ധനകാര്യ മന്ത്രാലയം

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഓഡിറ്റിംഗിനായുള്ള വിറ്റുവരവ് പരിധി അഞ്ച് മടങ്ങ് വര്‍ദ്ധിപ്പിച്ച് അഞ്ച് കോടി രൂപയാക്കി ഉയര്‍ത്തി ;

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗണ്യമായ നികുതി ഇളവ്

Posted On: 01 FEB 2020 2:41PM by PIB Thiruvananthpuram

 

സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭക മേഖലയിലെ ചെറുകിട കച്ചവടക്കാര്‍, വ്യാപാരികള്‍, കടക്കാര്‍ എന്നിവരുടെ ബാധ്യത കുറയ്ക്കുന്നതിന്, അവയുടെ ഓഡിറ്റിനായുള്ള വിറ്റുവരവ് പരിധി നിലവിലുള്ള ഒരു കോടി രൂപയില്‍ നിന്ന് അഞ്ച് കോടി രൂപയാക്കി ഉയര്‍ത്താന്‍ ബജറ്റ് നിര്‍ദ്ദേശിക്കുന്നു.
പണം വഴിയുള്ള വ്യാപാര ഇടപാടുകള്‍ അഞ്ചുശതമാനത്തില്‍ താഴെയുള്ള ബിസിനസുകള്‍ക്ക് മാത്രമേ ഉയര്‍ന്ന പരിധി ബാധമാക്കുകയുള്ളൂ എന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി ശ്രീമതി. നിര്‍മല സീതാരാമന്‍ പറഞ്ഞു. നിലവില്‍, ഒരു കോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ള ബിസിനസുകള്‍ക്ക് അവരുടെ അക്കൗണ്ട് വിവരങ്ങള്‍  ഓഡിറ്റിംഗിന് വിധേയമാക്കണം.  
സ്റ്റാര്‍ട്ട്-അപ്പ് മേഖലയ്ക്ക് ഉത്തേജനം നല്‍കുന്നതിന് ജീവനക്കാരുടെ മേലുള്ള നികുതി ചുമത്തല്‍ (ഇ.എസ്.ഒ.പിക്കു മേലുള്ള നികുതി) ലഘൂകരിക്കാന്‍ കേന്ദ്ര ബജറ്റ് നിര്‍ദ്ദേശിച്ചു. അഞ്ച് വര്‍ഷമോ അല്ലെങ്കില്‍ അവര്‍ കമ്പനി വിടുന്നതുവരെയോ അല്ലെങ്കില്‍ അവര്‍ ഓഹരികള്‍ വില്‍ക്കുമ്പോഴോ, ഏതാണോ ആദ്യം വരുന്നത് അതുവരെ നികുതി ചുമത്തല്‍ മാറ്റിവയ്ക്കാനാണ് നിര്‍ദ്ദേശം.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയുടെ എഞ്ചിനുകളായി സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവെന്ന് ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ,  അവയുടെ വളര്‍ച്ചയെ പിന്തുണയ്ക്കാന്‍ഗവണ്‍മെന്റ് നിരവധി നടപടികള്‍ കൈക്കൊണ്ടു. വളരെ പ്രഗത്ഭരായ ജീവനക്കാരെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും സ്റ്റാര്‍ട്ടപ്പുകള്‍ സാധാരണയായി എംപ്ലോയീ സ്റ്റോക്ക് ഓപ്ഷന്‍ പ്ലാന്‍ (ഇസോപ്പ്) ഉപയോഗിക്കുന്നു. ജീവനക്കാര്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ ഒരു പ്രധാന ഘടകമാണ് ഇസോപ്പ്. 
നിലവില്‍ 25കോടി രൂപ വരെ വിറ്റുവരവുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏഴ് അസസ്‌മെന്റ് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായിമൂന്നിലും വിറ്റുവരവ് അതേപടി നിലനിര്‍ത്തിയാല്‍ അവയുടെ ലാഭത്തിന്റെ 100% കിഴിവിന് അര്‍ഹതയുണ്ട്.
നിലവില്‍ ചെറിയ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ലഭിക്കുന്ന ഈ ആനുകൂല്യം വന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടി വ്യാപിപ്പിക്കുന്നതിന്, വിറ്റുവരവ് പരിധി നിലവിലുള്ള 25 കോടിയില്‍ നിന്ന് 100 കോടി രൂപയായി ഉയര്‍ത്താന്‍ ബജറ്റ് നിര്‍ദ്ദേശിച്ചു. പ്രാരംഭ വര്‍ഷങ്ങളില്‍, ഈ കിഴിവ് ലഭിക്കാന്‍  ഒരു സ്റ്റാര്‍ട്ടപ്പിന് മതിയായ ലാഭമുണ്ടായിരിക്കില്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, കിഴിവ് അവകാശപ്പെടുന്നതിനുള്ള യോഗ്യതയുടെ കാലാവധി നിലവിലുള്ള 7 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി നീട്ടാനും ബജറ്റ് നിര്‍ദ്ദേശിക്കുന്നു.
GKMRD



(Release ID: 1601533) Visitor Counter : 54