉത്തരവാദിത്തം കൂടിയുണ്ട്. ഇന്ന്, നമ്മുടെ രാജ്യത്തെ ധീരരായ സൈനികര്‍ അതിര്‍ത്തിയിലാണ്. ദുര്‍ഘടമായ പ്രദേശത്ത്, മഹത്തായ ധീരതയോടെ അവര്‍ നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മഴയുണ്ടാകും. മാതൃരാജ്യത്തെ സംരക്ഷിക്കാനുള്ള അവരുടെ ദൃഢ വിശ്വാസത്തിന് സമാനമായി, രാജ്യം ഒന്നാകെ ഇന്ത്യന്‍ സേനയ്ക്കു പിന്തുണയേകുന്നതായി ഇരു സഭകളും അതിലെ എല്ലാ അംഗങ്ങളും ദൃഢനിശ്ചയത്തോടെ; ഒരേ മനോഭാവത്തോടെ ഏകകണ്ഠമായി രാജ്യത്തിന്റെ സന്ദേശം വ്യക്തമാക്കുന്നു. പാര്‍ലമെന്റിന്റെ ഇരു സഭകളിലൂടെയും അംഗങ്ങളിലൂടെയും രാജ്യം ഒറ്റക്കെട്ടായി ധീരരായ സൈനികരോടൊപ്പം നില്‍ക്കുന്നു. ഇരു സഭയും, എല്ലാ ബഹുമാന്യ അംഗങ്ങളും, ശക്തമായ സന്ദേശം നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. മുമ്പത്തേതുപോലെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ നിങ്ങള്‍ക്കവസരം കിട്ടില്ല. സുഹൃത്തുക്കളെ, നിങ്ങള്‍ എല്ലാവരും സ്വയം ശ്രദ്ധ പുലര്‍ത്തണം. എല്ലാ വാര്‍ത്തകളും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമല്ല അത്; എല്ലാവരും സ്വയം ശ്രദ്ധിക്കണമെന്നത് നിങ്ങളോടുള്ള എന്റെ വ്യക്തിപരമായ അപേക്ഷയാണ്.

നന്ദി സുഹൃത്തുക്കളെ!

***(Release ID: 1654020) Visitor Counter : 8