പ്രധാനമന്ത്രിയുടെ ഓഫീസ്‌

കൊറിയ സന്ദര്‍ശനത്തിനു മുന്നോടിയായി പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന

Posted On: 20 FEB 2019 6:06PM by PIB Thiruvananthpuram

പ്രസിഡന്റ് മൂണ്‍ ജെയിന്റെ ക്ഷണമനുസരിച്ചു ഞാന്‍ റിപ്പബ്ലിക് ഓഫ് കൊറിയ സന്ദര്‍ശിക്കുകയാണ്. റിപ്പബ്ലിക് ഓഫ് കൊറിയയിലേക്കുള്ള എന്റെ രണ്ടാമത്തെ സന്ദര്‍ശനമാണ് ഇത്. പ്രസിഡന്റ് മൂണുമായുള്ള രണ്ടാമത് ഉച്ചകോടി സന്ദര്‍ശനവുമാണ് ഇത്.
കഴിഞ്ഞ ജൂലൈയില്‍ പ്രസിഡന്റ് മൂണ്‍ ജെയിനിനെയും പ്രഥമവനിത കിം ജംഗ് സൂക്കിനെയും ഇന്ത്യയില്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചിരുന്നു. റിപ്പബ്ലിക്ക് ഓഫ് കൊറിയയിലേക്കുള്ള എന്റെ സന്ദര്‍ശനം ഞങ്ങളുടെ ബന്ധത്തിന്റെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നു.
നാം റിപ്പബ്ലിക്ക് ഓഫ് കൊറിയയെ വിലപ്പെട്ട ഒരു സുഹൃത്തായി പരിഗണിക്കുന്നു. നമുക്ക് കൊറിയയുമായി തന്ത്രപരമായ സവിശേഷ പങ്കാളിത്തമുണ്ട്. സഹ ജനാധിപത്യ രാജ്യങ്ങളെന്ന നിലയില്‍, ഇന്ത്യക്കും കൊറിയയ്ക്കും പ്രാദേശികവും ആഗോളവുമായ സമാധാനം സംബന്ധിച്ചു സമാനമായ മൂല്യങ്ങളും കാഴ്ചപ്പാടുമാണ് ഉള്ളത്. സഹ കമ്പോള സമ്പദ്‌വ്യവസ്ഥകളെന്ന നിലയില്‍, നമ്മുടെ ആവശ്യങ്ങളും ശക്തികളും പരസ്പര പൂരകമാണ്. നമ്മുടെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' മുന്നേറ്റത്തിലും 'സ്റ്റാര്‍ട്ട് അപ് ഇന്ത്യ', 'ക്ലീന്‍ ഇന്ത്യ' എന്നീ പദ്ധതികളിലും കൊറിയ ഒരു പ്രധാന പങ്കാളിയാണ്. അടിസ്ഥാന ശാസ്ത്രം മുതല്‍ ആധുനിക ശാസ്ത്രം വരെ നീളുന്ന മേഖലകളിലുള്ള സംയുക്ത ഗവേഷണം ഉള്‍പ്പെടെ ശാസ്ത്ര, സാങ്കേതികവിദ്യാ രംഗങ്ങളില്‍ നാം തമ്മില്‍ മെച്ചപ്പെട്ട സഹകരണം നിലനില്‍ക്കുന്നു.
ജനങ്ങള്‍ തമ്മിലുള്ള ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സുഹൃദ്ബന്ധത്തിന്റെ ആണിക്കല്ല്. കഴിഞ്ഞ നവംബറില്‍ അയോധ്യയില്‍ നടന്ന ദീപോത്സവ് ഫെസ്റ്റിവലില്‍ പ്രഥമ വനിതയെ തന്റെ പ്രത്യേക പ്രതിനിധി ആയി അയയ്ക്കാന്‍ പ്രസിഡന്റ് മൂണ്‍ കൈക്കൊണ്ട തീരുമാനം നമ്മെ ഏറെ സ്പര്‍ശിച്ചിരുന്നു.
നമ്മുടെ ആക്റ്റ് ഈസ്റ്റ് നയവും കെനിയയുടെ ന്യൂ സതേണ്‍ നയവും തമ്മിലുള്ള പൊരുത്തം വഴി പരസ്പരബന്ധം ആഴമേറിയതായിത്തീര്‍ന്നു. ഭാവി മുന്‍നിര്‍ത്തി ജനങ്ങള്‍ക്കും അഭിവൃദ്ധിക്കും സമാധാനത്തിനുമായുള്ള പങ്കാളിത്തത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കുക വഴി ബന്ധത്തെ മുന്നോട്ടു നയിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.
ഈ സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് മൂണുമായുള്ള ചര്‍ച്ചകള്‍ക്കപ്പുറം, ഞാന്‍ ബിസിനസ് നേതാക്കള്‍, ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങള്‍, ജീവിതത്തിലെ എല്ലാ മേഖലകളില്‍ നിന്നുംുള്ള പ്രമുഖര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
പ്രധാനപ്പെട്ട ഈ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഈ സന്ദര്‍ശനം ഞങ്ങളെ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.



(Release ID: 1565755) Visitor Counter : 34