ധനകാര്യ മന്ത്രാലയം

ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ നികുതി നീക്കം ചെയ്യാന്‍ ശുപാര്‍ശ; 25,000 കോടി രൂപ വരുമാന നഷ്ടം

Posted On: 01 FEB 2020 2:39PM by PIB Thiruvananthpuram

 

ഇന്ത്യന്‍ ഓഹരി വിപണിയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നതിനും വലിയൊരു വിഭാഗം നിക്ഷേപകര്‍ക്ക് ആശ്വാസമേകുന്നതിനും ഇന്ത്യയെ നിക്ഷേപയിടമായി മാറ്റുന്നതിനും ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ നികുതി(ഡിഡിടി) നീക്കം ചെയ്യാന്‍ കേന്ദ്ര ബജറ്റ് ശുപാര്‍ശ ചെയ്തു. ഡിവിഡന്റിനുള്ള നികുതി ഇനി അവ സ്വീകരിക്കുന്നവരില്‍ നിന്ന് മാത്രമേ ഈടാക്കൂവെന്ന് ബജറ്റ് അവതരിപ്പിച്ചു കൊണ്ട് കേന്ദ്ര ധനമന്ത്രി പറഞ്ഞു. മാതൃ കമ്പനി അവരുടെ അനുബന്ധ കമ്പനിയില്‍ നിന്ന് സ്വീകരിക്കുന്ന ലാഭവിഹിതത്തിന് ഇളവുകള്‍ നല്‍കാനും ബജറ്റില്‍ ശുപാര്‍ശയുണ്ട്. ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് നീക്കം ചെയ്യുന്നതിലൂടെ 25,000 കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ് ഗവണ്‍മെന്റ് വേണ്ടെന്ന് വയ്ക്കുന്നത്. നിലവില്‍ കമ്പനികള്‍ അവരുടെ ഓഹരിയുടമകള്‍ക്ക് നല്‍കുന്ന ലാഭവിഹിതത്തിന് 15 ശതമാനം നിരക്കില്‍ ഡിഡിടിയും സര്‍ചാര്‍ജ്ജും സെസ്സും നല്‍കുന്നുണ്ട്. ഊര്‍ജ്ജ മേഖലയിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനായി വൈദ്യുതോല്‍പ്പദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുതിയ ആഭ്യന്തര കമ്പനികള്‍ക്ക് 15 ശതമാനത്തിന്റെ കണ്‍സഷനല്‍ കോര്‍പ്പറേറ്റ് നികുതി നിരക്ക് ബാധകമാക്കാനും ബജറ്റ് ശുപാര്‍ശ ചെയ്യുന്നു. നിര്‍മ്മാണ രംഗത്തിന് കരുത്തേകാനായി ഈ രംഗത്തുള്ള പുതിയ ആഭ്യന്തര കമ്പനികള്‍ക്ക് കണ്‍സഷനല്‍ കോര്‍പ്പറേറ്റ് നികുതിയായ 15 ശതമാനം 2019 സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിരുന്നു. 
വിദേശ ഗവണ്‍മെന്റുകളുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ വഴി നടത്തുന്ന നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി അടിസ്ഥാന വികസനത്തിലും നോട്ടിഫൈ ചെയ്യപ്പെട്ട മറ്റ് മേഖലകളിലും 2024 മാര്‍ച്ച് 31 ന് മുന്‍പായി നിക്ഷേപം നടത്തുന്ന വിദേശ നിക്ഷേപകര്‍ക്ക് പലിശ, ലാഭവിഹിതം, മൂലധന വളര്‍ച്ച തുടങ്ങിയവയിലൂടെ ഉണ്ടാകുന്ന വരുമാനത്തിന് 100 ശതമാനം നികുതി ഇളവ് നല്‍കാന്‍ ബജറ്റ് ശുപാര്‍ശ ചെയ്യുന്നു. മൂന്ന് വര്‍ഷം ഇതിന് കുറഞ്ഞ ലോക്ക് ഇന്‍ കാലാവധി ഉണ്ടാകും. 
സഹകരണ സൊസൈറ്റികള്‍ക്ക് നിലവിലെ 30 ശതമാനം നികുതിക്ക് പകരം ഒരു കിഴിവുകളുമില്ലാതെ 22 ശതമാനം നികുതി(10 ശതമാനം സര്‍ച്ചാര്‍ജും 4 ശതമാനം സെസ്സും പുറമേ) തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ബജറ്റ് ശുപാര്‍ശ ചെയ്യുന്നു. കമ്പനികളെ പോലെ സഹകരണ സൊസൈറ്റികളെയും ഓള്‍ട്ടര്‍നേറ്റ് മിനിമം ടാക്‌സില്‍ നിന്ന് ഒഴിവാക്കണമെന്നും കേന്ദ്രധനമന്ത്രി ശുപാര്‍ശ ചെയ്തു. 
ഭവന വായ്പയുടെ പലിശയ്ക്ക് ഒന്നര ലക്ഷം രൂപയുടെ അധിക ഇളവ് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2020 മാര്‍ച്ച് 31 നോ അതിനു മുന്‍പോ അനുവദിച്ച ഭവന വായ്പകള്‍ക്കായിരുന്നു ഈ ഇളവ് ബാധകം. കൂടുതല്‍ പേര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുന്നതിനായി ലോണ്‍ അനുവദിക്കുന്ന തീയതി ഒരു വര്‍ഷം കൂടി നീട്ടാന്‍ ബജറ്റ് ശുപാര്‍ശ ചെയ്യുന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിന് സര്‍ക്കിള്‍ റേറ്റ് ലിമിറ്റ് 5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഉയര്‍ത്താനും ബജറ്റ് ശുപാര്‍ശ ചെയ്യുന്നു. 
SKY/BSN        



(Release ID: 1601604) Visitor Counter : 146