പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി കാണ്‍പൂര്‍ സന്ദര്‍ശിച്ചു ; വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

Posted On: 08 MAR 2019 4:36PM by PIB Thiruvananthpuram

 


    
    പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് കാണ്‍പൂര്‍ സന്ദര്‍ശിച്ചു. ലക്‌നൗ മെട്രോ റെയില്‍ പദ്ധതി ഉദ്ഘാടനം ചെയ്ത അദ്ദേഹം ആഗ്രാ മെട്രോ റെയില്‍ പദ്ധതിക്ക് തറക്കല്ലിടലും നിര്‍വ്വഹിച്ചു. കാണ്‍പൂരിലെ നിരാലനഗറില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പാന്‍കി താപ വൈദ്യുത നിലയത്തിന് തറക്കല്ലിട്ടു. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം കുറിച്ച് കൊണ്ട് ഫലകങ്ങള്‍ അനാവരണം ചെയ്തു.

    ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ, രാജ്യത്തിന് അത്യധികം സംഭാവനകള്‍ നല്‍കിയ നിരവധി ധീരനേതാക്കളുടെ ജന്മ സ്ഥലമാണ് കാണ്‍പൂരെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികള്‍ ഉത്തര്‍ പ്രദേശിലെയും കാണ്‍പൂരിലെയും ജനങ്ങളുടെ ജീവിതത്തില്‍ പരിവര്‍ത്തനം കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.

    കാണ്‍പൂരില്‍ വൈദ്യുതി ലഭ്യത മെച്ചപ്പെടുത്താന്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റികള്‍ കഠിനമായി യത്‌നിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പാന്‍കി താപനിലയം ഉത്തര്‍ പ്രദേശിലെയും, കാണ്‍പൂരിലെയും വൈദ്യുതി കമ്മി എപ്രകാരം നികത്തുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. സൗഭാഗ്യ പദ്ധതിക്ക് കീഴില്‍ ഉത്തര്‍ പ്രദേശില്‍ 76 ലക്ഷത്തിലേറെ സൗജന്യ വൈദ്യുതി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ഗംഗാനദി ശുചീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ട് വരുന്ന ഉദ്യമങ്ങള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഗംഗാ നദിയുടെ ശുചീകരണം അനാധ്യമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ഇന്ന് തന്റെ ഗവണ്‍മെന്റ് അസാധ്യമായതിനെ സാധ്യമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. മലിന ജലം ശുദ്ധീകരിക്കുന്നതിന് നിരവധി നടപടികള്‍ കൈക്കൊണ്ട് വരികയാണെന്ന് പറഞ്ഞ അദ്ദേഹം ഓടകളില്‍ നിന്നുള്ള ജലം നദിയിലെത്തുന്നത് തടഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

    ഉത്തര്‍ പ്രദേശില്‍ നിര്‍മ്മിക്കുന്ന പ്രതിരോധ ഇടനാഴി കാണ്‍പൂരിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആരംഭിച്ച റോഡ്, റെയില്‍, വ്യോമ, മെട്രോ പദ്ധതികളിലൂടെ വമ്പിച്ച് അടിസ്ഥാനസൗകര്യങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതികള്‍ ഉത്തര്‍ പ്രദേശിനെ പരിവര്‍ത്തിപ്പിക്കും, പ്രധാനമന്ത്രി പറഞ്ഞു.

    2022 ഓടെ രാജ്യത്തെ ഓരോ കുടുംബത്തിനും ഓരോ വീട് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതിക്ക് കീഴില്‍ രാജ്യത്ത് ഇതുവരെ ഏകദേശം 1.5 കോടി വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    പുല്‍വാമ ആക്രമണത്തിലും ബുദ്ഗം വ്യോമ ദുരന്തത്തിലും ജീവന്‍ നഷ്ടപ്പെട്ട കാണ്‍പൂരില്‍ നിന്നുള്ള ധീര സൈനികര്‍ക്ക് പ്രധാനമന്ത്രി ആദരമര്‍പ്പിച്ചു. ഭീകരയ്‌ക്കെതിരെ ശക്തമായ നടപടികളാണ് കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.

    രാജ്യത്ത് ഐക്യത്തിന്റെ അന്തരീക്ഷം നിലനില്‍ക്കേണ്ടത് അത്യന്താപേഷിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ കശ്മീരികളെ ആക്രമിച്ചവര്‍ക്കെതിരെ ഉത്തര്‍ പ്രദേശ് ഗവണ്‍മെന്റ് കൈക്കൊണ്ട സത്വര നടപടികളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. അത്തരം പ്രവൃത്തികള്‍ ചെയ്യുന്ന കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ പ്രധാനമന്ത്രി എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളെയും ആഹ്വാനം ചെയ്തു.
ND MRD- 203
***



(Release ID: 1568517) Visitor Counter : 101