പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ജൂലായ് ഇരുപത്തിയൊന്‍പതാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
(മനസ്സ് പറയുന്നത് - നാല്‍പ്പത്തി ആറാം ലക്കം)
Posted On:
29 JUL 2018 11:43AM by PIB Thiruvananthpuram
പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം. ഈയിടെയായി പലയിടത്തും വളരെയധികം മഴ പെയ്യുന്നതായുള്ള വാര്‍ത്തകള്‍ എത്തുന്നുണ്ട്. ചിലയിടങ്ങളില്‍ അധികം മഴ കാരണം വേവലാതിപ്പെടുത്തുന്ന സ്ഥിതിയാണെന്ന വാര്‍ത്തകളും വരുന്നുണ്ട്, ചിലയിടങ്ങളില്‍ ഇപ്പോഴും ആളുകള്‍ മഴ കാത്തിരിക്കുന്നു. ഭാരതത്തിന്റെ ഭൂവിസ്തൃതിയും, വൈവിധ്യവും കാരണം ചിലപ്പോഴൊക്കെ മഴയും ഇഷ്ടാനിഷ്ടങ്ങള്‍ കാണിക്കുന്നുണ്ട്. പക്ഷേ, നാം മഴയെ കുറ്റപ്പെടുത്തുന്നതെന്തിനാണ്? മനുഷ്യന്‍ തന്നെയാണ് പ്രകൃതിയുമായി സംഘര്‍ഷത്തിന്റെ വഴി തിരഞ്ഞെടുത്തത്. അതിന്റെ പരിണിത ഫലമെന്നോണമാണ് ചിലപ്പോഴൊക്കെ പ്രകൃതി നമ്മോട് കോപിക്കുന്നത്. അതുകൊണ്ട് പ്രകൃതിയെ സ്‌നേഹിക്കുക, പ്രകൃതിയുടെ രക്ഷകരാകുക, പ്രകൃതിയെ പോഷിപ്പിക്കുന്നവരാകുക എന്നത് നമ്മുടെ ഏവരുടെയും ഉത്തരവാദിത്തമാണ്. അങ്ങനെ ചെയ്താല്‍ പ്രകൃതിദത്തമായ കാര്യങ്ങളില്‍ സന്തുലനം സ്വയം ഉണ്ടാകും.
കഴിഞ്ഞ ദിവസം ഒരു പ്രകൃതി ദുരന്തത്തിന്റെ വാര്‍ത്ത ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. മനുഷ്യമനസ്സിനെയാകെ പിടിച്ചു കുലുക്കി. നിങ്ങളേവരും ടി.വി.യില്‍ കണ്ടിരിക്കും. തായ്‌ലന്റില്‍ ഫുട്‌ബോള്‍ കളിക്കാരായ 12 കുട്ടികളുടെ ടീമിനെ അവരുടെ കോച്ച് നാടുചുറ്റുന്നതിനിടയില്‍ ഗുഹയില്‍ കൊണ്ടുപോയി. അവിടെ ഗുഹയില്‍ അകത്തു പോകാനും പുറത്തിറങ്ങാനും കുറച്ച് മണിക്കൂറുകള്‍ വേണ്ടി വരും. എന്നാല്‍ അന്നേ ദിവസം വിധിയുടെ തീരുമാനം മറ്റു ചിലതായിരുന്നു. അവര്‍ ഗുഹയുടെ ഉള്ളില്‍ കുറച്ചധികം കടന്നു കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി വലിയ മഴ കാരണം ഗുഹാമുഖത്തിനടുത്ത് വളരെയധികം വെള്ളക്കെട്ടുണ്ടായി. അവര്‍ക്ക് പുറത്തിറങ്ങാനുള്ള വഴി അടഞ്ഞു പോയി. മറ്റു വഴിയൊന്നും കിട്ടാഞ്ഞതു കാരണം അവര്‍ ഗുഹയുടെ ഉള്ളില്‍ ഒരു ചെറിയ പാറയുടെ മുകളില്‍ അഭയം തേടി- അതും ഒന്നോ രണ്ടോ ദിവസമല്ല, പതിനെട്ടു ദിവസം. കുട്ടികള്‍ മുന്നില്‍ മരണത്തെ കാണാനിടയായാല്‍, ഓരോ നിമിഷവും അതിനെ നേരിട്ടുകൊണ്ട് കഴിയേണ്ടി വരുമ്പോള്‍ ആ നിമിഷങ്ങള്‍ എങ്ങനെയുള്ളതായിരിക്കുമെന്ന് നിങ്ങള്‍ക്കൂഹിക്കാം. ഒരു വശത്ത് അവര്‍ അപകടത്തെ നേരിട്ടുകൊണ്ടിരുന്നു, മറുവശത്ത് ലോകത്തിലെ മനുഷ്യരൊന്നാകെ ഒരുമിച്ചു ചേര്‍ന്ന് മാനുഷികമൂല്യങ്ങള്‍ പ്രകടമാക്കുകയായിരുന്നു. ലോകമെങ്ങും ആളുകള്‍, ഈ കുട്ടികളെ സുരക്ഷിതരായി പുറത്തിറക്കുന്നതിനായി പ്രാര്‍ത്ഥിക്കുകയായിരുന്നു. കുട്ടികളെവിടെയാണ്, ഏതു സ്ഥിതിയിലാണ്, അവരെ എങ്ങനെ പുറത്തിറക്കാനാകും എന്നറിയാന്‍ എല്ലാ വിധത്തിലുമുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. സമയത്തിന് രക്ഷപ്പെടുത്താനായില്ലെങ്കില്‍ മണ്‍സൂണ്‍ സീസണില്‍ കുറച്ചു മാസങ്ങളോളം തന്നെ അവരെ പുറത്തിറക്കുക അസാധ്യമാകും. എന്നാല്‍ അവസാനം നല്ല വാര്‍ത്തയെത്തിയപ്പോള്‍ ലോകത്തിനാകെ സമാധാനമായി, സന്തോഷമായി. എന്നാല്‍ ഈ സംഭവത്തെ മറ്റൊരു രീതിയില്‍ കാണാനാണ് എനിക്കു തോന്നുന്നത്. രക്ഷപ്പെടുത്തല്‍ ആകെക്കൂടി എങ്ങനെയാണു നടന്നത്; എല്ലാ തലത്തിലും ഉത്തരവാദിത്തബോധമുണ്ടായത് ആശ്ചര്യകരമായിരുന്നു. എല്ലാവരും, ഗവണ്‍മെന്റും, ഈ കുട്ടികളുടെ അച്ഛനമ്മമാരും, അവരുടെ ബന്ധുക്കളും, മാധ്യമങ്ങളും, രാജ്യത്തെ ജനങ്ങളും - എല്ലാവരുംതന്നെ സമാധാനത്തോടും ക്ഷമയോടും കാത്തിരുന്നു. എല്ലാവരും ഒരു ടീമായി ആ ദൗത്യത്തില്‍ പങ്കെടുത്തു. എല്ലാവരുടെയും സംയമനത്തോടെയുള്ള പെരുമാറ്റം പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ കാര്യമാണെന്ന് എനിക്കു തോന്നുന്നു. അച്ഛനമ്മമാര്‍ക്ക് ദുഃഖമുണ്ടായിരുന്നില്ലെന്നല്ല, അവര്‍ കരഞ്ഞിട്ടുണ്ടാവില്ലെന്നല്ല, എന്നാല്‍ അവരുടെ ക്ഷമ, സംയമനം, സമൂഹത്തിന്റെയാകെ സമാധാനത്തോടെയുള്ള പെരുമാറ്റം ഇതെല്ലാം നമുക്കു പാഠമാണ്. ഈ സംരംഭത്തില്‍ തായ്‌ലന്റിന്റെ നാവികസേനയിലെ ഒരു ജവാന് ജീവന്‍ ബലിനല്‍കേണ്ടിവന്നു. ഇത്രയും കഠിനമായ പരിതഃസ്ഥിതിയിലായിട്ടും ജലം നിറഞ്ഞ, ഒരു ഇരുളടഞ്ഞ ഗുഹയില്‍ ഇത്രയും ധൈര്യത്തോടും ക്ഷമയോടും കൂടി അവര്‍ പ്രതീക്ഷ കൈവിടാതിരുന്നുവെന്നതില്‍ ലോകത്തിനാകെ ആശ്ചര്യമാണുള്ളത്. മാനവികത ഒരുമിച്ചു ചേരുമ്പോള്‍ അദ്ഭുതങ്ങള്‍ സംഭവിക്കുന്നു എന്നാണിത് കാണിക്കുന്നത്. ശാന്തവും ഉറച്ചതുമായ മനസ്സോടെ ലക്ഷ്യത്തില്‍ മനസ്സുറപ്പിച്ച് അതിനായി പ്രവര്‍ത്തിക്കുക എന്നതേ വേണ്ടൂ.
കഴിഞ്ഞ ദിവസം നമ്മുടെ രാജ്യത്തെ പ്രിയപ്പെട്ട കവി നീരജ് ജി നമ്മെ വിട്ടു പോയി. പ്രതീക്ഷ, വിശ്വാസം, ദൃഢനിശ്ചയം, ആത്മവിശ്വാസം എന്നിവ ധ്വനിക്കുന്നത് നീരജ് ജിയുടെ കവിതകളുടെ വിശേഷതയായിരുന്നു. നാം ഭാരതീയര്‍ക്ക് നീരജ് ജി പറഞ്ഞതെല്ലാം വളരെ ശക്തിയും പ്രേരണയും ഏകുന്നതാകും. അദ്ദേഹം എഴുതി -
ഇരുട്ടസ്തമിച്ചേ തീരൂ
കൊടുങ്കാറ്റിങ്ങു വന്നാലും
ഇടിമിന്നലുകള്‍ ചൊരിഞ്ഞാലും
ദീപമൊന്നുതെളിഞ്ഞാല്‍പ്പിന്നെ!
ഇരുട്ടെന്നതസ്തമിച്ചേ തീരൂ.
നീരജ് ജിയിക്ക് ആദരവോടെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.
'നമസ്‌തേ പ്രധാനമന്ത്രിജീ, എന്റെ പേര് സത്യം എന്നാണ്. ഞാന്‍ ഈ വര്‍ഷം ദില്ലി യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായി അഡ്മിഷന്‍ നേടിയിട്ടുണ്ട്. ഞങ്ങളുടെ സ്‌കൂള്‍ ബോര്‍ഡ് പരീക്ഷാ സമയത്ത് അങ്ങ് പരീക്ഷയുടെ ടെന്‍ഷനെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും സംസാരിച്ചു. എന്നെപ്പോലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇനി അങ്ങയുടെ സന്ദേശമെന്താണ്?'
ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളവും യുവാക്കളെ സംബന്ധിച്ചിടത്തോളവും വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഇത് കോളജുകളുടെ പീക് സീസണ്‍ എന്നു പറയാം. സത്യത്തിനെപ്പോലുള്ള ലക്ഷക്കണക്കിന് യുവാക്കള്‍ സ്‌കൂളില്‍ നിന്നിറങ്ങി കോളജിലേക്കു പോകുന്ന സമയമാണിത്. ഫെബ്രുവരിയും മാര്‍ച്ചും പരീക്ഷാപേപ്പറുകള്‍, ഉത്തരങ്ങള്‍ എന്നിങ്ങനെ പോയാല്‍ ഏപ്രില്‍ മെയ് അവധിക്കാലം കളിക്കാനും പിന്നെ റിസല്‍ട്ട് കാത്തിരിക്കാനും ജീവിതത്തില്‍ മുന്നോട്ടുള്ള ദിശ തീരുമാനിക്കാനും കരിയര്‍ തിരഞ്ഞെടുക്കാനും ഒക്കെയുള്ള സമയമാണ്. ജൂലായ് മാസം യുവാക്കള്‍ ജീവിതത്തിലെ പുതിയ തലത്തിലേക്ക് ചുവടു വയ്ക്കുന്നു, ശ്രദ്ധ ചോദ്യങ്ങളില്‍ നിന്നു മാറി കട്ട് ഓഫിലേക്കെത്തുന്നു. കുട്ടികള്‍ അച്ഛനമ്മമാരുടെ തണലില്‍ നിന്ന് പ്രൊഫസര്‍മാരുടെ തണലിലേക്കെത്തുന്നു. എന്റെ യുവസുഹൃത്തുക്കള്‍ കോളജ് ജീവിതത്തിന്റെ തുടക്കം മുതല്‍ വളരെ ഉത്സാഹികളും സന്തുഷ്ടരുമായിരിക്കുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ആദ്യമായി വീട്ടില്‍ നിന്ന് പുറത്തു പോയി, ഗ്രാമത്തില്‍ നിന്ന് പുറത്തു പോയി, ഒരു സുരക്ഷിതമായ അന്തരീക്ഷത്തില്‍ നിന്ന് പുറത്തിറങ്ങി താന്‍തന്നയാണ് നിയന്താവ് എന്നാകേണ്ടി വരും. ഇത്രയധികം യുവാക്കള്‍ ആദ്യമായി സ്വന്തം വീടുകള്‍ വിട്ട്, ജീവിതത്തിന് ഒരു പുതിയ ദിശാബോധം നല്‍കാനായി പുറപ്പെടുന്നു. പല വിദ്യാര്‍ഥികളും അവരുടെ കോളജുകളില്‍ ജോയിന്‍ ചെയ്തിട്ടുണ്ടാകും. ചിലര്‍ ചേരാന്‍ തയ്യാറെടുക്കുകയാകും. ശാന്തരായിരിക്കുക, ജീവിതം ആസ്വദിക്കുക, ജീവിതത്തില്‍ അന്തരാത്മാവിന്റെ ആനന്ദം അറിയുക എന്നാണ് എനിക്കു നിങ്ങളോടു പറയാനുള്ളത്. പുസ്തകങ്ങളിലൂടെയല്ലാതെ വേറെ വഴിയില്ല, പഠിക്കുകതന്നെ വേണം, എങ്കിലും പുതിയ കാര്യങ്ങള്‍ കണ്ടെത്താനുള്ള ശീലം ഉണ്ടായിരിക്കണം. പഴയ സുഹൃത്തുക്കളുടെ വില വളരെ വലുതാണ്. കുട്ടികാലത്തെ കൂട്ടുകാര്‍ വലിമതിക്കാത്തവരാണ്, എങ്കിലും പുതിയ സുഹൃത്തുക്കളെ കണ്ടെത്തുന്നതും, ഉണ്ടാക്കുന്നതും നിലനിര്‍ത്തുന്നതുമെല്ലാം അതിന്റേതായ രീതിയില്‍ ബോധപൂര്‍വ്വം ശ്രദ്ധിക്കേണ്ട കാര്യമാണ്. പുതിയതായി ചിലതു പഠിക്കുക, പുതിയ പുതിയ നൈപുണ്യങ്ങള്‍ നേടുക, പുതിയ പുതിയ ഭാഷകള്‍ പഠിക്കുക. സ്വന്തം വീടു വിട്ട് പുറത്തൊരിടത്ത് പഠിക്കാന്‍ പോയവര്‍ ആ സ്ഥലത്തെ, അവിടത്തെക്കുറിച്ചറിയുക, അവിടത്തെ ജനങ്ങളെ, ഭാഷ, സംസ്‌കാരം ഒക്കെ അറിയുക, അവിടത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ടാകും അവിടെ പോവുക, അവിടത്തെക്കുറിച്ചറിയുക. പുതിയ ഇന്നിംഗ്‌സ് തുടങ്ങുകയാണ്, എല്ലാ യുവാക്കള്‍ക്കും എന്റെ ശുഭാശംസകള്‍.
ഇപ്പോള്‍ കോളജ് സീസണിന്റെ കാര്യംപറയുമ്പോള്‍ മധ്യപ്രദേശിലെ വളരെ ദരിദ്രമായ ഒരു കുടുംബത്തിലെ ഒരു വിദ്യാര്‍ഥി ആശാറാം ചൗധരി ജീവിതത്തിലെ കഷ്ടപ്പെടുത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് എങ്ങനെ വിജയം നേടി എന്ന വാര്‍ത്ത കാണുകയായിരുന്നു. അദ്ദേഹം ജോധ്പുര്‍ എയിംസിലെ എംബിബിഎസ് പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ത്തന്നെ വിജയം നേടി. അദ്ദേഹത്തിന്റെ പിതാവ് ചപ്പുചവറുകള്‍ പെറുക്കിയാണ് കുടുംബം പോറ്റുന്നത്. അദ്ദേഹത്തിന്റെ ഈ വിജയത്തില്‍ ഞാന്‍ ആശംസകളേകുന്നു. ഇങ്ങനെ ദരിദ്ര കുടുംബത്തില്‍ നിന്നുള്ള, വെല്ലുവിളികളുള്ള ചുറ്റുപാടുകളില്‍ നിന്നുള്ളവരാണെങ്കിലും സ്വന്തം അധ്വാനം കൊണ്ടും സമര്‍പ്പണം കൊണ്ടും നമുക്കേവര്‍ക്കും പ്രേരണാദായകമാകുന്ന കാര്യങ്ങള്‍ ചെയ്ത എത്രയോ വിദ്യാര്‍ഥികളുണ്ട്. പിതാവ് ഡിടിസിയിലെ ഡ്രൈവറായ ദില്ലിയിലെ പ്രിന്‍സ് കുമാറും, കൊല്‍ക്കത്തയിലെ ഫുട്പാത്തില്‍ സ്ട്രീറ്റ് ലൈറ്റിന്റെ കീഴില്‍ പഠിച്ച അഭയ് ഗുപ്തയും, അച്ഛന്‍ ഓട്ടോറിക്ഷാ ഡ്രൈവറായ അഹമ്മദാബാദിലെ മകള്‍ ആഫറീന്‍ ഷൈഖും അഭിനന്ദനാര്‍ഹരാണ്. അച്ഛന്‍ സ്‌കൂള്‍ ബസ് ഡ്രൈവറായ നാഗപൂരിലെ മകള്‍ ഖുശിയും, അച്ഛന്‍ കാവല്‍ക്കാരനായ ഹരിയാനയിലെ കാര്‍ത്തികും, അച്ഛന്‍ ഇഷ്ടികക്കളത്തില്‍ ജോലിചെയ്യുന്ന ജാര്‍ഖണ്ഡിലെ രമേശ് സാഹുവും ഒക്കെ അഭിനന്ദനം അര്‍ഹിക്കുന്നവരാണ്. രമേശ് ഉത്സവസ്ഥലങ്ങളില്‍ കളിപ്പാട്ടം വിറ്റു നടന്നിരുന്നു. ജന്മനാല്‍ സ്‌പൈനല്‍ മസ്‌കുലര്‍ ആട്രോഫി എന്ന ജനിറ്റിക് രോഗം ബാധിച്ച ദിവ്യാഗംയായ ഗുഡ്ഗാവിലെ മകള്‍ അനുഷ്‌കാ പാണ്ഡാ തുടങ്ങി പലരും തങ്ങളുടെ ദൃഢനിശ്ചയം കൊണ്ടും ഉത്സാഹം കൊണ്ടും എല്ലാ തടസ്സങ്ങളെയും കടന്ന് ലോകം നോക്കിനിന്നുപോകുന്ന നേട്ടങ്ങള്‍ കൈവരിച്ചു. നാം ചുറ്റുപാടും നോക്കിയാല്‍ ഇതുപോലുള്ള പല ഉദാഹരണങ്ങളും നമുക്കു കാണാന്‍ കഴിയും.
രാജ്യത്തിന്റെ ഏതൊരു കോണിലെയും ഏതൊരു നല്ല സംഭവവും എന്റെ മനസ്സിന് ഊര്‍ജ്ജം പകരുന്നു, പ്രേരണയേകുന്നു. ഈ യുവാക്കളുടെ കഥ നിങ്ങളോടു പറയുമ്പോള്‍ എനിക്ക് നീരജിന്റെ ആ കാര്യമാണ് ഓര്‍മ്മ വരുന്നത്, ജീവിതത്തിന്റെ ലക്ഷ്യവുമതാണ്. നീരജ് ജി പറഞ്ഞു -
ഭൂമിതന്‍ ഗീതമെനിക്കാകാശത്തോളമുയര്‍ത്തണം
വെളിച്ചത്തിലേക്കിനിയിരുളിനെയും ക്ഷണിക്കണം
വാളിനെ പുഷ്പസുഗന്ധത്താല്‍ ശിരസ്സുനമിപ്പിക്കണം
പാടിപ്പാടിയെനിക്കീ പര്‍വ്വതങ്ങളെയുമുണര്‍ത്തണം.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, കുറച്ചു നാളുകള്‍ക്കു മുമ്പ് ഒരു വാര്‍ത്ത എന്റെ കണ്ണില്‍ പെട്ടു. അതിങ്ങനെയായിരുന്നു. രണ്ടു യുവാക്കള്‍ മോദിയുടെ സ്വപ്നം സാക്ഷാത്കരിച്ചു. കൂടുതല്‍ വായിച്ചപ്പോള്‍ നമ്മുടെ യുവാക്കള്‍ സാങ്കേതികവിദ്യ സമര്‍ഥമായും സൃഷ്ടിപരമായും ഉപയോഗിച്ച് സാധാരണക്കാരന്റെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നു എന്നു മനസ്സിലായി. സംഭവമിതായിരുന്നു - ഒരിക്കല്‍ അമേരിക്കയിലെ ടെക്‌നോളജി ഹബ് എന്നറിയപ്പെടുന്ന സാന്‍ജോസ് നഗരത്തില്‍ ഞാന്‍ ഭാരതീയരായ യുവാക്കളുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഞാനവരോട് അവര്‍ക്ക് ഭാരതത്തിനുവേണ്ടി തങ്ങളെ കഴിവിനെ എങ്ങനെ ഉപയോഗിക്കാനാകും എന്നാലോചിക്കൂ, സമയംകണ്ടെത്തി ചിലതു ചെയ്യൂ എന്നുപറഞ്ഞു. ഞാന്‍ മസ്തിഷ്‌ക ചോര്‍ച്ച (ബ്രയിന്‍ ഡ്രെയിന്‍) എന്നതിനെ മസ്തിഷ്‌കനേട്ട (ബ്രയിന്‍ ഗെയിന്‍) മാക്കി മാറ്റാന്‍ അഭ്യര്‍ഥിച്ചു. റായ്ബറേലിയിലെ രണ്ടു ഐ ടി പ്രൊഫഷണലുകള്‍, യോഗേശ് സാഹുജിയും രജനീശ് വാജ്‌പേയിജി യും എന്റെ ഈ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് ഒരു വേറിട്ട ശ്രമം നടത്തി. തങ്ങളുടെ പ്രൊഫഷണല്‍ സ്‌കില്‍ ഉപയോഗിച്ച് യോഗേശ്ജിയും രജനീശ്ജിയും ഒരുമിച്ച് സ്മാര്‍ട്ട് ഗാവ് ആപ് തയ്യാറാക്കി. ഈ ആപ് ഗ്രാമത്തിലെ ജനങ്ങളെ ലോകവുമായി ബന്ധിപ്പിക്കുന്നുവെന്നു മാത്രമല്ല, മറിച്ച് അവര്‍ക്ക് ഏതൊരു വിവരവും അറിവും തങ്ങളുടെ തന്നെ മൊബൈലില്‍ അറിയുവാനുമാകുന്നു. റായ് ബറേലിയിലെ തൗധക്പൂര്‍ എന്ന ഗ്രാമത്തിലെ ഗ്രാമവാസികളും ഗ്രാമപ്രധാനും ജില്ലാ മജിസ്‌ട്രേട്ടും സിഡിഒ യും എല്ലാം ഈ ആപ് ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചു. ഈ ആപ് ഗ്രാമത്തില്‍ ഒരുതരത്തില്‍ ഡിജിറ്റല്‍ വിപ്ലവം കൊണ്ടുവരുന്ന കാര്യമാണു ചെയ്യുന്നത്. ഗ്രാമത്തിലുണ്ടാകുന്ന എല്ലാ വികസന കാര്യങ്ങളും, റെക്കോഡു ചെയ്യുക, ട്രാക് ചെയ്യുക, മോനിട്ടര്‍ ചെയ്യുക എല്ലാം ഈ ആപ് വഴി എളുപ്പമായി. ഈ ആപ് ല്‍ ഗ്രാമത്തിലെ ഫോണ്‍ ഡയറക്ടറി, ന്യൂസ് സെക്ഷന്‍, ഇവന്റ്‌സ് ലിസ്റ്റ്, ഹെല്‍ത്ത് സെന്റര്‍, ഇന്‍ഫര്‍മേഷന്‍ കേന്ദ്രം എല്ലാം ഉണ്ട്. ഈ ആപ് കര്‍ഷകര്‍ക്കും വളരെ പ്രയോജനപ്രദമാണ്. ആപ് ന്റെ ഗ്രാമര്‍ ഫീചര്‍, കര്‍ഷകര്‍ക്കിടയിലെ ഫാക്ട് റേറ്റ് ഒരു തരത്തില്‍ അവരുടെ ഉല്‍പ്പന്നത്തിന് ഒരു വിപണി എന്ന പോലെ പ്രയോജനപ്പെടുന്നു. ഈ സംഭവത്തെ നിങ്ങള്‍ ശ്രദ്ധിച്ചു നോക്കിയാല്‍ ആ യുവാവ് അമേരിക്കയില്‍, അവിടത്തെ ജീവിതരീതി, ചിന്താഗതികള്‍ക്കെല്ലാമിടയിലാണ് ജീവിക്കുന്നതെന്നു കാണാം. പല വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാരതം വിട്ടിരിക്കും, എങ്കിലും സ്വന്തം ഗ്രാമത്തിന്റെ മുക്കും മൂലയും അറിയുന്നു, വെല്ലുവിളികളെ മനസ്സിലാക്കുന്നു, ഗ്രാമവുമായി വൈകാരിക ബന്ധം പുലര്‍ത്തുന്നു. ഈ കാരണം കൊണ്ട് അവന് ഒരുപക്ഷേ, ഗ്രാമത്തിനു വേണ്ടത് വേണ്ടരീതിയില്‍ ഉണ്ടാക്കുവാന്‍ സാധിച്ചു. സ്വന്തം ഗ്രാമവുമായി, സ്വന്തം വേരുകളുമായി ഈ ബന്ധവും ജന്മഭൂമിയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയും എല്ലാ ഭാരതീയന്റെയും മനസ്സില്‍ സ്വാഭാവികമായി ഉണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ സമയക്കുറവുകാരണം, ചിലപ്പോള്‍ ദൂരം കാരണം, ചിലപ്പോള്‍ ചുറ്റുപാടുകള്‍ കാരണം അതിന്റെമേല്‍ ചാരത്തിന്റെ നേരിയ പാളി മൂടിപ്പോകുന്നു. എന്നാല്‍ ഒരു ചെറിയ കനലെങ്കിലും അതുമായി സ്പര്‍ശിച്ചാല്‍ എല്ലാ കാര്യങ്ങളും ഒരിക്കല്‍ കൂടി പ്രകടമാകുന്നു, അത് കഴിഞ്ഞു പോയ കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. നമുക്കും അന്വേഷിക്കാം, നമ്മുടെ കാര്യത്തിലും അങ്ങനെയെങ്ങാനും സംഭവിച്ചിട്ടുണ്ടോ എന്ന് നോക്കാം, സ്ഥിതിഗതികള്‍, ചുറ്റുപാടുകള്‍, അകല്‍ച്ചകള്‍ നമ്മെ അകറ്റിയിട്ടില്ലേ എന്നു നോക്കാം, ചാരം മൂടിയിട്ടുണ്ടോ എന്നു നോക്കാം. തീര്‍ച്ചയായും ചിന്തിക്കൂ...
'ആദരണീയ പ്രധാനമന്ത്രിജീ, നമസ്‌കാരം, ഞാന്‍ സന്തോഷ് കാകഡേ മഹാരാഷ്ട്രയിലെ കോല്‍ഹാപുരില്‍ നിന്നു സംസാരിക്കുന്നു. പംഢര്‍പൂര്‍ വാരി എന്നറിയപ്പെടുന്ന പംഢര്‍പൂര്‍ തീര്‍ഥയാത്ര മഹാരാഷ്ട്രയുടെ പഴയ പാരമ്പര്യമാണ്. എല്ലാ വര്‍ഷവും ഇത് വളരെ ഉത്സാഹത്തോടും സന്തോഷത്തോടും ആഘോഷിക്കപ്പെടുന്നു. ഏകദേശം 7-8 ലക്ഷം വാര്‍കരികള്‍ എന്നറിയപ്പെടുന്ന തീര്‍ഥയാത്രക്കാര്‍ ഇതില്‍ പങ്കെടുക്കുന്നു. ഈ വേറിട്ട സംഭവത്തെക്കുറിച്ച് രാജ്യത്തെ ബാക്കി ജനങ്ങളും അറിയുന്നതിനുവേണ്ടി അങ്ങ് ഈ പംഢര്‍പൂര്‍ വാരിയെക്കുറിച്ച് പറയണം.'
സന്തോഷ്ജി, താങ്കളുടെ ഫോണ്‍കോളിന് വളരെ നന്ദി. തീര്‍ച്ചയായും പംഢര്‍പുര്‍ വാരി വളരെ അദ്ഭുതകരമായ തീര്‍ഥയാത്രയാണ്. സുഹൃത്തുക്കളേ, ആഷാഢ ഏകാദശി, ഇപ്രാവശ്യം ജൂലൈ23 നാണ് ആഘോഷിക്കപ്പെടുന്നത്. പംഢര്‍പുര്‍ മഹാരാഷ്ട്രയിലെ സോലാപുര്‍ ജില്ലയിലെ ഒരു പവിത്രമായ നഗരമാണ്. ആഷാഢ ഏകാദശിയുടെ ഏകദേശം 15-20 ദിവസം മുമ്പ് വാര്‍കരികള്‍ അതായത് തീര്‍ഥാടകര്‍ പല്ലക്കുകളുമായി പംഢര്‍പൂര്‍ യാത്രക്ക് കാല്‍നടയായി പുറപ്പെടുന്നു. വാരി എന്നറിയപ്പെടുന്ന ഈ യാത്രയില്‍ ലക്ഷക്കണക്കന് വാര്‍കരികളാണ് പങ്കെടുക്കുന്നത്. സന്ത് ജ്ഞാനേശ്വര്‍, സന്ത് തുക്കാറാം എന്നിവരെപ്പോലുള്ള മഹത്തുക്കളുടെ പാദുകങ്ങള്‍ പല്ലക്കില്‍ വച്ച് വിട്ഠല്‍ വിട്ഠല്‍ എന്നു പാടിക്കൊണ്ട് നടക്കുന്നു. ഈ വാരി വിദ്യഭ്യാസം, സംസ്‌കാരം, ആദരവ് എന്നിവയുടെ ത്രിവേണീസംഗമമാണ്. തീര്‍ഥയാത്രക്കാര്‍ വിട്‌ഠോബയെന്നും പാണ്ഡുരംഗ എന്നും പറയപ്പെടുന്ന ഭഗവാന്‍ വിട്ഠലിന്റെ, വിഠോബയുടെ ദര്‍ശനത്തിനായി അവിടെ എത്തിച്ചേരുന്നു. ഭഗവാന്‍ വിട്ഠല്‍ ദരിദ്രരുടെയും നിഷേധിക്കപ്പെട്ടവരുടെയും പീഡിപ്പിക്കപ്പെട്ടവരുടെയും നന്മ കാക്കുന്നു. മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയ ഇടങ്ങളിലെ ആളുകള്‍ക്ക് അപാരമായ ബഹുമാനവും ഭക്തിയുമുണ്ട്. പംഢര്‍പൂരിലെ വിട്‌ഠോബാ ക്ഷേത്രത്തില്‍ പോവുകയെന്നതും അവിടത്തെ മാഹാത്മ്യം, സൗന്ദര്യം, ആധ്യാത്മികമായ ആനന്ദം തുടങ്ങിയവയും വേറിട്ട അനുഭവമാണ്. മന്‍കീ ബാത്തിന്റെ ശ്രോതാക്കളോട് എനിക്കു പറയാനുള്ളത് അവസരം കിട്ടിയാല്‍ ഒരു പ്രാവശ്യം തീര്‍ച്ചയായും പഢര്‍പൂര്‍ വാരിയില്‍ പങ്കെടുക്കണമെന്നാണ്. ജ്ഞാനേശ്വര്‍, നാമദേവ്, ഏകനാഥ്, രാമദാസ്, തുക്കാറാം തുടങ്ങി അസംഖ്യം പുണ്യാത്മാക്കള്‍ മഹാരാഷ്ട്രയില്‍ ഇന്നും സാധാരണ ജനങ്ങള്‍ക്ക് അറിവു പകരുന്നുണ്ട്. അന്ധമായ ബഹുമാനത്തിനെതിരെ പോരാടാന്‍ ശക്തിയേകുകയാണ്, ഹിന്ദുസ്ഥാന്റെ എല്ലാ മൂലയിലും ഈ സന്യാസി പരമ്പര പ്രേരണയേകിക്കൊണ്ടിരിക്കും. ബന്ധപ്പെട്ട എല്ലാ ആചാരങ്ങളില്‍ നിന്നും സന്മനോഭാവം , സ്‌നേഹം, സാഹോദര്യം എന്നിവയുടെ സന്ദേശമാണു ലഭിക്കുന്നത്. അന്ധമായ ബഹുമാനത്തിനെതിരെ ബഹുമാനത്തോടെ സമൂഹം പോരാടണമെന്ന മന്ത്രോപദേശം ലഭിക്കുന്നു. സമയാസമയങ്ങളില്‍ സമൂഹത്തെ തടഞ്ഞ്, വഴക്കു പറഞ്ഞ്, കണ്ണാടി കാട്ടി പഴയ ദുരാചാരങ്ങള്‍ സമൂഹത്തില്‍ ഇല്ലാതെയാകാനും ആളുകളില്‍ കരുണയും സമത്വവും ശുചിത്വത്തിന്റെ സംസ്‌കാരവുമുണ്ടാക്കാനും ശ്രമിച്ചവരാണിവര്‍. നമ്മുടെ ഈ മാതൃഭൂമി ബഹുരത്‌നയായ വസുന്ധരയാണ്.
സന്തുകളുടെ ഒരു മഹാപാരമ്പര്യം നമ്മുടെ രാജ്യത്തുണ്ടായിരുന്നതുപോലെ ഭാരതാംബയ്ക്കായി സമര്‍പ്പിക്കപ്പെട്ട മഹാപുരുഷന്മാര്‍ ഈ ഭൂമിയ്ക്കുവേണ്ടി തങ്ങളുടെ ജീവിതം സമര്‍പ്പിച്ചു. അതുപോലെയൊരു മഹാപുരുഷനാണ് ലോകമാന്യതിലകന്‍. അദ്ദേഹം അനേകം ഭാരതീയരുടെ മനസ്സില്‍ ആഴത്തില്‍ ഇടംനേടി. ജൂലൈ 23 ന് നാം തിലകന്റെ ജയന്തിയിലും ആഗസ്റ്റ് 01 ന് സമാധിദിനത്തിലും അദ്ദേഹത്തെ നാം സ്മരിക്കുന്നു. ലോകമാന്യതിലകന്‍ ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന് ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് അവരുടെ തെറ്റു കാട്ടിക്കൊടുക്കാനുള്ള ശക്തിയും ബുദ്ധിയുമുണ്ടായിരുന്നു. ഇരുപതു വര്‍ഷത്തിനുള്ളില്‍ മൂന്നു പ്രാവശ്യം രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ശ്രമിക്കും വിധം ഇംഗ്ലീഷുകാര്‍ അദ്ദേഹത്തെ ഭയപ്പെട്ടിരുന്നു. അതൊരു ചെറിയ കാര്യമല്ല. ഞാന്‍ ലോകമാന്യ തിലകനെക്കുറിച്ചും അഹമദാബാദില്‍ അദ്ദേഹത്തിന്റെ ഒരു പ്രതിമയുമായും ബന്ധപ്പെട്ട ഒരു രസമുള്ള സംഭവം നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനാഗ്രഹിക്കുന്നു. 1916 ഒക്‌ടോബറില്‍ അഹമദാബാദിലെത്തിയപ്പോള്‍ അക്കാലത്ത്, ഇന്നേക്ക് ഏകദേശം നൂറു വര്‍ഷം മുമ്പ് 40,000 ലധികം ആളുകള്‍ അദ്ദേഹത്തെ അവിടെ സ്വാഗതം ചെയ്യാനെത്തി. ഈ യാത്രയ്ക്കിടയില്‍ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന് അദ്ദേഹവുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിനെ ലോകമാന്യ തിലകന്‍ വളരെ സ്വാധീനിച്ചിരുന്നു. 1920 ആഗസ്റ്റ് 01 ന് ലോകമാന്യ തിലകന്‍ ദിവംഗതനായി. അഹമദാബാദില്‍ അദ്ദേഹത്തിന് സ്മാരകമുണ്ടാക്കുമെന്ന് അപ്പോള്‍തന്നെ നിശ്ചയിക്കപ്പെട്ടു. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ അഹമദാബാദ് കോര്‍പ്പറേഷന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. വേഗം തന്നെ അദ്ദേഹം ലോകമാന്യ തിലക സ്മാരകത്തിനായി വിക്‌ടോറിയ ഗാര്‍ഡന്‍ തിരഞ്ഞെടുത്തു. അതെ., ബ്രിട്ടീഷ് മഹാറാണിയുടെ പേരിലുള്ള ഗാര്‍ഡന്‍ തന്നെ. സ്വാഭാവികമായും ബ്രീട്ടീഷുകാര്‍ ഇതില്‍ അസന്തുഷ്ടരായി, കളക്ടര്‍ ഇതിന് അനുവാദം നല്കുന്നത് തുടര്‍ച്ചയായി നിഷേധിച്ചുകൊണ്ടിരുന്നു. എന്നാല്‍ സര്‍ദാര്‍ സാഹബ് സര്‍ദാര്‍ സാഹബായിരുന്നു. അദ്ദേഹം ഉറച്ചു നിന്നു, തനിക്ക് പദവി ഉപേക്ഷിക്കേണ്ടി വന്നാലും ലോകമാന്യതിലകന്റെ പ്രതിമ സ്ഥാപിക്കപ്പെടുകതന്നെ ചെയ്യുമെന്ന് ഉറച്ചുനിന്നു. അവസാനം പ്രതിമ നിര്‍മ്മിക്കപ്പെട്ടു. 1929 ഫെബ്രുവരി 28ന് മറ്റാരെക്കൊണ്ടുമല്ല, മഹാത്മാഗാന്ധിയെക്കൊണ്ടുതന്നെ അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിപ്പിച്ചു. ആ വേളയില്‍ പൂജ്യനീയ ബാപ്പു പറഞ്ഞു, സര്‍ദാര്‍ പട്ടേല്‍ വന്നതിനു ശേഷം അഹമദാബാദ് കോര്‍പ്പറേഷന് ഒരു വ്യക്തിയെ കിട്ടിയെന്നു മാത്രമല്ല, ധൈര്യവും ലഭിച്ചു, അതുകൊണ്ടാണ് തിലക്ജിയുടെ പ്രതിമ ഉണ്ടാക്കപ്പെട്ടത് എന്ന്. എന്റെ പ്രിയപ്പെട്ട ജനങ്ങളേ, തിലക്ജി ഒരു കസേരയില്‍ ഇരിക്കുന്ന വളരെ ദുര്‍ല്ലഭമായ ഒരു പ്രതിമയാണ് ഇത്. ഇതില്‍ തിലക്ജിയുടെ തൊട്ടു താഴെ എഴുതിയിരിക്കുന്നു, സ്വരാജ് നമ്മുടെ ജന്മാവകാശമാണ്. ഇംഗ്ലീഷുകാര്‍ ഭരിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ചാണ് ഞാനീ പറയുന്നത്. ലോകമാന്യതിലകന്റെ ശ്രമഫലമായിട്ടാണ് ഗണേശോത്സവം ആരംഭിച്ചിട്ടുള്ളത്. ഗണേശോത്സവം പരമ്പരാഗതമായ ബഹുമാനത്തോടും ഉത്സവമായും ആഘോഷിക്കുന്നതിനൊപ്പം സാമൂഹിക ഉണര്‍വ്വ്, സാമൂഹ്യബോധം, ആളുകളില്‍ സമരസത, സമത്വം ഒക്കെ വളര്‍ത്താനുള്ള ശക്തമായ മാധ്യമമായി മാറിയിരുന്നു. രാജ്യത്ത് ഇംഗ്ലീഷുകാര്‍ക്കെതിരെ പോരാടാന്‍ ഒരുമിക്കേണ്ട ഒരു കാലഘട്ടമായിരുന്നു അത്. ആ ഉത്സവങ്ങള്‍ ജാതി, മത ബാധകള്‍ ഇല്ലാതെ എല്ലാവരെയും ഒരുമിപ്പിച്ചു. കാലംചെന്നതിനനുസരിച്ച് ഈ ആഘോഷങ്ങള്‍ക്ക് ജനസമ്മതി ഏറിക്കൊണ്ടിരുന്നു. ഇതില്‍ നിന്നും നമ്മുടെ പ്രാചീനമായ പൈതൃകത്തോടും ചരിത്രത്തിലെ നമ്മുടെ വീരനായകരോടും ഇന്നും നമ്മുടെ യുവ തലമുറയ്ക്ക് താത്പര്യമേറെയുണ്ടെന്ന് വ്യക്തമാണ്. ഇന്ന് പല നഗരങ്ങളിലും എല്ലാ തെരുവുകളിലും നിങ്ങള്‍ക്ക് ഗണേശമണ്ഡപങ്ങള്‍ കാണാനാകും. തെരുവിലെ എല്ലാ കുടുംബങ്ങളും ഒത്തുചേര്‍ന്ന് അത് സംഘടിപ്പിക്കുന്നു. ഒരു ടീമായി പ്രവര്‍ത്തിക്കുന്നു. ഇത് നമ്മുടെ യുവാക്കള്‍ക്ക് നേതൃത്വം, സംഘടനാബോധം എന്നിവയെക്കുറിച്ചു പഠിക്കാനും, അതിനുള്ള കഴിവ് വികസിപ്പിക്കാനുമുള്ള ഒരു നല്ല അവസരമാണ്.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, ലോകമാന്യ തിലകനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്രാവശ്യവും ഗണേശോത്സവും ഉത്സാഹത്തോടെ നടത്തണമെന്നും, മനസ്സര്‍പ്പിച്ച് നടത്തണമെന്നും പരിസ്ഥിതി സൗഹൃദ ഗണേശോത്സവം നടത്താന്‍ ശ്രദ്ധിക്കണമെന്നും ഞാന്‍ കഴിഞ്ഞ പ്രാവശ്യം നിങ്ങളോടു പറഞ്ഞിരുന്നു. ഇപ്രാവശ്യവും ഗണേശ്ജിയുടെ പ്രതിമ മുതല്‍ അലങ്കാരസാധനങ്ങളെല്ലാം പരിസ്ഥിതി സൗഹൃദമായിരിക്കണം. എല്ലാ നഗരങ്ങളിലും പരിസ്ഥിതി സൗഹൃദ ഗണേശോത്സവത്തിന്റെ മത്സരമായിരിക്കണം നടക്കേണ്ടത്. അവര്‍ക്ക് സമ്മാനം നല്കണം... മൈ ജിഓവി യിലും നരേന്ദ്രമോദി ആപ് ലും പരിസ്ഥിതി സൗഹൃദ ഗണേശോത്സവസാമഗ്രികളെക്കുറിച്ചുള്ള വ്യാപകമായ പ്രചാരമുണ്ടാകണം. ഇക്കാര്യമൊക്കെ ഞാന്‍ ആളുകള്‍ക്കിടയിലേക്ക് തീര്‍ച്ചയായുമെത്തിക്കും. ലോകമാന്യതിലകന്‍ ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസമുണ്ടാക്കി, ഒരു മുദ്രാവാക്യമേകി, സ്വരാജ് നമ്മുടെ ജന്മാവകാശമാണ്, അത് നേടിയെടുക്കുകതന്നെ ചെയ്യും. ഇന്നും സ്വരാജ് നമ്മുടെ ജന്മാവകാശമാണ് നാമതു നേടുകതന്നെ ചെയ്യും എന്നു പറയേണ്ട സമയമാണ്. എല്ലാ ഭാരതീയര്‍ക്കും സദ്ഭരണത്തിന്റെയും വികസനത്തിന്റെയും നല്ല ഫലങ്ങള്‍ ലഭ്യമാകണം. ഇതാണ് ഒരു പുതിയ ഭാരതത്തെ നിര്‍മ്മിക്കുക. തിലകന്റെ ജനനത്തിന് 50 വര്‍ഷങ്ങള്‍ക്കുശേഷം അതേ ദിവസം, അതായത് ജൂലൈ 23 ന് ഭാരതാംബയുടെ മറ്റൊരു പുത്രന്‍ ജന്മമെടുത്തു. അദ്ദേഹം നാം സ്വാതന്ത്ര്യത്തിന്റെ കാറ്റേറ്റ് ശ്വസിക്കട്ടെ എന്നു കരുതി ജീവിതം ബലിയര്‍പ്പിച്ചു. ഞാന്‍ ചന്ദ്രശേഖര്‍ ആസാദിനെക്കുറിച്ചാണു പറയുന്നത്. ഈ വരികള്‍ കേട്ട് പ്രേരണയുള്‍ക്കൊള്ളാത്ത ഏതൊരു യുവാവാകും ഭാരതത്തിലുണ്ടാവുക.
സര്‍ഫരോശി കി തമന്നാ അബ് ഹമാരേ ദില്‍ മേ ഹൈ
ദേഖനാ ഹൈ ജോര്‍ കിതനാ, ബാജു-ഏ-കാതില്‍ മേം ഹൈ
ഈ വരികള്‍ അശ്ഫാക് ഉള്ളാഹ് ഖാന്‍, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ് എന്നിവരെപ്പോലുള്ള അനേകം യുവാക്കള്‍ക്കു പ്രേരണയായി. ചന്ദ്രശേഖര്‍ ആസാദിന്റെ ധൈര്യം, സ്വാതന്ത്ര്യത്തിനായുള്ള അദ്ദേഹത്തിന്റെ ഉത്സാഹം ഒക്കെ അനേകം യുവാക്കള്‍ക്കു പ്രേരകമായി. ആസാദ് ജീവിതം ഹോമിച്ചു, എന്നിട്ടും വിദേശ ഭരണത്തിനുമുന്നില്‍ ഒരിക്കലും തല കുനിച്ചില്ല. എനിക്ക് മധ്യപ്രദേശില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ഗ്രാമമായ അലീരാജ്പൂരില്‍ പോകാനുള്ള സൗഭാഗ്യം ലഭിച്ചു. അലഹബാദില്‍ ചന്ദ്രശേഖര്‍ ആസാദ് പാര്‍ക്കിലും ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം കിട്ടി. ചന്ദ്രശേഖര്‍ ആസാദ് വിദേശികളുടെ വെടിയേറ്റു മരിക്കാന്‍ ആഗ്രഹിക്കാത്ത വീരപുരുഷനായിരുന്നു. ജീവിക്കുന്നെങ്കില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടും മരിക്കുന്നെങ്കിലും സ്വതന്ത്രനായിത്തന്നെ മരിക്കും.... ഇതായിരുന്നു അദ്ദേഹത്തിന്റെ വൈശിഷ്ട്യം. ഒരിക്കല്‍ കൂടി ഭാരതാംബയുടെ വീരപുത്രന്മാരായ ലോകമാന്യതിലകനെയും ചന്ദ്രശേഖര്‍ ആസാദിനെയും ആദരവോടെ നമിക്കുന്നു.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഫിന്‍ലാന്‍ഡില്‍ നടന്ന ജൂനിയര്‍ അണ്ടര്‍ 20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഓട്ട മത്സരത്തില്‍ ഭാരതത്തിന്റെ ധീര വനിത, കര്‍ഷകപുത്രി ഹിമാ ദാസ് സ്വര്‍ണ്ണമെഡല്‍ നേടിക്കൊണ്ട് ചരിത്രം സൃഷ്ടിച്ചു. നമ്മുടെ മറ്റൊരു മകള്‍ ഏകതാ ഭയാന്‍ എന്റെ കത്തിനു മറുപടിയായി ഇന്തോനേഷ്യയില്‍ നിന്ന് അവിടെ ഏഷ്യന്‍ ഗയിംസിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണെന്നറിയിച്ചുകൊണ്ട് എനിക്ക് ഇ-മെയിലയച്ചു. ഇ-മെയിലില്‍ ഏകത എഴുതുന്നു- 'ഏതൊരു അത്‌ലെറ്റിന്റെയും ജീവിതത്തില്‍ ഏറ്റവും മഹത്തായ നിമിഷം ത്രിവര്‍ണ്ണ പതാക ഏന്തുന്ന നിമിഷമാണ്. എനിക്കതു സാധിച്ചുവെന്നതില്‍ എനിക്ക് അഭിമാനമുണ്ട്.' ഏകതാ, നമുക്കെല്ലാം അതില്‍ അഭിമാനമുണ്ട്. ഏകത നാടിന്റെ പേര് ഉജ്ജ്വലമാക്കി. ടുണീഷ്യയില്‍ ലോക പാരാ അത്‌ലെറ്റിക് ഗ്രാന്റ് പ്രി 2018 ല്‍ ഏകത സ്വര്‍ണ്ണ, വെങ്കല മെഡലുകള്‍ നേടുകയുണ്ടായി. വെല്ലുവിളിയെത്തന്നെ കഴിവിന്റെ മാധ്യമമാക്കി എന്നതാണ് ഏകതയുടെ നേട്ടം. ഏകതാ ഭയാന്‍ 2003 ല്‍ റോഡപകടത്തില്‍പെട്ട് അരയ്ക്കുതാഴെ തളര്‍ന്നുപോയ കുട്ടിയാണ്. എന്നാല്‍ ആ കുട്ടി ധൈര്യം കൈവിട്ടില്ല, സ്വയം ശക്തി സംഭരിച്ച് ലക്ഷ്യം നേടി. മറ്റൊരു ദിവ്യാംഗന്‍ യോഗേശ് കഠുനിയാജി ബെര്‍ലിനില്‍ പാരാ അത്‌ലറ്റിക്‌സ് ഗ്രാന്റ് പ്രിയില്‍ ഡിസ്‌കസ് ത്രോ യില്‍ സ്വര്‍ണ്ണ മെഡല്‍ നേടിക്കൊണ്ട് ലോക റെക്കാഡ് സ്ഥാപിച്ചു. കൂടെത്തന്നെ സുന്ദര്‍ സിംഗ് ഗുര്‍ജര്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണമെഡല്‍ നേടി. ഏകതാ ഭയാനെയും യോഗേശി കുഠിയായെയും സുന്ദര്‍സിംഗ് നെയും നിങ്ങളുടെ സാഹസത്തിന്റെ പേരില്‍ നമിക്കുന്നു, ആശംസിക്കുന്നു. നിങ്ങള്‍ ഇനിയും മുന്നേറം, കളിച്ചുകൊണ്ടിരിക്കണം, കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യണം..
പ്രിയപ്പെട്ട ജനങ്ങളേ, ആഗസ്റ്റ് മാസം ചരിത്രത്തിലെ അനേകം സംഭവങ്ങളാലും ഉത്സവങ്ങളാലും നിറഞ്ഞതാണ്. എന്നാല്‍ കാലാവസ്ഥ കാരണം ചിലപ്പോഴൊക്കെ രോഗവും വീട്ടിലേക്കു കടന്നുവരും. നിങ്ങളെ ഏവരെയും നല്ല ആരോഗ്യത്തോടെ കഴിയാനും ദേശഭക്തിയുണര്‍ത്തുന്ന ഈ ആഗസ്റ്റ് മാസത്തില്‍, നൂറ്റാണ്ടുകളായി നടന്നുപോരുന്ന അനേകാനേകം ഉത്സവങ്ങളുടെ പേരില്‍, ആശംസകള്‍ നേരുന്നു. വീണ്ടും ഒരിക്കല്‍ കൂടി മന്‍ കീ ബാത്തില്‍ വീണ്ടും ഒരുമിക്കാം.
വളരെ വളരെ നന്ദി.
(Release ID: 1540585)
Visitor Counter : 148