പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 സംപ്തംബര്‍ 29ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

Posted On: 29 SEP 2019 12:33PM by PIB Thiruvananthpuram

(മനസ്സ് പറയുന്നത് -നാലാം ലക്കം)

എന്റെ പ്രിയപ്പെട്ട ജനങ്ങള്‍ക്കു നമസ്‌കാരം. സുഹൃത്തുക്കളേ, ഇന്നത്തെ മന്‍ കീ ബാത്- ല്‍ രാജ്യത്തെ ഒരു മഹനീയയായ വ്യക്തിയെക്കുറിച്ച് സംസാരിച്ചു തുടങ്ങാം. നാം ഭാരതീയരുടെയെല്ലാം മനസ്സില്‍ ആ വ്യക്തിത്വത്തോട് വളരെ ആദരവുണ്ട്, മമതയുണ്ട്. ആ മഹതിയോട് ആദരവില്ലാത്ത, ബഹുമാനമില്ലാത്ത ഒരു പൗരനും ഭാരതത്തില്‍ ഉണ്ടാകില്ല. പ്രായത്തില്‍ അവര്‍  നമ്മെക്കാള്‍ വളരെ മുതിര്‍ന്നതാണ്, രാജ്യത്തിന്റെ ഓരോരോ ചുവടുവയ്പ്പിനും ഓരോരോ കാലഘട്ടത്തിനും അവര്‍ സാക്ഷിയാണ്. നാം ആ മഹതിയെ ദീദി എന്നു പറയുന്നു, ലതാ ദീദി. ഈ സെപ്റ്റംബര്‍ 28 ന് ലതാ ദീദിക്ക് 90 വയസ്സാവുകയാണ്. വിദേശയാത്രയ്ക്ക് പുറപ്പെടും മുമ്പ് എനിക്ക് ദീദിയുമായി ഫോണില്‍ സംസാരിക്കാനുള്ള സൗഭാഗ്യം ലഭിക്കുകയുണ്ടായി. വളരെ സ്‌നേഹത്തോടെ അനുജന്‍ ചേച്ചിയോടു സംസാരിക്കുന്നതുപോലെ സ്‌നേഹം നിറഞ്ഞ സംഭാഷണമായിരുന്നു അത്. ഞാന്‍ ഇതുപോലുള്ള വ്യക്തിപരമായ സംഭാഷണങ്ങളെക്കുറിച്ച് സാധാരണയായി പറയാറില്ല. എന്നാല്‍ ഇന്ന് നിങ്ങളും ലതാദീദിയുടെ വാക്കുകള്‍ കേള്‍ക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. പ്രായത്തിന്റെ ഈ അവസ്ഥയിലും ലതാദീദി രാജ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും എത്രത്തോളം ആകാംക്ഷയും, താത്പര്യവും വച്ചു പുലര്‍ത്തുന്നുവെന്നും ജീവിതത്തിലെ സന്തോഷവും ഭാരതത്തിന്റെ പുരോഗതിയിലും മാറുന്ന ഭാരതത്തെക്കുറിച്ചും, പുതിയ ഉയരങ്ങള്‍ കീഴടക്കുന്ന ഭാരതത്തിലാണെന്നു കരുതുന്നതും കേള്‍ക്കൂ.
മോദിജി- ലതാദീദി, പ്രണാമം. ഞാന്‍ നരേന്ദ്ര മോദിയാണു സംസാരിക്കുന്നത്.
ലതാജി – പ്രണാമം
മോദിജി – ഞാന്‍ ഫോണ്‍ ചെയ്യാന്‍ വിശേഷാല്‍ കാരണമുണ്ട്. ഇപ്രാവശ്യം ദീദിയുടെ ജന്മദിനത്തില്‍ ഞാന്‍ വിമാനത്തില്‍ യാത്ര ചെയ്യുകയാകും.
ലതാജി – കൊള്ളാം 
മോദിജി – അതുകൊണ്ട് പോകുന്നതിനു മുമ്പേ സംസാരിക്കാം എന്നു കരുതി.
ലതാ ജി – ങാ, പറയൂ.
മോദിജി – ദീദിയുടെ ജന്മദിനം പ്രമാണിച്ച് അനേകാനേകം ശുഭാശംസകള്‍, മുന്‍കൂറായി നേരുന്നു. ദീദിയുടെ ആരോഗ്യം നന്നായിരിക്കട്ടെ, ദീദിയുടെ ആശീര്‍വ്വാദം ഞങ്ങള്‍ക്കെല്ലാം ഉണ്ടായിരിക്കട്ടെ എന്ന പ്രാര്‍ഥനയാണുള്ളത്. അമേരിക്കയിലേക്കു പോകുന്നതിനു മുമ്പുതന്നെ ദീദിയ്ക്ക് പ്രമാണമര്‍പ്പിക്കാനായി ഫോണ്‍ ചെയ്യുകയായിരുന്നു.
ലതാജി – മോദിജിയുടെ ഫോണ്‍ വരും എന്നു കേട്ടപ്പോഴേ വളരെ സന്തോഷം തോന്നി. അങ്ങ് പോയിട്ട് എന്നത്തേക്ക് മടങ്ങിയെത്തും?
മോദിജി – ഞാന്‍ 28 -ാം തീയതി രാത്രി വളരെ വൈകി, 29 ന് രാവിലെയേ എത്തൂ.. അപ്പോഴേക്കും ദീദിയുടെ ജന്മദിനം കഴിഞ്ഞിട്ടുണ്ടാകും.
ലതാജി. – ശരി ശരി. ജന്മദിനം എന്താഘോഷിക്കാനിരിക്കുന്നു. വീട്ടില്‍ത്തന്നെ എല്ലാവരും….
മോദി ജി – നോക്കൂ, എന്നാലും ജന്മദിനം ആഘോഷിക്കാം.
ലതാജി – അങ്ങയുടെ ആശീര്‍വ്വാദമുണ്ടെങ്കില്‍..
മോജിജി – അവിടത്തെ ആശീര്‍വ്വാദം ഞാനാണാഗ്രഹിക്കുന്നത്, അങ്ങ് എന്നെക്കാള്‍ മുതിര്‍ന്നതല്ലേ…
ലതാജി – പ്രായം കൊണ്ട് മുതിര്‍ന്നതാണ്. എന്നാല്‍ ചിലര്‍ തങ്ങളുടെ പ്രവര്‍ത്തികള്‍കൊണ്ട് മുതിര്‍ന്നവരാകുന്നു. അങ്ങനെയുള്ളവരുടെ ആശീര്‍വ്വാദം കിട്ടുകയെന്നത് വലിയ കാര്യമാണ്.
മോദിജി – ദീദീ, അങ്ങ് പ്രായം കൊണ്ടും മുതിര്‍ന്നയാളാണ്, പ്രവര്‍ത്തികൊണ്ടും അങ്ങനെതന്നെ. ദീദി നേടിയിട്ടുള്ള സിദ്ധി, സാധനകൊണ്ടും തപസ്സുകൊണ്ടും നേടിയിട്ടുള്ളതാണ്.
ലതാജി – ഞാന്‍ വിചാരിക്കുന്നത് എന്റെ മാതാപിതാക്കളുടെ ആശീര്‍വ്വാദം കൊണ്ടും ശ്രോതാക്കളുടെ ആശീര്‍വ്വാദം കൊണ്ടുമാണെന്നാണ്. ഞാന്‍ ഒന്നുമല്ല.
മോദിജി – അവിടുത്തെ ഈ വിനയം പുതിയ തലമുറയ്ക്ക് വലിയ പാഠമാണ്. ദീദി ജീവിതത്തില്‍ ഇത്രയെല്ലാം നേടിയിട്ടും അവിടത്തെ മാതാപിതാക്കളുടെ സംസ്‌കാരത്തിനും അവരോടുള്ള വിനയത്തിനും എന്നും പ്രാമുഖ്യം നല്കിയിട്ടുണ്ടെന്നത് എല്ലാവര്‍ക്കും പ്രചോദനമാണ്.
 ലതാജി-ങാ.
മോദിജി – അമ്മ ഗുജറാത്തിയായിരുന്നു എന്ന് ലതാജി അഭിമാനത്തോടെ പറയുമ്പോള്‍ എനിക്കു സന്തോഷമുണ്ട്. 
ലതാജി -ങാ
മോദിജി – ഞാന്‍ ലതാജിയുടെ അടുത്തു വന്നപ്പോഴൊക്കെ എനിക്ക് ഗുജറാത്തി ഭക്ഷണം എന്തെങ്കിലും കഴിക്കാന്‍ തന്നിട്ടുണ്ട്.
ലതാജി – അതെ… താങ്കള്‍ എന്താണെന്ന് അങ്ങയ്ക്കുതന്നെ അറിയില്ല. അങ്ങ് വന്നതോടെ ഭാരതത്തിന്റെ ചിത്രംതന്നെ മാറിക്കൊണ്ടിരിക്കുന്നു എന്നെനിക്കറിയാം. അതാണ് എനിക്ക് വലിയ സന്തോഷം തരുന്നത്. വളരെ നന്നായി എന്നു തോന്നാറുണ്ട്.
മോദിജി – മതി ലതാദീദി. ദീദിയുടെ ആശീര്‍വാദം എന്നുമുണ്ടാകട്ടെ. രാജ്യത്തിന്റെ മേലും അവിടത്തെ ആശീര്‍വ്വാദമുണ്ടായിരിക്കട്ടെ, ഞങ്ങളെപ്പോലെ ചിലര്‍ക്ക് എന്തെങ്കിലും നല്ലതു ചെയ്യാനവസരമുണ്ടാകട്ടെ. അങ്ങ് എനിക്ക് എന്നും പ്രേരണയേകിയിട്ടുണ്ട്. ദീദിയുടെ കത്തും എനിക്കും കിട്ടാറുണ്ട്, ചില ഉപഹാരങ്ങളും കിട്ടാറുണ്ട്. ഈ സ്‌നേഹം, കുടുംബാഗത്തോടെന്നപോലുള്ള ഈ ബന്ധത്തിന്റെ വിശേഷാല്‍ സന്തോഷം എനിക്കുണ്ട്.
ലതാജി – ങാ… എനിക്ക് മോദിജിയെ ബുദ്ധിമുട്ടിക്കണമെന്നില്ല. കാരണം അങ്ങ് എത്ര തിരക്കിലാണെന്നും അങ്ങയ്ക്ക് എന്തെല്ലാം ജോലിയുണ്ടാകാമെന്നും എന്തെല്ലാം ആലോചിക്കേണ്ടതുണ്ടെന്നും എനിക്കറിയാം. അങ്ങ് പോയി അങ്ങയുടെ അമ്മയുടെ കാല്‍തൊട്ടു വണങ്ങി വന്നതു കണ്ടപ്പോള്‍ ഞാനും ഒരാളെ അവിടേക്കു വിട്ട് അമ്മയുടെ ആശീര്‍വ്വാദം വാങ്ങി.
മോദിജി – ഉവ്വ്.. അമ്മയക്ക് ഓര്‍മ്മയുണ്ടായിരുന്നു, എന്നോടു പറയുകയുണ്ടായി.
ലതാജി – അതെയോ
മോദിജി – അതെ
ലതാജി – ടെലിഫോണില്‍ അമ്മ എന്നെ ആശീര്‍വ്വദിച്ചപ്പോള്‍ എനിക്കും വളരെ സന്തോഷം തോന്നി.
മോദിജി – ദീദിയുടെ ഈ സ്‌നേഹത്തില്‍ അമ്മയ്ക്കു വളരെ സന്തോഷമായി.
ലതാജി – ഉവ്വ്.
മോദിജി – ദീദി എപ്പോഴും എന്നെക്കുറിച്ച് മനസ്സിലോര്‍ക്കുന്നുവെന്നതില്‍ എനിക്ക് വളരെ നന്ദിയുണ്ട്. ഒരിക്കല്‍ കൂടി ഞാന്‍ ജന്മദിനാശംസകള്‍ നേരുന്നു.
ലതാജി – ങാ..
മോദിജി – ഇപ്രാവശ്യം മുംബൈയില്‍ വന്നപ്പോള്‍ വന്നു കണ്ടാല്‍ കൊള്ളാമെന്നുണ്ടായിരുന്നു.
ലതാജി – തീര്‍ച്ചയായും
മോദിജി – എന്നാല്‍ സമയം തീരെ ഇല്ലാഞ്ഞതുകൊണ്ട് വരാന്‍ സാധിച്ചില്ല.
ലതാജി – ങാ…
മോദിജി – എങ്കിലും ഞാന്‍ വൈകാതെ വരും.
ലതാജി – ആകട്ടെ.
മോദിജി – വീട്ടില്‍ വന്ന് ദീദിയുടെ കൈയില്‍ നിന്ന് എന്തെങ്കിലും ഗുജറാത്തി ഭക്ഷണം കഴിക്കണം.
ലതാജി – തീര്‍ച്ചയായും തീര്‍ച്ചയായും. അത് ഞാന്‍ സൗഭാഗ്യമായി കരുതും.
മോദിജി – പ്രണാമം ദീദീ.
ലതാ ജി – പ്രണാമം.
മോദിജി – ദീദിക്ക് ശുഭാശംസകള്‍
ലതാജി – നമസ്‌തേ നമസ്‌തേ..
മോദിജി -നമസ്‌തേ.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, നവരാത്രിക്കൊപ്പം ഇന്നുമുതല്‍ ആഘോഷങ്ങളുടെ കാലം ഒരിക്കല്‍കൂടി പുതിയ ഉത്സാഹത്തോടും പുതിയ ഊര്‍ജ്ജത്തോടും പുതിയ ആവേശത്തോടും പുതിയ നിശ്ചയങ്ങളോടും കൂടി എത്തുകയായി. ആഘോഷങ്ങളുടെ കാലമല്ലേ… ഇനി ആഴ്ചകളോളം രാജ്യമെങ്ങും ഉത്സവങ്ങളുടെ ശോഭ നിറഞ്ഞനില്ക്കും. നാമെല്ലാം നവരാത്രി, ഗര്‍ബാ, ദുര്‍ഗ്ഗാ പൂജ, ദസറാ, ദീപാവലി, ഭൈയാ ദൂജ്, ഛഠ് പൂജ,  തുടങ്ങി എണ്ണിയാല്‍ത്തീരാത്ത ഉത്സവങ്ങള്‍ ആഘോഷിക്കും. നിങ്ങള്‍ക്കേവര്‍ക്കും വരാന്‍ പോകുന്ന ഉത്സവങ്ങളുടെ അനേകാനേകം ശുഭാശംസകള്‍. ഉത്സവവേളകളില്‍ കുടുംബത്തിലെ എല്ലാവരും ഒരുമിച്ചു ചേരും. വീട് സന്തോഷം കൊണ്ടു നിറയും. എന്നാല്‍ നമ്മുടെ ചുറ്റുപാടും ഈ ഉത്സവങ്ങളുടെ സന്തോഷം  ഇല്ലാത്ത അനേകം പേര്‍ ഉണ്ടെന്നു നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഇതിനെയാണ് വിളക്കിന്‍ ചുവട്ടിലെ ഇരുട്ട് എന്നു പറയുക. ഒരുപക്ഷേ, ഈ ചൊല്ലില്‍ വെറും വാക്കുകള്‍ മാത്രമല്ല ഉള്ളത്, നമുക്കേവര്‍ക്കുമുള്ള ഒരു ആജ്ഞയാണ്, ഒരു ദര്‍ശനമാണ്, ഒരു പ്രേരണയാണ്. ഒരു വശത്ത് കുറെ വീടുകള്‍ പ്രകാശപൂരിതമാകുമ്പോള്‍ മറുവശത്ത് അവയുടെ മുന്നില്‍ അടുത്തുള്ള കുറെ വിടുകളില്‍ ഇരുള്‍ മൂടിക്കിടക്കുന്നത് ആലോചിച്ചു നോക്കൂ. ചില വീടുകളില്‍ മധുരപലഹാരങ്ങള്‍ ചീത്തയായി പോകുന്ന നേരത്ത് ചില വീടുകളില്‍ കുട്ടികള്‍ മധുരപലഹാരങ്ങള്‍ക്കായി കൊതിക്കുയാകും. ചിലയിടത്ത് അലമാരകളില്‍ വസ്ത്രങ്ങള്‍ വയ്ക്കാന്‍ സ്ഥലമുണ്ടാവില്ല, ചിലയിടത്ത് ശരീരം മറയ്ക്കാനുള്ള അധ്വാനമാകും നടക്കുന്നത്. ഇതിനെ എന്താ വിളക്കിന്‍ ചുവട്ടിലെ ഇരുട്ടെന്നു പറയാനാവില്ലേ. – ഇതുതന്നെയാണ് വിളക്കിന്‍ ചുവട്ടിലെ ഇരുട്ട്. ഈ ഇരുട്ട് ഇല്ലാതാകുമ്പോള്‍, ഇത് കുറഞ്ഞുകുറഞ്ഞ് പ്രകാശം പരക്കുമ്പോഴാണ് ഈ ഉത്സവങ്ങളുടെ യഥാര്‍ഥ സന്തോഷമുണ്ടാകുന്നത്. നമുക്ക് ഇല്ലാത്തിടത്തേക്കും സന്തോഷം പങ്കുവയ്ക്കാം, ഇത് നമ്മുടെ സ്വഭാവമാക്കാം. നമ്മുടെ വീടുകളില്‍ മധുരപലഹാരങ്ങളുടെ, വസ്ത്രങ്ങളുടെ, ഉപഹാരങ്ങളുടെ പൊതിക്കെട്ടുകള്‍ അഴിക്കുമ്പോള്‍ ഒരു നിമിഷത്തേക്ക് പൊതിഞ്ഞു കൊടുക്കുന്നതിനെക്കുറിച്ചും ചിന്തിക്കാം. കുറഞ്ഞത് നമ്മുടെ വീടുകളില്‍ അധികമായുള്ളത്, നാം ഉപയോഗിക്കാത്തത് പൊതിഞ്ഞ് പുറത്ത് കൊടുക്കുക തന്നെ വേണം. പല നഗരങ്ങളിലും പല സര്‍ക്കാരേതര സംഘടനകളുടെയും യുവാക്കളുടെ സ്റ്റാര്‍ട്ടപ്പുകള്‍ ഇതു ചെയ്യുന്നുണ്ട്. അവര്‍ ആളുകളുടെ വീടുകളില്‍ നിന്നും വസ്ത്രങ്ങളും മധുരപലഹാരങ്ങളും, ആഹാരങ്ങളും ഒക്കെ സംഭരിച്ച് ആവശ്യക്കാരെ അന്വേഷിച്ചു കണ്ടെത്തി, അവര്‍ക്ക് എത്തിച്ചുകൊടുക്കുന്നു. അതും അഞ്ജാതമായി. ഇപ്രാവശ്യം, ഉത്സവങ്ങളുടെ ഈ സീസണില്‍ തികഞ്ഞ ഉണര്‍വ്വോടും നിശ്ചയത്തോടും കൂടി വിളക്കിന്‍ ചുവട്ടിലെ ഇരുട്ടകറ്റാന്‍ ശ്രമിക്കാമോ? പല ദരിദ്ര കുടുംബങ്ങളുടെയും മുഖത്തെ പുഞ്ചിരി, ഉത്സവവേളകളില്‍ നിങ്ങളുടെ സന്തോഷത്തെ ഇരട്ടിപ്പിക്കും, നിങ്ങളുടെ മുഖം കൂടുതല്‍ തിളങ്ങും, നിങ്ങളുടെ ദീപം കൂടുതല്‍ പ്രകാശമാനമാകും, നിങ്ങളുടെ ദീപാവലി കൂടുതല്‍ തിളക്കമുള്ളതാകും.
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ദീപാവലി വേളയില്‍ സൗഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും രൂപത്തില്‍ വീടുവീടാന്തരം ലക്ഷ്മി എത്തുകയായി. പരമ്പരാഗതമായ രീതിയില്‍ ലക്ഷ്മി സ്വാഗതം ചെയ്യപ്പെടുന്നു. നമുക്ക് ഇപ്രാവശ്യം പുതിയ രീതിയില്‍ ലക്ഷ്മിയെ സ്വാഗതം ചെയ്യാനാകുമോ?     നമ്മുടെ സംസ്‌കാരത്തില്‍ പുത്രിമാരെയാണ് ലക്ഷ്മിയായി കണക്കാക്കുന്നത്, കാരണം പുത്രിമാര്‍ സൗഭാഗ്യവും സമൃദ്ധിയും കൊണ്ടുവരുന്നു. ഇപ്രാവശ്യം നമുക്ക് സമൂഹത്തില്‍, ഗ്രാമങ്ങളില്‍, നഗരങ്ങളില്‍ പുത്രിമാരെ ആദരിക്കുന്ന പരിപാടി സംഘടിപ്പിക്കാനാവുമോ? പൊതു പരിപാടിയായി അതു ചെയ്യാമോ? സ്വന്തം അധ്വാനം കൊണ്ടും സമര്‍പ്പണം കൊണ്ടും, ബുദ്ധിവൈഭവം കൊണ്ടും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും പേര് തിളക്കമുള്ളതാക്കുന്ന പല പുത്രിമാരും നമ്മുടെ ഇടയിലുണ്ടാകും. ഈ ദീപാവലിയുടെ അവസരത്തില്‍ ഭാരതത്തിലെ ഈ ലക്ഷ്മിമാരെ ആദരിക്കുന്ന പരിപാടി സംഘടിപ്പിക്കാമോ? നമ്മുടെ അടുത്തൊക്കെ അസാധാരണ കാര്യങ്ങള്‍ ചെയ്യുന്ന അനേകം പുത്രിമാര്‍, പുത്രവധുക്കളുണ്ടാകും. ചിലര്‍ മാലിന്യനിര്‍മ്മാര്‍ജ്ജനവുമായി ആരോഗ്യപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവത്കരിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാകും, ചിലര്‍ ഡോക്ടര്‍മാരായും എഞ്ചിനീയര്‍മാരായും സമൂഹത്തിനു സേവനമേകുന്നവരാകും. വക്കീലായി പലര്‍ക്കും നീതി നേടിക്കൊടുക്കാന്‍ ശ്രമിക്കുന്നവരാകും. നമ്മുടെ സമൂഹം ഇങ്ങനെയുള്ള പുത്രിമാരെ തിരിച്ചറിഞ്ഞ്, അവരെ ആദരിക്കണം, അവരുടെ പേരില്‍ അഭിമാനംകൊള്ളണം. അവരെ ആദരിക്കുന്ന കാര്യപരിപാടികള്‍ രാജ്യമെങ്ങും നടക്കട്ടെ. ഒരു കാര്യം കൂടി ചെയ്യാം, ഈ പുത്രിമാരുടെ നേട്ടങ്ങളെക്കുറിച്ച്, സാമൂഹ്യമാധ്യമങ്ങളില്‍ കൂടുതല്‍ കൂതല്‍ ഷെയറുകള്‍ ചെയ്ത്, ഭാരത് കീ ലക്ഷ്മി #bharatkilaxmi എന്ന ഹാഷ്ടാഗിന് പ്രചാരം കൊടുക്കാം. നമ്മളെല്ലാവരും ചേര്‍ന്ന് 'Selfie with daughter' എന്ന മഹാ ജനമുന്നേറ്റം നടത്തിയത് ലോകമെങ്ങും പ്രചരിച്ചതുപോലെ ഇതും പ്രചരിപ്പിക്കാം. അതേപോലെ ഇപ്രാവശ്യം ഭാരത് കീ ലക്ഷ്മി എന്ന ജനമുന്നേറ്റം സംഘടിപ്പിക്കാം. ഭാരതത്തിന്റെ ലക്ഷ്മിയെ പ്രോത്സാഹിപ്പിക്കുകയെന്നാല്‍ രാജ്യത്തിന്റെയും രാജ്യത്തെ ജനങ്ങളുടെയും സമൃദ്ധിയിലേക്കുള്ള വഴി ശക്തമാക്കുക എന്നതാണ്. 
പ്രിയപ്പെട്ട ജനങ്ങളേ, ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്, മന്‍ കീ ബാത് പരിപാടിയിലൂടെ എനിക്ക് അറിയുന്നവരും അറിയാത്തവരുമായ പല ജനങ്ങളുമായി പ്രത്യക്ഷമായും പരോക്ഷമായും സംവദിക്കാനുള്ള സൗഭാഗ്യം ലഭ്യമാകുന്നു. കഴിഞ്ഞ ദിവസം എത്രയോ അകലെയുള്ള അരുണാചലില്‍ നിന്ന് ഒരു വിദ്യാര്‍ഥി, അലീനാ തായംഗ് എനിക്ക് വളരെ രസകരമായ ഒരു കത്തയച്ചു. കത്തില്‍ എന്താണ്  എഴുതിയിരുന്നതെന്ന് ഞാന്‍ നിങ്ങളെ വായിച്ചു കേള്‍പ്പിക്കാം – 
എന്റെ പേര് അലീനാ തായംഗ് എന്നാണ്. എന്റെ സ്വദേശം അരുണാചല്‍ പ്രദേശിലെ രോഇംഗ് ആണ്. ഇപ്രാവശ്യം എന്റെ പരീക്ഷാഫലം വന്നപ്പോള്‍ ആളുകള്‍ എന്നോട് ഞാന്‍ എക്‌സാം വാരിയേഴ്‌സ് എന്ന പുസ്തകം വായിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു, ഇല്ല, ആ പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. എന്നാല്‍ തുടര്‍ന്ന് ഞാന്‍ ആ പുസ്തകം വാങ്ങുകയും രണ്ടുമൂന്നു പ്രാവശ്യം വായിക്കുകയും ചെയ്തു. അതിനുശേഷം എന്റെ അനുഭവം വളരെ മികച്ചതായിരുന്നു. ഞാന്‍ ആ പുസ്തകം പരീക്ഷയ്ക്കു മുമ്പു വായിച്ചിരുന്നെങ്കില്‍ വളരെ നന്നായിരുന്നേനെ എന്നെനിക്കു തോന്നി. ഈ പുസ്തകത്തിലെ പല കാര്യങ്ങളും എനിക്കു വളരെ നന്നായി തോന്നി. എങ്കിലും ഒരു കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടു. ഇതില്‍ വിദ്യാര്‍ഥികള്‍ക്കായി വളരെയധികം ഉപദേശങ്ങളുണ്ട്, എന്നാല്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി അധികമൊന്നുമില്ല. അങ്ങ് പുസ്തകത്തിന്റെ പുതിയ പതിപ്പിനെക്കുറിച്ച് ആലോചിക്കുന്നെങ്കില്‍ അതില്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി കുറച്ചുകൂടി ഉപദേശങ്ങള്‍, കുറച്ചുകൂടി കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം എന്നാണ് എന്റെ അഭ്യര്‍ഥന.
നോക്കൂ. രാജ്യത്തിന്റെ പ്രധാനസേവകനോട് എന്തെങ്കിലുമൊന്നു പറഞ്ഞാല്‍ അത് നടക്കുമെന്ന് രാജ്യത്തെ യുവ സുഹൃത്തുക്കള്‍ക്കും തോന്നുന്നുണ്ട്.
എന്റെ കൊച്ചു കൂട്ടുകാരീ, കത്തെഴുതിയതിന് ആദ്യമേ നന്ദി പറയട്ടെ. എക്‌സാം വരിയേഴ്‌സ് രണ്ടുമൂന്നു പ്രാവശ്യം വായിച്ചതിന് നന്ദി. വായിച്ചപ്പോള്‍ അതിന് എന്താണ് കുറവ് എന്നത് എന്നോടു പറഞ്ഞതിനു വളരെയധികം നന്ദി. അതോടൊപ്പം ഈ കൊച്ചു കൂട്ടുകാരി എനിക്കൊരു ജോലികൂടി നല്‍കിയിരിക്കയാണ്. തീര്‍ച്ചയായും ഈ ആജ്ഞ ഞാന്‍ അനുസരിക്കും. പുതിയ പതിപ്പ് പ്രസിദ്ധീകരിക്കാനായാല്‍ അതില്‍ ഞാന്‍ മതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി ചില കാര്യങ്ങള്‍ എഴുതാന്‍ ശ്രമിക്കും. എന്നാല്‍ നിങ്ങള്‍ക്ക് എന്നെ സഹായിക്കാനാകുമോ എന്നൊരു അഭ്യര്‍ഥന എനിക്കുണ്ട്. ദൈനംദിന ജീവിതത്തില്‍ നിങ്ങളുടെ അനുഭവങ്ങളെന്താണ്? നിങ്ങള്‍ മാനസിക സമ്മര്‍ദ്ദമില്ലാത്ത പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, നിങ്ങളുടെ അനുഭവങ്ങള്‍ എന്നോടു പറയൂ എന്ന് രാജ്യത്തെ എല്ലാ വിദ്യാര്‍ഥികളോടും, അധ്യാപകരോടും മാതാപിതാക്കളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഞാനതെല്ലാം തീര്‍ച്ചയായും വായിക്കാം. അതെക്കുറിച്ചു ചിന്തിക്കുകയും അതില്‍ എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ എന്റെ വാക്കുകളില്‍, എന്റെതായ രീതിയില്‍ എഴുതാന്‍ തീര്‍ച്ചയായും ശ്രമിക്കാം. നിങ്ങളുടെ വളരെയധികം നിര്‍ദ്ദേശങ്ങള്‍ കിട്ടുകയാണെങ്കില്‍ പുതിയ പതിപ്പിന്റെ കാര്യവും ഉറപ്പാകും. നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി ഞാന്‍ കാക്കും. അരുണാചലിലെ ഈ കൊച്ചു കൂട്ടുകാരി, വിദ്യാര്‍ഥി അലീനാ തായംഗിനോട് ഒരിക്കല്‍ കൂടി ഞാന്‍ നന്ദി വ്യക്തമാക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങള്‍ പത്രങ്ങളിലൂടെ, ടിവിയിലൂടെ രാജ്യത്തെ പ്രധാനമന്ത്രിയുടെ തിരക്കിട്ട പരിപാടികളെക്കുറിച്ച് അറിയുന്നുണ്ട്, അതെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുമുണ്ട്. എന്നാല്‍ ഞാനും നിങ്ങളെപ്പോലെതന്നെ ഒരു സാധാരണ മനുഷ്യനാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഒരു സാധാരണ പൗരനാണ്. അതുകൊണ്ട് ഓരോ കാര്യങ്ങള്‍ ഒരു സാധാരണ ജീവിതത്തെ സ്വാധീനിക്കുന്നതുപോലെ എന്റെ ജീവിതവും സ്വാധീനിക്കപ്പെടുന്നു. കാരണം ഞാനും നിങ്ങളില്‍ ഒരാളല്ലേ. നോക്കൂ. ഇപ്രാവശ്യം യുഎസ് ഓപണില്‍ വിജയത്തെക്കുറിച്ചു ചര്‍ച്ച ചെയ്‌പ്പെട്ടതുപോലെ തന്നെ റണ്ണര്‍ അപ് ഡാനീല്‍ മെഡ്വേഡെവ് ന്റെ പ്രസംഗത്തെക്കുറിച്ചും ചര്‍ച്ച ചെയ്യപ്പെട്ടു, സാമൂഹ്യമാധ്യമങ്ങളിലും നല്ല പ്രചാരം കിട്ടുന്നുണ്ടായിരുന്നു. ഞാനും ആ പ്രസംഗംകേട്ടു, കളി കാണുകയും ചെയ്തു. 23 വര്‍ഷം  പ്രായമുള്ള ഡാനില്‍ മാഡ്വേഡേവ് ന്റെ ലാളിത്യവും അദ്ദേഹത്തിന്റെ പക്വതയും എല്ലാവരെയും ആകര്‍ഷിക്കുന്നതായിരുന്നു. തീര്‍ച്ചയായും എന്നെയും അത് ആകര്‍ഷിച്ചു. ഈ പ്രസംഗത്തിനു അല്പസമയം മുമ്പാണ് അദ്ദേഹം 19 പ്രാവശ്യം ഗ്രാന്റ് സ്ലാം ജേതാവും ടെന്നിസിലെ ഇതിഹാസപുരുഷനുമായ റാഫേല്‍ നാദാലിനോട് ഫൈനലില്‍ പരാജയപ്പെട്ടത്. ഈ അവസരത്തില്‍ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഉദാസീനനും നിരാശനുമായി മാറുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മുഖം വാടിയില്ല, മറിച്ച് അദ്ദേഹം സ്വന്തം വാക്കുകളിലൂടെ എല്ലാവരുടെയും മുഖത്ത് പുഞ്ചിരി കൊണ്ടുവന്നു. അദ്ദേഹത്തിന്റെ വിനയവും, ലാളിത്യവും ശരിയായ അര്‍ഥത്തില്‍, അക്ഷരാര്‍ഥത്തില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും കാണാനായത് എല്ലാവരുടെയും മനം കുളിര്‍പ്പിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ അവിടെയുണ്ടായിരുന്ന കാഴ്ചക്കാര്‍ ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്തു.  ഡാനില്‍ ചാമ്പ്യനായ നാദാലിനെയും വളരെയധികം പ്രശംസിച്ചു. നാദാല്‍ എങ്ങനെയാണ് ലക്ഷക്കണക്കിന് യുവാക്കളെ ടെന്നിസ് കളിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോടു കളിക്കാന്‍ എത്ര പ്രയാസമായിരുന്നു എന്നും പറഞ്ഞു. കടുത്ത മത്സരത്തില്‍ പരാജയപ്പെട്ടശേഷവും അദ്ദേഹം പ്രതിയോഗിയായിരുന്ന നാദാലിനെ പ്രശംസിച്ചുകൊണ്ട് സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റിന്റെ ജീവിക്കുന്ന ഉദാഹരണം കാട്ടിത്തന്നു. മറുവശത്ത് ചാമ്പന്യനായ നാദാലും ഡാനിലിന്റെ കളിയെ വളരെയധികം പ്രശംസിച്ചു. ഒരേയൊരു കളിയില്‍ പരാജയപ്പെട്ട ആളിന്റെ ഉത്സാഹവും വിജയിയുടെ വിനയവും കാണേണ്ടതുതന്നെയായിരുന്നു. നിങ്ങള്‍ ഡാനില്‍ മെഡ്വേഡേവിന്റെ വാക്കുകള്‍ കേട്ടില്ലെങ്കില്‍ നിങ്ങളേവരോടും, വിശേഷിച്ച് യുവാക്കളോട് എനിക്കു പറയാനുള്ളത് ആ വീഡിയോ തീര്‍ച്ചയായും കാണണമെന്നാണ്. അതില്‍ എല്ലാ വിഭാഗത്തിലും പെട്ട, എല്ലാ പ്രായത്തിലും പെട്ട ആളുകള്‍ക്ക് പഠിക്കാന്‍ വളരെയുണ്ട്. ജയപരാജയങ്ങള്‍ക്കപ്പുറമുള്ള മഹത്തായ നിമിഷങ്ങളാണത്. ജയപരാജയങ്ങള്‍ വലിയ കാര്യമല്ല. ജീവിതവിജയമാണ് വേണ്ടത്. നമ്മുടെ നാട്ടിലെ ശാസ്ത്രങ്ങളില്‍ ഇത് വളരെ ഭംഗിയായ രീതിയില്‍ പറഞ്ഞിട്ടുണ്ട്. നമ്മുടെ പൂര്‍വ്വികരുടെ ചിന്താഗതി തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്. ശാസ്തങ്ങളില്‍ പറഞ്ഞിരിക്കുന്നു : 
വിദ്യാ വിനയ ഉപേതാ ഹരതി
ന ചേതാംസി കസ്യ മനുജസ്യ
മണി കാഞ്ചന സംയോഗഃ
ജനയതി ലോകസ്യ ലോചനാനന്ദം
അതായത് ഒരു വ്യക്തിയില്‍ യോഗ്യതയും വിനയവും ഒരുമിച്ചുണ്ടായാല്‍ ആരുടെ മനസ്സിനെയാണ് വിജയിക്കാനാകാത്തത്. വാസ്തവത്തില്‍ ഈ യുവവായ കളിക്കാരന്‍ ലോകമെങ്ങുമുള്ള ആളുകളുടെ മനസ്സനെയാണ് കീഴടക്കിയത്.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, വിശേഷിച്ചും യുവ സുഹൃത്തുക്കളേ, ഞാന്‍ ഇനി പറയാന്‍ പോകുന്ന കാര്യം നേരിട്ട് നിങ്ങളുടെ നന്മയ്ക്കു വേണ്ടിയാണ്. വാദവിവാദങ്ങളൊക്കെ നടക്കും, പക്ഷവും എതിര്‍പക്ഷവുമൊക്കെയുണ്ടാകും, എന്നാല്‍ ചില കാര്യങ്ങള്‍ വളര്‍ന്നു വലുതാകുന്നതിനു മുമ്പുതന്നെ തടയാനായാല്‍ വലിയ നേട്ടമുണ്ടാകും. വളരെ വലുതായിക്കഴിഞ്ഞാല്‍, വളരെ വ്യാപകമായിക്കഴിഞ്ഞാല്‍ ചില കാര്യങ്ങള്‍ തടയാന്‍ വളരെ പ്രയാസമാണ്. എന്നാല്‍ തുടക്കത്തില്‍തന്നെ നാം വളരെ ജാഗ്രതയോടെ അത് തടഞ്ഞാല്‍ പലതും കാത്തുരക്ഷിക്കാനാകും. ഈ വിചാരത്തോടെ, ഇന്ന് വിശേഷിച്ചും യുവാക്കളോടു ചിലതു പറയണമെന്ന് എന്റെ മനസ്സു പറയുന്നു. പുകയിലയുടെ ലഹരി ആരോഗ്യത്തിന് വളരെ ഹാനികരമാണെന്ന് നമുക്കെല്ലാമറിയാം. അതിനോടുള്ള ശീലം ഉപേക്ഷിക്കാനും വളരെ പ്രയാസമായിത്തീരുന്നു. പുകയില തിന്നുന്നവര്‍ക്ക് കാന്‍സര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത വളരെയധികം വര്‍ധിക്കുന്നുവെന്ന് എല്ലാവരും പറയുന്നു. പുകയിലയുടെ ലഹരി ഒഴിവാക്കാനാകാത്ത ശീലമാകുന്നത് അതിലെ നികോട്ടിന്‍ കാരണമാണ്. കുട്ടിക്കാലത്ത് ഇത് തിന്നുന്നത് തലച്ചോറിന്റെ വളര്‍ച്ചയെത്തന്നെ ബാധിക്കുന്നു. എന്നാല്‍ ഇന്നു ഞാന്‍ നിങ്ങളോട് ഒരു പുതിയ വിഷയത്തെക്കുറിച്ചാണ് പറയാനാഗ്രഹിക്കുന്നത്. ഭാരതത്തില്‍ ഈ അടുത്ത കാലത്ത് ഇ- സിഗരറ്റ് നിരോധിക്കപ്പെട്ടു എന്ന് നിങ്ങള്‍ക്കറിയാമായിരിക്കും. സാധാരണ സിഗരറ്റില്‍ നിന്ന് വ്യത്യസ്തമായി ഇ- സിഗരറ്റ് ഒരു തരത്തില്‍ ഇലക്‌ട്രോണിക് ഉപകണമാണ്. ഇ-സിഗരറ്റില്‍ നിക്കോട്ടിനടങ്ങിയ തരളപദാര്‍ഥം ചൂടാകുമ്പോള്‍ ഒരു തരത്തിലുള്ള രസായനിക (കെമിക്കല്‍) പുക രൂപപ്പെടുന്നു. ഇതിലൂടെ നിക്കോട്ടിനാണ് ഉള്ളിലേക്കു ചെല്ലുന്നത്. സാധാരണ സിഗരറ്റിന്റെ അപകടം നമുക്ക് നന്നായി അറിയാം. എന്നാല്‍ ഇ സിഗരറ്റിന്റെ കാര്യത്തില്‍ തെറ്റിദ്ധാരണയാണ് പരന്നിട്ടുള്ളത്. ഇ-സിഗരറ്റുകൊണ്ട് അപകടമൊന്നുമില്ലെന്ന തെറ്റിദ്ധാരയുണ്ട്. മറ്റു സിഗരറ്റിനെപ്പോലെ ഇതില്‍ നിന്ന് ദുര്‍ഗന്ധം പരക്കാതിരിക്കാന്‍ ഇതില്‍ സുഗന്ധം പരത്തുന്ന കെമിക്കല്‍ ചേര്‍ക്കുന്നു. വീട്ടില്‍ പിതാവ് ചെയിന്‍ സ്‌മോക്കറാണെങ്കില്‍പോലും വീട്ടിലെ മറ്റുള്ളവര്‍ പുക വലിക്കുന്നത് തടയാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്നു കണ്ടിട്ടുണ്ട്. മക്കള്‍ക്ക് സിഗരറ്റും ബീഡിയും വലിക്കുന്ന ശീലമുണ്ടാകരുത് എന്നാഗ്രഹിക്കുന്നു. വീട്ടിലെ ഒരംഗവും സിഗരറ്റ് വലിക്കരുതെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. പുകവലികൊണ്ടും പുകയില കൊണ്ടും ശരീരത്തിന് വലിയ ഹാനിയുണ്ടാകുന്നു എന്ന് അദ്ദേഹത്തിന് അറിയാം. സിഗരറ്റിന്റെ അപകടത്തെക്കുറിച്ച് ഒരു തരത്തിലുമുള്ള തെറ്റിദ്ധാരണയുമില്ല. അത് ഹാനികരമാണ്. ഇത് വില്ക്കുന്നവര്‍ക്കും ഇതറിയാം. പുകവലിക്കുന്നവര്‍ക്കുമറിയാം, കാണുന്നവര്‍ക്കുമറിയാം. എന്നാല്‍ ഇ-സിഗരറ്റിന്റെ കാര്യം തീര്‍ത്തും ഭിന്നമാണ്. ഇ-സിഗരറ്റിന്റെ കാര്യത്തില്‍ ആളുകള്‍ക്ക് ഇത്രത്തോളം അറിവില്ല. ഇതിന്റെ അപകടത്തെക്കുറിച്ചും തീര്‍ത്തും അജ്ഞരാണ്. അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ വെറും കൗതുകവസ്തുവെന്നപോലെ ഇ-സിഗരറ്റിന് വീട്ടിലേക്ക് പ്രവേശനം ലഭിക്കുന്നു. കണ്ടോളൂ മാജിക്ക് എന്നപോലെയും കുട്ടികള്‍ ഇത് പരസ്പരം കാട്ടിക്കൊടുക്കുന്നു. വീട്ടില്‍ അച്ഛനമമ്മമാരുടെ മുന്നിലും നോക്കൂ, ഇന്ന് ഞാനൊരു മാജിക്ക് കാണിക്കാം, കണ്ടോളൂ എന്റെ വായില്‍നിന്ന് പുക ഉയരുന്നത്. നോക്കൂ തീ കത്തിക്കാതെ, തീപ്പെട്ടിയുരയ്ക്കാതെ കണ്ടോളൂ ഞാന്‍ പുക വരുത്തുന്നത് എന്ന് മാജിക്ക് കാട്ടുംപോലെ കാണിക്കും. കുടുംബത്തിലുള്ളവര്‍ കൈയടിക്കുകയും ചെയ്യും. കാര്യം മനസ്സിലാക്കുകയേ ഇല്ല. വീട്ടിലെ കുട്ടികളോ യുവാക്കളോ ഒരിക്കല്‍ ഇതിന്റെ പിടിയില്‍ പെട്ടാല്‍ പിന്നെ സാവധാനം ഈ ലഹരി അവര്‍ക്കൊരു ശീലമായി മാറുന്നു. ഈ ദുഃശ്ശീലത്തിന് ഇരയായി മാറുന്നു. നമ്മുടെ യുവസമ്പത്ത് നാശത്തിന്റെ പാതയിലൂടെ യാത്ര ആരംഭിക്കുന്നു; അറിയാതെ നടക്കുകയായി. വാസ്തവത്തില്‍ ഇ-സിഗരറ്റില്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഹാനികരമായ പല കെമിക്കലുകളും ചേര്‍ക്കപ്പെടുന്നു. നമ്മുടെ അടുത്ത് ആരെങ്കിലും പുക വലിക്കുകയാണെങ്കില്‍ നമുക്ക് ഗന്ധംകൊണ്ട് അത് അറിയാനാകും എന്ന് നിങ്ങള്‍ക്കറിയാമല്ലോ. അവന്റെ പോക്കറ്റില്‍ സിഗരറ്റിന്റെ പായ്ക്കറ്റുണ്ടെങ്കിലും ഗന്ധം കൊണ്ട് അതറിയാനാകും. എന്നാല്‍ ഇ-സിഗരറ്റിന്റെ കാര്യം അങ്ങനെയല്ല. അതുകൊണ്ട് പല കുട്ടികളും യുവാക്കളും അറിഞ്ഞോ അറിയാതെയോ, അഥവാ ഫാഷനാണെന്ന പോലെ അഭിമാനത്തോടെ തങ്ങളുടെ പുസ്തകങ്ങളുടെ ഇടയില്‍, ഓഫീസില്‍, പോക്കറ്റില്‍, ചിലപ്പോഴൊക്കെ കൈയില്‍ വച്ചുകൊണ്ട് കറങ്ങി നടക്കുന്നതു കാണാം. അവരിതിന്റെ ഇരയായി മാറുകയാണ്. യുവതലമുറ രാജ്യത്തിന്റെ ഭാവിയാണ്. ലഹരിയുടെ ഈ പുതിയ രീതി നമ്മുടെ യുവത്വത്തെ നശിപ്പിക്കാതിരിക്കാന്‍, കുടുംബങ്ങളുടെ സ്വപ്നങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടാതിരിക്കാന്‍, കുട്ടികളുടെ ജീവിതം നശിക്കാതിരിക്കാന്‍, ഈ രോഗം, ഈ ശീലം സമൂഹത്തില്‍ വേരുകള്‍ പടര്‍ത്താതിരിക്കാന്‍  ഇ-സിഗരറ്റ് രാജ്യത്ത് നിരോധിച്ചിരിക്കയാണ്.
പുകയിലയുടെ ദുഃശ്ശീലം ഉപേക്ഷിക്കാനും ഇ-സിഗരറ്റിനെക്കുറിച്ച് തെറ്റിദ്ധാരണ വച്ചു പുലര്‍ത്താതിരിക്കാനും ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. വരൂ നമുക്കേവര്‍ക്കും ഒത്തു ചേര്‍ന്ന് ഒരു ആരോഗ്യമുള്ള ഭാരതം കെട്ടിപ്പടുക്കാം.
നിങ്ങള്‍ക്ക് ഫിറ്റ് ഇന്ത്യ ഓര്‍മ്മയുണ്ടല്ലോ അല്ലേ? രാവിലെയും വൈകിട്ടും രണ്ടു മണിക്കൂര്‍ വീതം ജിമ്മില്‍ പോയാല്‍ ആയി എന്നല്ല ഫിറ്റ് ഇന്ത്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഫിറ്റ് ഇന്ത്യയ്ക്കു വേണ്ടി ഇതില്‍ നിന്നെല്ലാം അകന്നു നില്‍ക്കണം. എന്റെ വാക്കുകള്‍ നിങ്ങള്‍ക്ക് അനിഷ്ടമാവില്ല, ഇഷ്ടപ്പെടുകതന്നെ ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. 
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നമ്മുടെ ഭാരതവര്‍ഷം അവരവര്‍ക്കുവേണ്ടിയല്ലാതെ, മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച അസാധാരണ മഹാപുരുഷന്മാരുടെ ജന്മഭൂമിയും കര്‍മ്മഭൂമിയുമാണ് എന്നത് നമ്മുടെയെല്ലാം സൗഭാഗ്യമാണ്.
നമ്മുടെ ഭാരതാംബ, നമ്മുടെ ഈ രാജ്യം ബഹുരത്‌നയായ വസുന്ധര ആണ്. അനേകം മനുഷ്യരത്‌നങ്ങള്‍ ഈ ഭൂമിയില്‍ ഉയിര്‍കൊണ്ടിട്ടുണ്ട്. ഭാരതവര്‍ഷം അതുപോലുള്ള അസാധാരണക്കാരുടെ ജന്മഭൂമിയായിരുന്നു, കര്‍മ്മഭൂമിയായിരുന്നു. ഇവര്‍ തങ്ങള്‍ക്കുവേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം സമര്‍പ്പിക്കപ്പെട്ടവരാണ്. അങ്ങനെയൊരു മഹാവ്യക്തിത്വം ഒക്‌ടോബര്‍ 13 ന് വത്തിക്കാന്‍ സിറ്റിയില്‍ ആദരിക്കപ്പെടുകയാണ്. ഇത് എല്ലാ ഭാരതീയര്‍ക്കും അഭിമാനമേകുന്ന കാര്യമാണ്. പോപ് ഫ്രാന്‍സിസ് വരുന്ന ഒക്‌ടോബര്‍ 13 ന് മറിയം ത്രേസ്യയെ വിശുദ്ധയെന്നു പ്രഖ്യാപിക്കും. സിസ്റ്റര്‍ മറിയം ത്രേസ്യ 50 വര്‍ഷത്തെ അവരുടെ ചുരുങ്ങിയ ജീവിതകാലം കൊണ്ട് മനുഷ്യകുലത്തിന്റെ നന്മയ്ക്കായി ചെയ്ത പ്രവര്‍ത്തികള്‍ ലോകത്തിനുമുഴുവന്‍ തന്നെയും ഉദാഹരണമാണ്. സാമൂഹ്യസേവനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മേഖലയോട് അവര്‍ക്ക് വലിയ അടുപ്പമായിരുന്നു. അവര്‍ പല സ്‌കൂളുകളും ഹോസ്റ്റലുകളും അനാഥാലയങ്ങളും പണിയിപ്പിച്ചു, ജീവിതാവസാനം വരെ ഈ ദൗത്യത്തില്‍ മുഴുകി. സിസ്റ്റര്‍ ത്രേസ്യ ചെയ്ത പ്രവര്‍ത്തികളെല്ലാം നിഷ്ഠയോടും മനസ്സര്‍പ്പിച്ചും തികഞ്ഞ സമര്‍പ്പണമനോഭാവത്തോടും കൂടി ചെയ്തു. Congregation of the Sisters of the Holy Family  സ്ഥാപിച്ചു. അത് ഇന്നും അവരുടെ ജീവിതദര്‍ശനവും ദൗത്യവും മുന്നോട്ടുകൊണ്ടുപോകുന്നു. ഞാന്‍ ഒരിക്കല്‍കൂടി സിസ്റ്റര്‍ മറിയം ത്രേസ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു, ഭാരതത്തിലെ ജനങ്ങളെ, വിശേഷിച്ചും ക്രിസ്ത്യന്‍ സഹോദരീ സഹോദരന്മാരെ ഈ നേട്ടത്തിന്റെ പേരില്‍ അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, ഇപ്പോള്‍ നാം ഗാന്ധി 150 ആഘോഷിക്കുമ്പോള്‍ ഒപ്പംതന്നെ 130 കോടി ജനങ്ങള്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക്കില്‍ (ഏകോപയോഗ പ്ലാസ്റ്റിക്ക്) നിന്ന് മോചനം നേടാന്‍ ദൃഢനിശ്ചയം എടുത്തിയിരിക്കയാണെന്നതില്‍ ഭാരതം മാത്രമല്ല ലോകം മുഴുവനും തന്നെ അഭിമാനിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭാരതം ലോകത്തിന്റെ മുന്നില്‍ മുന്നേറ്റം കാഴ്ചവച്ചിരിക്കുന്നു. അതുകൊണ്ട് ലോകത്തിന്റെ മുഴുവന്‍ നോട്ടവും ഇപ്പോള്‍ ഭാരതത്തിന്റെ നേര്‍ക്കാണ്. നിങ്ങളേവരും ഒക്‌ടോബര്‍ 2 ന് ഏകോപയോഗ പ്ലാസ്റ്റിക്ക് ഒഴിവാക്കാനായി നടക്കുന്ന ജനമുന്നേറ്റത്തില്‍ ഭാഗമാകും എന്നെനിക്ക് തികഞ്ഞ വിശ്വാസമുണ്ട്. ഓരോരോ ഇടങ്ങളില്‍ ആളുകള്‍ അവരുടേതായ രീതിയില്‍ ഈ മൂന്നേറ്റത്തില്‍ തങ്ങളുടെ പങ്ക് നിര്‍വ്വഹിക്കുന്നു. എന്നാല്‍ നമ്മുടെ രാജ്യത്തെ ഒരു യുവാവ് വളരെ വേറിട്ട ഒരു നീക്കമാണ് നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് ഫോണ്‍ ചെയ്ത് അദ്ദേഹത്തിന്റെ ഈ പുതിയ രീതിയെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും ശ്രമം നടത്തി. അദ്ദേഹം പറഞ്ഞത് രാജ്യത്തിനും ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന കാര്യമാകാം. ശ്രീ.രിപുദമന്‍ ദല്‍വി വളരെ വേറിട്ട പരിശ്രമമാണ് നടത്തുന്നത്. അദ്ദേഹം പ്ലോഗിംഗ് ചെയ്യുന്നു. ആദ്യമായി പ്ലോഗിംഗ് എന്ന വാക്കു കേട്ടപ്പോള്‍ എനിക്കും അത് പുതിയ വാക്കായിരുന്നു. വിദേശത്ത് ഒരു പക്ഷേ ഈ വാക്ക് കുറച്ചൊക്കെ പ്രയോഗത്തിലുണ്ടാകാം. എന്നാല്‍ ഭാരതത്തില്‍ രിപുദമന്‍ ദല്‍വി ഇതിന് വലിയ പ്രചാരം കൊടുത്തു. വരൂ, അദ്ദേഹത്തോടു സംസാരിക്കാം. – 
മോദിജി – ഹലോ രിപുദമന്‍ ജീ, നമസ്‌കാരം ഞാന്‍ നരേന്ദ്ര മോദി സംസാരിക്കുന്നു.
രിപുദമന്‍ – ജീ സര്‍… വളരെ വളരെ നന്ദി സര്‍.
മോദിജി – രിപുദമന്‍ ജി
രിപുദമന്‍ – ഉവ്വ് സര്‍.
മോദിജി – അങ്ങ് പ്ലോഗിംഗുമായി ബന്ധപ്പെട്ട ഇത്രയധികം സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്നു. 
രിപുദമന്‍ –  ഉവ്വ് സര്‍
മോദിജി – എന്റെ മനസ്സില്‍ ജിജ്ഞാസയുണ്ടായി, നേരിട്ടു സംസാരിക്കാമെന്നു വിചാരിച്ചു.
രിപുദമന്‍ – ഓകെ
മോദിജി – ഈ സങ്കല്പം എവിടെനിന്നാണ് അങ്ങയുടെ മനസ്സിലേക്കെത്തിയത്?
രിപുദമന്‍ – ഉവ്വ് സര്‍
മോദിജി – ഈ വാക്ക്, ഈ രീതി എങ്ങനെയാണ് തോന്നിയത്?
രിപുദമന്‍ – സര്‍ യുവാക്കള്‍ക്ക് ഇന്ന് കൂള്‍ ആയ ചിലതു വേണം, രസകരമായ ചിലതു വേണം. അവരെ മോട്ടിവേറ്റു ചെയ്യാന്‍ ഞാന്‍ മോട്ടിവേറ്റായി. 130 കോടി ഭാരതീയരെ ഈ ശ്രമത്തില്‍ പങ്കാളികളാക്കണമെങ്കില്‍ എനിക്ക് കൂള്‍ ആയ ചിലതു ചെയ്യണമായിരുന്നു, അവരെ താത്പര്യപ്പെടുത്തേണ്ടിയിരുന്നു. ഞാന്‍ സ്വയം ഒരു ഓട്ടക്കാരനാണ്. രാവിലെ ഞാന്‍ ഓടുമ്പോള്‍ ട്രാഫിക് വളരെ കുറവായിരിക്കും, ആളുകള്‍ കുറവായിരിക്കും, ചപ്പുചവറുകളും പ്ലാസ്റ്റിക്കുമൊക്കെ വളരെയധികം കാണാനാകും. അത് അവഗണിക്കുകയും പരാതിപ്പെടുകയും ചെയ്യുന്നതിനു പകരം ഇതിന്റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാമെന്നു ചിന്തിച്ചു. ഞാന്‍ എന്റെ കൂടെ ഓടുന്നവരുമായി ചേര്‍ന്ന് ദില്ലിയില്‍ തുടക്കമിട്ടു, പിന്നെ ഭാരതത്തിലെങ്ങും ഇതുമായി സഞ്ചരിച്ചു. എല്ലായിടത്തും വളരെ പ്രോത്സാഹനം ലഭിച്ചു. 
മോദിജി – വാസ്തവത്തില്‍ അങ്ങ് എന്താണു ചെയ്തത്? എനിക്കു മനസ്സിലാകും വിധമൊന്നു വിശദീകരിക്കു, മന്‍ കീ ബാത്‌ലൂടെ ജനങ്ങള്‍ക്കും മനസ്സിലാകട്ടെ.
രിപുദമന്‍ – സര്‍, ഞങ്ങള്‍ ഓടിക്കൊണ്ട് ശുചിയാക്കല്‍ 'Run & Clean-up Movement' പരിപാടി ആരംഭിച്ചു. ഓടുന്നവര്‍ തങ്ങളുടെ വര്‍ക്ക് ഔട്ടിനുശേഷം കൂള്‍ഡൗണ്‍ അക്ടിവിറ്റി സമയത്ത് ഞങ്ങള്‍ അവരോടു പറഞ്ഞു നിങ്ങള്‍ ചപ്പുചവറുകള്‍ പെറുക്കാന്‍ തുടങ്ങൂ, പ്ലാസ്റ്റിക് പെറുക്കാന്‍ തുടങ്ങൂ. നിങ്ങള്‍ ഓട്ടത്തിനൊപ്പം ക്ലീനിംഗും ചെയ്യൂ, പുതിയതായി ഒരു എക്‌സര്‍സൈസ് ഉണ്ടാവും. നിങ്ങള്‍ വെറുതെ ഓട്ടം മാത്രമാവില്ല ചെയ്യുന്നത്, സ്‌ക്വാട്‌സ് ചെയ്യുകയാകും, ഡീപ് സ്‌ക്വാട്‌സ് ചെയ്യുകയാകും, നിങ്ങള്‍ lunges  ചെയ്യുകയുകയാകും മുന്നോട്ടു കുനിയല്‍ ചെയ്യുകയാകും. ഒരു തരത്തില്‍ ഹോളിസ്‌റ്‌റിക് വര്‍ക്കൗട് ആയി, സമഗ്ര വ്യായാമം. കഴിഞ്ഞ വര്‍ഷം വളരെ ഫിറ്റ്‌നസ് മാഗസിനുകളില്‍ ഇന്ത്യയിലെ Top fitness trend ആയി ഈ തമാശ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.
മോദിജി- ഈ സംരംഭത്തെ അഭിനന്ദിക്കുന്നു.
രിപുദമന്‍ – നന്ദി സര്‍.
മോദിജി – ഇപ്പോള്‍ സെപ്റ്റംബര്‍ 5 ന് കൊച്ചിയില്‍ നിന്ന് ആരംഭിച്ചിരിക്കയാണല്ലോ!
രിപുദമന്‍ – അതെ സര്‍. ഈ ദൗത്യത്തിന്റെ പേര് Run to make India Litter Free ഇന്ത്യയെ മാലിന്യമുക്തമാക്കാന്‍ ഓടാം എന്നാണ്.. അങ്ങയ്ക്ക് ഒക്‌ടോബര്‍ 2 ന് ഒരു സമഗ്ര പ്രഖ്യാപനം നടത്തേണ്ടതുണ്ടെന്നതുപോലെ. മാലിന്യമുക്തമായാല്‍ പ്ലാസ്റ്റിക് മുക്തവുമാകുമെന്ന് എനിക്കു വിശ്വാസമുണ്ട്. വ്യക്തിപരമായ ഉത്തരവാദിത്വമായി തീരും. 50 നഗരങ്ങളെ ഉള്‍പ്പെടുത്തി ഞാന്‍ 1000 കിലോ മീറ്റര്‍ ഓടുകയാണ്. ഇത് ഒരു പക്ഷേ, ലോകത്തിലെ ഏറ്റവും നീണ്ട ശുചീകരണ ദൗത്യമാകും എന്ന് എല്ലാവരും പറഞ്ഞു. സമൂഹമാധ്യമത്തെ ഇതിന്റെ പ്രചാരണത്തിന് ഉപയോഗിക്കുന്ന സര്‍. ഒരിക്കല്‍ മാത്രം ഉപയോഗിക്കപ്പെടുന്ന എന്താണുള്ളത് എന്നു പറയൂ, ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാത്രമല്ല, എന്തും സ്വന്തം ജീവിതത്തില്‍ നിന്ന് ഒഴിവാക്കൂ എന്ന സന്ദേശമാണ് നല്കാനുദ്ദേശിക്കുന്നത്. 
മോദിജി – ആഹാ… അങ്ങ് സെപ്റ്റംബര്‍ 5 ന് ആരംഭിച്ചുകഴിഞ്ഞോ? ഇതുവരെയുള്ള അനുഭവം എങ്ങനെയുണ്ട്?
രിപുദമന്‍ – സര്‍ ഇതുവരെ നല്ല അനുഭവമാണുള്ളത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഭാരതത്തിലെങ്ങും മൂന്നൂറോളം പ്ലോഗിംഗ് ഡ്രൈവുകള്‍ നടത്തി. കൊച്ചിയില്‍ നിന്നാരംഭിച്ചപ്പോള്‍ പല ഓട്ടസംഘങ്ങളും കൂടെ കൂടി, അതാതിടങ്ങളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളെ ഇതുമായി ബന്ധിപ്പിച്ചു. കൊച്ചിക്കുശേഷം മധുര, കോയമ്പത്തൂര്‍, സേലം…. ഇപ്പോള്‍ ഉടുപ്പി. അവിടെ ഒരു സ്‌കൂളില്‍ നിന്നു ക്ഷണം വന്നു. ചെറിയ ചെറിയ കുട്ടികള്‍ മൂന്നാം ക്ലാസു മുതല്‍ ആറാം ക്ലാസുവരെയുള്ളവര്‍ക്കായി ഒരു ശില്‍പ്പശാല നടത്തുന്നതിനു വിളിച്ചു. അരമണിക്കൂര്‍ നേരത്തേക്കു നിശ്ചയിച്ച പരിപാടി എനിക്ക് പ്ലോഗിംഗ് ഡ്രൈവായി മാറി. സര്‍, കുട്ടികള്‍ക്ക് വലിയ ഉത്സാഹമായിരുന്നു. അവരുടെ പ്ലാസ്റ്റിക് സാധനങ്ങള്‍ ഇനി വേണ്ട എന്ന് രക്ഷാകര്‍ത്താക്കളോടും അയല്‍വാസികളോടും പറയുവാനും അവര്‍ തീരുമാനിച്ചത് പ്രോത്സാഹനമായി. ഞങ്ങളെ സംബന്ധിച്ചിടത്തോളം പരിപാടി അടുത്ത തലത്തിലേക്കു കൊണ്ടുപോകുന്നതുപോലെയുമായി.
മോദിജി – രിപുജി ഇത് വെറും പരിശ്രമമല്ല, സാധനയാണ്. തീര്‍ച്ചയായും അങ്ങ് സാധനയാണ് അനുഷ്ഠിക്കുന്നത്. 
രിപുദമന്‍ – അതെ സര്‍.
മോദിജി – ഞാന്‍ വളരെയധികം അഭിനന്ദിക്കുന്നു. അങ്ങ് മൂന്നു കാര്യങ്ങള്‍ ജനങ്ങളോടു പറയണം എന്നാണെങ്കില്‍ വ്യക്തമായി എന്ത് സന്ദേശങ്ങളാകും നല്കുക?
രിപുദമന്‍ – മാലിന്യമുക്ത ഭാരതത്തിനായി മൂന്നു സന്ദേശങ്ങള്‍ നല്കാനാഗ്രഹിക്കുന്നു. ഒന്നാമതായി ചപ്പുചവറുകള്‍ ചവറുകുട്ടയില്‍ മാത്രം ഇടുക. രണ്ടാമതായി തറയില്‍ എന്തു ചപ്പുചവറുകള്‍ കണ്ടാലും എടുത്ത് ചവറുകുട്ടയില്‍ ഇടുക. മൂന്നാമതായി ചവറുകുട്ട കണ്ടില്ലെങ്കില്‍ എടുത്ത് സ്വന്തം പോക്കറ്റില്‍ വയ്ക്കുക, അല്ലെങ്കില്‍ സ്വന്തം വാഹനത്തില്‍ വച്ച് വീട്ടില്‍ കൊണ്ടുപോവുക. ഉണക്ക മാലിന്യമായും നനഞ്ഞ മാലിന്യമായും തരം തിരിച്ച് രാവിലെ മുനിസിപ്പാലിറ്റിയുടെ വണ്ടി വരുമ്പോള്‍ കൊടുത്തു വിടുക. നാം ഈ മൂന്നു കാര്യങ്ങള്‍ ചെയ്താല്‍ നമുക്ക് മാലിന്യമുക്തഭാരതം കാണാനാകും.
മോദിജി -നോക്കൂ രിപുജീ, വളരെ ലളിതമായ വാക്കുകളില്‍, സാധാരണക്കാര്‍ക്കും ചെയ്യാനാകുന്ന രീതിയില്‍, മനസ്സിലാകുന്ന ഭാഷയില്‍ അങ്ങ് ഒരു തരത്തില്‍ ഗാന്ധിജിയെ കൂടെ കൊണ്ടുനടക്കുകയാണ്. അതോടൊപ്പം ലളിതമായ ഭാഷയില്‍ കാര്യം പറയുന്ന ഗാന്ധിജിയുടെ രീതി അങ്ങ് അവലംബിച്ചിരിക്കയും ചെയ്തിരിക്കുന്നു.
രിപുദമന്‍ – നന്ദി
മോദിജി – അതുകൊണ്ട് അങ്ങ് അഭിനന്ദനത്തന് അര്‍ഹനാണ്. രിപുദമന്‍ജീ, അങ്ങയോടു സംസാരിച്ചത് എനിക്കു വളരെ ഇഷ്ടപ്പെട്ടു. അങ്ങ് വളരെ നൂതനമായ രീതിയില്‍, വിശേഷിച്ചും യുവാക്കള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ പരിപാടിയാകെ രൂപപ്പെടുത്തിയിരിക്കുന്നു. അനേകാനേകം ആശംസകള്‍ നേരുന്നു. സഹൃത്തുക്കളേ, ഇപ്രാവശ്യം പൂജനിയ ബാപ്പുവിന്റെ ജയന്തിയുടെ അവസരത്തില്‍ സ്‌പോര്‍ട്‌സ് മന്ത്രാലയവും ഫിറ്റ് ഇന്ത്യാ പ്ലോഗിംഗ് റണ്‍ സംഘടിപ്പിക്കാന്‍ പോകയാണ്. ഒക്‌ടോബര്‍ 2 ന് രണ്ടുകിലോമീറ്റര്‍ പ്ലോഗിംഗ്. രാജ്യമെങ്ങും ഈ പരിപാടി നടക്കാന്‍ പോകയാണ്. ഈ പരിപാടി എങ്ങനെ നടത്തണം, എങ്ങനെയാകണം എന്നത് രിപുദമന്റെ അനുഭവത്തില്‍ നിന്ന് നാം കേട്ടു. ഒക്‌ടോബര്‍ 2 ന് ആരംഭിക്കുന്ന ഈ പരിപാടിയില്‍ നാം ചെയ്യേണ്ടത് രണ്ടു കിലോമീറ്റര്‍ ജോഗിംഗ് ചെയ്യുക, വഴിയില്‍ കാണുന്ന പ്ലാസ്റ്റിക് മാലിന്യം പെറുക്കിയെടുക്കുക. ഇതിലൂടെ നാം നമ്മുടെ ആരോഗ്യം നോക്കുമെന്നു മാത്രമല്ല, ഭൂമാതാവിന്റെ ആരോഗ്യവും നോക്കും.  ഈ പരിപാടിയിലൂടെ ആളുകള്‍ക്ക് ഫിറ്റ്‌നസ്‌നോടൊപ്പം മാലിന്യമുക്തിയുടെ കാര്യത്തിലും ജാഗരൂകത വര്‍ധിക്കും. 130 കോടി ജനങ്ങള്‍ ഈ ഇക്കാര്യത്തില്‍ ഒരു ചുവടു വച്ചാല്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്ന, ഏകോപയോഗ പ്ലാസ്റ്റികില്‍ നിന്നുള്ള മോചനത്തിന്റെ കാര്യത്തില്‍ നമ്മുടെ ഭാരതം 130 കോടി ചുവടു മുന്നോട്ടു വയ്ക്കും. രിപുദമന്‍ ജീ, ഒരിക്കല്‍ കൂടി അങ്ങയ്ക്ക് അനേകം നന്ദി. അങ്ങയ്ക്കും, അങ്ങയുടെ ടീമിനും, ഈ പുതിയ സങ്കല്പത്തിനും അനേകാനേകം ആശംസകള്‍. നന്ദി.
പ്രിയപ്പെട്ട ജനങ്ങളേ, ഒക്‌ടോബര്‍ 2 നായുള്ള തയ്യാറെടുപ്പുകള്‍ രാജ്യമെങ്ങും, ലോകമെങ്ങും നടക്കുകയാണ്.  നാം ഗാന്ധി 150 നെ കര്‍മ്മപഥത്തിലേക്കു കൊണ്ടുപോകാനാഗ്രഹിക്കുന്നു. സ്വന്തം ജീവിതത്തെ രാജ്യനന്മയ്ക്കായി മാറ്റുന്നതിന് മുന്നേറാനാഗ്രഹിക്കുന്നു. ഒരു കാര്യം  മുന്‍കൂട്ടി ഓര്‍മ്മിപ്പിക്കാനാഗ്രഹിക്കുന്നു. അടുത്ത മന്‍ കീ ബാത് ല്‍ അതെക്കുറിച്ച് വിശദമായി പറയുമെങ്കിലും നിങ്ങള്‍ക്ക് തയ്യാറെടുപ്പിന് അവസരം ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ മുന്‍ കൂട്ടി പറയുകയാണ്. ഒക്‌ടോബര്‍ 31 സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജന്മജയന്തിയാണെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും. ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്നത് നാമേവരുടെയും സ്വപ്നമാണ്. അതു ലക്ഷ്യമാക്കി എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 31 ന് നാം രാജ്യമെങ്ങും റണ്‍ ഫോര്‍ യൂണിറ്റി, രാജ്യത്തിന്റെ ഐക്യത്തിനായി ഓട്ടം സംഘടിപ്പിക്കുന്നു. കുട്ടികളും വൃദ്ധരും എല്ലാ ജനങ്ങളും സ്‌കൂള്‍, കോളജ് എല്ലായിടത്തുമുള്ളവര്‍ ആയിരക്കണക്കിന്, ഭാരതത്തിലെ ലക്ഷക്കണക്കിന് ഗ്രാമങ്ങളില്‍ അന്ന് ഐക്യത്തിനായി ഓടണം. നിങ്ങള്‍ ഇപ്പോള്‍ മുതല്‍തന്നെ അതിന് തുടക്കമിടൂ. വിശദമായി പിന്നീട് തീര്‍ച്ചയായും പറയാം. എങ്കിലും ചിലര്‍ക്ക് പരിശീലനം തുടങ്ങാനുള്ള സമയമായി, ചില പരിപാടികള്‍ക്ക് പദ്ധതിയൊരുക്കാനും സമയമായി.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, 2022 നകം നിങ്ങള്‍ ഭാരതത്തിലെ 15 ഇടങ്ങളിലേക്കു യാത്രപോകണമെന്ന് ആഗസ്റ്റ് 15 ന് ഞാന്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പറഞ്ഞത് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും. കുറഞ്ഞത് 15 ഇടങ്ങളില്‍ കുറഞ്ഞത് ഒരു രാത്രി അല്ലെങ്കില്‍ രണ്ടു രാത്രി നില്‍ക്കാനുള്ള പദ്ധതി ഉണ്ടാക്കൂ. നിങ്ങള്‍ ഭാരതത്തെ കാണു, മനസ്സിലാക്കൂ, അനുഭവിക്കൂ. നമുക്ക് എത്രയധികം വൈവിധ്യമാണുള്ളത്! ദീപാവലി ആഘോഷത്തിന്റെ അവധി ദിനങ്ങളെത്തുമ്പോള്‍ ആളുകള്‍ തീര്‍ച്ചയായും യാത്ര പോകും. അതുകൊണ്ട് നിങ്ങള്‍ ഭാരതത്തിലെ ഏതെങ്കിലും 15 ഇടങ്ങളില്‍ യാത്രപോകാന്‍ ഞാന്‍ വീണ്ടും നിങ്ങളോട് അഭ്യര്‍ഥിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ മിനിഞ്ഞാന്ന്, സെപ്റ്റംബര്‍ 27 ന് ലോക വിനോദയാത്രാ ദിനം ആഘോഷിക്കപ്പെട്ടു. ലോകത്തിലെ ചില ഉത്തരവാദിത്വപ്പെട്ട ഏജന്‍സികള്‍ വിനോദയാത്രയുടെ റാങ്കിംഗ് നിര്‍വ്വഹിക്കുന്നു. Travel & Tourism Competitive Index  ലെ ഇന്ത്യയുടെ  റാങ്കിങ്ങില്‍  വളരെ പുരോഗമനപരമായ മാറ്റം വരുത്തിയിട്ടുണ്ട് എന്നറിയുന്നതില്‍ നിങ്ങള്‍ക്ക് സന്തോഷമാകും. നിങ്ങളുടെയെല്ലാം സഹകരണംകൊണ്ടാണ് ഇതെല്ലാം സാധിച്ചത്. വിശേഷിച്ചും ടൂറിസത്തിന്റെ മാഹാത്മ്യം മനസ്സിലാക്കുന്നതുകൊണ്ടു സാധിച്ചതാണ്. ശുചിത്വവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കും ഇതില്‍ വലിയ പങ്കുണ്ട്. എത്രത്തോളമാണ് ഈ മാറ്റമെന്നു നിങ്ങളോടു പറയട്ടേ? നിങ്ങള്‍ക്ക് തീര്‍ച്ചയായും സന്തോഷം തോന്നും. ഇന്ന് നാം 34 -ാം സ്ഥാനത്താണ്. അഞ്ചുവര്‍ഷം മുമ്പ് നമ്മുടെ സ്ഥാനം 65 ആയിരുന്നു. അതായത് നാം വലിയ കുതിച്ചു ചാട്ടം നടത്തിയിരിക്കുന്നു. നാം കുറച്ചുകൂടി ശ്രമിച്ചാല്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആകുമ്പോഴേക്കും ടൂറിസത്തിന്റെ കാര്യത്തില്‍ ലോകത്തെ പ്രധാനസ്ഥലങ്ങളുടെ കൂട്ടത്തില്‍ നമുക്കും ഇടം ലഭിക്കും.
പ്രിയപ്പെട്ട ജനങ്ങളേ, നിങ്ങള്‍ക്കേവര്‍ക്കും ഒരിക്കല്‍ കൂടി വൈവിധ്യങ്ങള്‍ നിറഞ്ഞ ഭാരതത്തിന്റെ വിവിധ ആഘോഷങ്ങളുടെ ശുഭാശംസകള്‍ നേരുന്നു. ഉവ്വ്. ദീപാവലിയുടെ അവസരത്തില്‍ പടക്കം പൊട്ടിച്ച് തീപിടിത്തമുണ്ടാക്കുകയോ ആളുകള്‍ക്ക് അപകടമുണ്ടാവുകയോ ചെയ്യാതിരിക്കാനും കൂടി ശ്രദ്ധവയ്ക്കണം.  അക്കാര്യത്തിലും മുന്‍കരുതല്‍ വേണം. സന്തോഷം വേണം, ആനന്ദം വേണം, ഉത്സാഹം വേണം… നമ്മുടെ ഉത്സവങ്ങള്‍ സാമൂഹിക ഐക്യത്തിന്റെ സുഗന്ധം കൊണ്ടുവരുന്നു, സാമൂഹിക ഐക്യത്തിന്റെ സംസ്‌കാരവും കൊണ്ടുവരുന്നു. സാമൂഹ്യജീവിതം തന്നെ ഒരു പുതിയ കഴിവ് പ്രദാനം ചെയ്യുന്നു. ആ പുതിയ കഴിവിനായുള്ള സാധനയുടെ സന്ദര്‍ഭമാണ് ഉത്സവം. വരൂ. ഒത്തുചേര്‍ന്ന് ഉത്സാഹത്തോടെ, പുതിയ സ്വപ്നങ്ങളോടും പുതിയ ദൃഢനിശ്ചയത്തോടും കൂടി നമുക്ക് ഉത്സവങ്ങളും ആഘോഷിക്കാം. ഒരിക്കല്‍കൂടി വളരെ വളരെ ശുഭാശംസകള്‍. നന്ദി.

*****


(Release ID: 1586601) Visitor Counter : 287