ഉപരാഷ്ട്രപതിയുടെ കാര്യാലയം

വനിത ശാക്തീകരണത്തിനായി ദേശീയ മുന്നേറ്റത്തിന് ഉപ രാഷ്ട്രപതി ആഹ്വാനം ചെയ്തു

Posted On: 23 AUG 2020 10:40AM by PIB Thiruvananthpuram

വനിതാ ശാക്തീകരണത്തിന്, ഒരു ദേശീയ മുന്നേറ്റത്തിന് ഇന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു. ഒരു പെൺകുട്ടി പോലും സ്കൂൾ പഠനം ഉപേക്ഷിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പേജിൽ 'വിവേചനം അവസാനിപ്പിക്കുക, സ്ത്രീകളെ ശാക്തീകരിക്കുക' എന്ന ശീർഷകത്തിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനം വരുന്ന സ്ത്രീകൾക്ക്, എല്ലാ മേഖലയിലും, പ്രത്യേകിച്ച്, രാഷ്ട്രീയ രംഗത്തും തുല്യ അവസരങ്ങൾ നൽകുന്നതിലൂടെ മാത്രമേ പുരോഗതി കൈവരിക്കാനാവൂ.

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മതിയായ സംവരണം നൽകണമെന്ന ദീർഘനാളത്തെ ശുപാർശയിൽ രാഷ്ട്രീയ കക്ഷികൾ എത്രയും വേഗം സമവായത്തിൽ എത്തണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുന്നതിന് സ്ത്രീകൾക്ക് സ്വത്തിൽ തുല്യ അവകാശം നൽകണമെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.

അടുത്തിടെ ഉപരാഷ്ട്രപതി 'ഇന്ത്യയിലെ ജനന ലിംഗ അനുപാത സ്ഥിതി 'എന്ന റിപ്പോർട്ട് പ്രകാശനം ചെയ്തിരുന്നു. 2001 മുതൽ 2017 വരെയുള്ള കാലയളവിൽ രാജ്യത്തെ ലിംഗാനുപാത നിരക്കിൽ മാറ്റമില്ലെന്നും അതായത് ജനിക്കുന്ന പെൺകുട്ടികളുടെ എണ്ണം സാധാരണ നിലയെക്കാൾ താഴ്ന്ന അവസ്ഥയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യൻ അസോസിയേഷൻ ഓഫ് പാർലമെന്ററിയൻസ് ഫോർ പോപ്പുലേഷൻ ആൻഡ് ഡെവലപ്മെന്റ് ആണ് റിപ്പോർട്ട് പുറത്തിറക്കിയത്.

ഇതൊരു ഭയാശങ്ക ജനിപ്പിക്കുന്ന റിപ്പോർട്ട് ആണെന്നും യുദ്ധകാലടിസ്ഥാനത്തിൽ പ്രശ്നപരിഹാരത്തിന് സമീപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്ത്രീധനസമ്പ്രദായം പോലുള്ള സാമൂഹ്യ തിന്മകളെ നിർമാർജനം ചെയ്യാൻ ഓരോ പൗരനും പോരാളിയെപ്പോലെ പ്രവർത്തിക്കണമെന്നും ആൺകുട്ടിയോടുള്ള 'പ്രത്യേക താല്പര്യ' മനോഭാവം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെൺഭ്രൂണഹത്യ തടയുന്നതിനും ലിംഗ അനുപാതത്തിൽ സന്തുലനം കൈവരിക്കുന്നതിനും പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക്സ് ടെക്നിക്സ് നിയമം കർശനമാക്കി നടപ്പാക്കണമെന്നും ശ്രീ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. യാതൊരു തരത്തിലുള്ള വിവേചനവും ഇല്ലാത്ത സമൃദ്ധിയും സന്തോഷവുമുള്ള രാജ്യത്തിനുള്ള യജ്ഞത്തിൽ ഓരോ പൗരനും, പ്രത്യേകിച്ച്, യുവാക്കൾ പങ്കുചേരണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

 



(Release ID: 1648066) Visitor Counter : 174