പ്രധാനമന്ത്രിയുടെ ഓഫീസ്‌

സ്വച്ഛ് ശക്തി 2019 പ്രധാനമന്ത്രി നാളെ കുരുക്ഷേത്രയില്‍ ഉദ്ഘാടനം ചെയ്യും


രാജ്യത്തൊട്ടാകെനിന്നുള്ള വനിതാ ഗ്രാമമുഖ്യകളെ ആദരിക്കും

Posted On: 11 FEB 2019 5:19PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ഹരിയാനയിലെ കുരുക്ഷേത്ര സന്ദര്‍ശിക്കും. വനിതാ ഗ്രാമ മുഖ്യകളുടെ സമ്മേളനമായ സ്വച്ഛ് ശക്തി 2019 ല്‍ പങ്കെടുക്കുന്ന അദ്ദേഹം സ്വച്ഛ് ശക്തി 2019 പുരസ്‌കാരങ്ങളും സമ്മാനിക്കും. കുരുക്ഷേത്രയിലെ സ്വച്ഛ് സുന്ദര്‍ ശൗചാലയ പ്രദര്‍ശനം സന്ദര്‍ശിക്കുന്ന അദ്ദേഹം ഒരു പൊതു സമ്മേളനത്തെ അഭിസംബോധനയും ചെയ്യും. ഹരിയാനയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം/ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും.

ശുചിത്വ ഭാരത ദൗത്യത്തില്‍ ഗ്രാമീണ വനിതകളുടെ നേതൃപരമായ പങ്ക് ശ്രദ്ധയില്‍കൊണ്ടുവരുന്നതിനുള്ള ദേശീയ സമ്മേളനമാണ് സ്വച്ഛ് ശക്തി 2019. രാജ്യത്തൊട്ടാകെനിന്നുള്ള വനിതാ ഗ്രാമ മുഖ്യകളും പഞ്ചായത്തംഗങ്ങളും സമ്മേളനത്തില്‍ സംബന്ധിക്കും. വനിതാ ശാക്തീകരണം ലക്ഷ്യമിടുന്ന ഇക്കൊല്ലത്തെ സ്വച്ഛ്ശക്തി സമ്മേളനത്തില്‍ ഏകദേശം 15000 വനിതകള്‍ പങ്കെടുക്കും.
കേന്ദ്ര കുടിവെള്ള, ശുചിത്വ മന്ത്രാലയം ഹരിയാനാ ഗവണ്‍മെന്റുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ശുചിത്വ ഭാരതവുമായി ബന്ധപ്പെട്ട് ഗ്രാമീണ മേഖലകളില്‍ അടിസ്ഥാനതലത്തിലെ മികച്ച രീതികള്‍ അവര്‍ പങ്കുവെക്കും. ശുചിത്വ ഭാരതത്തിന്റെയും ലോകത്തിലെതന്നെ ഇത്തരത്തിലുള്ള ആദ്യ പ്രചാരണ പരിപാടിയായ സ്വച്ഛ് സുന്ദര്‍ ശൗചാലയുടേയും (വൃത്തിയും വെടിപ്പുമുള്ള ശൗചാലയങ്ങള്‍) നേട്ടങ്ങള്‍ പരിപാടി എടുത്തുകാട്ടും.

പശ്ചാത്തലം
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ല്‍ ആണ് ഗുജറാത്തിലെ ഗാന്ധി നഗറില്‍ സ്വച്ഛ് ശക്തി പരിപാടിക്ക് ആദ്യമായി തുടക്കമിട്ടത്. 2017 ലെ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ രാജ്യത്തെമ്പാടുംനിന്നുള്ള ആറായിരത്തില്‍പരം വനിതാ ഗ്രാമ മുഖ്യകള്‍ സ്ച്ഛ് ശക്തി പരിപാടിയില്‍ പങ്കെടുത്തു. പ്രധാനമന്ത്രി അവരെ അഭിസംബോധന ചെയ്യുകയും ആദരിക്കുകയും ചെയ്തു.
രണ്ടാമത്തെ സ്വച്ഛ് ശക്തി പരിപാടി 2018 ല്‍ ഉത്തര്‍ പ്രദേശിലെ ലക്‌നേവിലാണ് നടന്നത്. 8000 വനിതാ ഗ്രാമ മുഖ്യകളും മൂവായിരത്തില്‍പരം വനിതാ ശുചിത്വ പ്രവര്‍ത്തകരും ജീവിതത്തിന്റെ നാനാതുറകളില്‍ നേട്ടങ്ങള്‍ കൊയ്ത വനിതകളും അവിടെ ആദരിക്കപ്പെട്ടു. ഇതിന്റെ മൂന്നാമത്തെ പതിപ്പാണ് കുരുക്ഷേത്രയില്‍ ഉദ്ഘാടനം ചെയ്യുന്നത്.
ശുചിത്വമാര്‍ന്ന ഒരു ഭാരതത്തിനായുള്ള ശ്രമങ്ങളില്‍ ഗ്രാമീണ വനിതകള്‍ എങ്ങനെയാണ് അടിസ്ഥാന തലത്തില്‍ മാറ്റത്തിന്റെ വാഹകരാകുന്നു എന്നതിന്റെ ഉദാഹരണമാണ് സ്വച്ഛ് ശക്തി. 2019 ഒക്ടോബര്‍ രണ്ടോടെ വൃത്തിയുള്ളതും വെളിയിട വിസര്‍ജ്ജനമുക്തവുമായ ഒരിന്ത്യ എന്ന ലക്ഷ്യത്തോടെ 2016 ഒക്ടോബര്‍ രണ്ടിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തുടക്കമിട്ട ശുചിത്വഭാരത ദൗത്യത്തിനു കീഴില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ പ്രസ്ഥാനവും.
AM/ ND  MRD - 105

 



(Release ID: 1564023) Visitor Counter : 96