പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഗുജറാത്തില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ടു ; അഹമ്മദാബാദ് മെട്രോയുടെ ആദ്യഘട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു; പുതിയ സിവില്‍ ആശുപത്രിയും, പുതിയ ക്യാന്‍സര്‍ ആശുപത്രിയും ഉദ്ഘാടനം ചെയ്തു.

Posted On: 04 MAR 2019 8:29PM by PIB Thiruvananthpuram

അഹമ്മദാബാദിലെ വാസ്ട്രല്‍ ഗാം മെട്രോ സ്റ്റേഷനില്‍ അഹമ്മദാബാദ് മെട്രോ സര്‍വീസിന്റെ ഒന്നാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അഹമ്മദാബാദ് മെട്രോയുടെ രണ്ടാം ഘട്ടത്തിന് അദ്ദേഹം തറക്കല്ലിട്ടു. ഒരു രാജ്യം, ഒരു കാര്‍ഡ് മാതൃകയില്‍  തദ്ദേശീയമായി വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ പണമടയ്ക്കല്‍, ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ സംവിധാനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മെട്രോ ട്രെയിന്‍  ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി അതില്‍ യാത്ര ചെയ്തു.

അഹമ്മദാബാദില്‍ 1,200 കിടക്കകള്‍ ഉള്ള പുതിയ സിവില്‍ ആശുപത്രി, പുതിയ ക്യാന്‍സര്‍ ആശുപത്രി,  ദന്താശുപത്രി, കണ്ണാശുപത്രി എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. ദഹോദ് റെയില്‍വേ വര്‍ക്ക്‌ഷോപ്പ്, പഠാന്‍-ബിണ്ടി റെയില്‍ പാത എന്നിവ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും,  ലോഥല്‍ മാരിടൈം മ്യൂസിയത്തിന് തറക്കല്ലിടുകയും ചെയ്തു.

ബിജെ മെഡിക്കല്‍ കോളജ് മൈതാനത്തില്‍ ചേര്‍ന്ന യോഗത്തെ അഭിസംബോധന ചെയ്യവെ, അഹമ്മദാബാദ് മെട്രോയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്ന ഒരു ചരിത്ര ദിനമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഹമ്മദാബാദിലെ ജനങ്ങള്‍ക്ക് ഈ മെട്രോ സൗകര്യപ്രദവും, പരിസ്ഥിതി സൗഹൃദപരവുമായ യാത്രാ സംവിധാനം പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 2014 ന്, മുമ്പ് രാജ്യത്ത് മെട്രോയുടെ 250 കിലോമീറ്റര്‍ പ്രവര്‍ത്തന ശൃംഖല ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 655 കിലോമീറ്ററായെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 
മെട്രോയിലും മറ്റ് ഗതാഗത സംവിധാനങ്ങളിലും യാത്ര ചെയ്യുന്നതിന് വിവിധ കാര്‍ഡുകള്‍ ഉപയോഗിക്കേ ണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നതാണ് ഇന്ന് പ്രകാശനം ചെയ്ത കോമണ്‍ മൊബിലിറ്റി കാര്‍ഡെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ കാര്‍ഡ് യാത്രയ്ക്ക് 'ഒരു രാജ്യം ഒരു കാര്‍ഡ്' എന്ന സംവിധാനം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കാര്‍ഡുകള്‍ തദ്ദേശീയമായി വികസിപ്പിച്ചതിലൂടെ ഇതിന്റെ നിര്‍മ്മിതിക്കായി വിദേശരാജ്യങ്ങളെ നേരത്തെ ആശ്രയിച്ചിരുന്നത് ഇപ്പോള്‍ ഒഴിവാക്കാന്‍ കഴിഞ്ഞതായി പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗതാഗതത്തിന് 'ഒരു രാജ്യം ഒരു കാര്‍ഡ്' എന്ന സംവിധാനമുള്ള ലോകത്തെ ചുരുക്കം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. 
ജലവിതരണ പദ്ധതികള്‍, എല്ലാവര്‍ക്കും വൈദ്യുതി, അടിസ്ഥാനസൗകര്യ വികസനം, എല്ലാവര്‍ക്കും വീട്, പാവപ്പെട്ടവര്‍ക്കുള്ള പദ്ധതികള്‍ തുടങ്ങി ഗുജറാത്തിന്റെ വികസനത്തിനായി കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും നടപ്പാക്കി വരുന്ന വിവിധ ഉദ്യമങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി നടപ്പാക്കി വരുന്ന വിവിധ പദ്ധതികളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. 
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായുള്ള ഗുജറാത്തിന്റെ പരിവര്‍ത്തനം സംസ്ഥാനത്തെ ജനങ്ങളുടെ അതീവ ശ്രദ്ധയോടെയുള്ള ആസൂത്രണവും കഠിനാദ്ധ്വാനവും കൊണ്ടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനം എങ്ങനെയാണ് നടപ്പിലാക്കേണ്ടതെന്നുള്ളതിന്റെ മാതൃകയായി ഗുജറാത്തിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ നടപ്പിലാക്കി വരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ബാഹുല്യം സംസ്ഥാനത്തെ വന്‍ തോതില്‍ പരിവര്‍ത്തന വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ലോത്തല്‍ മാരിടൈം പൈതൃക സമുച്ചയം നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ പുരാതന ഇന്ത്യയുടെ നാവിക ശേഷിയുടെ കരുത്ത് വെളിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകോത്തര സൗകര്യങ്ങളുള്ള മ്യൂസിയം സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യം, കേന്ദ്രഗവണ്‍മെന്റിന്റെ മുന്‍ഗണനാ മേഖലയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി സൗഖ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെ രാജ്യത്തുടനീളം ഗുണനിലവാരമുള്ള ആരോഗ്യപരിചരണ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിച്ച് വരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്തിലുടനീളം ഏര്‍പ്പെടുത്തുന്ന ലോക നിലവാരത്തിലുള്ള ആരോഗ്യപരിചരണ സംവിധാനങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍, മെഡിസിറ്റിക്ക് ഏകദേശം പതിനായിരം രോഗികള്‍ക്ക് ചികിത്സ പ്രദാനം ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി മുതല്‍ ഭീകരത വരെ എല്ലാത്തരം ഭീഷണികളെ നേരിടാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. രാജ്യത്തിന്റെ സുരക്ഷയുടെ പേരില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കരുതെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. അത്തരം പ്രവൃത്തികള്‍ സായുധസേനകളുടെ ആത്മവീര്യം കെടുത്തുകയും ശത്രുക്കള്‍ക്ക് ശക്തി പകരുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 



(Release ID: 1567595) Visitor Counter : 84