മന്ത്രിസഭ
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കു കടുത്ത ശിക്ഷ
Posted On:
10 JUL 2019 6:08PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ലൈംഗിക അതിക്രമങ്ങളില്‍നിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോസ്‌കോ) നിയമം 2012 ഭേദഗതി ചെയ്യുന്നതിന് അംഗീകാരം നല്‍കുന്നതിനുള്ള ചരിത്രപരമായ തീരുമാനം കൈക്കൊണ്ടു. കുട്ടികള്ക്കെതെരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കു വധശിക്ഷ ഉള്‍പ്പെടെ വിധിക്കുക വഴി കടുത്ത ശിക്ഷ ഉറപ്പുവരുത്തും. കുട്ടികളെ ഉപയോഗപ്പെടുത്തി അശ്ലീല ചിത്രങ്ങള്‍ തയ്യാറാക്കുന്നവര്‍ക്കു തടവോ പിഴയോ ശിക്ഷ വിധിക്കുന്നതിനുള്ള വ്യവസ്ഥയും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നേട്ടം: കടുത്ത ശിക്ഷ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഭേദഗതി കുട്ടികളെ ലൈംഗിക അതിക്രമങ്ങള്‍ക്കു വിധേയമാക്കുന്നതു സംഭവങ്ങള്‍ കുറയാനിടയാക്കും.
ഭേദഗതി ദുര്‍ബലരായ കുട്ടികളെ സംരക്ഷിക്കുന്നതിനു സഹായകമാകും.
കുട്ടികളെ പീഡിപ്പിക്കുന്നതും അത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയും സംബന്ധിച്ചു വ്യക്തത വരുത്തുന്നതിനു ഭേദഗതി സഹായകമാണ്.
പശ്ചാത്തലം:
കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമം, ലൈംഗിക പീഡനം, കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ചിത്ര നിര്‍മാണം എന്നിവയില്‍നിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനായാണ് പോസ്‌കോ ആക്റ്റ്, 2012 നടപ്പാക്കിയത്. നിയമ പ്രകാരം 18 വയസ്സിനു കീഴില്‍ പ്രായമുള്ളവരെയാണു കുട്ടികളായി പരിഗണിക്കുക. കുട്ടികളുടെ ശാരീരികവും വൈകാരികവും ബൗദ്ധികവും സാമൂഹികവുമായ, ആരോഗ്യകരമായ വികസനം ഉറപ്പാക്കുന്നതിനായി കുട്ടികളുടെ താല്‍പര്യങ്ങളും ക്ഷേമവും പരമപ്രധാനമായി നിയമം കണക്കാക്കുന്നു. നിയമത്തിനു ലിംഗപരമായ വേര്‍തിരിവില്ല.
(Release ID: 1578479)