മന്ത്രിസഭ

പേറ്റന്റ് പ്രോസിക്യൂഷന്‍ ഹൈവേ പദ്ധതിയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

Posted On: 20 NOV 2019 10:46PM by PIB Thiruvananthpuram

പേറ്റന്റ് പ്രൊസിക്യൂഷന്‍ ഹൈവെ പദ്ധതി നടപ്പാക്കാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി.  കണ്‍ട്രോളര്‍ ജനറല്‍ ഓഫ്  പേറ്റന്റ്സ്, ഡിസൈന്‍ ആന്‍ഡ് ട്രേഡ് മാര്‍ക്സ്, ഇന്ത്യയുടെ കീഴിലുള്ള ഇന്ത്യന്‍ പേറ്റന്റ്  ഓഫീസാണ്  (ഐപിഒ) ഈ നിര്‍ദ്ദേശം ഗവണ്‍മെന്റിനു സമര്‍പ്പിച്ചത്. സമാന താല്പര്യങ്ങളുള്ള മറ്റ് പ്രദേശങ്ങളിലെയും രാജ്യങ്ങളിലെയും പേറ്റന്റ് ഓഫീസുകളുമായി യോജിച്ചാണ് ഇതു നടപ്പാക്കുക.


തുടക്കമെന്ന നിലയില്‍ ഇന്ത്യന്‍ പേറ്റന്റ് ഓഫീസും ജപ്പാന്‍ പേറ്റന്റ് ഓഫീസും തമ്മില്‍ മൂന്നു വര്‍ഷത്തേയ്ക്ക് മാത്രമാണ് മാര്‍ഗ്ഗനിര്‍ദ്ദേശാടിസ്ഥാനത്തില്‍ ഇതു നടപ്പിലാക്കുക. ഈ പദ്ധതിയുടെ കീഴില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, വിവരസാങ്കേതിക വിദ്യ, ഫിസിക്സ്, സിവില്‍, മെക്കാനിക്കല്‍, ടെക്സ്‌റ്റൈല്‍, ഓട്ടോമൊബൈല്‍, മെറ്റലര്‍ജി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട അപേക്ഷകള്‍  ഇന്ത്യന്‍ പേറ്റന്റ് ഓഫീസില്‍ സ്വീകരിക്കുമ്പോള്‍  സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ മാത്രമെ ജപ്പാന്‍ പേറ്റന്റ് ഓഫീസ് സ്വീകരിക്കുകയുള്ളു.


ഈ പദ്ധതി വഴി ഇന്ത്യന്‍ പേറ്റന്റ് ഓഫീസിന് താഴെ പറയുന്ന പ്രയോജനങ്ങള്‍ ലഭിക്കും:


1.    പേറ്റന്റ് അപേക്ഷകളിന്മേല്‍ തീരുമാനമെടുക്കാനുള്ള കാലദൈര്‍ഘ്യം കുറയ്ക്കാം
2.    പേറ്റന്റ് അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് കുറയ്ക്കാം
3.    അപേക്ഷകളുടെ പരിശോധന, ഗുണ നിലവാര നിര്‍ണ്ണയം എന്നിവ മെച്ചപ്പെടുത്താം
4.     ഇന്ത്യയിലെ നവസംരംഭക,  സൂക്ഷ്മ- ചെറുകിട-ഇടത്തരം സംരംഭക മേഖലകളില്‍ ഉള്‍പ്പെടെയുള്ള  കണ്ടുപിടുത്തക്കാര്‍ക്ക്  അവരുടെ പേറ്റന്റ് അപേക്ഷകള്‍ ജപ്പാനില്‍ പരിശോധിക്കപ്പെടാനുള്ള അവസരം ലഭിക്കുന്നു.
വാണിജ്യ വ്യവസായ മന്ത്രിയുടെ തീരുമാനപ്രകാരം ഭാവിയില്‍ ഈ പദ്ധതിയുടെ പരിധി വിപുലപ്പെടുത്തിയേക്കാം.  പദ്ധതിയുടെ നടത്തിപ്പിനായി പേറ്റന്റ് ഓഫീസുകള്‍ക്ക് തങ്ങളുടേതായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാവുന്നതാണ്.


MRD



(Release ID: 1592766) Visitor Counter : 121