പ്രധാനമന്ത്രിയുടെ ഓഫീസ്‌

വാരാണസിയില്‍ ദേശീയ വനിതാ ഉപജീവന സമ്മേളനം -2019 ല്‍ പ്രധാനമന്ത്രി പങ്കെടുത്തു

Posted On: 08 MAR 2019 1:03PM by PIB Thiruvananthpuram

        അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഉത്തര്‍ പ്രദേശിലെ വാരാണസിയിലെ ദീന്‍ ദയാല്‍ ഹസ്ത് കലാ സംകുലില്‍ സംഘടിപ്പിച്ച ദേശീയ വനിതാ ഉപജീവന സമ്മേളനം -2019 ല്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.

        ഉത്തര്‍ പ്രദേശ് ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ സഹായത്തോടു കൂടി സ്വയം സഹായ സംഘങ്ങള്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം പ്രധാനമന്ത്രി സന്ദര്‍ശിച്ചു. വനിതാ ഗുണഭോക്താക്കള്‍ക്ക് ഇലക്ട്രിക് അടുപ്പുകള്‍, സോളാര്‍ ചര്‍ക്ക, തേനീച്ചക്കൂട് എന്നിവയും, അഞ്ച് വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് അഭിനന്ദന പത്രവും പ്രധാനമന്ത്രി കൈമാറി. 'ഭാരത് കെ വീര്‍' ഫണ്ടിലേയ്ക്ക് തങ്ങളുടെ സംഭാവനയായി ദീന്‍ ദയാല്‍ അന്ത്യോദയാ യോജന, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം എന്നിവയുടെ പിന്‍തുണയുള്ള വിവിധ വനിതാ സ്വയം സഹായ സംഘങ്ങള്‍ 21 ലക്ഷം രൂപയുടെ ചെക്ക് പ്രധാനമന്ത്രിക്ക് കൈമാറി.

        അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകള്‍ക്ക് ആദരമര്‍പ്പിച്ച് കൊണ്ട്, ഒരു നവ ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ വനിതകള്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി 75,000 കേന്ദ്രങ്ങളില്‍ നിന്നുള്ള 65 ലക്ഷത്തില്‍ കൂടുതല്‍ വനിതകള്‍ പങ്കെടുക്കുന്നതില്‍ പ്രധാനമന്ത്രി സന്തോഷം രേഖപ്പെടുത്തി. വനിതാ ശാക്തീകരണത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ് വാരാണസിയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

        വനിതകളുടെ ശാക്തീകരണത്തിന് ഗവണ്‍മെന്റ് പൂര്‍ണ്ണമായും സമര്‍പ്പിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വനിതകളുടെയും, പെണ്‍കുട്ടികളുടെയും ക്ഷേമത്തിനായി ആരോഗ്യം, പോഷകാഹാരം, ശുചിത്വം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, സ്വയം തൊഴില്‍, പുതിയ ഗ്യാസ് കണക്ഷനുകള്‍, വനിതകളുടെ സുരക്ഷ ഉറപ്പ് വരുത്തല്‍ എന്നീ മേഖലകളില്‍  കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ച വിവിധ പദ്ധതികളെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ഗവണ്‍മെന്റ് തുടക്കമിട്ട ആറ് മാസത്തെ പ്രസവാവധി ലോകത്ത് തന്നെ ഏറ്റവും മികച്ചവയിലൊന്നാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികളില്‍ വനിതകള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതുവരെ അനുവദിച്ച 15 കോടി മുദ്രാ വായ്പകളില്‍ 11 കോടിയും വനികള്‍ക്കാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ സ്വയം സഹായ സംഘങ്ങള്‍ നടത്തിയ മികച്ച പ്രകടനത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി അവരുടെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ കുടുംബത്തിന്റെ ഉന്നതി ഉറപ്പ് വരുത്തുക മാത്രമല്ല, രാഷ്ട്രത്തിന്റെ വികസനത്തിലേയ്ക്ക് നയിക്കുന്നുവെന്നും പറഞ്ഞു. കൂടുതല്‍ മികച്ച ബാങ്ക് വായ്പകളും, പിന്‍തുണാ സംവിധാനങ്ങളും വഴി സ്വയം സഹായ സംഘങ്ങള്‍ക്ക് ഗവണ്‍മെന്റ് പുതിയ ഊര്‍ജ്ജം നല്‍കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആറ് കോടി വനിതകളെ ഉള്‍ക്കൊള്ളുന്ന ഏകദേശം 50 ലക്ഷം സ്വയം സഹായ സംഘങ്ങള്‍ ഇന്ന് ഈ രാജ്യത്തുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഓരോ കുടുംബത്തിലേയും ചുരുങ്ങിയത് ഒരു വനിതാ അംഗത്തെയെങ്കിലും സ്വയം സഹായ സംഘങ്ങളുമായി ബന്ധിപ്പിക്കുകയെന്നതാണ് തന്റെ ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

        നവീനാശങ്ങള്‍ പ്രയോഗിക്കാനും വിപണിയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും പ്രധാനമന്ത്രി സ്വയം സഹായ സംഘങ്ങളോട് ആവശ്യപ്പെട്ടു. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഗവണ്‍മെന്റിന് വില്‍ക്കാനായി ജെംപോര്‍ട്ടല്‍ ഉപയോഗിക്കാന്‍ പ്രധാനമന്ത്രി അവരോട് അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ പങ്കാളിത്തം സാധ്യമായ പുതിയ മേഖലകളിലേയ്ക്കും സ്വയം സഹായ സംഘങ്ങള്‍ വിപുലീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

        അടുത്തിടെ തുടക്കം കുറിച്ച, വാര്‍ദ്ധക്യ കാലത്ത് സാമ്പത്തിക സുരക്ഷ നല്‍കുന്ന പ്രധാനമന്ത്രി ശ്രം മന്‍-ധന്‍ യോജന പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ പ്രധാനമന്ത്രി വനിതകളോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി, ആയുഷ്മാന്‍ ഭാരത് യോജന എന്നിവയുടെ പ്രയോജനങ്ങളും അദ്ദേഹം വിശദീകരിച്ചു.

        വാരാണസിയിലെ സ്വയം സഹായ സംഘാംഗങ്ങളുമായും പ്രധാനമന്ത്രി ആശയ വിനിയം നടത്തി.
AM MRD- 201



(Release ID: 1568514) Visitor Counter : 124