ധനകാര്യ മന്ത്രാലയം

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ നല്കുന്ന കാര്യം ഗവണ്‍മെന്റ് പരിഗണനയില്‍

2019 -20 ല്‍ പുതിയ നാല് നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കും
ജനപ്രീതി നേടിയ 17 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ലോക നിലവാരത്തിലേയ്ക്ക് ഉയര്‍ത്തും
ഇന്ത്യന്‍ ഡവലപ്‌മെന്റ് അസിസ്റ്റന്‍സ് സ്‌കീം (ഐഡിയാസ്) നവീകരിക്കും

Posted On: 05 JUL 2019 1:27PM by PIB Thiruvananthpuram

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ നല്കുന്ന കാര്യം ഗവണ്‍മെന്റ് പരിഗണനയിലാണെന്ന് കേന്ദ്ര ധന കമ്പനി കാര്യ മന്ത്രി  ശ്രീമതി നിര്‍മല സീതാരാമന്‍ പ്രസ്താവിച്ചു. ഇന്ത്യയുടെ പരമ്പരാഗത കലാകാര•ാരെയും അവരുടെ ഉത്പ്പന്നങ്ങളെയും ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്ന ദൗത്യം ഉടന്‍ ആരംഭിക്കുമെന്നും അവര്‍ തുടര്‍ന്നു. ആവശ്യമുള്ള ബൗദ്ധിക സ്വത്തവകാശരേഖകളും  ഭൗമ സൂചകങ്ങളും അവര്‍ക്ക് ലഭ്യമാക്കും.  2019 -20 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായരുന്നു കേന്ദ്ര മന്ത്രി.
ഇന്ത്യയുടെ ശക്തി പല വിധത്തില്‍ വിലമതിക്കപ്പെട്ടിട്ടുള്ളതാണ്. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട്  ലോകമെമ്പാടുമുള്ള 192 രാജ്യങ്ങളില്‍ അന്താരാഷ്ട്ര യോഗ ദിനത്തില്‍ അനേകരാണ് യോഗ പരിശീലിക്കുന്നത്. മഹാത്മ ഗാന്ധിയുടെ പ്രിയപ്പെട്ട ഭജനായ  വൈഷ്ണവ ജന തോ തേനെ കഹിയെ 40 രാജ്യങ്ങളില്‍ അവിടങ്ങളിലെ മുതിര്‍ന്ന കലാകാരന്മാരുടെ നേതൃത്വത്തില്‍ ആലപിക്കപ്പെട്ടു.  വര്‍ഷം തോറും നടത്തുന്ന ഭാരത് കൊ ജാനോ എന്ന പ്രശ്‌നോത്തരി മത്സരം  വിദേശ ഇന്ത്യക്കാര്‍ക്കു മാത്രമല്ല വിദേശ പൗരന്മാര്‍ക്കു പോലും പ്രിയപ്പെട്ട അനുഭവമായി മാറി എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പുതിയ നാല് സ്ഥാനപതി കാര്യാലയങ്ങള്‍ കൂടി
അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യ നേടിയിരിക്കുന്ന നേതൃത്വത്തിനും സ്വാധീനത്തിനും കൂടുതല്‍ ആവേശം പകരാന്‍ നിലവില്‍ ഇന്ത്യയ്ക്കു നയതന്ത്ര ബന്ധങ്ങളില്ലാത്ത രാജ്യങ്ങളില്‍ എംബസികളും ഹൈ കമ്മിഷനുകളും തുറക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി പറഞ്ഞു. 2019 -20 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പുതിയ എംബസികള്‍ തുറക്കാനാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്. ഇത് വിദേശരാജ്യങ്ങളിലെ  ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുക മാത്രമല്ല, എംബസികള്‍ക്ക് കൂടുതല്‍ പൊതു സേവനം പ്രത്യേകിച്ച് ആ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പൗര•ാര്‍ക്ക് ലഭ്യമാക്കുന്നതിന് അവസരങ്ങളും ഒരുക്കും.
ആഫ്രിക്കയിലെ 18 രാജ്യങ്ങളായ റുവാണ്ട, ഡിജിബൗട്ടി, ഇക്വിട്ടോറിയല്‍ ഗ്വിനിയ, ഗുനിയ, റിപ്പബ്ലിക് ഓഫ് കോംഗോ, ബുര്‍ക്കിന ഫാസോ, കാമറൂണ്‍, മൗറിത്താന, കേപ്പ് വെര്‍ദെ, സിയെര ലിയോണി, ചാഡ്, സാവൊ ടോമെ ആന്‍ഡ് പ്രിന്‍സിപ്പെ, എറിത്രിയ, സൊമാലിയ, ഗുനിയ ബിസുവ, സ്വാസിലാന്‍ഡ്, ടോഗോ എന്നിവിടങ്ങളില്‍ പുതിയ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കാനുള്ള നടപടിക്ക് 2018 മാര്‍ച്ചില്‍ ഗവണ്‍മെന്റ് അനുമതി നല്കിയതാണ്.  ഇതില്‍ റുവാണ്ട, ജിബൗട്ടി, ഇക്വിട്ടോറിയല്‍ ഗുനിയ, റിപ്പബ്ലിക് ഓഫ് ഗുനിയ, ബുര്‍ക്കിന ഫാസോ എന്നിവിടങ്ങളില്‍ 2018-19 ല്‍ സ്ഥാനപതി കാര്യലയങ്ങള്‍ തുറന്നിരുന്നു.

ഐഡിയാസ്
ഇന്ത്യ അതിന്റ തനതായ പൗരാണിക ജ്ഞാനത്താല്‍ ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക ഏകോപനവും വഴി വിവിധ രാജ്യങ്ങളുമായി  സാമ്പത്തിക സഹകരണം പുലര്‍ത്തിയിരുന്നു. ഇന്ത്യ ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തി എന്ന് തിരിച്ചറിയുന്ന ഗവണ്‍മെന്റ്  സ്വകാര്യ നിക്ഷേപകര്‍, ബഹുമുഖ സാമ്പത്തിക സഹായം, വിദേശ ഇന്ത്യക്കാര്‍, വന്‍ കമ്പനികള്‍ തുടങ്ങിയവ വഴി ബദല്‍ വികസന മാതൃകകള്‍ അന്വേഷിച്ചു വരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഐഡിയാസ് പദ്ധതി പരിഷ്‌കരിക്കുമെന്നും ധന മന്ത്രി വ്യക്തമാക്കി. ഗുണഭോക്താക്കളായ വികസ്വര രാജ്യങ്ങള്‍ക്ക്  അടിസ്ഥാന വികസനത്തിനും കാര്യക്ഷമതാ പരിപോഷണത്തിനും  സൗജന്യ നിരക്കിലുള്ള സാമ്പത്തിക സഹായവും  സംഭാവനകളും  നല്കുന്ന പദ്ധതിയാണ് ഈ ഇന്ത്യന്‍ വികസന സഹായ പദ്ധതി  അഥവ ഐഡിയാസ്.

സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
രാജ്യത്തെ  ജനപ്രീതിയാര്‍ജ്ജിച്ച 17 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ലോക നിലവാരത്തിലുള്ള വിനോദ സഞ്ചാര സ്ഥാനങ്ങളാക്കി വികസിപ്പിക്കുമെന്ന് ധന മന്ത്രി പറഞ്ഞു. മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഇവ മാതൃകയാവും. ഇതു വഴി ഈ കേന്ദ്രങ്ങളിലേയ്ക്കും  രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വിനോദസഞ്ചാരികളുടെ സംഖ്യ ഉയരും.

ഗോത്ര സംസ്‌കാരത്തിന്റെ ഡിജിറ്റല്‍ ശേഖരം
നമ്മുടെ സമ്പന്നമായ ഗോത്ര സംസ്‌കാരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി  ഇവ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേയ്ക്ക് മാറ്റുമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഗോത്രങ്ങളുടെ  ഉത്ഭവം, വികാസം, ജീവിത രീതി കല, വിദ്യാഭ്യാസം പാരമ്പര്യ കലകള്‍, നൃത്തം മറ്റ് നരവംശ ശാസ്ത്രപരമായ വിവരങ്ങള്‍  രേഖകള്‍, ഗാനങ്ങള്‍, ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവയിലേയ്ക്കു പകര്‍ത്തി സൂക്ഷിക്കും. ഇതു പിന്നീട് കൂടുതല്‍ വിപുലമാക്കും.
AJ/ ND MRD – 388
***
..


(Release ID: 1577566) Visitor Counter : 112
Read this release in: English , Marathi , Bengali , Tamil