മന്ത്രിസഭ

ഗുരുനാനാക്ക് ദേവ്ജിയുടെ 550-ാമത് ജന്മശതാബ്ദി ആഘോഷത്തിന് മന്ത്രിസഭയുടെ അനുമതി

Posted On: 22 NOV 2018 1:23PM by PIB Thiruvananthpuram

ശ്രീ ഗുരുനാനാക്ക് ദേവ്ജിയുടെ അടുത്തവര്‍ഷം നടക്കുന്ന 55-ാത് ജന്മശതാബ്ദി വാര്‍ഷികം രാജ്യമൊട്ടാകെയും ആഗോളതലത്തിലും ആഘോഷിക്കുന്നതിനുള്ള ഒരു പ്രമേയം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. സംസ്ഥാന ഗവണ്‍മെന്റുകളുമായും വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകളുമായും സഹകരിച്ച് കൊണ്ട് മഹത്തരവും ഉചിതവുമായ രീതിയില്‍ ആഘോഷിക്കും. ഗുരുനാനാക്ക് ദേവ്ജിയുടെ സ്‌നേഹം, സമാധാനം, സമത്വം സഹോദര്യം എന്നീ ആശയങ്ങള്‍ക്ക് ശാശ്വതമായ മൂല്യമുണ്ട്.
മന്ത്രിസഭായോഗത്തില്‍ എടുത്ത തീരുമാനങ്ങളില്‍ സുപ്രധാനമായവ ചുവടെ:

കര്‍ത്താര്‍പൂര്‍ സാഹിബ് ഇടനാഴിയുടെ വികസനം
    ഗുരുദാസ് പൂര്‍ ജില്ലയിലെ ദേരാ ബാബ നാനക്ക് മുതല്‍ അന്താരാഷ്ട്ര അതിര്‍ത്തിവരെ വരുന്ന കര്‍ത്താര്‍പൂര്‍ ഇടനാഴി നിര്‍മ്മിച്ച് വികസിപ്പിക്കുന്നതിനുള്ള സുപ്രധാന തീരുമാനത്തിന് മന്ത്രിസഭ അനുമതി നല്‍കി. ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ശ്രീ ഗുരുനാനാക് ദേവ് ജി 18 വര്‍ഷം ചെലവഴിച്ച പാക്കിസ്ഥാനിലെ രവി നദീകരയിലുള്ള ഗുരുദ്വാരാ ദര്‍ബാര്‍ സാഹിബ് കര്‍ത്താര്‍പൂര്‍ സന്ദര്‍ശിക്കുന്നതിന് വേണ്ട സൗകര്യമൊരുക്കുന്നതിനാണ് ഈ പദ്ധതി. ഇതോടെ വര്‍ഷം മുഴുവനും തീര്‍ത്ഥാടകര്‍ക്ക് ആ വിശുദ്ധദേവാലയം സന്ദര്‍ശിക്കാന്‍ കഴിയും.

    കേന്ദ്ര ഗവണ്‍മെന്റ് പണം ചെലവിടുന്ന ഒരു സമഗ്ര വികസന പദ്ധതിയായിട്ടായിരിക്കും കര്‍ത്താര്‍പൂര്‍ ഇടനാഴി നടപ്പാക്കുക. സുഗമമമായ യാത്രയ്ക്കുവേണ്ടിയും എല്ലാ ആധുനിക സൗകര്യങ്ങള്‍ക്കും വേണ്ടിയാണിത്.  തീര്‍ത്ഥാടകരുടെ സുഗമമായ യാത്രയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഇന്ത്യാ ഗവണ്‍മെന്റ് ഒരുക്കും. സിഖ് സമുദായത്തിന്റെ വികാരം മനസിലാക്കികൊണ്ട് അതിന് സമാനമായ സൗകര്യം പാക്കിസ്ഥാന്‍ പ്രദേശത്തും ഒരുക്കാന്‍ ആ രാജ്യത്തോട് അഭ്യര്‍ത്ഥിക്കും.

സുല്‍ത്താന്‍പൂര്‍ ലോധി വികസനം
    ശ്രീ ഗുരുനാനാക്ക് ദേവ്ജിയുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ചരിത്ര നഗരമായ സുല്‍ത്താന്‍പൂര്‍ ലോധിയെ സ്മാര്‍ട്ട് സിറ്റി തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പൈതൃക നഗരമായി വികസിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഗുരുനാനാക്ക് ജി ഊന്നല്‍ നല്‍കിയിരുന്ന ആശയമായ സുസ്ഥിരതയും പ്രകൃതിയുടെ കാരുണ്യവും ഉയര്‍ത്തിക്കാട്ടി ഊര്‍ജ്ജ കാര്യക്ഷമത ഉള്‍പ്പെടെ ഉറപ്പാക്കും. തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രധാന ആകര്‍ഷണമായി ശ്രീ ഗുരുനാനാക്ക് ദേവ്ജിയുടെ ജീവിതത്തെയും കാലത്തേയും കുറിച്ച് വ്യക്തമാക്കുന്ന 'പിന്‍ഡ് ബഡേ നാനാക്ക് ദാ' എന്ന പേരില്‍ സുല്‍ത്താന്‍പുര്‍ ലോധിയില്‍ ഒരു പൈതൃക സമുച്ചയം സ്ഥാപിക്കും. സുല്‍ത്താന്‍പൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ എല്ലാ സൗകര്യങ്ങളോടും കൂടി ആധുനികവല്‍ക്കരിക്കും.

മതങ്ങള്‍ തമ്മിലെ പഠനത്തിനുള്ള കേന്ദ്രവും വിദേശ സര്‍വകലാശാലകളില്‍ ചെയറുകളും:
അമൃത്സറിലെ ഗുരുനാനാക്ക ്‌ദേവ് സര്‍വകലാശാലയില്‍ മതങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള ഒരു കേന്ദ്രം ആരംഭിക്കും. യു.കെ., കാനഡ എന്നിവിടങ്ങളിലെ ഓരോ സര്‍വകലാശാലകളില്‍ ശ്രീ ഗുരുനാനാക്ക് ദേവ് ജിയെക്കുറിച്ചുള്ള ചെയറുകളും ആരംഭിക്കും. ശ്രീ ഗുരുനാനാക്ക് ദേവ്ജിയുടെ ജീവിതത്തേയും ആശയങ്ങളേയും അധികരിച്ച് ന്യൂഡല്‍ഹിയില്‍ ഒരു അന്താരാഷ്ട്ര സെമിനാറും സംഘടിപ്പിക്കും.

ആഗോളതലത്തിലും രാജ്യത്തൊട്ടാകെയും ആഘോഷം
ശ്രീ ഗുരനാനാക് ദേവ്ജിയുടെ 550-ാം ജന്മശതാബ്ദി ഉചിതമായ രീതിയില്‍ ആഘോഷിക്കുന്നതിന് സംസ്ഥാനങ്ങളോടും/കേന്ദ്ര ഭരണപ്രദേശങ്ങളോടും അഭ്യര്‍ത്ഥിക്കും. വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകള്‍ ആ അവസരത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും.

ആദരസൂചകമായി നാണയവും സ്റ്റാമ്പുകളും
ഈ മഹത്തായ അവസരത്തിന്റെ സ്മരണയ്ക്കായി നാണയവും സ്റ്റാമ്പുകളും ഇന്ത്യാ ഗവണ്‍മെന്റ് പുറത്തിറക്കും.

മതപരമായ പ്രവര്‍ത്തനങ്ങളും പ്രസിദ്ധീകരണങ്ങളും
മതപരമായ പ്രവര്‍ത്തനങ്ങള്‍ രാജ്യത്താകമാനം സംഘടിപ്പിക്കും. ശ്രീ ഗുരുനാനാക്ക് ദേവ്ജിയെക്കുറിച്ചും ഗുരുബാണിയേയും കുറിച്ചുള്ള പരിപാടികള്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യും. നാഷണല്‍ ബുക്ക് ട്രസ്റ്റ് ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ഗുരുബാണി പ്രസിദ്ധീകരിക്കും. യുനെസ്‌കോയോട് ശ്രീ ഗുരനാനാക്ക് ദേവ്ജിയുടെ ലേഖനങ്ങള്‍ ലോകഭാഷകളില്‍ പ്രസിദ്ധീകരിക്കാനും ആവശ്യപ്പെടും.

തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക ട്രെയിനുകള്‍
തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി റെയില്‍വേ മന്ത്രാലയം ശ്രീ ഗുരുനാനാക്ക് ദേവ്ജിയുമായി ബന്ധപ്പെട്ട് കടന്നുപോകുന്ന വിശുദ്ധസ്ഥലങ്ങളിലൂടെ പ്രത്യേക ട്രെയിനുകള്‍ ഓടിക്കും.
RS   MRD - 860
***



(Release ID: 1553579) Visitor Counter : 190