ആഭ്യന്തരകാര്യ മന്ത്രാലയം
ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കുന്നതിന് ഗവണ്‍മെന്റ് പ്രമേയം കൊണ്ടുവന്നു
ശ്രീ അമിത്ഷാ ജമ്മു കാശ്മീര്‍ (പുനഃസംഘടനാ)ബില്‍ 2019 ഃ അവതരിപ്പിച്ചു
രാഷ്ട്രപതി ഭരണഘടനാ (ജമ്മു കാശ്മീരിന് ബാധകമായത്)
ഉത്തരവ് പുറപ്പെടുവിച്ചു
ജമ്മുകാശ്മീര്‍ സംവരണ (രണ്ടാം ഭേദഗതി)ബില്‍ 2019
രാജ്യസഭയില്‍ അവതരിപ്പിച്ചു
ഇവയെല്ലാം രാജ്യസഭാ ഏകകണ്ഠമായി പാസ്സാക്കി
Posted On:
05 AUG 2019 7:20PM by PIB Thiruvananthpuram
ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകളും രണ്ട് പ്രമേയങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ. അമിത് ഷാ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചു. അവ ചുവടെ കൊടുക്കുന്നു :
1. ഭരണഘടനയുടെ 370-ാം വകുപ്പുമായി ബന്ധപ്പെട്ട 1954-ലെ ഉത്തരവ് അസാധുവാക്കുന്നതിന് രാഷ്ട്രപതി പുറപ്പെടുവിച്ച ഭരണഘടന (ജമ്മു കാശ്മീരിന് ബാധകമായത്) ഉത്തരവ് 2019 (റഫറന്‍സ് ഇന്ത്യന്‍ ഭരണഘടനാ അനുഛേദം 370(1)).
2. ഇന്ത്യന്‍ ഭരണഘടനാ അനുഛേദം 370 റദ്ദാക്കുന്നതിന് വേണ്ട പ്രമേയം (റഫറന്‍സ്: അനുഛേദം 37((3))
3. ജമ്മു കാശ്മീര്‍ (പുനഃസംഘടനാ) ബില്‍ 2019( റഫറന്‍സ്: ഇന്ത്യന്‍ ഭരണഘടനാ അനുഛേദം 3)
4. ജമ്മു കാശ്മീര്‍ സംവരണ (രണ്ടാം ഭേദഗതി)ബില്‍ 2019.
സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ അനുഛേദം 370 ലെ വ്യവസ്ഥകള്‍ റദ്ദാക്കാനായി ഗവണ്‍മെന്റ് ഒരു പ്രമേയം അവതരിപ്പിക്കുന്നതായി ഗവണ്‍മെന്റിന്റെ പുത്തന്‍ മാര്‍ഗ്ഗദീപമാകുന്ന തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ ഷാ പറഞ്ഞു. പാര്‍ലമെന്റിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി ഇക്കാര്യത്തില്‍ വിജ്ഞാപനം ഇറക്കുന്ന അന്നുമുതല്‍ അനുഛേദം 370ലെ വ്യവസ്ഥകള്‍ റദ്ദാക്കപ്പെടും. അതോടെ മറ്റ് സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും പോലെ ഇന്ത്യന്‍ ഭരണഘടന ജമ്മു കാശ്മീരിനും ബാധകമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
''ഗവണ്‍മെന്റ് കൊണ്ടുവരുന്ന ഈ ബില്‍ ചരിത്രപരമാണെന്ന് മാത്രമേ ഞാന്‍ പറയുന്നുള്ളു''വെന്ന് പ്രമേയത്തിന്‍മേലും ജമ്മു കാശ്മീരിന്റെ ഭാവിയെക്കുറിച്ചുമുള്ള ആശങ്കകള്‍ക്കും മറുപടി പറഞ്ഞുകൊണ്ട് ശ്രീ ഷാ വ്യക്തമാക്കി. '' ലയനത്തിന്റെ അടിത്തറയാകേണ്ടിയിരുന്ന 370-ാം വകുപ്പാണ് ജമ്മു കാശ്മീരിനെ ഇന്ത്യയുമായി ലയിക്കുന്നതില്‍ തടഞ്ഞിരുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയം സംസ്ഥാനത്തെ യുവജനങ്ങളെ കഴിഞ്ഞ 70 വര്‍ഷമായി കൊള്ളയടിക്കുകയായിരുന്നു. വികസനത്തിന്റേ ഗുണഫലങ്ങള്‍ ഇതുവരെ ജമ്മു കാശ്മീരിലെ സാധാരണ ജനങ്ങളില്‍ എത്തുന്നത് അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചര്‍ച്ചയ്ക്കും സംവാദത്തിനും പ്രതിപക്ഷാംഗങ്ങളോട് ഞാന്‍ ആവശ്യപ്പെടുകയാണ്. എന്തുവിലകൊടുത്തും മതത്തിന്റെ രാഷ്ട്രീയം ഒഴിവാക്കപ്പെടണം. 370-ാം വകുപ്പ് എല്ലാ മേഖലകളിലേയും ജനങ്ങള്‍ക്ക് ഒരുപോലെ ദോഷം ചെയ്യുന്നതാണ്.'' മന്ത്രി പറഞ്ഞു.
ജാതി, മത, ലിംഗ, വര്‍ഗ്ഗ, ജന്മസ്ഥലത്തിന്റെയൊക്കെ അടിസ്ഥാനത്തില്‍ വിവേചനപരമാണ് 370-ാം വകുപ്പിലെ വ്യവസ്ഥകളെന്ന് തുടര്‍ന്ന് മന്ത്രി പറഞ്ഞു. യുവത്വത്തെ രാഷ്ട്രീയ വരേണ്യവിഭാഗം ഒരു സവാരിക്ക് കൊണ്ടുപോകുകയാണ്. തുടക്കത്തില്‍ ഈ വ്യവസ്ഥ താല്‍ക്കാലികമായിരുന്നു, അത് ജമ്മു കാശ്മീരിലെ ജനങ്ങളുടെ താല്‍പര്യത്തിനനുസരിച്ചായിരിക്കണമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
370 (3)ാം വകുപ്പില്‍ പാര്‍ലമെന്റിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഒരു പൊതുവിജ്ഞാപനത്തിലൂടെ രാഷ്ട്രപതിക്ക് 370-ാം വകുപ്പ് നടപ്പാക്കുന്നത് തടയാനും ഭേദഗതിചെയ്യാനും വ്യവസ്ഥയുണ്ട്. മുന്‍കാലങ്ങളില്‍ നിരവധി അവസരങ്ങളില്‍ ഇത് സംഭവിച്ചിട്ടുമുണ്ട്. 370-ാം വകുപ്പ് എങ്ങനെയാണ് സംസ്ഥാനത്തെ ജനങ്ങളുടെ വികസനത്തെ തടസപ്പെടുത്തുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പ്രതിപക്ഷത്തിന് ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടികൊടുത്തു.
370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം ജമ്മു കാശ്മീരില്‍ സ്വകാര്യനിക്ഷേപത്തിന്റെ വാതിലുകള്‍ തുറക്കപ്പെടും, അത് അവിടുത്തെ വികസനത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ശ്രീ ഷാ പറഞ്ഞു. വര്‍ദ്ധിച്ച നിക്ഷേപം തൊഴിലവസരങ്ങള്‍ കൂട്ടുകയും, സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക പശ്ചാത്തല സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യും. ഭൂമി വാങ്ങാനുള്ള അവകാശം തുറന്നുകൊടുക്കുന്നത് സ്വകാര്യ വ്യക്തികളില്‍ നിന്നും ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നും നിക്ഷേപങ്ങള്‍ കൊണ്ടുവരികയും അത് ഈ ചരിത്രപരമായ നീക്കത്തെ എതിര്‍ക്കുന്നതിന് ഉയര്‍ത്തിക്കൊണ്ടുവന്ന ആശങ്കകള്‍ക്ക് എതിരായി പ്രാദേശിക സമ്പദ്ഘടനയ്ക്ക് ഊര്‍ജ്ജം പകരും, മന്ത്രി കൂട്ടിച്ചേര്‍ത്തു.
1989-2018 വരെ തങ്ങളുടെ ജീവന്‍ ത്യജിച്ച് രക്തസാക്ഷിത്വം വരിച്ച സൈനികരേയും സാധാരണ പൗരന്മാരെയും ആഭ്യന്തരമന്ത്രി അനുസ്മരിച്ചു. 370-ാം വകുപ്പ് ഇല്ലായിരുന്നുവെങ്കില്‍ ഈ മനുഷ്യര്‍ക്ക് അവരുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. വിഭജനത്തിന് ശേഷം പാക്കിസ്ഥാനില്‍ നിന്നും വന്ന അഭയാര്‍ത്ഥികള്‍ക്ക് ഇതുവരെ പൗരത്വം ലഭിച്ചിട്ടില്ല. അവര്‍ക്ക് സംസ്ഥാനത്ത് കൗണ്‍സിലര്‍മാരാകാന്‍ കഴിയില്ല. ഇത് ഈ ജനങ്ങളോടുള്ള ചരിത്രപരമായ അനീതിയാണ്. ഇതിന് വിരുദ്ധമായി ഇന്ത്യയുടെ ബാക്കിയെല്ലാം നോക്കിയാലും രണ്ടു പ്രധാനമന്ത്രിമാരെ തെരഞ്ഞെടുത്തത് ഈ അഭയാര്‍ത്ഥികളില്‍ നിന്നായിരുന്നു.
370-ാം വകുപ്പ് മൂലം ജമ്മു കാശ്മീരില്‍ ഒരിക്കലും ജനാധിപത്യം വേരോടിയില്ല, അഴിമതി വ്യാപിച്ചു, വ്യാപകമായ ദാരിദ്യം വേരോടി ഒരു സാമൂഹിക സാമ്പത്തിക പശ്ചാത്തല സൗകര്യങ്ങളും ഉണ്ടായുമില്ല ശ്രീ ഷാ പറഞ്ഞു. അതാണ് ഭീകരവാദത്തിന്റെ അടിസ്ഥാനകാരണം. 370-ാം വകുപ്പ് ഉള്ളതുകൊണ്ടുതന്നെ ഭരണഘടനയുടെ 73, 74 ഭേദഗതികള്‍ ജമ്മു കാശ്മീരിന് ബാധകവുമായിരുന്നില്ല. പഞ്ചായത്ത് നഗരപാലിക തെരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞില്ല. ഇന്ത്യയിലെ മറ്റ് ജനങ്ങള്‍ക്ക് ലഭിക്കുന്ന ജനാധിപത്യ അവകാശങ്ങള്‍ ജമ്മു കാശ്മീരിലെ ജനങ്ങളില്‍ നിന്നും തട്ടിപ്പറിച്ചുകൊണ്ടുപോയതിന്റെ ഉത്തരവാദികള്‍ ആരാണ്? അത് 370-ാം വകുപ്പ് ആയിരുന്നു. അടുത്തിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമാധാനപരമായും വിജയകരമായും നടത്തിയിരുന്നു. ജനങ്ങള്‍ ജനാധിപത്യമാണ് അല്ലാതെ രക്തചൊരിച്ചിലല്ല ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് പുറത്തുള്ളവരെ അവിടെ വ്യാപാരം ചെയ്യുന്നതില്‍ നിന്ന് തടസപ്പെടുത്തിയിരുന്നത് 370-ാം വകുപ്പ് ആയിരുന്നുവെന്ന് ജമ്മു കാശ്മീരിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥയെക്കുറിച്ച് സംസാരിച്ച ശ്രീ ഷാ പറഞ്ഞു. സാമ്പത്തിക മാത്സര്യത്തിന്റെ അഭാവം വികസനത്തെ തടയുകയും അഴിമതിയെ പരിപോഷിപ്പിക്കുകയൂം ചെയ്തു. ആര്‍ക്കും വാങ്ങാന്‍ കഴിയാത്തതുകൊണ്ട് ഭൂമിയുടെ വില ഏറ്റവും താണനിലയിലുമാണ്. വിനോദസഞ്ചാരം ഉള്‍പ്പെടെ ഒരു വ്യവസായത്തെയൂം അവിടെ പുഷ്ടിപ്പെടാന്‍ അനുവദിക്കില്ല. പ്രാദേശിക ജനതയ്ക്ക് അനവധി അവസരങ്ങള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ നിത്യവും ദാരിദ്ര്യത്തിലായിരുന്നു. ഇപ്പോഴും വ്യാപകമായ അഴിമതിയാണ്, അത് പുറത്തുനിന്നുള്ള നിക്ഷേപത്തെ സംസ്ഥാനത്ത് തടയുകയും ചെയ്തു.
''കാശ്മീരി യുവജനങ്ങളോട് എനിക്ക് പറയാനുള്ളത് 370-ാം വകുപ്പ് നിങ്ങള്‍ക്ക് ഒരു നേട്ടവും നല്‍കുന്നില്ലെന്നതാണ്''ആഭ്യന്തരമന്ത്രി പറഞ്ഞു. യുവത്വത്തെ എക്കാലവും ദരിദ്രരായി നിലനിര്‍ത്തിക്കൊണ്ട് എല്ലാ ആനുകൂല്യങ്ങളും തങ്ങളിലേക്ക് മാറ്റുന്ന കുറച്ച് വരേണ്യവഗ്ഗക്കാര്‍ക്ക് മാത്രമാണ് അത് ഗുണം ചെയ്യുന്നത്. കേന്ദ്രം വളരെയധികം സാമ്പത്തികസഹായം നല്‍കിയിട്ടും എവിടെയാണ് വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങള്‍ ? 370-ാം വകുപ്പിനെ പിന്തുണയ്ക്കുന്നവര്‍ അറിഞ്ഞരിക്കേണ്ട ഒരു കാര്യമുണ്ട്, ഈ വകുപ്പ് പുറത്തുനിന്നുള്ള പ്രൊഫഷണലുകളെ സംസ്ഥാനത്തില്‍ സ്ഥിര താമസമാക്കുന്നതിനെ തടയുകയാണ്. അതുകൊണ്ടു തന്നെ ആരും അങ്ങോട്ടു പോകാതാകുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ 370-ാം വകുപ്പ് മാറ്റിക്കഴിയുന്ന ഈ നിമിഷം മുതല്‍ ഓരോ കുട്ടിയ്ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ടാകും, ഓരോ രോഗിയ്ക്കും ആയുഷ്മാന്‍ ഭാരതിന്റെ കീഴില്‍ സൗജന്യ ആരോഗ്യ പരിരക്ഷയും ലഭിക്കും.''
'' ജമ്മു കാശ്മീരിലെ യുവത്വത്തെ ആലിംഗനം ചെയ്യാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, അവര്‍ക്ക് സമുദ്ധമായ തൊഴില്‍ സാന്ധ്യതകള്‍ നല്‍കാനാണ് ആഗ്രഹിക്കുന്നത്. ഈ പ്രമേയം രണ്ടു സഭകളിലും വിജയിച്ചുകഴിഞ്ഞാല്‍ പിന്നെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിനായി ഒരു പ്രത്യേക ബില്ലിന്റെ ആവശ്യം പോലൂം വരില്ല, ഇന്ത്യയുടെ മറ്റ് ഭാഗത്ത് ലഭിക്കുന്ന വ്യവസ്ഥകള്‍ സ്വാഭാവികമായും ജമ്മു കാശ്മീരിനും ലഭിക്കും.'' കശ്മീരി യുവജനങ്ങളെ തുടര്‍ന്നും അഭിസംബോധനചെയ്തുകൊണ്ട് ആഭ്യന്തരമന്ത്രി പറഞ്ഞു.
പാക്കിസ്ഥാന്‍ ഹീനമായ രൂപകല്‍പ്പനയിലൂടെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് ജിഹാദ് പിന്തുടരാന്‍ പ്രേരിപ്പിക്കുന്നുവെന്ന് ഭീകരവാദത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ശ്രീ. ഷാ പറഞ്ഞു. ആയിരക്കണക്കിന് സാധാരണ ജനങ്ങളാണ് മരിച്ചത്. എന്തുകൊണ്ട്? അത് 370-ാം വകുപ്പിനെ പിന്തുണച്ചുകൊണ്ട് യുവാക്കളെ വികസനത്തിന്റെ മുഖ്യധാരയില്‍ എത്തുന്നതില്‍ നിന്നും അകറ്റിനിര്‍ത്തിക്കൊണ്ട് അവരെ ജിഹാദിന് വേണ്ടി മസ്തിഷ്‌ക്ക പ്രക്ഷാളനം നടത്തുകയെന്നത് പാക്കിസ്ഥാന്റെ പ്രഖ്യാപിത നയമായിരുന്നു. വിഘടന ആശയമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും 370-ാം വകുപ്പ് തുടരണമെന്നതില്‍ നിക്ഷിപ്തതാല്‍പര്യമുണ്ട്. ഈ വകുപ്പിനെ പിന്തുണയ്ക്കുന്നതുകൊണ്ട് അവരുടെ കുട്ടികള്‍ ഈ രക്തചൊരിച്ചിലില്‍ മരിച്ചുവീഴില്ല.
ഇന്ത്യന്‍ യൂണിയന്റെ ഭാഗമായശേഷം എല്ലാ സംസ്ഥാനങ്ങളും അവരുടെ സംസ്‌ക്കാരങ്ങളും ഭാഷകളും സംരക്ഷിച്ചിട്ടുണ്ടെന്ന് 370-ാം വകുപ്പ് റദ്ദാക്കുന്നത് കാശ്മീരി സംസ്‌ക്കാരത്തെ നശിപ്പിക്കുമെന്ന ആശങ്കയെ ഖണ്ഡിച്ചുകൊണ്ട് ശ്രീ ഷാ പറഞ്ഞു. എങ്ങനെയാണ് 370-ാം വകുപ്പ് ഇക്കാര്യത്തില്‍ സംരക്ഷിക്കുന്നത് അദ്ദേഹം ചോദിച്ചു. കാശ്മീരിലെ യുവാക്കളെ ഇതില്‍ വിശ്വസിപ്പിച്ച് കഴിഞ്ഞ 70 വര്‍ഷമായി അന്ധതയില്‍ നിര്‍ത്തുന്നതിനുള്ള ഒരു രാഷ്ട്രീയ പ്രചാരണം മാത്രമായിരുന്നു അത്. ''ഈ ഗവണ്‍മെന്റിന് അഞ്ചുവര്‍ഷം തരൂ, രാജ്യത്തെ ഏറ്റവും പുരോഗമനപരമായ ഭാഗമായി അവിടം മാറുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു'', മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വിവാഹം കഴിച്ചാല്‍ അവര്‍ക്ക് സ്വത്തിലുള്ള അവകാശം നഷ്ടപ്പെടും. ഇത് സ്ത്രീകളോടും അവരുടെ കുട്ടികളോടുമുള്ള വലിയ വിവേചനമാണ്. പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ ജനങ്ങളോട് വിവേചനം കാണിച്ചുകൊണ്ട് രാഷ്ട്രീയ സംവിധാനങ്ങളില്‍ അവരുടെ സംവരണം ഇല്ലായ്മ ചെയ്തു. ഇതെല്ലാം അറിഞ്ഞുകൊണ്ട് കുറച്ച് ആളുകള്‍ ഈ വകുപ്പിന് വേണ്ടി നിരന്തരമായി വാദിക്കുന്നത് അവരുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്, മന്ത്രി പറഞ്ഞു.
കേന്ദ്ര ഭരണപ്രദേശ മാതൃക നല്ലരീതിയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഞങ്ങളുടെ ഗവണ്‍മെന്റ് ജമ്മു കശ്മീരിന് വീണ്ടും സംസ്ഥാന പദവി നല്‍കുന്നത് പരിഗണിക്കുമെന്ന് ശ്രീ. ഷാ സഭയ്ക്ക് ഉറപ്പുനല്‍കി. ഒരു ഭരണഘടനാ ദേദഗതിയും ആവശ്യമില്ല.
370-ാം വകുപ്പ് മാറ്റിക്കഴിഞ്ഞാല്‍ രൂപത്തിലൂം ഉള്ളടക്കത്തിലും ജമ്മു കാശ്മീര്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ഭാഗമായി മാറും. കാശ്മീരിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരപാതയെന്നത് 370-ാം വകുപ്പ് റദ്ദാക്കുകയാണ്. ഈ ചുവടുവയ്പ്പ് ശക്തമാണ്, നിയമപരിശോധനയും ഇത് വിജയിക്കും. 370-ാം വകുപ്പ് താല്‍ക്കാലികവും ക്ഷണികമായതുമായ വ്യവസ്ഥാണ്. ഇത് പോകേണ്ടതാണ്. അതിന് രാഷ്ട്രീയ ഇച്ഛാശക്തി മാത്രം മതി, അത് ഇപ്പോഴത്തെ ഗവണ്‍മെന്റിനേ ഉള്ളൂ. ''രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറം ഉയര്‍ന്നുകൊണ്ട് 370-ാം വകുപ്പ് റദ്ദാക്കുന്നതിന് ഗവണ്‍മെന്റുമായി കൈകോര്‍ക്കാന്‍ ഞാന്‍ ഹൃദയംഗമമായി എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും ആഹ്വാനം ചെയ്യുകയാണ്. ഇക്കാര്യത്തില്‍ ഐക്യത്തോടെ ഒന്നായി നില്‍ക്കണമെന്ന് രാജ്യം ആഗ്രഹിക്കുന്നു''. മന്ത്രി അവസാനിപ്പിച്ചു. അതിന് ശേഷം ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട എല്ലാ ബില്ലുകളും പ്രമേയങ്ങളും പാസായി.
ജമ്മു കാശ്മീരിനെ നിയമസഭയുള്ള ഒരു കേന്ദ്ര ഭരണപ്രദേശമായും അതോടൊപ്പം ലഡാക്കിനെ നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശമായും മാറ്റുന്ന ജമ്മു കാശ്മീര്‍ (പുനഃസംഘടനാ) ബില്‍ 2019 ഉം ശ്രീ അമിത്ഷാ അവതരിപ്പിച്ചു. അതിന് ശേഷം ജമ്മു കാശ്മീര്‍ സംവരണ നിയമം 2004 ഭേദഗതി ചെയ്യുന്നതിനുള്ള ജമ്മു കാശ്മീര്‍ സംവരണ (രണ്ടാം ഭേദഗതി) ബില്‍ 2019 ഉം അവതരിപ്പിച്ചു. ജമ്മു കാശ്മീരിലെ ജോലികളിലും വിദ്യഭ്യാസസ്ഥാപനങ്ങളിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10% സംവരണം വ്യാപിപ്പിക്കുന്നതാണ് ബില്‍. രണ്ടു ബില്ലുകളും രാജ്യസഭ ഏകകണ്ഠമായി പാസാക്കി.
***
(Release ID: 1581383)
Visitor Counter : 751