റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

സൂക്ഷ്‌മ ‐ ചെറുകിട ഇടത്തരം സംരംഭങ്ങൾ പുനരാരംഭിക്കാൻ ഗവൺമെന്റ്‌ സഹായം: ഗഡ്കരി

Posted On: 14 APR 2020 4:32PM by PIB Thiruvananthpuram

 

കോവിഡ് 19 ന്റെ ഭാഗമായ  ലോക്ക്ഡൗൺ പിൻവലിച്ച ശേഷം രാജ്യത്തെ സൂക്ഷ്‌മ‐ ചെറുകിട ഇടത്തരം സംരംഭങ്ങൾ പുനരാരംഭിക്കാൻ ഗവൺമെന്റ്‌ സമ്പൂർണ സഹകരണം നൽകുമെന്ന്‌ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത, എംഎസ്എംഇ
മന്ത്രി ശ്രീ നിതിൻ ഗഡ്കരി ഉറപ്പു നൽകി.  ഇന്ന് വെബ് അധിഷ്ഠിത സെമിനാറിലൂടെ എഫ്‌ഐസിസിഐ പ്രതിനിധികളുമായി ആശയവിനിമയം നടത്തുകയായിരുന്നു കേന്ദ്രമന്ത്രി. ഈ ദിശയിൽ സർക്കാർ കൈക്കൊണ്ട വിവിധ സാമ്പത്തിക തീരുമാനങ്ങൾ മന്ത്രി അവരെ അറിയിച്ചു. ടേം വായ്‌പകളും (term loans) പ്രവർത്തന മൂലധന (working capital) വിതരണവും പുനക്രമീകരിക്കാൻ റിസർവ് ബാങ്ക് അനുവദിച്ചതായും ശ്രീ ഗഡ്കരി അറിയിച്ചു.

മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച്‌ ഗവൺമെന്റിന്‌ ധാരണയുണ്ട്‌. സമ്പദ്‌വ്യവസ്ഥയിൽ ഈ മേഖലയുടെ പ്രാധാന്യം മനസ്സിലാക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വ്യവസായരംഗം ഗവൺമെന്റുമായും ബാങ്കിങ്ങ്‌ മേഖലയുമായി ഒരേപോലെ സഹകരിച്ചു നീങ്ങണം. വിപണിയിലെ പണലഭ്യതയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ച കേന്ദ്രമന്ത്രി, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള ക്രെഡിറ്റ് ഗാരന്റി നിലവിലെ ഒരു ലക്ഷം കോടിയിൽ നിന്ന് അഞ്ച് ലക്ഷം കോടി രൂപയായി ഉയർത്താന്‍ പരിശ്രമിച്ചു വരികയാണെന്നും അറിയിച്ചു. ധനകാര്യസ്ഥാപനങ്ങൾ അനുവദിക്കുന്ന അഡ്വാന്‍സുകളുടെ 75 ശതമാനവും ഗവൺമെന്റിന്റെ ക്രെഡിറ്റ് ഗ്യാരൻറി സ്കീമിന് കീഴിലുളള്ള ഉറപ്പിന്മേലാണ്. വ്യവസായമേഖലയുടെ പ്രശ്നങ്ങൾ പ്രത്യേകിച്ചും മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വിഷയങ്ങൾ അതത്‌ മന്ത്രാലയങ്ങളും വകുപ്പുകളുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

അടിസ്ഥാന സൗകര്യ വികസന മേഖലയുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 2019‐20 ൽ റെക്കോർഡ് നിലവാരത്തിലെത്തിച്ച ദേശീയപാതനിർമാണം വരും വർഷങ്ങളിൽ 2‐3 മടങ്ങായി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നിശ്‌ചയിച്ച ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ ഇപ്പോഴുണ്ടായ കാലതാമസം ഒഴിവാക്കി ലഭ്യമായ സമയം പരമാവധി ഉപയുക്‌തമാക്കണമെന്നും മന്ത്രി നിർദേശിച്ചു.  ഈ ദിശയിൽ 3 മാസത്തിനുള്ളിൽ പ്രവർത്തികളിൽ തീരുമാനമെടുക്കാൻ കേന്ദ്രമന്ത്രി ദേശീയ പാത അതോറിട്ടിയോടും ആർബിട്രേഷൻ യൂണിറ്റുകളോടും അഭ്യർഥിച്ചു. എല്ലാ യൂണിറ്റുകളുടെ ചെയർമാന്മാരോടും നിലവിലുള്ള വൈകുന്നേരം 5 മണി എന്ന ജോലിസമയത്തിനു പകരം 7 മണി വരെ പ്രവർത്തിക്കാൻ കേന്ദ്രമന്ത്രി അഭ്യർത്ഥിച്ചു. അവർ ഇതിനകം അങ്ങനെ ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും തൽഫലമായി 280 വിഷയങ്ങൾ ഉടൻ തീർപ്പാക്കാൻ സാധിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
കൊറോണ വൈറസ് പടരാതിരിക്കാൻ വേണ്ടത്ര മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന വ്യവസ്ഥയോടെ വിവിധ സ്ഥലങ്ങളിൽ റോഡ് പണികൾ ആരംഭിക്കുന്നതിന് ഗതാഗത മന്ത്രാലയം തയ്യാറാണെന്നും ശ്രീ നിതിൻ ഗഡ്കരി അറിയിച്ചു. 

***



(Release ID: 1614491) Visitor Counter : 141