പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ജൂലൈ ഇരുപത്തിയെട്ടാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

മനസ്സ് പറയുന്നത് - 2.0 
(രണ്ടാം ലക്കം)

Posted On: 28 JUL 2019 11:33AM by PIB Thiruvananthpuram

ന്യൂഡല്‍ഹി, 28 ജൂലൈ 2019

പ്രിയപ്പെട്ട ദേശവാസികള്‍ക്കു നമസ്‌കാരം. മന്‍ കി ബാത് എപ്പോഴത്തെയും പോ#െല  ഞാനും നിങ്ങളും കാത്തിരുന്ന് എത്തിച്ചേരുന്ന  സന്ദര്‍ഭമാണ്. ഇപ്രാവശ്യവും വളരെയധികം കത്തുകള്‍, കമന്റുകള്‍, ഫോണ്‍ കോളുകള്‍ കിട്ടി. വളരെയധികം കഥകള്‍, നിര്‍ദ്ദേശങ്ങള്‍, പ്രേരണകള്‍... എല്ലാവരും എന്തെങ്കിലുമൊക്കെചെയ്യാനാഗ്രഹിക്കുന്നു, പറയാനുമാഗ്രഹിക്കുന്നു. ഒരു ആവേശം തോന്നും. ഞാന്‍ ഒരുമിപ്പിക്കാനാഗ്രഹിക്കുന്നു. എങ്കിലും സമയപരിമിതി കാരണം അതിനു സാധിക്കുന്നില്ല. നിങ്ങളെന്റെ മാറ്റുരച്ചുനോക്കുന്നുവെന്നാണ് എനിക്കു തോന്നുന്നത്. എങ്കിലും നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍തന്നെ മന്‍ കി ബാത്തിന്റെ ചരടില്‍ കോര്‍ത്തിണക്കിക്കൊണ്ട് ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്കായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കയാണ്.
കഴിഞ്ഞ പ്രാവശ്യം ഞാന്‍ പ്രേംചന്ദിന്റെ കഥകളെക്കുറിച്ച് ചര്‍ച്ച ചെയ്തത് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും. ഏതു പുസ്തകം വായിച്ചാലും അതെക്കുറിച്ച് ചില കാര്യങ്ങള്‍ നരേന്ദ്ര മോദി ആപ് ലൂടെ പങ്കുവയ്ക്കുമെന്ന് തീരുമാനിച്ചിരുന്നു. പല തരത്തിലുള്ള പുസ്തകങ്ങളെക്കുറിച്ച് വളരെയധികം ആളുകള്‍ അറിവു പങ്കുവച്ചിരിക്കുന്നുവെന്നു കാണാന്‍ സാധിച്ചു. ശാസ്ത്രം, സാങ്കേതിക വിദ്യ, പുതിയ കണ്ടുപിടുത്തങ്ങള്‍, ചരിത്രം, സംസ്‌കാരം, ബിസിനസ്, ജീവചരിത്രം, തുടങ്ങി പല വിഷയങ്ങളെക്കുറിച്ചും എഴുതിയ പുസ്തകങ്ങളെക്കുരിച്ച് ആളുകള്‍ ചര്‍ച്ച ചെയ്യുന്നതായി കണ്ടു.  മറ്റു പല പുസ്തങ്ങളക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്ന്  ആളുകള്‍ എന്നോട് അഭ്യര്‍ഥിച്ചു. തീര്‍ച്ചയായും ഞാന്‍ മറ്റു ചില പുസ്തകങ്ങളെക്കുറിച്ചും നിങ്ങളോടു പറയാം. എങ്കിലും വളരെയധികം പുസ്തകങ്ങള്‍ വായിക്കാന്‍ സമയം നീക്കിവയ്ക്കാന്‍ എനിക്കാവുന്നില്ല എന്നു പറയേണ്ടി വരും. എങ്കിലും നിങ്ങള്‍ എഴുതി അറിയിക്കുന്നതിലൂടെ പല പുസ്തകങ്ങളെക്കുറിച്ച് അറിയാന്‍ എനിക്ക് അവസരം ലഭിച്ചു. എങ്കിലും കഴിഞ്ഞ ഒരു മാസത്തെ അനുഭവത്തില്‍ നാം മുന്നേറാനുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. നരേന്ദ്ര മോദി ആപ് ല്‍ നമുക്ക് ഒരു സ്ഥിരം ബുക്ക് കോര്‍ണര്‍ ആരംഭിച്ചുകൂടേ. പുതിയ പുസ്തകം വായിക്കുമ്പോഴൊക്കെ അതില്‍ എഴുതാം, ചര്‍ച്ച ചെയ്യാം. നിങ്ങള്‍ക്ക് ഈ ബുക്ക് കോര്‍ണറിന് ഒരു  പേരു നിര്‍ദ്ദേശിക്കാം. ഈ ബുക്ക് കോര്‍ണര്‍ വായനക്കാര്‍ക്കും ലേഖകര്‍ക്കും ഒരു സജീവ വേദിയായി മാറട്ടെ എന്നു ഞാനാഗ്രഹിക്കുന്നു. നിങ്ങള്‍ വായിച്ചും എഴുതിയുമിരിക്കുക. മന്‍ കീ ബാത്തിന്റെ എല്ലാ കൂട്ടുകാര്‍ക്കും അത് പങ്കു വച്ചുകൊണ്ടുമിരിക്കുക. 
സുഹൃത്തുക്കളേ, മന്‍ കീ ബാത്തില്‍ ജല സംരക്ഷണത്തെക്കുറിച്ചു പറഞ്ഞു. ഞാന്‍ പറയുന്നതിനു മുമ്പുതന്നെ ജലസംരക്ഷണം ഹൃദയത്തെ സ്പര്‍ശിക്കുന്ന വിഷയമായിരുന്നു എന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. എല്ലാവര്‍ക്കും ഇഷ്ടവിഷയമായിരുന്നു. എനിക്കു തോന്നുന്നത് ജലത്തിന്റെ വിഷയം ഈ സമയത്ത് ഭാരതത്തെ മുഴുവന്‍ പിടിച്ചു കുലുക്കിയെന്നാണ്. ജലസംരക്ഷണത്തിന്റെ കാര്യത്തില്‍ അനേകം വിദഗ്ധര്‍ നല്ല ശ്രമങ്ങളില്‍ എര്‍പ്പെട്ടിട്ടുണ്ട്. ആളുകള്‍ പരമ്പരാഗത രീതികളെക്കുറിച്ചുള്ള അറിവുകള്‍ പങ്കു വയ്ക്കുന്നു. മാധ്യമങ്ങള്‍ ജല സംരക്ഷണത്തെക്കുറിച്ച് പല പുതിയ ജനമുന്നേറ്റ പരിപാടികളും ആരംഭിച്ചിരിക്കുന്നു. ഗവണ്‍മെന്റാണെങ്കിലും എന്‍.ജി.ഒ കളാണെങ്കിലും യുദ്ധകാലാടിസ്ഥാനത്താലാണ് എന്തെങ്കിലുമൊക്കെ ചെയ്യുന്നത്. സാമൂഹികസഹകരണത്തിന്റെ മികവു കണ്ട്, മനസ്സിന് വളരെ സന്തോഷം തോന്നുന്നു. ഉദാഹരണത്തിന് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്ന് അല്പമകലെ ഓര്‍മാഞ്ചി ബ്ലോക്കിലെ ആരാ കേരം എന്ന ഗ്രാമത്തില്‍ അവിടത്തെ ഗ്രാമീണര്‍ ജല സംരക്ഷണത്തിന്റെ കാര്യത്തില്‍ കാട്ടിയ ഉത്സാഹം എല്ലാവര്‍ക്കും അനുകരിക്കാവുന്ന ഉദാഹരണമായി മാറിയിരിക്കയാണ്. ഗ്രാമീണര്‍, ശ്രമദാനത്തിലുടെ പര്‍വ്വതത്തില്‍നിന്നൊഴുകിയിരുന്ന അരുവിയ്ക്ക് ഒരു നിശ്ചിതമായ ദിശ നല്കാന്‍ ശ്രമിച്ചു. അതും തീര്‍ത്തും നാടന്‍ രീതിയിലൂടെ. അതിലൂടെ മണ്ണുവെട്ടിമാറ്റുന്നതും വിളവ് നശിപ്പിക്കുന്നതും നിന്നു. കൃഷിയിടത്തിന് വെള്ളം ലഭിക്കയും ചെയ്തു. ഗ്രാമീണരുടെ ഈ ശ്രമദാനം, ഇന്ന് ഗ്രാമത്തിനു മുഴുവന്‍ ജീവിതം ദാനം ചെയ്യുന്ന ഒന്നായി മാറിയിരിക്കുന്നു. വടക്കു കിഴക്കന്‍ ഭാരതത്തിലെ മനോഹര സംസ്ഥാനം, മേഘാലയ സ്വന്തമായ ഒരു ജലനയമുള്ള സംസ്ഥാനമായി മാറിയിരിക്കുന്നു. ഞാന്‍ അവിടത്തെ ഗവണ്‍മെന്റിനെ അഭിനന്ദിക്കുന്നു. 
ഹരിയാനയില്‍ വളരെ കുറച്ച് ജലം ആവശ്യമായ, എന്നാല്‍ കര്‍ഷകര്‍ക്കു നഷ്ടമുണ്ടാകാത്ത കൃഷിക്കാണ് പ്രാധാന്യം കൊടുത്തു പോരുന്നത്. കര്‍ഷകരുമായി ചര്‍ച്ച നടത്തി, അവരെ പരമ്പരാഗത കൃഷിയില്‍ നിന്ന് മാറ്റി, കുറച്ച് ജലം വേണ്ട കൃഷി നടത്താന്‍ പ്രേരിപ്പിച്ചതില്‍ ഞാന്‍ ഹരിയാനാ ഗവണ്‍മെന്റിനെയും പ്രത്യേകമായി അഭിനന്ദിക്കുന്നു. 
ഇപ്പോള്‍ ഉത്സവങ്ങളുടെ സമയമായിരിക്കുന്നു. ഉത്സവങ്ങളുടെ കാലത്ത് മേളകളും നടക്കുന്നു. ജലസംരക്ഷണത്തിന് ഈ മേളകളേയും ഉപയോഗിച്ചുകൂടേ. മേളകളില്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ട ആളുകള്‍ എത്തുന്നു. ഈ മേളകളില്‍ ജലസംരക്ഷണത്തിന്റെ സന്ദേശം വളരെ നല്ല രീതിയില്‍ നല്‍കാവുന്നതാണ്. പ്രദര്‍ശനങ്ങളാകാം, തെരുവുനാടകങ്ങളാകാം, ഉത്സവത്തിനൊപ്പം ജലസംരക്ഷണത്തിന്റെ സന്ദേശം വളരെ നിഷ്പ്രയാസം നമുക്ക് എത്തിക്കാനാകും. 
 സുഹൃത്തുക്കളെ, ജീവിതത്തില്‍ ചില കാര്യങ്ങള്‍ നമ്മില്‍ ഉത്സാഹം നിറക്കുന്നു. വിശേഷിച്ചും കുട്ടികളുടെ നേട്ടങ്ങള്‍, അവരൂടെ പ്രവൃത്തികള്‍ ഒക്കെ നമുക്ക് പുതിയ ഊര്‍ജം നല്‍കുന്നു. അതുകൊണ്ട് ചില കുട്ടികളെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ നിധി ബായിപ്പോടു, മോനിഷ് ജോഷി, ദേവാംശി റാവത്, തനുഷ് ജെയിന്‍, ഹര്‍ഷ് ദേവ്ധര്‍ക്കര്‍, അനന്ത് തിവാരി, പ്രീതി നാഗ്, അഥര്‍വ്വ് ദേശമുഖ്, ആരണ്യതേശ് ഗാംഗുലി, ഹൃതിക് അലാമാംദാ എന്നിവരാണ്. 
ഞാന്‍ അവരെക്കുറിച്ച് പറയുന്നതുകേട്ട് നിങ്ങളുടെ മനസ്സിലും അഭിമാനവും ഉത്സാഹവും നിറയും. കാന്‍സര്‍ എന്ന വാക്ക് ലോകത്തെ ആകെ ഭയപ്പെടുത്തുന്ന ഒന്നാണെന്ന് നമുക്കെല്ലാമറിയാം. മരണം വാതില്‍ക്കല്‍ നില്‍ക്കുകയാണെന്ന് തോന്നും. എന്നാല്‍ ഈ പത്തു കൂട്ടികളും തങ്ങളുടെ ജീവിത പോരാട്ടത്തില്‍ കാന്‍സറിനെ പോലെ മാരകമായ രോഗത്തെ പരാജയപ്പെടുത്തി എന്നു മാത്രമല്ല തങ്ങളുടെ പ്രവൃത്തിയിലൂടെ ലോകമെങ്ങും ഭാരതത്തിന്റെ അഭിമാനം വര്‍ധിപ്പിക്കുകയും ചെയ്തു. കളിയില്‍ ജയിച്ചതിനു ശേഷം മെഡല്‍ നേടി ചാംപ്യന്‍ ആകാറുണ്ട.് എന്നാല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പേതന്നെ ഇവര്‍ ചാംപ്യന്‍മാരായി എന്നത് അപൂര്‍വ്വ അവസരമായിരുന്നു.  അതും ജീവിത പോരാട്ടത്തിലെ ചാംപ്യന്‍മാര്‍.
 ഈ മാസം മോസ്‌കോയില്‍ വേള്‍ഡ് ചില്‍ഡ്രന്‍സ് വിന്നേഴ്‌സ് ഗെയിംസ് (World Children's winners games) നടക്കുകയുണ്ടായി. ഇത് വളരെ വിചിത്രമായ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് ആയിരുന്നു. ഇതില്‍ പങ്കെടുത്തത് കാന്‍സറിനെ അതിജീവിച്ച കുട്ടികളായിരുന്നു.  അതായത് തങ്ങളുടെ ജീവിതത്തില്‍ കാന്‍സറിനോട് പോരാടി വിജയിച്ചവരാണ് പങ്കെടുത്തത്. ഈ മത്സരത്തില്‍ ഷൂട്ടിംഗ്, ചെസ്സ, നീന്തല്‍, ഓട്ടം, ഫുട്ബാള്‍ പോലുള്ള മത്സരങ്ങളാണ് നടന്നത.് നമ്മുടെ രാജ്യത്തെ ഈ എല്ലാ ചാംപ്യന്‍മാരൂം ടൂര്‍ണമെന്റില്‍ മെഡല്‍ നേടി. ഇതില്‍ ചില കളിക്കാര്‍ ഒന്നിലധികം ഇനങ്ങളില്‍ മെഡല്‍ നേടി. 
പ്രിയപ്പെട്ട ജനങ്ങളെ, നിങ്ങള്‍ക്ക് ആകാശത്തിനപ്പുറം ശൂന്യാകാശത്തില്‍ ഭാരതത്തിന്റെ വിജയത്തെക്കുറിച്ച് തീര്‍ച്ചയായും അഭിമാനം ഉണ്ടായിട്ടുണ്ടാകൂം. ചന്ദ്രയാന്‍-2.
രാജസ്ഥാനിലെ ജോധ്പുരില്‍ നിന്നും സഞ്ജീവ് ഹരിപുരാ, കല്‍ക്കട്ടയില്‍ നിന്നും മഹേന്ദ്ര കുമാര്‍ ഡാഗാ, തെലങ്കാനയില്‍ നിന്നും പി.അരവിന്ദ റാവു, തുടങ്ങി അനേകം പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നരേന്ദ്ര മേദി ആപ്പിലൂടെയും മൈ ഗവിലൂടെയും എനിക്കെഴുതി. അവര്‍ മന്‍ കീ ബാത്തില്‍ ചന്ദ്രയാന്‍-2 നെക്കുറിച്ച് വിശദീകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.
 ബഹിരാകാശത്തിന്റെ കാര്യത്തില്‍ 2019 ഭാരതത്തെ സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമാണ്. നമ്മുടെ ശാസ്ത്രജ്ഞര്‍ മാര്‍ച്ച് മാസത്തില്‍  എ സാറ്റ്  വിക്ഷേപിച്ചു.  അതിനുശേഷം ചന്ദ്രയാന്‍ 2 . തിരഞ്ഞെടുപ്പിന്റെ കോലാഹലത്തില്‍ ആ സമയത്ത് എ സാറ്റ് വിക്ഷേപണം പോലുള്ള വലിയ വാര്‍ത്ത ചര്‍ച്ചയായില്ല. എന്നാല്‍ നാം എ സാറ്റിലൂടെ മൂന്നു മിനിട്ടുകൊണ്ട് 300 കി.മീ ദൂരെയുള്ള ഒരു ഉപഗ്രഹം തകര്‍ത്തിടാനുള്ള കഴിവു നേടി. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഭാരതം. ജൂലൈ22 ന് ചന്ദ്രയാന്‍ 2 ശ്രീഹരിക്കോട്ടയില്‍ നിന്ന് അന്തരീക്ഷത്തിലേക്കുയരുന്നത് രാജ്യം അഭിമാനത്തോടെ കണ്ടു. ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണ ചിത്രങ്ങള്‍ ജനങ്ങളില്‍ അഭിമാനവും ഉത്സാഹവും  ,സന്തോഷവും നിറച്ചു.
ചന്ദ്രയാന്‍ 2  ദൗത്യം പല തരത്തിലും വിശേഷപ്പെട്ടതാണ്. അത് ചന്ദ്രനെക്കുറിച്ചുള്ള നമ്മുടെ അറിവ് കൂടുതല്‍ വ്യക്തമാക്കും. ഇതിലൂടെ നമുക്ക് ചന്ദ്രനെക്കുറിച്ച് വളരെ വിശദമായ അറിവുകള്‍ തരും. എന്നാല്‍ ചന്ദ്രയാന്‍ 2 കൊണ്ട്  എന്താണ് കൂടുതലായി മനസ്സിലാക്കിയത് എന്ന് എന്നോടു ചോദിച്ചാല്‍ ഞാന്‍ പറയും - വിശ്വാസവും ഭയരാഹിത്യവും. നമുക്ക് നമ്മുടെ നൈപുണ്യത്തെക്കുറിച്ചും കഴിവുകളെക്കുറിച്ചും നമ്മുടെ പ്രതിഭയെക്കുറിച്ചും വിശ്വാസം വേണം. ചന്ദ്രയാന്‍ 2 പൂര്‍ണ്ണമായും ഭാരതീയമാണെന്നതില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. ഇത് മനസ്സുകൊണ്ടും ആത്മാവുകൊണ്ടും ഭാരതീയമാണ്. തീര്‍ത്തും ഇത് സ്വദേശി ദൗത്യമാണ്. പുതിയ പുതിയ മേഖലകളില്‍ പുതിയതായി എന്തെങ്കിലും നേടാനാണെങ്കില്‍ പുതുമയുടെ ഉത്സാഹമുണ്ടെങ്കില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ ഏറ്റവും മികച്ചവരാണ്. ലോകോത്തര നിലവാരത്തിലുള്ളവരാണ് എന്ന് ഈ ദൗത്യം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. 
രണ്ടാമതായി പഠിക്കേണ്ട പാഠം ഒരു പ്രതിബന്ധത്തിലും ഭയപ്പെടാന്‍ പാടില്ല എന്നതാണ്. നമ്മുടെ ശാസ്ത്രജ്ഞര്‍ റിക്കാര്‍ഡ് സമയം കൊണ്ട് രാപ്പകല്‍ അധ്വാനിച്ച് എല്ലാ സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിച്ച് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത് അഭൂതപൂര്‍വ്വമായ വിജയമാണ്. ശാസ്ത്രജ്ഞരുടെ ഈ മഹത്തായ തപസ്സ് ലോകം മുഴുവന്‍ കണ്ടു. തടസ്സമുണ്ടായിട്ടും ലക്ഷ്യത്തില്‍ എത്തിച്ചേരേണ്ട സമയം അവര്‍ മാറ്റിയില്ല എന്നതിലും പലര്‍ക്കും ആശ്ചര്യമുണ്ട്. നാം നമ്മുടെ ജീവിതത്തിലും താത്കാലികമായ പരാജയങ്ങളെ, അപ്പപ്പോഴുള്ള ബുദ്ധിമുട്ടുകളെ നേരിടേണ്ടി വരും. എന്നാല്‍ അതിനെ അതിജീവിക്കാനുള്ള സാമര്‍ത്ഥ്യവുമുണ്ടായിരിക്കും നമ്മുടെ ഉള്ളില്‍ എന്നത് എപ്പോഴും ഓര്‍ക്കണം. ചന്ദ്രയാന്‍ 2 രാജ്യത്തെ യുവാക്കളെ സയന്‍സിന്റെയും കണ്ടുപിടുത്തത്തിന്റെയും ലോകത്തേക്ക് തിരിയാന്‍ പ്രേരിപ്പിക്കും എന്ന വലിയ പ്രതീക്ഷ എനിക്കുണ്ട്. ആത്യന്തികമായി ശാസ്ത്രമാണ് വികസനത്തിന്റെ പാത തുറക്കുന്നത്.  ചന്ദ്രന്റെ ഉപരിതലത്തില്‍ ലാന്റര്‍ വിക്രമും റോവര്‍ പ്രജ്ഞാനും ലാന്‍ഡ് ചെയ്യുന്ന സമയമായ സെപ്റ്റംബറാകാന്‍ നാം അക്ഷമരായി  കാത്തിരിക്കുകയാണ്.  
ഇന്ന് മന്‍ കീ ബാത്തിലൂടെ ഞാന്‍ രാജ്യത്തെ വിദ്യാര്‍ഥികളായ സുഹൃത്തുക്കളോട്, യുവാക്കളോട് വളരെ ആകര്‍ഷകമായ ഒരു മത്സരത്തെക്കുറിച്ചുള്ള വിവരങ്ങള്‍പങ്കുവയ്ക്കാനാഗ്രഹിക്കുന്നു. രാജ്യത്തെ യുവതീ യുവാക്കളെ ക്ഷണിക്കാനാഗ്രഹിക്കുന്നു ഒരു ക്വിസ് മത്സരത്തിലേക്ക്.  ബഹിരാകാശവുമായി ബന്ധപ്പെട്ട ജിജ്ഞാസകള്‍, ഭാരതത്തിന്റെ ശാസ്ത്ര ദൗത്യം, ശാസ്ത്ര സാങ്കേതിക വിദ്യകള്‍ എന്നിവ  പ്രശ്‌നോത്തരിയുടെ പ്രധാനവിഷയമായിരിക്കും. ഉദാഹരണത്തിന് റോക്കറ്റ് വിക്ഷേപിക്കാന്‍ എന്തെല്ലാം ചെയ്യണം? ഉപഗ്രഹത്തെ എങ്ങനെയാണ് ഭ്രമണപഥത്തില്‍ നിലനിര്‍ത്തുന്നത്? ഉപഗ്രഹത്തിലൂടെ നാം എന്തെല്ലാം അറിവുകളാണ് നേടുന്നത്? എ -സാറ്റ് എന്താണ്? എന്നിങ്ങനെ വളരെയേറെ കാര്യങ്ങള്‍. മൈ ജിഒവി വെബ്‌സൈറ്റില്‍, ആഗസ്റ്റ് 1 ന് മത്സരത്തിന്റെ വിശദവിവരങ്ങളുണ്ടാകും. 
ഈ പ്രശ്‌നോത്തരിയില്‍ പങ്കെടുക്കാന്‍ ഞാന്‍ യുവ സുഹൃത്തുക്കളോടും വിദ്യാര്‍ത്ഥികളോടും അഭ്യര്‍ഥിക്കുന്നു. നിങ്ങളുടെ പങ്കാളിത്തത്തിലൂടെ ഇത് ആകര്‍ഷകവും ആനന്ദകരവും അവിസ്മരണീയമാക്കൂ.  തങ്ങളുടെ സ്‌കൂളിനെ വിജയത്തിലെത്തിക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് ഞാന്‍ സ്‌കൂളുകളോടും രക്ഷാകര്‍ത്താക്കളോടും ഉത്സാഹികളായ പ്രിന്‍സിപ്പല്‍മാരോടും അധ്യാപകരോടും വിശേഷാല്‍ അഭ്യര്‍ഥിക്കുന്നു. എല്ലാ വിദ്യാലയങ്ങളെയും ഇതില്‍ പങ്കുചേരാന്‍ പ്രോത്സാഹിപ്പിക്കൂ. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും, ഏറ്റവുമധികം സ്‌കോര്‍ നേടുന്ന വിദ്യാര്‍ഥികളെ ഗവണ്‍മെന്റ് ചിലവില്‍ ശ്രീഹരിക്കോട്ടയില്‍ കൊണ്ടുപോകും, സെപ്റ്റംബറില്‍ അവര്‍ക്ക് ചന്ദ്രയാന്‍ ചന്ദ്രനില്‍ ഇറങ്ങുന്ന നിമിഷത്തിന് സാക്ഷിയാകാന്‍ അവസരം ലഭ്യമാക്കും. വിജയികളാകുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് അവരുടെ ജീവിതത്തിലെ ഒരു ചരിത്ര സംഭവമായിരിക്കും. എന്നാല്‍ ഇതിന് പ്രശ്‌നോത്തരയില്‍ പങ്കെടുക്കണം, ഏറ്റവുമധികം മാര്‍ക്ക് നേടണം, വിജയിയാകണം.
സുഹൃത്തുക്കളേ, എന്റെ നിര്‍ദ്ദേശം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിരിക്കും, നല്ല അവസരമല്ലേ. എങ്കില്‍ ഈ പ്രശ്‌നോത്തരിയില്‍ പങ്കെടുക്കാന്‍ മറക്കാതിരിക്കുക. . കൂടുതല്‍ കൂടുതല്‍  സുഹൃത്തുക്കളെയും പ്രേരിപ്പിക്കുക. പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചിരിക്കും. നമ്മുടെ മന്‍ കീ ബാത് സ്വച്ഛതാ അഭിയാന് സമയാസമയങ്ങളില്‍ ഗതിവേഗം വര്‍ധിപ്പിച്ചിട്ടുണ്ട്. അതുപോലെ ശുചിത്വത്തിന് വേണ്ടി ചെയ്യുന്ന ശ്രമങ്ങളും മന്‍ കീ ബാത്തിന് എന്നും പ്രചോദനമായിട്ടുണ്ട്. 5 വര്‍ഷം മുമ്പ് ആരംഭിച്ച ഈ യാത്ര ഇന്ന് എല്ലാ ജനങ്ങളുടെയും പങ്കാളിത്തത്തോടെ ശുചിത്വത്തിന് പുതിയ മാനദണ്ഡം സൃഷ്ടിക്കുകയാണ്. നാം ശുചിത്വത്തിന്റെ കാര്യത്തില്‍ മാതൃകയാക്കാവുന്ന ഒരു  ഒരു സ്ഥിതിയിലെത്തിയെന്നല്ല, മറിച്ച് വെളിയിട വിസര്‍ജ്ജനം മുതല്‍ പൊതു സ്ഥലങ്ങളില്‍ വരെ സ്വച്ഛതാ അഭിയാനില്‍ വിജയം നേടാനായിട്ടുണ്ട്. അത് 130 കോടി ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെ ശക്തിയാണ്, എന്നാല്‍ നാം ഇത്രയും കൊണ്ട് നിര്‍ത്തുകയല്ല. ഈ മുന്നേറ്റം ഇനി ശുചിത്വത്തില്‍ നിന്ന് സൗന്ദര്യത്തിലേക്ക്  പോകുകയാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഞാന്‍ ശ്രീ.യോഗേശ് സൈനിയുടെയും സംഘത്തിന്റെയും പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു മാധ്യമത്തിലൂടെ കാണുകയായിരുന്നു. യോഗേഷ് സൈനി എഞ്ചിനീയറാണ്. അമേരിക്കയിലെ ജോലി കളഞ്ഞിട്ട്  മാതൃഭൂമിയെ സേവിക്കാന്‍ മടങ്ങി വന്നിരിക്കയാണ്. അദ്ദേഹം കുറച്ചു കാലമായി ദില്ലിയെ മാലിന്യമുക്തം മാത്രമല്ല, സുന്ദരവുമാക്കാനുള്ള ഉദ്യമം ഏറ്റെടുത്തു. അദ്ദേഹം തന്റെ ടീമിനൊപ്പം ലോധി റോഡില്‍ ഒരു ചവറ്റുകുട്ടയോടെയാണ് പ്രവര്‍ത്തനമാരംഭിച്ചത്. തെരുവു കലയിലൂടെ ദില്ലിയുടെ പല ഭാഗവും സുന്ദരമായ ചിത്രങ്ങളിലൂടെ അണിയിച്ചൊരുക്കി. ഓവര്‍ ബ്രിഡ്ജുകളുടെയും വിദ്യാലയങ്ങളുടെയും ഭിത്തികള്‍ മുതല്‍ കുടിലുകള്‍ വരെ അവര്‍ തങ്ങളുടെ നൈപുണ്യപ്രദര്‍ശനം നടത്തിയപ്പോള്‍ ആളുകളും അവരുടെ കൂടെക്കൂടി, അതൊരു വലിയ മുന്നേറ്റമായി. കുംഭമേളയുടെ അവസരത്തില്‍ പ്രയാഗ് രാജിനെ എങ്ങനെയാണ് സ്ട്രീറ്റ് പെയ്ന്റിംഗുകള്‍ കൊണ്ട് അലങ്കരിച്ചതെന്ന് നിങ്ങള്‍ കണ്ടിരിക്കും. യോഗേഷ് സൈനിയും അദ്ദേഹത്തിന്റെ കൂട്ടുകാരും അക്കാര്യത്തിലും വലിയ പങ്കു വഹിച്ചിരുന്നു. നിറങ്ങളിലും വരകളിലും നിന്ന് സ്വരമൊന്നും പുറപ്പെടുകയില്ലെങ്കിലും അതുപയോഗിച്ചുണ്ടാക്കുന്ന ചിത്രങ്ങള്‍ കൊണ്ട് രൂപപ്പെടുന്ന മഴവില്ലിന്റെ സന്ദേശം ആയിരം വാക്കുകളേക്കാള്‍ അധികം സ്വാധീനം ചെലുത്തുന്നതാകും. സ്വച്ഛതാ അഭിയാന്റെ സൗന്ദര്യത്തിലും ഇത് പ്രകടമാണ്. മാലിന്യത്തില്‍ നിന്ന് സമ്പത്ത് ഉണ്ടാക്കുന്ന സംസ്‌കാരം നമ്മുടെ സമൂഹത്തില്‍ വികസിക്കണമെന്നത് നമ്മുടെ വലിയ ആവശ്യമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ നമുക്ക് മാലിന്യത്തില്‍ നിന്ന് സ്വര്‍ണ്ണം വിളയിക്കുന്ന കാര്യത്തിലേക്ക് മുന്നേറണം. 
പ്രിയപ്പെട്ട ജനങ്ങളേ, കഴിഞ്ഞ ദിവസം, മൈ ജിഒവി യില്‍ ഞാന്‍ വളരെ ആകര്‍ഷകമായ ഒരു വാചകം വായിച്ചു. ഈ കമന്റെ ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ താമസിക്കുന്ന ഭായി മുഹമ്മദ് അസ്ലമിന്റേതായിരുന്നു. 
അദ്ദേഹം എഴുതി - മന്‍ കീ ബാത് പരിപാടി കേള്‍ക്കുന്നത് വളരെ സന്തോഷമാണ്. ഞാന്‍ എന്റെ സംസ്ഥാനമായ ജമ്മു കശ്മീരില്‍ ബാക്ക് ടു വില്ലേജ് ഫോര്‍ കമ്യൂണിറ്റി മൊബിലൈസേഷന്‍ പരിപാടി സംഘടിപ്പിക്കുന്നതില്‍ സജീവമായി പങ്കെടുത്തു. ഈ പരിപാടി സംഘടിപ്പിച്ചത് ജൂണ്‍ മാസത്തിലായിരുന്നു. ഇതുപോലുളള പരിപാടികള്‍ എല്ലാ മൂന്നു മാസം കൂടുമ്പോഴും വേണമെന്നാണ് എന്റെ അഭിപ്രായം. അതോടൊപ്പം പരിപാടി ഓണ്‍ലൈനായി നിരീക്ഷിക്കുന്നതിനുള്ള ഏര്‍പ്പാടും വേണം. എന്റെ അഭിപ്രായത്തില്‍ ഇതു ജനങ്ങള്‍ ഗവണ്‍മെന്റിനോടു നേരിട്ടു സംവദിക്കുന്ന തരത്തിലുള്ള ആദ്യത്തെ പരിപാടിയായിരുന്നു.
സഹോദരന്‍ മുഹമ്മദ് അസ്ലം ഈ സന്ദേശം എനിക്കയച്ചു. അത് വായിച്ചശേഷം ബാക്ക് ടു വില്ലേജ് പരിപാടിയെക്കുറിച്ച് അറിയാനുള്ള എന്റെ ഔത്സുക്യം വര്‍ധിച്ചു. അതിനെക്കുറിച്ച് ഞാന്‍ വിശദമായി അറിഞ്ഞപ്പോള്‍ രാജ്യത്തെ മുഴുവന്‍ അതറിയിക്കണമെന്ന് എനിക്കു തോന്നി. കശ്മീരിലെ ജനങ്ങള്‍ വികസനത്തിന്റെ മുഖ്യധാരയുമായി ചേരാന്‍ എത്രത്തോളം അക്ഷമരാണ്, എത്ര ഉത്സാഹികളാണ്, എന്ന് ഈ പരിപാടിയില്‍ നിന്ന് മനസ്സിലാകുന്നു. ഈ പരിപാടിയില്‍ ആദ്യമായി വലിയ വലിയ ഓഫീസര്‍മാര്‍ നേരിട്ട് ഗ്രാമങ്ങളിലെത്തി. ഗ്രാമീണര്‍ കണ്ടിട്ടുപോലുമില്ലാത്ത ഓഫീസര്‍മാര്‍ വികസനകാര്യത്തില്‍ ഉണ്ടാകുന്ന തടസ്സങ്ങളെക്കുരിച്ച് മനസ്സിലാക്കാന്‍, പ്രശ്‌നങ്ങള്‍ ദൂരീകരിക്കാന്‍ അവരുടെ വീടുകളിലെത്തി. ഈ പരിപാടി ഒരാഴ്ചയോളം നടന്നു. രാജ്യത്തെ ഏകദേശം 4500 പഞ്ചായത്തുകളില്‍ ഗവണ്‍മെന്റ് അധികാരികള്‍ ഗ്രാമീണരെ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും പരിപാടികളെക്കുറിച്ചു വിശദമായ അറിവു നല്കി. അവരിലേക്ക് ഗവണ്‍മെന്റിന്റെ പദ്ധതികളെത്തുന്നുണ്ടോ എന്നും മനസ്സിലാക്കി. പഞ്ചായത്തുകളെ എങ്ങനെ കൂടുതല്‍ ശക്തിപ്പെടുത്താം എന്നന്വേഷിച്ചു. ജനങ്ങളുടെ വരുമാനം എങ്ങനെ വര്‍ധിപ്പിക്കാം എന്നു തിരക്കി. അധികാരികളുടെ സേവനം സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തില്‍ എന്തു സ്വാധീനമാണ് വരുത്തുന്നത് എന്നന്വേഷിച്ചു. ഗ്രാമീണരും മനസ്സു തുറന്ന് തങ്ങളുടെ പ്രശ്‌നങ്ങള്‍ പറഞ്ഞു. സാക്ഷരത, സ്ത്രീപുരുഷ അനുപാതം, ആരോഗ്യം, മാലിന്യമുക്തി, ജല സംരക്ഷണം, വൈദ്യുതി, ജലം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, മുതിര്‍ന്ന പൗരന്‍മാാരുടെ പ്രശ്‌നങ്ങള്‍ തുടങ്ങി പല വിഷയങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.
സുഹൃത്തുക്കളെ ഈ പരിപാടി ഉദ്യോഗസ്ഥന്‍ പകല്‍ മുഴുവനും ഗ്രാമത്തില്‍ ചുറ്റിയടിച്ച് മടങ്ങിവരുന്നതുപോലുള്ള ഗവണ്‍മെന്റിന്റെ ചടങ്ങായിരുന്നില്ല മറിച്ച് ഇപ്രാവശ്യം അധികാരികള്‍ രണ്ടു പകലും ഒരു രാത്രിയും പഞ്ചായത്തില്‍ത്തന്നെ കഴിച്ചുകൂട്ടി. ഇതുമൂലം അവര്‍ക്ക് ഗ്രാമത്തില്‍ സമയം ചിലവഴിക്കാനുള്ള അവസരം കിട്ടി. ഓരോ വ്യക്തിയേയും കാണാന്‍ ശ്രമിച്ചു. ഓരോ സ്ഥലത്തും എത്താന്‍ ശ്രമിച്ചു. ഈ പരിപാടിയെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പല കാര്യങ്ങളും കൂട്ടിച്ചേര്‍ത്തു. ഖേലോ ഇന്‍ഡ്യയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കായിക മത്സരം നടത്തി. അവിടെവച്ച് സ്‌പോര്‍ട്‌സ് കിറ്റ്, ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ജോബ് കാര്‍ഡുകള്‍, പടട്#ിക ജാതി, പട്ടിക വര്‍ഗ്ഗ് സര്‍ട്ടിഫിക്കറ്റുകള്‍ മുതലായവ വിതരണം ചെയ്തു. സാമ്പത്തിക സാക്ഷരതാ ക്യാമ്പുകള്‍ ആസൂത്രണം ചെയ്തു. കൃഷി, ഹോര്‍ട്ടിക്കള്‍ചച്ര്‍ മുതലായ ഗവണ്‍മെന്റ് വിഭാഗങ്ങളില്‍ നിന്ന് സ്റ്റാളുകള്‍ സ്ഥാപിച്ച് ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ച് അറിവ് പകര്‍ന്നു. ഒരുതരത്തില്‍ ഈ സംഘാടനം ഒരു  വികസന ഉത്സവമായി മാറി. ജനപങ്കാളിത്തത്തിന്റെ, ജനങ്ങളുടെ ഉണര്‍വ്വിന്റെ  ഉത്സവമായി,  കാശ്മിരിലെ ജനങ്ങള്‍ വികസനത്തിന്റെ ഈ ഉത്സവത്തില്‍ തികച്ചും പങ്കാളികളായി. ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ദുര്‍ഗ്ഗമമായ വഴിയിലൂടെ പര്‍വ്വതങ്ങള്‍ കയറി ചിലപ്പോള്‍ ഒന്നൊന്നര ദിവസം നടന്നാല്‍ മാത്രം എത്താന്‍ കഴിയുന്ന വിദൂര ഗ്രാമങ്ങളിലും 'Back To Village' പരിപാടി സംഘടിപ്പിച്ചു എന്നത് നടത്തപ്പെട്ടു എന്നത് സന്തോഷമുള്ള കാര്യമാണ്. എപ്പോഴും അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള വെടിവെപ്പിന്റെ നിഴലില്‍ കഴിയുന്ന അതിര്‍ത്തിക്കടുത്തുള്ള പഞ്ചായത്തുകളില്‍വരെ ഈ ഉദ്യോഗസ്ഥര്‍ എത്തി. മാത്രമല്ല ഷോപിയാന്‍, പുല്‍വാമ, കുല്‍ഗാം, അനന്തനാഗ് തുടങ്ങി വളരെ സങ്കീര്‍ണ്ണമായ സ്ഥലങ്ങളിലും ഈ ഉദ്യോഗസ്ഥര്‍ ഭയലേശമില്ലാതെ കടന്നുചെന്നു. പല ഉദ്യോഗസ്ഥരും തങ്ങളെ സ്വാഗതം ചെയ്യുന്നതില്‍ ആകൃഷ്ടരായി രണ്ടു ദിവസത്തില്‍ കൂടുതല്‍ ഗ്രാമങ്ങളില്‍ തങ്ങി. ഈ പ്രദേശങ്ങളില്‍ ഗ്രാമസഭകള്‍ സംഘടിപ്പിക്കുക, അവയില്‍ വളരെയധികം ജനങ്ങള്‍ പങ്കെടുക്കുക, തങ്ങള്‍ക്കുവേണ്ടി പദ്ധതികള്‍ തയ്യാറാക്കുക, ഇതെല്ലാം വളരെ നല്ല കാര്യമാണ്. 
പുതിയ തീരുമാനം, പുതിയ ഉത്സാഹം, അന്തസ്സായ ഫലം. ഇത്തരത്തിലുള്ള പരിപാടികളും അവയില്‍ ജനങ്ങളുടെ പങ്കാളിത്തവും വിളിച്ചോതുന്നത് കാശ്മീരിലെ നമ്മുടെ സഹോദരീ സഹോദരന്‍മാ സദ് ഭരണം ആഗ്രഹിക്കുന്നു എന്നാണ്. ഇതില്‍നിന്ന് മനസ്സിലാകുന്നത് പുരോഗതിയുടെ ശക്തി ബോംബിന്റേയും തോക്കിന്റേയും ശക്തിയേക്കാള്‍ മേലെ എന്നാണ്. ആരാണോ വികസനത്തിന്റെ പാതയില്‍ വെറുപ്പ് വിതറാന്‍ ആഗ്രഹിക്കുന്നത്, തടസ്സമുണ്ടാക്കാന്‍ ആഗ്രഹീക്കുന്നത് അവര്‍ക്ക് തങ്ങളുടെ അപക്വമായ ലക്ഷ്യം നേടാന്‍ കഴിയില്ല എന്നത് വ്യക്തമാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, ജ്ഞാനപീഠ പുരസ്‌കാര ജേതാവായ ശ്രീ ദത്താത്രേയ രാമചന്ദ്ര ബേന്ദ്രേ തന്റെ കവിതയില്‍ ശ്രാവണ മാസത്തിന്റെ മഹിമയെ കുറിച്ച് ഇപ്രകാരം പറഞ്ഞു.
അതില്‍ അദ്ദേഹം പറഞ്ഞു-
ഹോഡിഗേ മഡിഗേ ആഗ്യേദു ലഗ്നാ അദരാഗ ഭൂമി മഗ്നാ
അതായത് മഴയുടെ ഇരമ്പലും ജലപ്രവാഹവും തമ്മിലുള്ള ബന്ധം വേറിട്ടതാണ്, ഭൂമി അതിന്റെ സൗന്ദര്യത്തില്‍ മുഴുകിയിരിക്കുന്നു. 
ഭാരതവര്‍ഷത്തിലെങ്ങും വിഭിന്നങ്ങളായ സംസ്‌കാരത്തിലും ഭാഷകളിലും പെട്ട ആളുകള്‍ ശ്രാവണമാസം തങ്ങളുടേതായ രീതികളില്‍ ആഘോഷിക്കുന്നു. ഈ കാലാവസ്ഥയില്‍ നാം ചുറ്റുപാടുകളിലേക്കു നോക്കുമ്പോള്‍ ഭൂമി പച്ചപ്പട്ടു പുതച്ചുവെന്നാണ് തോന്നുക. നാലുപാടും ഒരു പുതിയ ഊര്‍ജ്ജം നമുക്കു കാണാനാകും. ഈ പവിത്രമായ മാസത്തില്‍ ഭക്തര്‍ കാവഡ് യാത്രയ്ക്കും അമര്‍നാഥ് യാത്രയ്ക്കും പോകുന്നു. മറുവശത്ത് പലരും ചിട്ടയോടെ ഉപവാസം അനുഷ്ഠിക്കുന്നു. ആകാംക്ഷയോടെ ജന്‍മാഷ്ടമിയും നാഗപഞ്ചമിയും പോലുള്ള ഉത്സങ്ങള്‍ക്കായി കാക്കുന്നു. ഇതിനിടയില്‍ സഹോദരീ സഹോദരന്‍ാരുടെ സ്‌നേഹത്തിന്റെ പ്രതീകമായ രക്ഷാബന്ധന്‍ ഉത്സവം എത്തുകയായി.  ശ്രാവണത്തിന്റെ കാര്യം പറയുമ്പോള്‍ ഇപ്രാവശ്യം അമര്‍നാഥ് യാത്രയില്‍ കഴിഞ്ഞ  4 വര്‍ഷത്തേക്കാളധികം ഭക്തര്‍ പങ്കെടുത്തു. ജൂലായ് 1 മുതല്‍ ഇപ്പോള്‍ വരെ മൂന്നുലക്ഷത്തിലധികം തീര്‍ഥാടകര്‍ പവിത്ര അമര്‍നാഥ് ഗുഹയില്‍ ദര്‍ശനം നടത്തി. 2015 ല്‍ 60 ദിവസങ്ങളോളം നടന്ന ഈ യാത്രയില്‍ പങ്കെടുത്തതിനേക്കാളധികം പേര്‍ ഇപ്രാവശ്യം കേവലം 28 ദിവസത്തില്‍ പങ്കെടുത്തു.
അമര്‍നാഥ് യാത്രയുടെ വിജയത്തിന് ഞാന്‍ വിശേഷിച്ചും ജമ്മു കാശ്മീരിലെ ജനങ്ങളെയും അവരുടെ അധ്വാനശീലത്തെയും അഭിനന്ദിക്കുന്നു. യാത്രയില്‍ നിന്ന് മടങ്ങിയെത്തുന്ന ജനങ്ങള്‍ സംസ്ഥാനത്തെ ആളുകളുടെ ഉത്സാഹത്തെയും സ്വന്തമെന്ന വിചാരത്തെയും മാറോടണയ്ക്കുന്നവരാണ്. ഇതെല്ലാം ഭാവിയില്‍ തീര്‍ഥയാത്രയ്ക്ക് വളരെ സഹായകമായി ഭവിക്കുന്നവയാണ്. ഉത്തരാഖണ്ഡിലും ഈ വര്‍ഷം ചാര്‍ധാം യാത്ര ആരംഭിച്ചപ്പോള്‍ മുതല്‍ ഒന്നര മാസത്തിനുള്ളില്‍ 8 ലക്ഷത്തിലധികം ഭക്തര്‍, കേദാര്‍നാഥ് ക്ഷത്രത്തില്‍ ദര്‍ശനം നടത്തി എന്നാണ് എനിക്ക് അറിയാനായത്. 2013 ല്‍ ഉണ്ടായ മഹാ ദുരന്തത്തിനുശേഷം ആദ്യമായിട്ടാണ് ഇത്രയധികം ആളുകള്‍ തീര്‍ഥാടനത്തിന് അവിടെ എത്തിയത്. 
ഞാന്‍ നിങ്ങളോടും അഭ്യര്‍ഥിക്കുന്നത് രാജ്യത്തിന്റെ ഈ ഭാഗത്തേക്ക് തീര്‍ച്ചയായും യാത്രകള്‍ നടത്തണമെന്നാണ്. അവിടത്തെ സൗന്ദര്യം മണ്‍സൂണ്‍ കാലത്ത് കാണേണ്ടതാണ്. നമ്മുടെ രാജ്യത്തെ ഈ സൗന്ദര്യത്തെ കാണാനും രാജ്യത്തെ ജനങ്ങളുടെ ഉത്സാഹം മനസ്സിലാക്കുന്നതിനും തീര്‍ഥയാത്രയ്ക്കും ടൂറിസത്തിനുമപ്പുറം മറ്റൊരു അധ്യാപകനില്ല.
ശ്രാവണമെന്ന ഈ സുന്ദരവും ജീവസ്സുറ്റതുമായ മാസ#ം നിങ്ങളിലേവരിലും പുതിയ ഊര്‍ജ്ജവും, പുതിയ ആശയും പുതിയ പ്രതീക്ഷകളും നിറയ്ക്കട്ടെ. അതേപോലെ ആഗസ്റ്റ് മാസം ഭാരത് ഛോഡോ ആന്ദോളനെ ഓര്‍മ്മിപ്പിക്കുന്ന മാസമാണ്. ആഗസറ്റ് 15 നായി വിശേഷാല്‍ തയ്യാറെടുപ്പു നടത്താനും അഭ്യര്‍ത്ഥിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ഈ ദിനം ആഘോഷിക്കാന്‍ പുതിയ രീതികള്‍ കണ്ടെത്തുക. ജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക. ആഗസറ്റ് 15 എങ്ങനെ ജനങ്ങളുടെ ഉത്സവമാകാം. ഇതെക്കുറിച്ച് തീര്‍ച്ചയായും നിങ്ങള്‍ ചിന്തിക്കണം. 
മറുവശത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വലിയ മഴയുണ്ടാകുന്ന സമയമാണ് ഇത്. പല ഭാഗങ്ങളിലും ജനങ്ങള്‍ വെള്ളപ്പൊക്കത്താല്‍ കഷ്ടപ്പെടുന്നു. വെള്ളപ്പൊക്കം കൊണ്ട് പല തരത്തിലുള്ള നാശനഷ്ടങ്ങളുണ്ടാകും. വെള്ളപ്പൊക്കം കൊണ്ട് കഷ്ടപ്പെടുന്ന എല്ലാ ജനങ്ങളെയും കേന്ദ്ര ഗവണ്‍മെന്റുംസംസ്ഥാന ഗവണ്‍മെന്റും ഒരുമിച്ച് എല്ലാ തരത്തിലുമുള്ള സഹായം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ ചെയ്യുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. നാം ടിവി കാണുമ്പോള്‍ മഴയുടെ ഒരു വശം മാത്രമേ കാണൂ. എല്ലായിടത്തും വെള്ളപ്പൊക്കം.  എല്ലായിടത്തും ജലം. ട്രാഫിക് ജാം. മഴക്കാലത്തിന്റെ മറ്റൊരു ദൃശ്യം, മഴയില്‍ ആനന്ദിക്കുന്ന നമ്മുടെ കര്‍ഷകരുടേതും, പാടിപ്പറക്കുന്ന പക്ഷികളുടേതും, ഒഴുകുന്ന അരുവികളുടേതും പച്ചപ്പു പുതച്ച ഭൂമിയുടേതും ആണ്. ഇത് കാണുന്നതിന് നിങ്ങള്‍ സ്വയം കുടുംബത്തോടൊപ്പം പുറത്തിറങ്ങണം. മഴ പുതുമയും സന്തോഷവും ഒപ്പംകൊണ്ടുവരുന്നു. ഈ മഴക്കാലം നിങ്ങള്‍ക്കേവര്‍ക്കും നിരന്തരം മനസ്സില്‍ സന്തോഷം നിറയ്ക്കട്ടെ. നിങ്ങള്‍ക്കേവര്‍ക്കും അരോഗാവസ്ഥയായിരിക്കട്ടെ. 
പ്രിയപ്പെട്ട ജനങ്ങളേ, മന്‍ കീ ബാത് എവിടെനിന്നാരംഭിക്കണം, എവിടെ നിര്‍ത്തണം എന്നു തീരുമാനിക്കുന്നത് വളരെ വിഷമകരമായ കാര്യമാണ്. എന്നാല്‍, എന്തായാലും സമയപരിധിയുണ്ടല്ലോ. ഒരു മാസത്തെ കാത്തിരിപ്പിനുശേഷം വീണ്ടും വരാം. വീണ്ടും കാണാം. മാസം മുഴുവന്‍ നിങ്ങളെന്നോട് വളരെയേറെ കാര്യങ്ങള്‍ പറയൂ. ഞാന്‍ വരുന്ന മാസത്തെ മന്‍ കീ ബാത്തില്‍ അവ ചേര്‍ക്കാന്‍ ശ്രമിക്കാം... യുവസുഹൃത്തുക്കളെ ഓര്‍മ്മിപ്പിക്കുന്നു. ക്വിസ് മത്സരത്തിന്റെ അവസരം കൈവിടരുത്. ശ്രീഹരിക്കോട്ടയില്‍ പോകാനുള്ള അവസരമാണ് നിങ്ങള്‍ക്ക് കിട്ടുന്നത്. അത് എന്തായാലും കൈവിടരുത്.
നിങ്ങള്‍ക്കേവര്‍ക്കും അനേകം നന്ദി, നമസ്‌കാരം.
***


 


(Release ID: 1580580) Visitor Counter : 150