പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജമ്മു കാശ്മീരില്‍നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട  ഗ്രാമ മുഖ്യന്‍മാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു 

Posted On: 19 DEC 2018 5:49PM by PIB Thiruvananthpuram

 

ജമ്മു കാശ്മീരില്‍നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 48 ഗ്രാമ മുഖ്യന്‍മാര്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ആള്‍ ജമ്മു ആന്റ് കാശ്മീര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് പ്രസിഡന്റ് ശ്രീ. ഷഫീഖ് മിര്‍ ആണ് പ്രതിനിധി സംഘത്തെ നയിച്ചത്. 
ജമ്മു കാശ്മീരില്‍ വിജയകരവും സമാധാനപരവുമായി നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയതിന് പ്രധാനമന്ത്രിയെ പ്രതിനിധി സംഘം അഭിനന്ദനമറിയിച്ചു. 
പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് പ്രധാനമന്ത്രി ശുഭാശംസകള്‍ നേര്‍ന്നു. ജനങ്ങളുടെ ക്ഷേമത്തിനും ഉന്നതിക്കുംവേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം അവരോടാവശ്യപ്പെട്ടു. ജനങ്ങളുടെ ശാക്തീകരണത്തിനായി താനും തന്റെ ഗവണ്‍മെന്റും പ്രതിജ്ഞാബദ്ധമാണെന്നും സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി തോളോടുചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പ്രതിനിധി സഘത്തിന് ഉറപ്പു നല്‍കി. ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ പ്രധാനമന്ത്രി പ്രതിനിധി സംഘാംഗങ്ങളോട് ആവശ്യപ്പെട്ടു. ജനങ്ങള്‍ വലിയ വിശ്വാസവും പ്രതീക്ഷയും അവരില്‍ അര്‍പ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 
ഭീഷണികള്‍ക്കും ഭയപ്പെടുത്തലുകള്‍ക്കുമിടയില്‍, പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിട്ടുകൊണ്ട് ജനാധിപത്യ പ്രക്രിയയില്‍ വിജയകരമായി പങ്കാളികളായതിന് പ്രധാനമന്ത്രി തദ്ദേശഭരണ പ്രതിനിധികളെ അഭിനന്ദിച്ചു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളോടും ആവലാതികളോടും പ്രതികരിക്കുന്ന തരത്തില്‍ പഞ്ചായത്തീരാജ് മാതൃകയെ വിജയകരമാക്കുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പൂര്‍ണ്ണ പിന്തുണ അദ്ദേഹം അവര്‍ക്ക് ഉറപ്പു നല്‍കി. ജമ്മു കാശ്മീരിനെ അക്രമത്തിന്റെ പാതയില്‍നിന്ന് പിന്തിരിപ്പിക്കുന്നതിനും അവിടുത്തെ ജനങ്ങളുടെ അവകാശങ്ങളും വികസനവും സംരക്ഷിക്കുന്നതിനും അടിസ്ഥാനതലത്തിലുള്ള സ്ഥാപനങ്ങളുടെ ശാക്തീകരണം ഒരു നിര്‍ണ്ണായക ചുവടുവെയ്പ്പാണ്. 
അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വനിതകളുടെ പങ്കാളിത്തത്തേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. 
പശ്ചാത്തലം
തങ്ങളുടെ സ്വന്തം വികസന പ്രക്രിയയില്‍ ഭാഗഭാക്കാകാന്‍ ജനങ്ങള്‍ക്കു കിട്ടുന്ന അസുലഭ അവസരമാണ് താഴേതട്ടിലേക്കുള്ള അധികാര വികേന്ദ്രീകരണം. ജമ്മു കാശ്മീര്‍ പഞ്ചായത്ത് നിയമം 1989 ല്‍ പാസ്സായെങ്കിലും നിയമത്തില്‍ പറയുന്ന 25 ചുമതലകളില്‍ വെറും മൂന്നെണ്ണത്തിന് മാത്രമാണ് യഥാര്‍ത്ഥത്തില്‍ ബജറ്റ് സഹായം ലഭിച്ചിരുന്നത്. ഗവണ്‍മെന്റ് ഇപ്പോള്‍ ഈ നിയമം ഭേദഗതി ചെയ്യുകയും 2000 കോടി രൂപ ഈ പഞ്ചായത്തുകള്‍ക്ക് പ്രതിവര്‍ഷം കൈമാറുകയും ചെയ്തു. നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മറ്റൊരു 1200 കോടി രൂപയും ലഭ്യമാക്കി. 19 വകുപ്പുകള്‍/വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തുകള്‍ നേരിട്ട് വീക്ഷിക്കുകയും ഗവണ്‍മെന്റ് പദ്ധതികളുടെ ഓഡിറ്റിംഗും നിര്‍വ്വഹിക്കും. 
13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 1100 നഗര തദ്ദേശ വാര്‍ഡുകളിലേക്കും, 7 വര്‍ഷത്തെ ഇടവേളക്കു ശേഷം 3500 പഞ്ചായത്തുകളിലേക്കും 2018 നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 58 ലക്ഷം സമ്മതിദായകരില്‍ 74 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 
ഈ പ്രക്രിയ മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായി 40000 അടിസ്ഥാനതല പ്രതിനിധികള്‍ക്കായി ഒരു പരിശീലന പരിപാടി ഉടന്‍ ആരംഭിക്കും. ഗ്രാമ മുഖ്യന്‍മാര്‍ക്ക് പ്രതിമാസ ഓണറേറിയമായി 2500 രൂപയും ഓരോ പഞ്ചായത്തിനും പ്രതിമാസം 1000 രൂപയും വിതരണം ചെയ്യും.



(Release ID: 1556791) Visitor Counter : 119