മന്ത്രിസഭ

അഹമ്മദാബാദ്, ജയ്പ്പൂര്‍, ലഖ്‌നൗ, ഗോഹട്ടി, തിരുവനന്തപുരം, മംഗളുരു വിമാനത്താവളങ്ങള്‍ പി.പി.പിയിലൂടെ പാട്ടത്തിനു നല്‍കുന്നതിനു മന്ത്രിസഭാ അനുമതി

Posted On: 08 NOV 2018 8:42PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രി. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം താഴെപ്പറയുന്ന കാര്യങ്ങളില്‍ അനുമതി നല്‍കി:

1. പൊതു-സ്വകാര്യ പങ്കാളിത്ത വിലയിരുത്തല്‍ സമിതി (പി.പി.പി.എ.സി.) വഴി അഹമ്മദാബാദ്, ജയ്പ്പൂര്‍, ലഖ്‌നൗ, ഗോഹട്ടി, തിരുവനന്തപുരം, മംഗളുരു വിമാനത്താവളങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്ത(പി.പി.പി.)ത്തിലൂടെ നടത്തുന്നതിനും വികസിപ്പിക്കുന്നതിനും.

2. പി.പി.പി.എ.സിയുടെ അധികാരപരിധിക്കു പുറത്തുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി നിതി ആയോഗ് സി.ഇ.ഒയുടെ നേതൃത്വത്തില്‍ ഉള്ളതും വ്യോമയാന മന്ത്രാലയം സെക്രട്ടറിയും സാമ്പത്തിക കാര്യ വകുപ്പു സെക്രട്ടറിയും പൊതുചെലവു വകുപ്പു സെക്രട്ടറിയും ഉള്‍പ്പെടുന്ന സെക്രട്ടറിമാരുടെ ശാക്തീകൃത സംഘം രൂപീകരിക്കുന്നതിന്.

നേട്ടങ്ങള്‍:

1. അടിസ്ഥാന സൗകര്യ മേഖലയില്‍ പി.പി.പി. നടപ്പാക്കുന്നതു സേവനം ലഭ്യമാക്കുന്നതിലെയും വൈദഗ്ധ്യത്തിലെയും സംരംഭകത്വത്തിലെയും തൊഴില്‍വൈശിഷ്ട്യത്തിലെയും കാര്യക്ഷമത വര്‍ധിപ്പിക്കുന്നു. ഒപ്പം പൊതുമേഖലയ്ക്ക് ആവശ്യമായ നിക്ഷേപം ലഭ്യമാക്കുന്നു.

2. വിമാനത്താവള അടിസ്ഥാനസൗകര്യ പദ്ധതിയില്‍ പി.പി.പി. നടപ്പാക്കുകവഴി വിമാനത്താവളങ്ങളില്‍ ലോകോത്തര അടിസ്ഥാനസൗകര്യവും യാത്രക്കാര്‍ക്കു ഫലപ്രദവും കൃത്യസമയത്തുമുള്ള സേവനവും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ.) പണം മുടക്കാതെ യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചു. ഡെല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ പി.പി.പി. മാതൃകയിലാണു വികസിപ്പിച്ചുവരുന്നത്.

3. ഇന്ത്യയിലെ പി.പി.പി. വിമാനത്താവളങ്ങള്‍ രാജ്യാന്തര വിമാനത്താവള കൗണ്‍സിലി(എ.സി.ഐ.)ന്റെ വിമാനത്താവള സേവന മേന്മ(എ.എസ്.ക്യൂ.) പട്ടികയില്‍ അതതു വിഭാഗങ്ങളില്‍ ആദ്യത്തെ അഞ്ചെണ്ണത്തില്‍ ഇടം ലഭിച്ചിട്ടുണ്ട്.
4. പി.പി.പി. പരീക്ഷണങ്ങള്‍ ലോകോത്തര നിലവാരമുള്ള വിമാനത്താവളങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനൊപ്പം എ.എ.ഐയുടെ വരുമാനം വര്‍ധിക്കാനും അതുവഴി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള വിമാനത്താവളങ്ങളും വ്യോമഗതാഗത നിയന്ത്രണ അടിസ്ഥാനസൗകര്യവും മെച്ചപ്പെടുത്താനും സഹായകമായി.

പശ്ചാത്തലം:

ഇന്ത്യയില്‍ ആഭ്യന്തര, രാജ്യാന്തര വിമാനയാത്രികരില്‍ ഉണ്ടായിട്ടുള്ള വര്‍ധനയും വിമാനത്താവളങ്ങളിലെ തിരക്കും ഒരു ദശാബ്ദത്തോളം മുമ്പ് സ്വകാര്യവല്‍ക്കരിച്ചിരുന്ന അഞ്ച് വിമാനത്താവളങ്ങളിലെ ഗതാഗതത്തില്‍ ഉണ്ടായിട്ടുള്ള വന്‍ വളര്‍ച്ചയും ഒട്ടേറെ രാജ്യാന്തര ഓപ്പറേറ്റര്‍മാരെയും നിക്ഷേപകരെയും ആകര്‍ഷിക്കുന്നുണ്ട്. രാജ്യാന്തര താല്‍പര്യമുള്ള നിര്‍ണായക അടിസ്ഥാന സൗകര്യ മേഖലയാണ് വിമാനത്താവള മേഖല. മുപ്പതോ നാല്‍പ്പതോ ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ബ്രൗണ്‍ഫീല്‍ഡ് വിമാനത്താവള വികസന പദ്ധതികളോടാണു രാജ്യാന്തര ഓപ്പറേറ്റര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും താല്‍പര്യം. പി.പി.പി. സമീപനം വഴി വിമാനത്താവള മേഖലയില്‍ ഉടനടി പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്.ഡി.ഐ.) നേടിയെടുക്കാന്‍ സാധിച്ചേക്കും.

ഈ സാഹചര്യത്തിലാണ് ആദ്യഘട്ടമായി അഹമ്മദാബാദ്, ജയ്പ്പൂര്‍, ലഖ്‌നൗ, ഗോഹട്ടി, തിരുവനന്തപുരം, മംഗളുരു വിമാനത്താവളങ്ങള്‍ പി.പി.പിയിലൂടെ നടത്തുന്നതിനും വികസിപ്പിക്കുന്നതിനും തീരുമാനിച്ചത്. ഇത് എ.എ.ഐയുടെ വരുമാനം വര്‍ധിക്കുന്നതിനും തൊഴിലവസരം സൃഷ്ടിക്കുന്നതിനും അടിസ്ഥാനസൗകര്യ വികസനത്തിനും വഴിവെക്കുമെന്നു പ്രതീക്ഷിക്കുന്നു.



(Release ID: 1552284) Visitor Counter : 120