പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി 2019 ജനുവരി 27നു കൊച്ചി സന്ദര്‍ശിക്കും

Posted On: 25 JAN 2019 7:46PM by PIB Thiruvananthpuram

കൊച്ചിയിലെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപ്ലക്‌സ് രാഷ്ട്രത്തിനു സമര്‍പ്പിക്കും
ബി.പി.സി.എല്‍. കൊച്ചിന്‍ റിഫൈനറിയിലെ പെട്രോകെമിക്കല്‍ കോംപ്ലക്‌സിനു പ്രധാനമന്ത്രി തറക്കല്ലിടും

പ്രധാനമന്ത്രി നരേന്ദ്രമോദി 2016 ജനുവരി 27ന് കൊച്ചി സന്ദര്‍ശിക്കും.
ബി.പി.സി.എല്‍. ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപ്ലക്‌സ് ഫലകം പ്രകാശിപ്പിച്ചുകൊണ്ട് അദ്ദേഹം ഉദ്ഘാടനം ചെയ്യും. അതേ വേദിയില്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സിനു തറക്കല്ലിടുകയും ചെയ്യും. ഐ.ഒ.സിയുടെ എല്‍.പി.ജി. ബോട്ടലിങ് പ്ലാന്റില്‍ മൗണ്ടഡ് സ്റ്റോറേജ് വെസ്സല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂരില്‍ നൈപുണ്യ വികസന കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിക്കും. 
ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപ്ലക്‌സ് ഒരു ആധുനിക വിപുലീകരണ കോംപ്ലക്‌സ് ആയിരിക്കും. ഇതിലൂടെ കൊച്ചിന്‍ റിഫൈനറി ലോകോത്തര നിലവാരമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ റിഫൈനറിയാക്കി മാറും. ഇന്ത്യയില്‍ ശുദ്ധമായ ഇന്ധനങ്ങള്‍ ഉല്പാദിപ്പിക്കുന്നതിന് ഇതു സഹായകമാകും. ഈ പ്ലാന്റ് വഴി പാചകവാതക, ഡീസല്‍ ഉത്പാദനം ഇരട്ടിയാകും.
കൊച്ചി ഐ.ഒ.സി.എല്‍. എല്‍.പി.ജി. ബോട്ടലിങ് പ്ലാന്റിലെ മൗണ്ടഡ് സ്റ്റോറേജ് വെസ്സലിന്റെ സംഭരണ ശേഷി 4350 മെട്രിക് ടണ്‍ ആണ്. പ്ലാന്റില്‍ ആറു ദിവസത്തെ ബോട്ട്‌ലിങ് ശേഷിക്ക് ആവശ്യമായത്ര എല്‍.പി.ജി. സംഭരിക്കാവുന്ന അളവിലേക്കു സംഭരണശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. പ്ലാന്റിലും സമീപ പ്രദേശങ്ങളിലും ഏറ്റവും സുരക്ഷ ഉറപ്പാക്കുന്ന സുരക്ഷിതമായ സ്റ്റോറേജ് വെസ്സലാണ് ഇത്. എല്‍പിജി പൈപ്പ്‌ലൈന്‍ വഴി ലഭ്യമായിത്തുടങ്ങുന്നതോടെ ടാങ്കറുകളുടെ ഓട്ടം കുറയും. 
ബിപിസിഎല്‍ കൊച്ചി റിഫൈനറിയിലെ പെട്രോകെമിക്കല്‍ കോംപ്ലക്‌സ്, ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയാണ്. പ്രൊപ്പലീന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ ആന്‍ഡ് പോളിയോള്‍ പദ്ധതി പല വ്യവസായങ്ങളെയും ഉത്തേജിപ്പിക്കും.
പെട്രോ കെമിക്കല്‍, പ്രകൃതിവാതക മന്ത്രാലയത്തിന്റെ പിന്തുണയോടെ ഏറ്റുമാനൂരില്‍ സ്ഥാപിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് അര്‍ഹരായ യുവാക്കള്‍ക്കു എണ്ണ, ഗ്യാസ്, മറ്റു വ്യവസായങ്ങള്‍ എന്നീ മേഖലകളില്‍ തൊഴിലധിഷ്ഠിത പരിശീലനം ലഭ്യമാക്കുകയും തൊഴില്‍വൈദഗ്ധ്യവും സംരംഭകത്വവും വര്‍ധിപ്പിക്കുകയും ചെയ്യും.
കേരള ഗവണ്‍മെന്റ് അനുവദിച്ച എട്ട് ഏക്കര്‍ സ്ഥലത്താണ് ക്യാമ്പസ് സ്ഥാപിക്കുക.
ഇവിടെ പ്രതിവര്‍ഷം 20 വ്യത്യസ്ത മേഖലകളിലായി ആയിരത്തോളം യുവജനങ്ങള്‍ക്കു പരിശീലനം നല്‍കാന്‍ കഴിയും.
നേരത്തേ, 2019 ജനുവരി 15നു കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയിരുന്ന പ്രധാനമന്ത്രി തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. 


(Release ID: 1561551)