ധനകാര്യ മന്ത്രാലയം

2020 - 21 കേന്ദ്ര ബജറ്റിന്റെ സംഗ്രഹം

Posted On: 01 FEB 2020 2:52PM by PIB Thiruvananthpuram

പാര്‍ട്ട് - എ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി ശ്രീമതി. നിര്‍മലാ സീതാരാമന്‍ ഹ്രസ്വ, മധ്യ, ദീര്‍ഘകാല നടപടികളുടെ സങ്കലനത്തിലൂടെ ഇന്ത്യന്‍ സമ്പദ്ഘടനയെ ഊര്‍ജ്ജിതപ്പെടുത്തുന്നതിനുള്ള ദൂരവ്യാപകമായ പരിഷ്‌കാരങ്ങളുടെ ഒരു പരമ്പര അനാവരണം ചെയ്തു.
'ജീവിതം സുഗമമാക്കല്‍' എന്ന ആശയത്തിലാണ് കേന്ദ്ര ബജറ്റ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 2020 – 21 ല്‍ 15 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പാ ലക്ഷ്യം, പഴം, പച്ചക്കറികള്‍ എന്നിവയ്ക്ക് കിസാന്‍ റെയില്‍, കൃഷി ഉഡാന്‍ എന്നീ ദേശീയ ശീതീകരണ, വിതരണ ശൃംഖല, 20 ലക്ഷം കര്‍ഷകര്‍ക്ക് സൗരോര്‍ജ്ജ പമ്പുകള്‍ സ്ഥാപിക്കാന്‍ പി.എം - കുസും പദ്ധതിയുടെ വിപുലീകരണം തുടങ്ങിയ കര്‍ഷക സൗഹൃദ പദ്ധതികളിലൂടെയാണ് ഇത് കൈവരിക്കുക.
ആരോഗ്യ മേഖലയില്‍ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴില്‍ പാവപ്പെട്ടവര്‍ക്കായി 20,000 ആശുപത്രികള്‍ എം-പാനല്‍ ചെയ്യാന്‍ ബജറ്റ് നിര്‍ദ്ദേശിക്കുന്നു. 2024 ഓടെ രണ്ടായിരത്തോളം മരുന്നുകളും, 300 ഓളം ശസ്ത്രക്രിയ ഉപകരണങ്ങളും ലഭ്യമാക്കുന്ന ജന്‍ ഔഷധി കേന്ദ്ര പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ ബജറ്റ് നിര്‍ദ്ദേശിക്കുന്നു. 
2024 ഓടെ ഉഡാന്‍ പദ്ധതിയെ പിന്തുണയ്ക്കാന്‍ 100 വിമാന ത്താവളങ്ങള്‍ വികസിപ്പിക്കാനും, പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 150 യാത്രാ ട്രെയിനുകള്‍ ഓടിക്കാനും ലക്ഷ്യമിടുന്നതിലൂടെ അടിസ്ഥാന സൗകര്യ മേഖലയ്ക്ക് ഉത്തേജനം.
2021 മാര്‍ച്ചോടെ 150 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അപ്രന്റിസ്ഷിപ്പ് ഉള്‍പ്പെടുത്തിയ കോഴ്‌സുകള്‍ തുടങ്ങാനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് ആന്റ് കണ്‍സര്‍വേഷന്‍ തുടങ്ങാനുമുള്ള നിര്‍ദ്ദേശങ്ങള്‍ മറ്റ് മുഖ്യ സവിശേഷതകളില്‍ പെടും. 
താഴെ പറയുന്നവയാണ് ബജറ്റ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി :
o    ഡിജിറ്റല്‍ ഗവേര്‍ണന്‍സ് വഴി തടസ്സമില്ലാത്ത സേവന പ്രദാനം
o    ദേശീയ അടിസ്ഥാനസൗകര്യ സംവിധാനത്തിലൂടെ ഭൗതിക ജീവിത നിലവാരം മെച്ചപ്പെടുത്തല്‍.
o    ദുരന്ത പ്രതിരോധത്തിലൂടെ അപകട സാധ്യത കുറയ്ക്കല്‍
o    പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികളിലൂടെ സാമൂഹ്യസുരക്ഷ.

മൂന്ന് പ്രധാന ആശയങ്ങളിലൂന്നിയാണ് ബജറ്റ് നെയ്‌തെടുത്തിട്ടുള്ളത് :
o    സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, ജോലി എന്നിവ ലഭ്യമാകുന്ന അഭിലഷണീയ ഇന്ത്യ.
o    പ്രധാനമന്ത്രിയുടെ 'എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എല്ലാവര്‍ക്കും വിശ്വാസം'എന്ന ഉദ്‌ബോധനത്തില്‍ സൂചിപ്പിക്കുന്ന എല്ലാവരുടേയും സാമ്പത്തിക വികസനം.
o    അന്ത്യോദയ പ്രമാണമാക്കിക്കൊണ്ട് മാനുഷികവും, മനസ്സലിവു മുള്ള കരുതല്‍ പകരുന്ന സമൂഹം.

അഴിമതി രഹിത നയങ്ങളാല്‍ നയിക്കപ്പെടുന്ന സദ്ഭരണം, ശുദ്ധവും ശക്തവുമായ ധനകാര്യ മേഖല എന്നിവയാലാണ് ഈ വിശാല ആശയങ്ങള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നത്.
അഭിലഷണീയ ഇന്ത്യയുടെ മൂന്ന് ഘടകങ്ങള്‍ ഇവയാണ്.
1.    കൃഷി, ജലസേചനം, ഗ്രാമവികസനം
2.    സൗഖ്യം, ജലവും ശുചിത്വവും
3.    വിദ്യാഭ്യാസവും, നൈപുണ്യങ്ങളും
കൃഷി, ജലസേചനം, ഗ്രാമവികസനം
കര്‍ഷകരും, പാവപ്പെട്ട ഗ്രാമീണ ജനതയും ഗവണ്‍മെന്റിന്റെ ശ്രദ്ധാകേന്ദ്രമായി തുടരുമെന്ന് പറഞ്ഞ ധനമന്ത്രി 2.83 ലക്ഷം കോടി രൂപ കൃഷി, ഗ്രാമവികസനം, ജലസേചനം അനുബന്ധ പ്രവൃത്തികള്‍ എന്നിവയ്ക്കായി ചെലവിടുമെന്ന് അറിയിച്ചു. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ആവര്‍ത്തിച്ച അവര്‍ 2020-21 ലേക്ക് 15 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പാ ലക്ഷ്യമാണ് ഇട്ടിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ അര്‍ഹരായ എല്ലാ ഗുണഭോക്താക്കളെയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയിലുള്‍പ്പെടുത്തും. രൂക്ഷമായ ജലക്ഷേമം നേരിടുന്ന 100 ജില്ലകള്‍ക്കായി സമഗ്ര നടപടികള്‍. 20 ലക്ഷം കര്‍ഷകര്‍ക്ക് സൗരോര്‍ജ്ജ പമ്പുകള്‍ സ്ഥാപിക്കാന്‍ പി.എം- കുസും പദ്ധതി വ്യാപിപ്പിക്കും. ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയ്ക്കായി ഒരു ജില്ല , ഒരു ഉല്പന്നം പദ്ധതി നടപ്പാക്കും. 2025 ഓടെ കന്നുകാലികളിലെ കുളമ്പ് രോഗവും, റൂസെല്ലോസിസും നിര്‍മ്മാര്‍ജ്ജനം ചെയ്യും.കൃത്രിമ ബീജസങ്കലനത്തിന്റെ വ്യാപ്തി 30 ശതമാനത്തില്‍ നിന്ന് 70 ശതമാനമാക്കി വര്‍ദ്ധിപ്പിക്കും. 2025 ഓടെ ക്ഷീരസംസ്‌കരണ ശേഷി 53.5 ദശലക്ഷം മെട്രിക് ടണ്ണില്‍ 108 ദശലക്ഷം മെട്രിക് ടണ്ണായി വര്‍ദ്ധിപ്പിക്കും. മത്സ്യക്കൃഷി വ്യാപനത്തിന് യുവാക്കളെ ഉള്‍പ്പെടുത്തി 3477 സാഗര്‍ മിത്രങ്ങളും, 500 മത്സ്യ കര്‍ഷക ഉല്പാദന സംഘടനകളും രൂപീകരിക്കും. 2024-25 ഓടെ മത്സ്യക്കയറ്റുമതി ഒരു ലക്ഷം കോടി രൂപയുടേതായി ഉയര്‍ത്തും. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ദീന്‍ ദയാല്‍ അന്ത്യോദയ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കും. 
സ്വാസ്ഥ്യം, ജലവും ശുചിത്വവും
    ആരോഗ്യ സംരക്ഷണത്തിന് 69,000 കോടി രൂപയും, പ്രധാന മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്കായി 64,000 കോടി രൂപയും നീക്കി വച്ചിട്ടുള്ളതായി ധനമന്ത്രി അറിയിച്ചു. ടയര്‍ -2, ടയര്‍-3 നഗരങ്ങളില്‍ പാവപ്പെട്ടവര്‍ക്കായി പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴില്‍ 20,000 ആശുപത്രികളെ എം-പാനല്‍ ചെയ്യും. ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ ജില്ലാ ആശുപത്രികളോട് ചേര്‍ന്ന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആശുപത്രികള്‍ സ്ഥാപിക്കും. 2025 ഓടെ ക്ഷയ രോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യും.2024 ഓടെ രണ്ടായിരത്തോളം മരുന്നുകളും, 300 ഓളം ശസ്ത്രക്രിയ ഉപകരണങ്ങളും ലഭ്യമാക്കുന്ന ജന്‍ ഔഷധി കേന്ദ്ര പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ ബജറ്റ് നിര്‍ദ്ദേശിക്കുന്നു. 
വെളിയിട വിസര്‍ജ്ജനം സമ്പൂര്‍ണ്ണമായി ഇല്ലാതാക്കുന്നതിന് ഗവണ്‍മെന്റ് പ്രതിജ്ഞാ ബദ്ധമാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഖര മാലിന്യ നിര്‍മ്മാര്‍ജ്ജനത്തോടൊപ്പം മലിന ജലം കൈകാര്യം ചെയ്യുന്നതിനും കൂടുതല്‍ ഊന്നല്‍ നല്‍കുവാനും അവര്‍ പറഞ്ഞു. 2020 - 21 ല്‍ ശുചിത്വ ഭാരത ദൗത്യത്തിനുള്ള മൊത്തം അടങ്കല്‍ 12,300 കോടി രൂപയായിരിക്കും. 
വിദ്യാഭ്യാസവും, നൈപുണ്യവും
വിദ്യാഭ്യാസ മേഖലയ്ക്കായി 2020-21 ല്‍ 99,300 കോടി രൂപയും നൈപുണ്യ വികസനത്തിനായി 3,000 കോടി രൂപയും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കും.
ഏകദേശം 150 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 2020-21 മാര്‍ച്ചോടെ തൊഴില്‍പരീശീലനം കൂടിചേര്‍ന്ന ബിരുദ/ഡിപ്ലമോ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് ശ്രീമതി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചു. ഇത് പൊതുസംവിധാനത്തില്‍ വിദ്യാര്‍ത്ഥികളുടെ തൊഴില്‍ശേഷി വര്‍ദ്ധിപ്പിക്കും (താരതമ്യേന സാങ്കേതിക-സേവന ധാരകളില്‍). രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള നഗര തദ്ദേശസ്ഥാപനങ്ങള്‍ പുതിയതായി എഞ്ചിനീയറിംഗ് ബിരുദം നേടിയവര്‍ക്ക് ഒരുവര്‍ഷം വരെ പരിശീലനം നല്‍കുന്ന (ഇന്റേണ്‍ഷിപ്പ്) പരിപാടിക്കും ഗവണ്‍മെന്റ് തുടക്കം കുറിയ്ക്കും.
ഇന്ത്യ ഉന്നത വിദ്യാഭ്യാസത്തിനായി പരിഗണിക്കുന്ന ഒരു ലക്ഷ്യസ്ഥാനമാകണമെന്ന് ധനമന്ത്രി നിരീക്ഷിച്ചു. അതുകൊണ്ട് അതിന്റെ കീഴില്‍ '' സ്റ്റഡി ഇന്‍ ഇന്ത്യ'' പരിപാടിയും ഇന്‍ഡ്-സാറ്റ് പരീക്ഷയും ഏഷ്യയിലും ആഫ്രിക്കയിലും സംഘടിപ്പിക്കുന്നതിന് നിര്‍ദ്ദേശമുണ്ട്. ഇതിലൂടെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പഠിക്കാനായി സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന വിദേശ അപേക്ഷകരെ കണ്ടെത്താനാകും.
ഒരു ദേശീയ പോലീസ് സര്‍വകലാശാലയും ഒരു ദേശീയ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലയും ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സാമ്പത്തിക വികസനം
വ്യവസായം, വാണിജ്യം, നിക്ഷേപം
2020-21 ല്‍ വ്യവസായ വാണിജ്യ വികസനത്തിനായി 27300 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. നിക്ഷേപ അനുമതി സെല്‍ രൂപീകരിക്കും. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ അഞ്ച് പുതിയ സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കും. മൊബൈല്‍ ഫോണുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, സെമി കണ്ടക്ടര്‍ പാക്കേജിംഗ് എന്നിവയുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കു ന്നതിനായി പദ്ധതി. ദേശീയ ടെക്‌സ്റ്റൈല്‍ ദൗത്യം 1480 കോടി രൂപയുടെ അടങ്കലോടെ ആരംഭിക്കും. ചെറുകിട കയറ്റുമതിക്കാര്‍ക്ക് വായ്പാ സൗകര്യം ലഭ്യമാക്കുന്നതിനായി നിര്‍വിക് എന്ന പുതിയ പദ്ധതി നടപ്പാക്കും. ഗവണ്‍മെന്റ് ഇ- മാര്‍ക്കറ്റ് (ജെം) വഴിയുള്ള വിറ്റുവരവ് മൂന്ന് ലക്ഷം കോടി രൂപയാക്കും.
അടിസ്ഥാന സൗകര്യം
ഹൈവേകളുടെ ത്വരിത വികസനം ഏറ്റെടുക്കും. 2500 കിലോമീറ്റര്‍ ആക്‌സസ് കണ്‍ട്രോള്‍ ഹൈവേകള്‍, 2000 കിലോമീറ്റര്‍ തന്ത്രപ്രധാന ഹൈവേകള്‍, 9000 കിലോമീറ്റര്‍ സാമ്പത്തിക ഇടനാഴികള്‍, 2000 കിലോമീറ്റര്‍ തീരദേശ തുറമുഖ റോഡുകള്‍, ഡല്‍ഹി - മുംബൈ എക്‌സ്പ്രസ്സ് വേ മുതലായവയുടെ നിര്‍മ്മാണം 2023 ഓടെ പൂര്‍ത്തിയാക്കും. ചെന്നൈ - മംഗളുരു എക്‌സ്പ്രസ്സ് വേ യുടെ നിര്‍മ്മാണത്തിന് തുടക്കം കുറിക്കും. 27,000 കിലോമീറ്റര്‍ പാതയില്‍ റെയില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നാല് സ്റ്റേഷനുകളില്‍ നവീകരണ പദ്ധതികള്‍ നടപ്പാക്കുകയും, 150 യാത്രാ ട്രെയിനുകള്‍ ഓടിക്കുകയും ചെയ്യും. 

പാര്‍ട്ട് - ബി

വ്യക്തിഗത ആദായ നികുതിയും, നികുതി ലളിതവത്കരണവും
    വ്യക്തിഗത നികുതി ദായകര്‍ക്ക് ഗണ്യമായ ആശ്വാസമേകാനും, ആദായ നികുതി നിയമം ലഘൂകരിക്കാനും ലക്ഷ്യമിട്ടുകൊണ്ട് പുതുക്കിയ വ്യക്തിഗത ആദായ നികുതി ഘടന ധനമന്ത്രി ബജറ്റില്‍ അവതരിപ്പിച്ചു. ഇലവുകള്‍ വേണ്ടെന്ന് വയ്ക്കുന്ന വ്യക്തിഗത നികുതിദായകര്‍ക്ക് നിരക്കുകളില്‍ ഗണ്യമായ കുറവ് വരുത്തുന്നതാണ് പുതിയ ഘടന.
നികുതി സ്ലാബുകളില്‍ നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങള്‍ ചുവടെ :
നികുതി ഒടുക്കേണ്ട വരുമാന സ്ലാബ് (രൂപയില്‍)    നിലവിലുള്ള നികുതി നിരക്കുകള്‍    പുതുക്കിയ നികുതി നിരക്കുകള്‍    
0    -2.5 ലക്ഷം    ഒഴിവാക്കി    ഒഴിവാക്കി    
2.5 - 5 ലക്ഷം    5 %    5 %    
5 - 7.5 ലക്ഷം    20 %    10 %    
7. 5 - 10 ലക്ഷം    20 %    15 %    
10 - 12.5 ലക്ഷം    30 %    20 %    
12. 5 - 15 ലക്ഷം    30 %    25 %    
15 ലക്ഷത്തിന് മുകളില്‍    30 %    30 %    

നിലവിലുള്ള  നിരക്കുകളില്‍ സര്‍ചാര്‍ജ്ജും, തീരുവയും ചുമത്തും.
നികുതിദായകന് നിലവിലുള്ള നികുതി സ്ലാബില്‍ തുടരുകയോ, പുതിയ സ്ലാബിലേക്ക് മാറുകയോ ചെയ്യാം.പുതിയ പദ്ധതിയില്‍ നേരത്തെയുണ്ടായിരുന്ന നൂറ് ഇളവുകളില്‍ 70 എണ്ണം ഒഴിവാക്കി. ഈ ഇളവുകളിലൂടെ കേന്ദ്ര ഗവണ്‍മെന്റിന് പ്രതിവര്‍ഷം  40,000 കോടി രൂപയുടെ നഷ്ടമുണ്ടാകും. സ്ലാബുകളുടെ എണ്ണം കുറച്ചും, ഇളവുകള്‍ ഒഴിവാക്കിയും ആദായ നികുതി ഘടന ലളിതമാക്കുകയാണ് ധനമന്ത്രി ചെയ്തിരിക്കുന്നത്.
ഡിവിഡന്റ് വിതരണ നികുതി
നിലവില്‍ ഓഹരി ഉടമകള്‍ക്ക് നല്‍കുന്ന ലാഭവിഹിതത്തില്‍ 15ശതമാനം ഡിവിഡന്റ് വിതരണ നികുതി നല്‍കാന്‍ കമ്പനികള്‍ ബാദ്ധ്യസ്ഥരാണ്. രാജ്യത്തെ ഓഹരി വിപണികളുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കാനും, നിക്ഷേപകര്‍ക്ക് ആശ്വാസമേകാനും ധനമന്ത്രി ലാഭവിഹിത വിതരണ നികുതി ഒഴിവാക്കി. ഇത് പ്രതിവര്‍ഷം ഏകദേശം 25,000 കോടി രൂപയുടെ വരുമാന നഷ്ടം ഗവണ്‍മെന്റിന് ഉണ്ടാക്കുമെങ്കിലും ഇന്ത്യയെ കൂടുതല്‍ ആകര്‍ഷക നിക്ഷേപ ലക്ഷ്യസ്ഥാനമാക്കി മാറ്റും.
വിദേശ നിക്ഷേപങ്ങള്‍ക്കുള്ള നികുതി ഇളവ്
വിദേശ ഗവണ്‍മെന്റുകളുടെ സ്വര്‍ണ്ണ സ്വത്ത് നിധിയില്‍ നിന്നുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ അവരുടെ പലിശ, ലാഭവിഹിതം, മൂലധന നികുതി എന്നിവയ്ക്ക് നൂറ് ശതമാനം നികുതി ഒഴിവ് നല്‍കാന്‍ ധനമന്ത്രി ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്റ്റാര്‍ട്ടപ്പുകള്‍
സ്റ്റാര്‍ട്ട്-അപ്പ് മേഖലയ്ക്ക് ഉത്തേജനം നല്‍കുന്നതിന് ജീവനക്കാരുടെ മേലുള്ള നികുതി ചുമത്തല്‍ ലഘൂകരിക്കാന്‍ കേന്ദ്ര ബജറ്റ് നിര്‍ദ്ദേശിച്ചു. അഞ്ച് വര്‍ഷമോ അല്ലെങ്കില്‍ അവര്‍ കമ്പനി വിടുന്നതുവരെയോ അല്ലെങ്കില്‍ അവര്‍ ഓഹരികള്‍ വില്‍ക്കുമ്പോഴോ, ഏതാണോ ആദ്യം വരുന്നത് അതുവരെ നികുതി ചുമത്തല്‍ മാറ്റിവയ്ക്കാനാണ് നിര്‍ദ്ദേശം.

എം.എസ്.എം.ഇ
സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭക മേഖലയിലെ ചെറുകിട കച്ചവടക്കാര്‍, വ്യാപാരികള്‍, കടക്കാര്‍ എന്നിവരുടെ ബാധ്യത കുറയ്ക്കുന്നതിന്, അവയുടെ ഓഡിറ്റിനായുള്ള വിറ്റുവരവ് പരിധി നിലവിലുള്ള ഒരു കോടി രൂപയില്‍ നിന്ന് അഞ്ച് കോടി രൂപയാക്കി ഉയര്‍ത്താന്‍ ബജറ്റ് നിര്‍ദ്ദേശിക്കുന്നു.
ഭവനനിര്‍മ്മാണം
ഭവന വായ്പയുടെ പലിശയില്‍ ഒരു ലക്ഷത്തി അമ്പതിനായിരം രൂപ വരെ അധിക കിഴിവ് ധനമന്ത്രി പ്രഖ്യാപിച്ചു. 2020 മാര്‍ച്ച് ഒന്നിന് ശേഷം ഇത് ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

ധര്‍മ്മസ്ഥാപനങ്ങള്‍
ധര്‍മ്മസ്ഥാപനങ്ങള്‍ക്ക് പൂര്‍ണ്ണമായ നികുതി ഒഴിവ് നല്‍കും. ഇത് ലഭ്യമാക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ ആദായനികുതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. പുതിയതും, നിലവിലുള്ളതുമായ എല്ലാ ധര്‍മ്മസ്ഥാപനങ്ങള്‍ ക്കും യുണിക് രജിസ്‌ട്രേഷന്‍ നമ്പര്‍ (യു.ആര്‍.എന്‍) നല്‍കും.
വിവാദ് സെ വിശ്വാസ് പദ്ധതി
വിവാദ് സെ വിശ്വാസ് എന്ന പുതിയ പദ്ധതി പ്രകാരം 2020 മാര്‍ച്ച് 31 ന് മുമ്പ് തര്‍ക്കമുള്ള നികുതി തുക മാത്രം ഒടുക്കിയാല്‍ നികുതി ദായകന് പലിശയും, പിഴയും ഒഴിവാക്കിക്കിട്ടും. ഈ കാലാവധിക്ക് ശേഷം പദ്ധതിയില്‍ ചേരുന്നവര്‍ക്ക് കുറച്ച് അധികതുക നല്‍കേണ്ടി വരും. 2020 ജൂണ്‍ 30 വരെ പദ്ധതിക്ക് പ്രാബല്യമുണ്ടാകും. 
ആധാര്‍ വഴി പാന്‍
പാന്‍ അനുവദിക്കുന്നതിനുള്ള പ്രക്രിയ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ആധാറിന്റെ അടിസ്ഥാനത്തില്‍ വേഗത്തില്‍ പാന്‍ അനുവദിക്കുന്ന പദ്ധതി ആരംഭിക്കും. ഇതിനായി വിശദമായ അപേക്ഷ പൂരിപ്പിക്കേണ്ടതില്ല. 
പരോക്ഷ നികുതി
ജി.എസ്.ടി
2020 ഏപ്രില്‍ ഒന്ന് മുതല്‍ ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ലളിതമായ നടപടിക്രമം നിലവില്‍ വരും. പൂജ്യം റിട്ടേണുകള്‍, റിട്ടേണ്‍ ഫ്രീ ഫയലിംഗ് എന്നിവയ്ക്ക് എസ്.എം.എസ് അധിഷ്ഠിത ഫയലിംഗ് സംവിധാനം.കണ്‍സ്യൂമര്‍ ഇന്‍വോയ്‌സുകള്‍ക്ക് ഡൈനാമിക് ക്യു.ആര്‍ കോഡും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കസ്റ്റംസ്
സ്വതന്ത്ര വ്യാപാര കരാറുകള്‍ക്ക് കീഴില്‍ ഇറക്കുമതി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവഴിയുള്ള അനര്‍ഹമായ ആനുകൂല്യങ്ങള്‍ ആഭ്യന്തര വ്യവസായത്തിന് ഭീഷണി ഉയര്‍ത്തുന്നു. വരുംമാസങ്ങളില്‍ ഇവ പുനരവലോകനത്തിന് വിധേയമാക്കും.
പാദരക്ഷകള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവയുടെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കും. പാദരക്ഷകളുടെ തീരുവ നിരക്ക് 25 ശതമാനത്തില്‍ നിന്ന് 35 ശതമാനവും പാദരക്ഷകളുടെ ഘടകങ്ങളുടേത് 15 ശതമാനത്തില്‍ നിന്ന് 20 ശതമാനവുമാക്കും. നിശ്ചിത ഫര്‍ണിച്ചറുകള്‍ക്കുള്ള തീരുവ 20 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി ഉയര്‍ത്തും.
ആഭ്യന്തര വ്യവസായത്തിന് ആക്കമേകാനും, ആരോഗ്യമേഖലയുടെ വരുമാന വര്‍ദ്ധനവിനുമായി ചില മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിയില്‍ അഞ്ച് ശതമാനം ആരോഗ്യ സെസ് ചുമത്തും. ന്യൂസ് പ്രിന്റ്, ഭാരം കുറഞ്ഞ കോട്ടട് പേപ്പര്‍ എന്നിവയ്ക്കുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു. സിഗരറ്റിനും, പുകയില ഉല്പന്നങ്ങള്‍ക്കുമുള്ള തീരുവ വര്‍ദ്ധിപ്പിക്കും. ബീഡിയുടേതിന് മാറ്റമില്ല.
ND /MRD
****



(Release ID: 1601614) Visitor Counter : 413