മന്ത്രിസഭ
പരിഷ്‌ക്കരിച്ച ഇലക്‌ട്രോണിക് ഉല്‍പ്പാദന ക്ലസ്റ്റര്‍ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
Posted On:
21 MAR 2020 4:26PM by PIB Thiruvananthpuram
ഇലക്‌ട്രോണിക് ഉല്‍പ്പാദന ക്ലസ്റ്ററുകളിലൂടെ (ഇ.എം.സികള്‍) ലേകാനിലവാരമുള്ള പശ്ചാത്തല സൗകര്യങ്ങളോടൊപ്പം പൊതു സൗകര്യങ്ങളും വികസിപ്പിക്കുന്നതിനായി പരിഷ്‌ക്കരിച്ച ഇലക്‌ട്രോണിക് ക്ലസ്റ്ററുകള്‍ക്ക് (ഇ.എം.സി 2.0) സാമ്പത്തിക സഹായത്തിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഈ ഇ.എം.സികള്‍ ഇ.എസ്.ജി.എം. മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായമാകുമെന്നും സംരംഭകത്വ പരിസ്ഥിതി വികസിപ്പിക്കുന്നതിന് സഹായകമാകുമെന്നും നൂതനാശയങ്ങളെ മുന്നോട്ടുകൊണ്ടുപോകുമെന്നും നിക്ഷേപങ്ങള്‍ ആകര്‍ഷിച്ച് ഈ മേഖലയിലെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉള്‍പ്രേരകമാകുമെന്നും തൊഴിലവസരങ്ങളും നികുതിവരുമാനവും വര്‍ദ്ധിക്കാനിടയാക്കുമെന്നും പ്രതീക്ഷിക്കുന്നു.
പരിഷ്‌ക്കരിച്ച ഇലക്‌ട്രോണിക് ഉല്‍പ്പാദന ക്ലസ്റ്ററുകള്‍ (ഇ.എം.സി 2.0) പദ്ധതി ഇലക്‌ട്രോണിക് ഉല്‍പ്പന്ന ക്ലസ്റ്ററുകള്‍ (ഇ.എം.സികള്‍) രൂപീകരിക്കുന്നതിനും പൊതു സൗകര്യ കേന്ദ്രങ്ങള്‍ (സി.എഫ്.സികള്‍) ആരംഭിക്കുന്നതിനും സഹായകമാകും. ഈ പദ്ധതിയുടെ പ്രയോജനത്തിനായി ഒരു പരിധിവരെ അടിസ്ഥാന പശ്ചാത്തലസൗകര്യ വികസനത്തിന് ശ്രദ്ധ നല്‍കുന്ന അടുത്തടുത്തുള്ള ഭൂമിശാസ്ത്ര മേഖലകള്‍ക്കും ഇ.എസ്.ഡി.എം. യൂണിറ്റുകള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ക്കും മറ്റു പൊതുസൗകര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കിയായിരിക്കും ഇലക്‌ട്രോണിക് ഉല്‍പ്പാദന ക്ലസ്റ്ററുകള്‍ രൂപീകരിക്കുക. പൊതുസൗകര്യ കേന്ദ്ര(സി.എഫ്.സി)ങ്ങകള്‍ക്കായി നിലവില്‍ സവിശേഷ എണ്ണം ഇ.എസ്.ഡി.എം. യൂണിറ്റുകള്‍ കേന്ദ്രീകരിച്ചിരിക്കുന്ന മേഖലകളില്‍ പൊതു സാങ്കേതിക പശ്ചാത്തലസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ഇ.എം.സികള്‍, വ്യാവസായിക മേഖലകള്‍/പാര്‍ക്കുകള്‍/ വ്യാവസായിക ഇടനാഴികള്‍ പോലുള്ള ഇ.എസ്.ഡി.എം യൂണിറ്റുകള്‍ക്ക് പൊതുസൗകര്യം ലഭ്യമാക്കുകയും ചെയ്യും.
സാമ്പത്തിക പ്രത്യാഘാതങ്ങള്‍
ഇ.എം.സി 2.0 പദ്ധതിയുടെ മൊത്തം അടങ്കല്‍ എട്ടു വര്‍ഷത്തേയ്ക്ക് 3,762.25 കോടി (മൂവായിരത്തില്‍ ഏഴുന്നൂറ്റി അറുപത്തി രണ്ട് കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ മാത്രം) രൂപയാണ്. ഇതില്‍ 3,725 കോടി (മൂവായിരത്തി എഴുന്നൂറ്റി ഇരുപത്തിയഞ്ച് കോടി രൂപ മാത്രം) സാമ്പത്തിക സഹായവും 37.25 കോടി (മുപ്പത്തി ഏഴു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ മാത്രം) ഭരണ മാനേജ്‌മെന്റ് ചെലവുകള്‍ക്കുമാണ്.
ഗുണഫലങ്ങള്‍:
ഈ പദ്ധതി ഇലക്‌ട്രോണിക് വ്യവസായത്തിന് ഏറ്റവും കരുത്തുറ്റ അടിസ്ഥാനസൗകര്യം സൃഷ്ടിക്കുകയും ഇ.എസ്.ഡി.എം മേഖലയില്‍ നിക്ഷേപങ്ങളുടെ ഒഴുക്കിനെ ആകര്‍ഷിക്കുകയും അത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. താഴെ പറയുന്നവയാണ് പദ്ധതിയുടെ പ്രതീക്ഷിക്കുന്ന അനന്തരഫലങ്ങള്‍:
1) ഇലക്‌ട്രോണിക് മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി പശ്ചാത്തലസൗകര്യത്തിന്റെ ലഭ്യതയും പ്ലഗ് ആന്റ് പ്ലേ സൗകര്യവും
2) ഇലക്‌ട്രോണിക് മേഖലയില്‍ പുതിയ നിക്ഷേപം
3) ഉല്‍പ്പാദനയൂണിറ്റുകള്‍ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍.
4) ഉല്‍പ്പാദന യൂണിറ്റുകള്‍ നല്‍കുന്ന, നികുതികളുടെ രൂപത്തിലുള്ള വരുമാനം.
പശ്ചാത്തലം
ഇലക്‌ട്രോണിക് ഉല്‍പ്പാദനത്തിന് ആവശ്യമായി വേണ്ട പശ്ചാത്തല പരിസ്ഥിതി സൃഷ്ടിക്കുന്നതിനും നിര്‍മ്മിക്കുന്നതിനും ഇലക്‌ട്രോണിക് ആന്റ് വിവരസാങ്കേതിക മന്ത്രാലയം ഇലക്‌ട്രോണിക് ഉല്‍പ്പാദന ക്ലസ്റ്ററുകള്‍ പദ്ധതി വിജ്ഞാപനം ചെയ്തിരുന്നു. 2017 ഒക്‌ടോബര്‍ വരെ അപേക്ഷ സ്വീകരിക്കുന്നതിന് ഇത് തുറന്നിരുന്നു. അംഗീകരിച്ച പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിന് അഞ്ചുവര്‍ഷത്തെ കാലാവധി (അതായത് 2022 ഒക്‌ടോബര്‍ വരെ) ലഭ്യമായിരുന്നു. ഇ.എം.സി. പദ്ധതിക്ക് കീഴില്‍ 3,565 ഏക്കര്‍ വിസ്തീര്‍ണ്ണത്തില്‍ ഗവണ്‍മെന്റ് ഗ്രാന്റായി 1577 കോടി രൂപ ഉള്‍പ്പെടെ 3898 കോടി രൂപ പദ്ധതി ചെലവ് വരുന്ന 20 ഗ്രീന്‍ഫീല്‍ഡ് ഇ.എം.സികളും 3 പൊതു സൗകര്യ കേന്ദ്രങ്ങളും (സി.എഫ്.സികളും) രാജ്യത്തങ്ങോളമിങ്ങോളം അംഗീകരിച്ചിരുന്നു.
രാജ്യത്തെ ഇലക്‌ട്രോണിക് വ്യവസായത്തിന്റെ അടിസ്ഥാനസൗകര്യ അടിത്തറ ശക്തിപ്പെടുത്തുന്നതിനും ഇലക്‌ട്രോണിക് മുല്യശൃംഖല ആഴത്തിലാക്കുന്നതിനും അത്തരം ഒരു പദ്ധതി പരിഷ്‌ക്കരിച്ച രീതിയില്‍ തുടരേണ്ടത് അനിവാര്യമാണ്.
ഇന്ത്യയുടെ ഇലക്‌ട്രോണിക് ഉല്‍പ്പാദനം 2014-15ലെ 1,90,366 കോടി (29 ബില്യണ്‍ യു.എസ്. ഡോളര്‍)രൂപയില്‍ നിന്ന് 2018-19ല്‍ 4,58,006 കോടി (70 ബില്യണ്‍ യു.എസ്. ഡോളര്‍) ആയി ഏകദേശം 25% കോമ്പൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ വര്‍ദ്ധിച്ചു. ആഗോള ഇലക്‌ട്രോണിക് ഉല്‍പ്പാദനത്തില്‍ ഇന്ത്യയുടെ പങ്ക് 2012ലെ 1.3%ല്‍ നിന്ന് 2018ല്‍ 3% ആയി. നിലവില്‍ ഇത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.3% വരും.
(Release ID: 1607617)
Visitor Counter : 173