ഉപരാഷ്ട്രപതിയുടെ കാര്യാലയം

സമൂഹത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ഗവേഷണം നടത്താൻ ഉപരാഷ്ട്രപതി ഐഐടികളോടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും അഭ്യർഥിച്ചു

Posted On: 17 AUG 2020 12:12PM by PIB Thiruvananthpuram


ഐഐടികളിലെയും മറ്റ് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെയും ഗവേഷണങ്ങൾ  സാമൂഹ്യപ്രസക്തമായിരിക്കണമെന്നും കാലാവസ്ഥാ വ്യതിയാനം മുതൽ ആരോഗ്യ പ്രശ്നങ്ങൾ വരെ മനുഷ്യർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ഊന്നിപ്പറഞ്ഞു. ഡൽഹി ഐഐടിയുടെ വജ്ര ജൂബിലി ആഘോഷങ്ങൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹ്യപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗവേഷണ-വികസന പദ്ധതികളിൽ കൂടുതൽ നിക്ഷേപം നടത്തണമെന്ന് ആഹ്വാനം ചെയ്ത ഉപരാഷ്ട്രപതി, അത്തരം പദ്ധതികൾ കണ്ടെത്തുന്നതിനും അവയ്ക്ക് ധനസഹായം എത്തിക്കുന്നതിനും സ്വകാര്യമേഖല സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.

ഇന്ത്യൻ കർഷകരും ഗ്രാമീണരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ശ്രദ്ധ ചെലുത്താൻ ഐഐടിയോട് ആഹ്വാനം ചെയ്ത ശ്രീ നായിഡു കൃഷി ഉൽപാദന വർദ്ധന മാത്രമല്ല, പോഷകവും പ്രോട്ടീൻ സമ്പുഷ്ടവുമായ ഭക്ഷ്യ ഉൽപാദനത്തിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നും ആവശ്യപ്പെട്ടു.

അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് വ്യവസായമേഖലയുമായി പരസ്പരം ഉപകാരപ്പെടുന്ന ബന്ധം സ്ഥാപിക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ട അദ്ദേഹം, വ്യവസായ രംഗത്തെ വിദഗ്ധർ ഗവേഷകരുടെ ഉപദേശകരായി വർത്തിക്കണമെന്നും പറഞ്ഞു.

അന്താരാഷ്ട്ര വിദ്യാഭ്യാസ കേന്ദ്രമായി ഇന്ത്യയെ മാറ്റാനാഗ്രഹിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തില്ആഹ്ളാദം പ്രകടിപ്പിച്ച ശ്രീ നായിഡു ആഗോളതലത്തിൽ മികച്ച 500 എണ്ണത്തിൽ എട്ട് ഇന്ത്യൻ സ്ഥാപനങ്ങൾ മാത്രമാണ് ഉള്ളതെന്നും ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മന്ത്രി ഡോ രമേശ് പൊഖ്രിയാൽ നിഷാങ്കും ചടങ്ങിൽ പങ്കെടുത്തു.

****



(Release ID: 1646439) Visitor Counter : 180