മന്ത്രിസഭ

ശാസ്ത്ര സാങ്കേതിക മേഖലയുടെ പ്രോല്‍സാഹനത്തിനായി അടല്‍ ഇന്നവേഷന്‍ മിഷന്‍ ഇന്ത്യയും ഫണ്ട് 'ടാലന്റ് ആന്‍ഡ് സക്‌സസ്' റഷ്യയും തമ്മിലുള്ള ധാരണാപത്രം

Posted On: 22 NOV 2018 1:32PM by PIB Thiruvananthpuram

 

ശാസ്ത്ര സാങ്കേതിക മേഖലയുടെ പ്രോല്‍സാഹനത്തിനും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഗവേഷകരുടെയും വിനിമയത്തിലൂടെ സംയുക്ത പ്രവര്‍ത്തനത്തിനു ശക്തമായ അടിത്തറ തീര്‍ക്കുന്നതിനും അടല്‍ ഇന്നവേഷന്‍ മിഷന്‍ ഇന്ത്യയും ഫണ്ട് 'ടാലന്റ് ആന്‍ഡ് സക്‌സസ്' റഷ്യയും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തെക്കുറിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുമ്പാകെ വിശദീകരിക്കപ്പെട്ടു.

നേട്ടങ്ങള്‍:
ധാരണാപത്രം ശാസ്ത്ര-സാങ്കേതികവിദ്യ പ്രോല്‍സാഹിപ്പിക്കുന്നതിനും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഗവേഷകരുടെയും വിനിമയത്തിലൂടെ ഇന്ത്യ-റഷ്യ സംയുക്ത പ്രവര്‍ത്തനത്തിനു ശക്തമായ അടിത്തറ തീര്‍ക്കുന്നതിനും സഹായകമാകും. 

പ്രധാന ഫലം: 
ഇരു രാജ്യങ്ങളിലെയും സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, ശാസ്ത്ര-സാങ്കേതിക രംഗം, സ്‌പെഷലൈസ് ചെയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹൈടെക് കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, നവീനാശയ കേന്ദ്രങ്ങള്‍ എന്നിവയുമായി ബന്ധം സ്ഥാപിക്കുന്നതിനു ധാരണാപത്രം സൗകര്യമൊരുക്കും. ശാസ്ത്രസംബന്ധിയായ പുതിയ അറിവ് പ്രോല്‍സാഹിപ്പിക്കുന്നതിനും ബൗദ്ധിക സ്വത്ത് സൃഷ്ടിക്കുന്നതിനും നവീകരണത്തിനും ഉല്‍പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും ഇരു രാജ്യങ്ങള്‍ക്കും സഹായകമാകും. 

പശ്ചാത്തലം:
2015 ഡിസംബര്‍ 23, 24 തീയതികളില്‍ പ്രധാനമന്ത്രി സോച്ചി സിറിയസ് എജ്യുക്കേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച വേളയിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പഠനത്തില്‍ ഏര്‍പ്പെടുന്നതിനായി റഷ്യന്‍ വിദ്യാര്‍ഥികളെ ക്ഷണിക്കുന്നതിനുള്ള നിര്‍ദേശം ഉണ്ടായത്. 2018 ഒക്ടോബര്‍ ആദ്യവാരം റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ശ്രീ. വ്‌ളാദിമിര്‍ പുടിന്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായി, പത്തു റഷ്യന്‍ വിദ്യാര്‍ഥികള്‍ അടല്‍ ടിങ്കറിങ് ലാബ് സ്‌കൂളുകളില്‍ പഠിക്കുന്ന പത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്നു പഠിക്കാനായി എത്തുകയും അവര്‍ 2018 ഒക്ടോബര്‍ ഒന്നു മുതല്‍ നാലുവരെ ഐ.ഐ.ടി. ഡെല്‍ഹിയില്‍ നടന്ന ഇന്നവേഷന്‍ ബൂട്ട് ക്യാംപില്‍ പങ്കെടുക്കുകയും ചെയ്തു. ആരോഗ്യസംരക്ഷണം, ബഹിരാകാശ സാങ്കേതികവിദ്യ, മാലിന്യമുക്ത സാങ്കേതികവിദ്യ, കാര്‍ഷിക സാങ്കേതിക വിദ്യ, സ്മാര്‍ട്ട് മൊബിലിറ്റി എന്നീ അഞ്ചു മേഖലകളില്‍ പുതിയ മാതൃകകള്‍ രൂപീകരിക്കുന്നതിനായുള്ള നവീന ആശയങ്ങളെ സംബന്ധിച്ചു വിദ്യാര്‍ഥികള്‍ പഠിച്ചു. തങ്ങള്‍ ഉണ്ടാക്കിയ മാതൃകകള്‍ അവര്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് ശ്രീ. വ്‌ളാദിമിര്‍ പുടിന്‍ എന്നിവര്‍ക്കു മുമ്പില്‍ 2018 ഒക്ടോബര്‍ അഞ്ചിനു പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. 
ഈ ധാരണാപത്രത്തിലൂടെ ഉദ്ദേശിക്കുന്നത് അടല്‍ ഇന്നവേഷന്‍ മിഷന്‍ ഇന്ത്യയും ഫണ്ട് 'ടാലന്റ് ആന്‍ഡ് സക്‌സസസ്' റഷ്യയും ചേര്‍ന്നുള്ള പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവുകയാണ്.
AKA   MRD - 861
***



(Release ID: 1553580) Visitor Counter : 149