മന്ത്രിസഭ

കേന്ദ്ര രാസവസ്തു, വളം, പാര്‍ലമെന്ററികാര്യ മന്ത്രി അനന്തകുമാറിന്റെ നിര്യാണത്തില്‍ കേന്ദ്ര മന്ത്രിസഭ അനുശോചിച്ചു

Posted On: 13 NOV 2018 11:02AM by PIB Thiruvananthpuram

 


ബംഗലൂരുവില്‍ ഇന്നലെ അന്തരിച്ച കേന്ദ്ര രാസവസ്തു, വളം, പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത്കുമാറിന്റെ നിര്യാണത്തില്‍ കേന്ദ്ര മന്ത്രിസഭ അഗാധ ദുഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ പരിചയസമ്പന്നനായ ഒരു നേതാവിനെയാണ് രാഷ്ട്രത്തിന് നഷ്ടമായതെന്ന് ന്യൂഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന പ്രത്യേക കേന്ദ്ര മന്ത്രിസഭാ യോഗം പാസ്സാക്കിയ പ്രമേയം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഗവണ്‍മെന്റിന്റെയും, രാഷ്ട്രത്തിന്റെയും ഹൃദയസ്പര്‍ശകമായ അനുശോചനം സന്തപ്ത കുടുംബത്തെ അറിയിച്ചു.

രണ്ട് മിനിട്ട് മൗനം ആചാരിച്ച കേന്ദ്ര മന്ത്രിസഭാ യോഗം അനുശോചന പ്രമേയവും പാസ്സാക്കി. പ്രമേയത്തിന്റെ പൂര്‍ണ്ണ രൂപം ചുവടെ : 

'ശ്രീ. അനന്ത്കുമാര്‍ 1959 ജൂലൈ 22 ബംഗലൂരുവിലാണ് ജനിച്ചത്. ഹുബ്ബള്ളിയിലെ കര്‍ണ്ണാടക സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബാച്ചിലേഴ്‌സ് ബിരുദവും, കര്‍ണ്ണാടക സര്‍വ്വകലാശാലയുടെ ജെ.എസ്.എസ്. ലോ കോളേജില്‍ നിന്ന് എല്‍.എല്‍.ബി. ബിരുദവും അദ്ദേഹം നേടി.

വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിട്ടാണ് ശ്രീ. അനന്ത്കുമാര്‍ തന്റെ പൊതു ജീവിതം ആരംഭിച്ചത്. തുടര്‍ന്ന ബി.ജെ.പി. യില്‍ അംഗമായ അദ്ദേഹം പാര്‍ട്ടിയുടെ കര്‍ണ്ണാടക ഘടകത്തിന്റെ സംഘാടക സെക്രട്ടറിയായി. പിന്നീട് അദ്ദേഹം കര്‍ണ്ണാടകത്തിലെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായി. ശ്രീ. അനന്ത്കുമാറിന്റെ നേതൃത്വത്തിലാണ് കര്‍ണ്ണാടകത്തില്‍ പാര്‍ട്ടി വികസിക്കുകയും പിന്നീട് സ്വന്തമായി ഗവണ്‍മെന്റ് രൂപീകരിക്കുകയും ചെയ്തത്. അദ്ദേഹം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും, പാര്‍ലമെന്ററി ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയുമായിരുന്നു. പാര്‍ട്ടിയുടെ പ്രമുഖ നയരൂപീകരണ വിദഗ്ദ്ധരില്‍ അദ്ദേഹവും ഉള്‍പ്പെട്ടിരുന്നു.

1996 ല്‍ ശ്രീ. അനന്ത്കുമാര്‍ ബംഗലൂരു സൗത്തില്‍ നിന്ന് ലോകസഭയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1998 ല്‍ വാജ്‌പേയ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്ന അദ്ദേഹത്തിന് സിവില്‍, വ്യോമയാന വകുപ്പാണ് ലഭിച്ചത്. അന്ത്യം വരെ സൗത്ത് ലോകസഭ മണ്ഡലത്തെയാണ് അദ്ദേഹം ആറാം തവണയും പ്രതിനിധികരിച്ചത്. 

തന്റെ സുദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തില്‍ അദ്ദേഹം ടൂറിസം, സാംസ്‌കാരികം, യുവജനകാര്യം, സ്‌പോര്‍ട്‌സ്, നഗര വികസനം, ദാരിദ്ര്യ ലഘൂകരണം, ഗ്രാമ വികസനം മുതലായ വകുപ്പുകളുടെ കേന്ദ്ര മന്ത്രിയായിട്ടുണ്ട്. നിരവധി പാര്‍ലമെന്ററി സമിതികളുടെ അദ്ധ്യക്ഷനും അംഗവുമായിരുന്നു അദ്ദേഹം. 

സജീവമായ സാമൂഹിക പ്രവര്‍ത്തകനും കൂടിയായിരുന്ന ശ്രീ. അനന്ത്കുമാര്‍ തന്റെ ഗവണ്‍മെന്റ് ഇതര സംഘടന വഴി നിരവധി സാമൂഹ്യ സേവന പദ്ധതികള്‍ ഏറ്റെടുത്തിരുന്നു. ഗവണ്‍മെന്റ് സഹായത്തോടെ പാവപ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് പോഷക സമ്പുഷ്ടമായ ഉച്ച ഭക്ഷണം ലഭ്യമാക്കല്‍, ബംഗലൂരുവിലെ ചേരികളില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളുകള്‍ക്കായി ആധുനിക വിദ്യാഭ്യാസ ഉപകരണങ്ങള്‍ ഘടിപ്പിച്ച മൊബൈല്‍ യൂണിറ്റുകള്‍, കുടിവെള്ള സൗകര്യം ലഭ്യമാക്കുന്നതിന് ഗവണ്‍മെന്റ് സ്‌കൂളുകള്‍ ദത്തെടുക്കല്‍, പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കും തൊഴിലധിഷ്ഠിത പരിശീലന പരിപാടികള്‍ സംഘടിപ്പിക്കല്‍ മുതലായവ ഇതിന്റെ ഭാഗമായി നടന്ന് വരുന്നു. ബംഗലൂരുവില്‍ ഒരു കോടി വൃക്ഷ തൈകള്‍ നട്ട്‌കൊണ്ട് നഗരത്തിലെ മരങ്ങളും, മനുഷ്യരും തമ്മിലുള്ള അനുപാതം കുറഞ്ഞത് 1:1 ആക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള 'ഗ്രീന്‍ ബംഗലൂരു 1:1' പദ്ധതിക്കും അദ്ദേഹം തുടക്കമിട്ടിരുന്നു.

വിവിധ പദവികളില്‍ ശ്രീ. അനന്ത്കുമാര്‍ രാഷ്ട്രത്തിനായി ചെയ്ത സേവനങ്ങളെ കേന്ദ്ര മന്ത്രിസഭ പ്രകീര്‍ത്തിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ മന്ത്രിസഭ അഗാധ ദുഖം രേഖപ്പെട്ടുത്തി. അദ്ദേഹത്തിന്റെ അകാല വിയോഗത്തില്‍ പരിചയ സമ്പന്നനായ ഒരു നേതാവിനെയാണ് രാഷ്ട്രത്തിന് നഷ്ടമായത്. മൊത്തം രാഷ്ട്രത്തിന്റെ പേരില്‍ മന്ത്രിസഭ ഹൃദസ്പര്‍ശിയായ അനുശോചനം സന്തപ്ത കുടുംബത്തെ അറിയിക്കുന്നു.'



(Release ID: 1552611) Visitor Counter : 156